Wednesday, April 14, 2021

ഗോ കൊറോണ ഗോ ....!!!

ഗോ കൊറോണ ഗോ ....!!!
.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല ഭക്ഷണസാധനങ്ങളും സോപ്പ് തൊട്ട് ചീപ്പുമടക്കം ടോയ്ലറ്റ് പേപ്പറിൽവരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളിലും എസി യും ഫ്രിഡ്ജും പെയിന്റും ഫാനും മിക്സിയും എന്തിനേറെ പ്ലൈവുഡുമടക്കമുള്ള മുഴുവൻ വീട്ടുപകരണങ്ങളിലും കോറോണയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം . ...!
.
എന്നിട്ടുമെങ്ങിനെയാണ് നാടുമുഴുവൻ കൊറോണ മഹാമാരിയായി പടർന്നുപിടിക്കുന്നത് ....????
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 11, 2021

ഒരു വിഷുപ്പുലരി ....!!!

ഒരു വിഷുപ്പുലരി ....!!!
.
ഓരോ വിശേഷദിവസങ്ങളും നമ്മളോർക്കുന്നത് അതിലെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ലതോ ചീത്തയോ ആയ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു സംഭവത്തോടെയാകും . വിഷുവെന്നാൽ എനിക്കെപ്പോഴും ഒരു ആംബുലൻസിന്റെ സൈറനാണ് ആദ്യം ഓർമ്മയിൽ ഓടിയെത്തുക . പ്രവാസലോകത്തിലെ ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മോനുണ്ടായ ശേഷമുള്ള ആദ്യത്തെ വിഷു . അവന്റെ ഇരുപത്തിയെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അന്ന് . പ്രസവശേഷം മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ വിശദമായ പരിശോധനകൾക്ക് നിർബന്ധമായും നിർദ്ദേശിച്ചിരുന്നു അന്നുതന്നെ ...!
..
പണ്ടൊക്കെ അടുത്തുള്ള കടകളിൽ പടക്കം വന്നാൽ ഉടനെ അച്ഛനെക്കൊണ്ട് രണ്ടോ മൂന്നോ ദിവസം മുന്നേ തന്നെ വാങ്ങിപ്പിച്ച് പൊട്ടിച്ചിരുന്നിടത്തുനിന്നും തുടങ്ങുന്ന വിഷു ആഘോഷങ്ങൾ ചെറിയച്ഛന്മാർ നാട്ടിലുണ്ടെങ്കിൽ അവരെക്കൊണ്ടും പടക്കങ്ങൾ വാങ്ങിപ്പിച്ച് ഒന്നുകൂടി ഉഷാറാക്കിപ്പിക്കുമായിരുന്നു എന്നും . അച്ഛമ്മയും അമ്മുമ്മയും അച്ഛനുമമ്മയും ചെറിയമ്മമാരും വല്യമ്മമാരും ചെറിയച്ഛന്മാരുമൊക്കെ തരുന്ന വിഷുക്കൈനീട്ടത്തിനായുള്ള കാത്തിരിപ്പും പിന്നെ വിഷുപ്പുലരിയിൽ സർവ്വ ഐശ്വര്യങ്ങളോടെയുമുള്ള കണികാണലും അതിനുശേഷം കുടുംബത്തിലെ എല്ലാവരും കൂടിയുള്ള വിഷു സദ്യയും ഒക്കെയാകുമ്പോൾ ആഘോഷംതന്നെയായിരുന്നു കുട്ടിക്കാലത്ത് എന്നും ..!
.
വലുതായപ്പോൾ ക്ലബ്ബ്കളുടെ വക ആഘോഷങ്ങളും കൂടാതെ ഉത്സവക്കാലനാടക സമിതികളുമൊക്കെയായി അടിപൊളിയായി നടക്കുന്നതിനിടയിൽ ആഘോഷങ്ങളും പലപ്പോഴും പലയിടത്തായിരിക്കും . ചിലപ്പോൾ ആഘോഷസമിതികളിൽ ,, അല്ലെങ്കിൽ പുറത്ത് സുഹൃത്തുക്കളുടെ കൂടെ . അങ്ങിനെയൊക്കെയായിരുന്നു എല്ലാ ആഘോഷകാലങ്ങളും . രാത്രിയിൽ കിട്ടുന്നിടത്തു കിടന്നുറങ്ങി പുലർച്ചക്ക് പൈപ്പിൻചോട്ടിൽനിന്നും കാക്കക്കുളിയൊക്കെ കുളിച്ച് വിശേഷ ദിവസങ്ങൾ ആഘോഷിച്ച സമയങ്ങളും നിരവധിയുണ്ടായിരുന്നു . പക്ഷെ അതൊക്കെയും എല്ലാവരും കൂടെ സ്നേഹപൂർവ്വം സന്തോഷത്തോടെയാണ് കൊണ്ടാടിയിരുന്നതും ...!
.
പ്രവാസലോകത്തിലും അടുത്ത നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുവരുത്തി താമസസ്ഥലത്ത് വിശാലമായ സദ്യയൊക്കെ ഒരുക്കി ആഘോഷിക്കുന്ന സമയം തന്നെയായിരുന്നു അതും . മോനുണ്ടായി ആദ്യത്തെ വിഷുവായതിനാൽ വിപുലമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അക്കുറിയും . അപ്പോഴാണ് മോന്റെ ഡോക്ടറിനെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് കിട്ടുന്നത്. അത് കൃത്യമായും ആ വിഷുദിവസവും . ഓരോ പ്രാവശ്യവും അപ്പോയ്ന്റ്മെന്റ് കിട്ടുക വളരെ ദുഷ്കരമായിരുന്ന അക്കാലത്തൊക്കെ കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തരുതെന്നാണ് ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളൊക്കെ ഉപദേശിച്ചതും ...!
