Monday, May 4, 2020

മോഹപ്പശു ....!!!

മോഹപ്പശു ....!!!
.
വിഷുവിന് അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും തരുന്ന കൈനീട്ടം കൂടാതെ അപ്പുറത്തെ മാമൻമാരും അമ്മായിമാരും ഒക്കെ തരുന്ന പൈസയൊക്കെയും അമ്മുക്കുട്ടി തന്റെ കുഞ്ചിയിലിട്ടുവെക്കും . അച്ഛന്റെ കൂടെ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി വരുമ്പോൾ കിട്ടുന്ന ചില്ലറയൊക്കെ അപ്പോഴേ കൈക്കലാക്കി അതും അവൾ ആ കുഞ്ചിയിലാണ് ഇട്ടുവെക്കുക എപ്പോഴും. എന്നിട്ടവളാ കുഞ്ചി മുത്തശ്ശിടെ കട്ടിലിനുകീഴെ ആരുംകാണാതെയാണ് എടുത്തുവെക്കുക. . അതും മുത്തശ്ശിടെ പഴയ പുതപ്പുകൾക്കിടയിൽ ഒളി[പ്പിച്ചുകൊണ്ട് ...!
.
കെട്ടുകാരനുകൊടുക്കാൻ 'അമ്മ ചോദിച്ചാലോ കരണ്ടുകാരനുകൊടുക്കാൻ അച്ഛൻ ചോദിച്ചാലോ കൊടുക്കാതെ അവൾ ആ കുഞ്ചി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചു എന്നിട്ടവൾ എന്നും രാത്രി കിടക്കുമ്പോൾ മുത്തശ്ശിയോടവളുടെ ആഗ്രഹം പറയും. ആ കാശൊക്കെ നിറഞ്ഞാൽ അവൾക്കൊരു പശുക്കിടാവിനെ വാങ്ങണമെന്ന് . വെള്ള പുള്ളികളുള്ള ഒരു കുറുമ്പി ഉണ്ണിക്കിടാവിനെ . അതിന്റെ കഴുത്തിലൊരു മണികെട്ടണമെന്നും കാലിൽ കൊലുസിടീക്കണമെന്നും കണ്ണെഴുതി പൊട്ടുതൊടീക്കണമെന്നും അവൾ അമ്മൂമ്മയോട് ശട്ടംകെട്ടും ...!
.
. ഇടുന്ന കാശൊക്കെ എണ്ണിയെണ്ണി ആ കുഞ്ചി നിറഞ്ഞപ്പോൾ അതവൾ അച്ഛന് കൊടുത്ത് അച്ഛനെക്കൊണ്ട് അവളുടെ സ്വപ്നം പോലൊരു പശുക്കിടാവിനെത്തന്നെ വാങ്ങിപ്പിച്ചു . ഏതിനെ കാണിച്ചാലും ഇഷ്ട്ടമാകാതെ അവളുടെ ആഗ്രഹത്തിലുള്ളതിനെ തന്നെ കിട്ടാൻ . അച്ഛൻ കുറെ പാടുപെട്ടെന്ന് അമ്മയോട് പരാതിപറയുന്നത് കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുത്തശ്ശിയേയും കൂട്ടി പൂവാലി പശുക്കിടാവിന്‌ മണികെട്ടാനും കൊലുസിടാനും പശുത്തൊഴുത്തിൽ പുതിയ പുല്ലുവെട്ടിയിടാനും 'അമ്മ കാണാതെ കഞ്ഞിവെള്ളത്തിൽ ചോറും കോരിയിട്ട് കൊടുക്കാനും ഓടി നടക്കുകയായിരുന്നു അവളപ്പോൾ ...!
.
അച്ഛന്റെ കയ്യിൽനിന്നും അടികിട്ടുമെന്നു പേടിപ്പിച്ചതിനാൽ കൂടെകിടത്തുന്നില്ലെന്നു സമ്മതിച്ചതൊഴിച്ചാൽ ആ പശുക്കിടാവ് എന്നും എപ്പോഴും അവരുടെ അരുമയായി ആ വീടിന്റെ അകത്തും പുറത്തുമായി ഓടിക്കളിച്ചങ്ങിനെ വളർന്നു വലുതായി . പോത്തുപോലെ എന്ന നാട്ടുവർത്തമാനം പോലെ അത് വളർന്നപ്പോൾ പിന്നെ അവളെക്കൊണ്ട് കൊണ്ടുനടക്കാൻ വയ്യാതായതിനാൽ നോട്ടമൊക്കെ അമ്മയെയും അച്ഛനെയും ഏൽപ്പിച്ചെങ്കിലും പശു തന്റേതു മാത്രമാണെന്ന് അവളവരെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും ...!
.
പശുക്കുട്ടിയുടെ വളർച്ചക്കൊപ്പം അമ്മുക്കുട്ടിയുടെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും മെല്ലെ വളരാൻ തുടങ്ങിയിരുന്നു അപ്പോൾ . ആ പശു വലുതായി നിറയെ പശുക്കുട്ടികളെ പ്രസവിക്കുന്നതും അവയ്ക്കു കുട്ടികളുണ്ടാകുന്നതും ആ കുട്ടികളെല്ലാം വളർന്നു വലുതായി അവയ്‌ക്കൊക്കെയും കുട്ടികളുണ്ടാകുന്നതും അതിന്റെയാ കുഞ്ഞുതൊഴുത്ത് വളർന്നു വലുതായി വലിയൊരു ഗോകുലംതന്നെയാകുന്നതും ... അങ്ങിനെയങ്ങിനെ .. ഒടുവിൽ ഏറ്റവും മികച്ച കുട്ടിയുണ്ടാകാൻ മൃഗാശുപത്രീന്ന് ഡോക്ടറെ കൊണ്ടുവന്ന് കുത്തിവെപ്പെടുപ്പിക്കാമെന്ന് തീരുമാനിച്ച് അതിനു മുതിർന്നപ്പോഴാണറിയുന്നത് അതൊരു മച്ചിപ്പശുവാണെന്ന് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
--

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...