Friday, November 26, 2021

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!
.
ജീവിതവഴികളിലെ മരീചികകൾ തേടി മനപ്പൂർവ്വമായോ അല്ലാതെയോ ഒക്കെ എത്തിപ്പെടുന്ന ഇടങ്ങളെ തന്റേതായ ഇടമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മനുഷ്യരൊക്കെയും എപ്പോഴും മറ്റുള്ളവർക്കുമുന്നിലും ആ മരീചികയുടെ വിസ്മയികതയിൽ തന്നെയാണ്താനും ജീവിപ്പിച്ചുപോരുന്നതും . ഓരോ പുലരിയിലും ഓരോ ചുവടിലും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്നവർ . ഓരോ വീഴ്ചയ്ക്കുശേഷവും നല്ലനാളെയേ മാത്രം സ്വപ്നം കാണുന്നവർ . അവരവരുടെ ഇഷ്ടത്തെക്കാൾ പിന്നെയങ്ങോട്ടവരെനയിക്കുന്നതൊക്കെയും സാഹചര്യങ്ങൾ മാത്രമെന്നത് വിധിവൈപരീധ്യവും ...!!!
.
ഇനിയും മായാത്ത നാട്ടുവഴികളും അടുത്തവീട്ടിലെ ഉമ്മറത്തിണ്ണയിലെ കട്ടൻചായയും മഴയത്തിറങ്ങിവരുന്ന തോട്ടിടവഴിയിലെ പരൽമീനുകളും ഒക്കെ തങ്ങളുടെ മൂഡസ്വർഗ്ഗത്തിലെ സ്ഥിരം കാഴ്ചകളാക്കി ഇപ്പോഴും വിഡ്ഢികളാണെന്ന് സ്വയം തിരിച്ചറിയാൻ പോലും കഴിയാത്തത്രയും വിഡ്ഢികളായി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ട പേരും പ്രവാസികൾ എന്നുതന്നെ . എല്ലാവര്ക്കും എപ്പോഴും വേണ്ടവരും എന്നാൽ ആർക്കും ഒരിക്കലും വേണ്ടാത്തവരുമായ വിചിത്ര ജീവികൾ . എന്തെങ്കിലും ചെയ്തോഎന്നുചോതിച്ചാൽ ഒന്നുംചെയ്തില്ലെന്നും ചെയ്തില്ലേ എന്നുചോദിച്ചാൽ ചെയ്‌തെന്നും തനിക്കുതന്നെ ഉത്തരം കിട്ടാത്ത കടംകഥകളിൽ സ്വയം വിരാചിക്കുന്നവർ ....!
.
ഔദ്യോഗിക ആവശ്യത്തിനായി ജോലിക്കാരെ തിരയുക എന്നത് ഏറെ കഠിനമായൊരു പ്രക്രിയയാണ് എപ്പോഴും . ചെലവുചുരുക്കലിന്റെ ഭാഗമായി പലദൗത്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടിയും വരുമ്പോൾ പ്രത്യേകിച്ചും . ഒരു ജോലി ഒഴിവുണ്ടെന്ന് അറിയുമ്പോൾ അതന്വേഷിച്ചുവരുന്ന ആളുകളുടെ ജീവിതം നമുക്കുമുന്നിൽ തുറക്കുന്നത് പലപ്പോഴും വേദനയുടെ നെരിപ്പോടുകളായിരിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഏറെ സങ്കീര്ണവുമാക്കും . മാനുഷിക പരിഗണയ്ക്കാണോ കമ്പനി ആവശ്യങ്ങൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നുപോലും നിശ്ചയിക്കപ്പെടാൻ പലപ്പോഴും ഏറെ പ്രയാസപ്പെടുകയും ചെയ്യും ...!
.
കമ്പനി നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്ളവരിൽപോലും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഒരുതരത്തിലും നിർണയിക്കാൻ പോലും പ്രയാസമായ വിധത്തിൽ ദുരിതങ്ങളിൽ കഷ്ട്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും മുന്നിൽ പലപ്പോഴും . ജീവിതത്തിന്റെ മുക്കാലും ചിലപ്പോൾ മുഴുവനും തന്നെയും കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താത്തവരുടെ ആധിയും ആവലാതിയും പലപ്പോഴും ഉറക്കം കെടുത്തുമ്പോൾ നമ്മുടെ വ്യഥകളും വേദനകളും എത്രനിസ്സാരമെന്ന് നമുക്കുതന്നെ തോന്നിപ്പോകുന്ന അവസരങ്ങൾ . ഓരോ ദിവസവും നൂറുകണക്കിനായി വരുന്ന ഓരോ ഫോൺ വിളികളിലും നമുക്ക് തൊട്ടറിയാവുന്ന അവരുടെ പ്രതീക്ഷകൾ . മുന്നൂറും നാനൂറും ഒക്കെയുള്ള മെസ്സേജുകളിലൊക്കെയും അവരുടെ ആവലാതികളും അപേക്ഷകളും ഹൃദയം തൊടുന്ന വേദനകളും . പറ്റാവുന്ന അത്രയും. ഫോൺ കാളുകൾ എടുക്കുകയും കഴിവിന്റെ പരമാവധി മെസ്സേജുകൾക്കു മറുപടിപറയുകയും ചെയ്യുമ്പോഴും പലപ്പോഴും സ്വയം നിയന്ത്രിക്കാൻ തന്നെ പാടുപെടേണ്ട അവസ്ഥയും ....!