.
പരിചയവും പക്വതയും കുറവായ ആ പ്രായത്തിൽ അല്ലെങ്കിൽത്തന്നെ മോന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയുണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു . അവിടെ വളരെ വേണ്ടപ്പെട്ട കുറച്ചു സുഹൃത്തുക്കൾ എന്ത് സഹായത്തിനും തയ്യാറായി ഉണ്ടായിരുന്നത് വലിയ ധൈര്യവുമായിരുന്നു അപ്പോൾ . അവിടെ ചെന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു വിദഗ്ധ പരിശോധന നടത്തി എന്താണ് കാര്യവും കാരണവും എന്ന് കണ്ടെത്തണമെന്നും അതുകൊണ്ടു ഇന്നുതന്നെ പരിശോധനകൾ നടത്തണമെന്നും പറഞ്ഞതുകൊണ്ട് ഒപി വാർഡിൽനിന്നും പരിശോധനാ സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു .അവിടെ ഡോക്ടർക്കൊപ്പം നഴ്‌സായ ഞങ്ങളുടെ ഒരു ചേച്ചിയെപ്പോലെ സഹായിക്കാനുള്ള സുഹൃത്തും ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു ...!
.
അന്ന് ഡ്രൈവിംഗ് ലൈസൻസൊന്നും കിട്ടിയിട്ടില്ലാതിരുന്നതിനാൽ ടാക്സിയിലായിരുന്നു യാത്രയൊക്കെ . പരിശോധന സ്ഥലത്തേക്ക് പോകാൻ കുറച്ചുദൂരമുണ്ടായിരുന്നതിനാൽ നടന്നുപോകാനും വയ്യായിരുന്നു . ഞങ്ങൾ സംശയിച്ചുനിൽക്കുന്നതുകണ്ടപ്പോൾ ഡോക്ടർ തന്നെ ഉടനെ ഞങ്ങളോട് കാത്തുനിൽക്കാൻ പറഞ്ഞ് ആംബുലൻസാണ് വിളിച്ചത് , ഞങ്ങളെ കൊണ്ടുപോകാൻ . അതുകണ്ടപ്പോൾ ആ ചേച്ചിയും ഒന്ന് വല്ലാതായെങ്കിലും വല്ലാത്തൊരു പരിഭ്രമത്തിൽ ആയിരുന്ന എന്റെ ഭാര്യയെയും ആശ്വസിപ്പിച്ച് മോനെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ടാകാം ഡോക്ടറുടെ അനുവാദത്തോടെ ആ ചേച്ചിയും ഞങ്ങൾക്കൊപ്പം കയറിയിരുന്നു അപ്പോൾ ...!
.
സൈറൺമുഴക്കി പോകുന്ന ആംബുലൻസിൽ അപ്പോഴും എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന എന്റെ ഭാര്യയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഞാനിരിക്കുമ്പോൾ ഞങ്ങളുടെ കയ്യിൽനിന്നും മോനെ വാങ്ങിപ്പിടിച്ച് ആ ചേച്ചിയും കൂടെയുണ്ടായിരുന്നു . അവിടെയെത്തി എല്ലാ പരിശോധനകളും നടത്തി ഞങ്ങളെ ടാക്സിപിടിച്ച് തിരിച്ചയക്കും വരെ ആ ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിലും മനസ്സ് അപ്പോഴും വല്ലാതെ പരിഭ്രമിക്കുകയും വേദനിക്കുകയും തന്നെയായിരുന്നു . ...!
.
തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണിയോടടുത്തിരുന്നു. അതുവരെയും ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ വല്ലാതെ തളർന്നവശരായി ചെന്നുകയറുമ്പോൾ പ്രസവ സമയത്ത് കൂടെയുണ്ടാകാൻ നാട്ടിൽനിന്നും വന്നിരുന്ന അവളുടെ 'അമ്മ ചെറിയൊരു സദ്യയൊക്കെ തയ്യാറാക്കിയിരുന്നു. മോനെ കുളിപ്പിച്ച് പാലുകൊടുത്ത് കിടത്തി ഞങ്ങളും കുളിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മോന്റെ ടെസ്റ്റ് റിസൾട്സ് എന്താകുമെന്ന വേവലാതിയിൽ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു . എല്ലാവരുംകൂടി ഉണ്ണാൻ ഇരിക്കുമ്പോൾ മുന്നിലെ ചോറിൽ അറിയാതെ വീഴുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ ശരിക്കും പാടുപെട്ടിരുന്നു ഞാൻ അപ്പോൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 8, 2021

