Saturday, July 8, 2017

ഇനിയും വിരിയാത്ത മുട്ടകൾ ...!!!


ഇനിയും വിരിയാത്ത മുട്ടകൾ ...!!!
.
ഈ ഭൂമിയിൽ നമ്മളെ പോലെതന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ അവകാശമുള്ളവരാണ് പക്ഷിമൃഗാതികളും സസ്യജാലങ്ങളും . എങ്കിലും എല്ലാവരെയുമൊന്നും ഉൾക്കൊള്ളാൻ ഉള്ള കഴിവൊന്നും ഇല്ലെങ്കിലും പറ്റുന്നത് ചെയ്യാതിരിക്കാറുമില്ല . അതുകൊണ്ടാണ് ജനലിനു പുറകിൽ ആ ഇണപ്രാവുകൾ കൂടുകൂട്ടാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്തുമാറ്റി അവർക്കവിടെ സൗകര്യം ചെയ്തുകൊടുത്തത് ....!
.
പക്ഷി മൃഗാതികൾ വീടിനകത്തുകയറുന്നത് വീട് വൃത്തികേടാക്കുംഎന്നും ചിലപ്പോൾ രോഗങ്ങൾ വരും എന്നും പറഞ്ഞ് എന്റെ സഹധർമിണി അവരെ അത്ര പ്രോത്സാഹിപ്പിക്കാൻ നിന്നില്ലെങ്കിലും എന്റെ മോളും മോനും അവയ്ക്ക് വേണ്ട വെള്ളവും ചിലപ്പോഴൊക്കെ ഭക്ഷണവും കൊടുക്കാനും തുടങ്ങി . ചില സമയങ്ങളിൽ അതവരുടെ സ്വൈര്യ വിഹാരത്തിനും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്നു എന്നുതോന്നിയപ്പോൾ ഞാനവരെ അതിൽനിന്നും വിലക്കുകയും ചെയ്തു ...!
.
കൂടൊരുക്കി അതിൽമുട്ടയുമിട്ട് ഇണപ്രാവുകൾ മാറിമാറി അതിനു അടയിരിക്കാൻ തുടങ്ങിയപ്പോഴേ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരുന്നു എന്നാണു കുഞ്ഞു പ്രാവ് വരികയെന്ന് . കുറെ ദിവസം ശല്യപ്പെടുത്താതെ കാത്തിരിക്കണമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ പിന്നെ ആ വഴിക്ക് പോകാതെയുമായി . ഏസിയുടെ വെള്ളം വീഴാതെയും പുറത്തെ കാറ്റിൽനിന്നും സാധങ്ങൾ വന്നുവീഴാതെയും ഞാനും അവയെ കരുതലോടെ കാത്തുവെച്ചു .....!
.
ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിയാതെവന്നപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി . കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിരിയാത്ത ആ മുട്ടയുപേക്ഷിച്ച് ആ പ്രാവുകൾ വേദനയോടെ എങ്ങോട്ടോ ആ കൂടുപേക്ഷിച്ച് പറന്നുപോയി . വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ഞാനതു നോക്കിനിന്നത് . എന്തുകൊണ്ടാണ് ആ മുട്ട വിരിയാതിരുന്നതെന്നത് കുട്ടികളെയും എന്നെയും വല്ലാതെ അതിശയിപ്പിച്ചു ....!
.
കുറച്ചു ദിവസങ്ങൾക്കുശേഷം ആ കൂട്ടിലേക്ക്‌ വേറെ രണ്ടു ഇണപ്രാവുകൾ പറന്നെത്തി . മുട്ടയിട്ട് അവയും അടയിരിക്കാൻ തുടങ്ങി . ഇക്കുറി ഞങ്ങളുടെ ഭാഗത്തുനിന്നും യാതൊരു ശല്യവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു . സ്വന്തം ജീവിതത്തിൽ ഇത്രയും ശ്രദ്ധായുണ്ടായിരുന്നെങ്കിൽ എന്നേ ഞാനൊക്കെ നന്നായി പോയേനെ എന്ന് ഭാര്യ എന്നെ കളിയാക്കുകയും ചെയ്തു . എന്നിട്ടും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു ....!
.
ഇക്കുറിയും പക്ഷെ ഭാഗ്യം തുണച്ചില്ല . ആ മുട്ടയും വിരിയാതെ പ്രാവുകൾ പറന്നുപോയത് ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു . ഞങ്ങൾ ജാഗ്രതയോടെ പുറത്തുകടന്ന് കൂടും പരിസരവും നിരീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തത് കൊണ്ട് വേദനയോടെ തിരിച്ചെത്തി . മക്കളും ഞാനും ചിന്തിച്ചുകൊണ്ടിരിക്കെ , ഈ ചിന്തകൾ പരീക്ഷയെകുറിച്ചായാൽ കുറച്ചു മാർക്കെങ്കിലും കൂടുതൽ വാങ്ങാമല്ലോ പിള്ളേരെ എന്ന എന്റെ ഭാര്യയുടെ കളിയാക്കൽ ഞങ്ങൾ കണ്ടില്ലെന്നു വെച്ചു .....!
.
അങ്ങിനെ വീണ്ടും മൂന്നാമതും അവിടെ മറ്റൊരു പ്രാവിൻ കുടുംബം താമസത്തിനെത്തി . പ്രതീക്ഷയോടെ അതിലേറെ അത്ഭുതത്തോടെ കാത്തിരുന്ന ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് അവയും മുട്ടയിട്ട് അടയിരിക്കാനും പതിവുപോലെ മുട്ടവിരിയാതെ പറന്നുപോവുകയും ചെയ്തിരിക്കുന്നു .ഇനിയും ഇതിന്റെ കാരണമറിയാതെ ഞങ്ങളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...