.
പ്രവാസികളാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം നാട്ടിൽ ഒരു രേഖയിലും ഇല്ലാത്തവർ . ഒരു ആനുകൂല്യങ്ങളും കിട്ടാത്തവർ . ഇത്രകാലവും നാടിന്റെ ഹൃദയം തൊട്ടറിയാൻ കഴിയാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവർ . സാഹചര്യങ്ങൾകൊണ്ട് ജോലിനഷ്ടപ്പെട്ടു നിർബന്ധപൂർവ്വം തിരിച്ചുപോകേണ്ടിവന്നവർ . നാട്ടിൽപോയി കുടുംബത്തോടൊപ്പം ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് കരുതി പോയിട്ട് ഒരുതരത്തിലും നിൽക്കക്കള്ളിയില്ലാതെ എങ്ങിനെയങ്കിലും ഒന്ന് തിരിച്ചുപോയാൽ മതിയെന്ന് വിലപിക്കുന്നവർ ... ഒരുജീവിതംകൊണ്ട് ഉണ്ടാക്കിയതൊക്കെയും ഒരു നിമിഷം കൊണ്ട് നഷ്ട്ടമായവർ . വിശ്വസിച്ചവരാൽ ക്രൂരമായി ചതിക്കപ്പെട്ടവർ . സ്വന്തം കുടുംബത്തിനുപോലും അന്യമാകുന്നവരും വേണ്ടാതാകുന്നവരും . എല്ലാം പലരും പറഞ്ഞു പഴകിയ പതിവുകാഴ്ചകൾ പോലെയെങ്കിലും ജീവിതം നമുക്കുമുന്നിൽ കാണിച്ചുതരുന്നതൊക്കെയും സത്യത്തിന്റെ നേർക്കാഴ്ചകൾതന്നെ ....!
.
പള്ളികെട്ടാനും അമ്പലം പണിയാനും നേർച്ചനടത്താനുമൊക്കെ ഓടിനടക്കുന്ന ഒരു മതവും ഇവരുടെയാരുടെയും സഹായത്തിനുപോലും വരാനില്ലെന്ന് സത്യസന്ധമായി തിരിച്ചറിയുന്നവർ . വിശക്കുന്ന ഭക്ഷണത്തിൽപോലും മതം കലർത്തുന്ന അഭിനവ മത പണ്ഡിതരുടേറും ദൈവത്തിന്റെ നേർ പ്രതിപുരുഷരുടെയും കാഴ്ചയിൽപോലുമെത്താത്തവർ . വിശപ്പിനേയും ദുരിതങ്ങളെയും മതത്തിന്റെയും പ്രശസ്തിയുടെയും പേരിൽ വിറ്റുകാശാക്കുന്നവരുടെ ഏഴയലത്തുപോലും എത്താത്തവർ ... , ഇനിയും ആർക്കും വേണ്ടിയിട്ടും വേണ്ടാത്തവർ . ആനുകൂല്യങ്ങളുടെ ഒരു പെരുമഴതന്നെ അനുഭവിക്കുന്ന സര്ക്കാര്ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കുമപ്പുറം ജീവിക്കാൻ ഒരുവഴിയുമില്ലാത്ത യഥാർത്ഥ പട്ടിണിപ്പാവങ്ങളുടെ നേർചിത്രങ്ങൾ . എത്രയൊക്കെ അനുഭവങ്ങളും പാഠങ്ങളും അനുഭവിച്ചറിഞ്ഞാലും സത്യത്തിൽ ഇനിയും ഒന്നും പഠിക്കാത്ത പമ്പര വിഡ്ഢികൾ ....!.
.
അച്ഛൻ പണ്ട് പറയാറുണ്ട് നല്ലതുവരട്ടെ എന്നുകരുതി മറ്റൊരാളുടെ കല്യാണക്കാര്യത്തിലും ജോലിക്കാര്യത്തിലും ഒരിക്കലും ഇടപെടാൻ പോകരുതെന്ന് . അങ്ങിനെപോയാൽ ഒടുവിൽ എല്ലാകുറ്റവും അയാൾക്കാകുമെന്ന് . അത് സത്യമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട് അതിന്റെ ചീത്തപ്പേരുകൾ ധാരാളം അനുഭവിച്ചിട്ടുമുണ്ട് . എങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...