വോട്ടെണ്ണൽ ....!!!

വോട്ടെണ്ണൽ ....!!!
.
മരിച്ചവരും നാടുവിട്ടവരും കാണാതായവരും അടക്കം അയ്യപ്പനും വാവരും ഗീവര്ഗീസ് പുണ്ണ്യാളനും കൂടാതെ മുപ്പത്തിമുക്കോടി ദേവഗണങ്ങളും വോട്ടുചെയ്യാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഈ ഇലെക്ഷനിൽ , തെറ്റുകൂടാതെ ഒരു വോട്ടർപട്ടിക പോലും തയ്യാറാക്കാൻ കഴിയാത്ത നമ്മൾ എങ്ങിനെയാണ് പിന്നെ ഇത്രയും വോട്ടുകൾ എണ്ണിത്തീർക്കുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 3, 2021

ഒരു ചായയുടെ വില ....!!!

ഒരു ചായയുടെ വില ....!!!
.
അപ്പോയ്ന്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു കാത്തുനിൽക്കാതെ പെട്ടെന്നുതന്നെ ആദ്യം ചെല്ലുന്ന കുറച്ചു പേർക്ക് വാക്‌സിനേഷൻ ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞതനുസരിച്ചാണ് ഞങ്ങളും നന്നേ രാവിലെതന്നെ സൈന്യത്തിന്റെ ആ ഏറ്റവും വലിയ ആശുപത്രിയിൽ അന്ന് ചെന്നത് . കേട്ടറിഞ്ഞതിൽ കുറച്ചുപേരെ വന്നിട്ടുള്ളൂ എന്നതിനാൽ വലിയൊരുത്തിരക്കില്ലായിരുന്നെങ്കിലും കുറച്ചു നേരം വരിയിൽ നിൽക്കേണ്ടി വന്നതൊഴിച്ചാൽ ഏറെ സൗഹാർദ്ദപരവും മാന്യവുമായ അന്തരീക്ഷത്തിൽ വാക്‌സിനേഷൻ കഴിഞ്ഞ് അവർ സ്നേഹപൂർവ്വം തന്ന വെള്ളവും ജ്യൂസും ഒക്കെ കുടിച്ച് പനിയും മേലുവേദനയും വരാതിരിക്കാനുള്ള മരുന്നും കഴിച്ച് ഞങ്ങൾ ഏറെ സന്തോഷത്തോടെ തിരിച്ചു പൊന്നു ....!
.
ആശുപത്രി ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരെയായതിനാൽ തിരിച്ചു പോരുന്ന വഴി ആ വഴിയിൽ കാണാനുണ്ടായിരുന്ന ഒന്ന് രണ്ടു പേരെ കാണുകയും ചെയ്തത് ടൗണിലെത്തിയപ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു . ചോറുണ്ണുന്ന സമയം കഴിയുകയും എന്നാൽ രാത്രിത്തെക്കുള്ള ഭക്ഷണമൊന്നും ഹോട്ടലുകളിൽ ആയിട്ടുമില്ല എന്ന സമയമായതിനാൽ ഞങ്ങൾ ഓരോ ചായയും കടിയും കഴിച്ച് പോരാം എന്ന് തീരുമാനിച്ചു ...!
.
സ്പെഷ്യൽ ചായയും നാടൻ കടികളുമൊക്കെ കിട്ടുന്ന ഒരു ഹോട്ടലിലേക്ക് തന്നെ ഞങ്ങൾ നേരെ വച്ചുപിടിച്ചു . കോറോണക്കാലമായതിനാൽ ഇരുന്നു കഴിക്കാൻ മിക്കയിടത്തും അപ്പോഴും സൗകര്യമാകാത്തതിനാൽ ഞങ്ങൾ ഓരോ ചായയും കടികളും വാങ്ങി തിരിച്ച് വണ്ടിയിൽ വന്നിരുന്ന് , വണ്ടി ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിയിട്ട് ചായകുടിക്കാൻ തുടങ്ങി ....!
.
ആസ്വദിച്ചുകൊണ്ടുതന്നെ അവരവരുടെ നാട്ടിൻപുറത്തിന്റെയും നാടൻ വിഭവങ്ങളുടെയും കഥകളും പറഞ്ഞ് ഓരോ കവിൾ കുടിച്ചു കഴിഞ്ഞതും മുന്നിലതാ ചിരിച്ചുകൊണ്ട് പോലീസ് ചേട്ടന്റെ വണ്ടി വന്നു നിൽക്കുന്നു. കടിച്ച വായ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ കയ്യിൽ ചായയുമായി പോലീസ് ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ക്യാമറെടുത്തു സ്റ്റൈലിൽ സ്മൈൽ പ്ളീസ് എന്ന് ആംഗ്യം കാണിക്കുന്നു ....!
.
ഗുലുമാൽ , ഗുലുമാൽ എന്ന പാട്ട് പിന്നണിയിൽ അശരീരിയായി നിൽക്കെ , ഗമക്കൊട്ടും കുറവുവേണ്ടെന്നു കരുതി ഗ്ലാമറൊട്ടും കുറയ്‌ക്കേണ്ടെന്നും പറഞ്ഞ് നന്നായിത്തന്നെ പോസ്സ്ചെയ്തു കൊടുത്തു പോലീസ് ചേട്ടന്. പൊതുസ്ഥലത്ത് സാമൂഹികാകലം പാലിക്കാതെ മാസ്കുവെക്കാതെ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്ഹമായതിനാൽ , മൂപ്പർ ഒരു ചിരിയോടെ നല്ലൊരു ഫോട്ടോയുമെടുത്ത് ടാറ്റയും തന്നു പോകുമ്പോൾ ഞങ്ങളുടെ മൊബൈലുകളിൽ ടിക്ക് ടിക്ക് എന്ന് മെസ്സേജുകൾ....!
.
അവരെടുക്കുന്ന ഫോട്ടോയൊന്നും നമുക്ക് തരിക പതിവില്ലെങ്കിലും ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന മട്ടിൽ മൊബൈൽ ചാടിപ്പിടഞ്ഞെടുത്തപ്പോൾ മനോഹരമായ ഭാഷയിൽ 1000 വീതം ഫൈൻ വാന്നതിന്റെ വാർത്തയും. അതായത് ഇന്ത്യൻ റുപ്പീസ് ഏകദേശം 20000 വീതം മൂന്നുപേർക്കും ...അങ്ങിനെ, ആശയോടെ കഥയൊക്കെ പറഞ്ഞ് നാടൻ ഓർമ്മകളും അയവിറക്കി ആസ്വദിച്ച് കുടിച്ച ഒരു ചായയുടെയും കടിയുടെയും വില 60000 ...!

സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 1, 2021

സ്വപ്നം ...!!!

സ്വപ്നം ...!!!
.
പ്രഭാതം
നിലാവ്പിന്നിട്ട വഴികളിലെ
അവശേഷിച്ച തണുപ്പിന്റെ കുളിര്.....
കാറ്റ് പിന്നെയും ,
ഒരു അപരിചിതത്വത്തിന്റെ മേലാപ്പുമിട്ട് മടിച്ചു മടിച്ച് ....
തന്റെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ വിളിയും പേറി ഒരു പ്രാവ് ,
തിക്കി തിരക്കോടെ ....
സൂര്യനിൽ സ്വയം സമർപ്പിക്കാനൊരുങ്ങി,
പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഒരു മഞ്ഞുതുള്ളി ....
വലിയ ശബ്ദത്തോടെ കിതച്ചുകൊണ്ട്
വിശപ്പിന്റെ ഭാണ്ഡവും പേറാൻ തയ്യാറായി ആ തീവണ്ടി ....
മൺ പരലുകളിൽ ഞെങ്ങി ഞെരങ്ങി ,
വീർപ്പുമുട്ടുന്ന ഇരുമ്പുപാളങ്ങളിൽ ഉരുകിയൊലിക്കാൻ കാത്തു നിൽക്കുന്ന ജീവിതങ്ങൾ .....
.കൈവിട്ടുപോകുന്ന അമ്മയുടെ കൈയ്യെത്തിപ്പിടിക്കാൻ വെമ്പുന്ന ആ കുഞ്ഞു കൈകൾ ,
കരച്ചിലോടെ ......
തിരക്കിലേക്കൂലിയുടുന്ന മുഖങ്ങൾക്കൊപ്പം .....
മുഖമുണ്ടെങ്കിലും കാഴ്ചക്കാർക്കുമുന്നിൽ വ്യകതമാകാത്ത ആ അമ്മയും മകളും ....
കൈവിട്ടുപോയാലും സാരിത്തലപ്പിലെങ്കിലും പിടിവിടാതിരിക്കാൻ വെമ്പലോടെ രണ്ടിലും എത്തിപ്പിടിച്ചുകൊണ്ടെന്നപോലെയും ....
.ഒരു പൂവിൽപ്പനക്കാരി ,
കിതപ്പോടെ തന്റെ പൂക്കൂടയുമായി ......
ചില മുഖങ്ങൾപോലെ ,
വിളറിയ നിറത്തോടെ ചൂടാറിയ ചായയുമായി ചായവിൽപ്പനക്കാരൻ .....
ഒരു വിരോധാഭാസം പോലെ ,
ചൂടില്ലാതെയും ചൂട് ചൂടെന്നാർത്തുവിളിച്ച് പ്രഭാതഭക്ഷണവിൽപ്പനക്കാരനും .....
അവർക്കൊപ്പം ചൂടാറാത്ത വാർത്തയുമായി പത്രക്കാരനും ....
.തിരിഞ്ഞുനോക്കുന്നില്ലെങ്കിലും തനിക്കൊപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെതന്നെ
വരിയിലേക്കിഴഞ്ഞുകയറി ടിക്കറ്റിനായി എത്തിപ്പെടുന്ന അമ്മയും മകളും .....
വേഷം വിശാലമെങ്കിലും ,
അതിനുള്ളിലെ ജീവിതം അപരിചിതമായി നിലനിർത്തുന്ന അവ്യക്തതയോടെ,
കിട്ടിയ അവസരവുമായി ,
തനിക്കുള്ള ഇടം തേടി കിതപ്പോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...