Sunday, November 21, 2021

നിർമ്മാതാവിനെ തേടി ...!!!

നിർമ്മാതാവിനെ തേടി ...!!!
.
സിനിമ ചിന്തയിലും പ്രവൃത്തികളിലും മാത്രമല്ലാതെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നിരുന്ന കാലം . സിനിമാ സങ്കേതങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രകൾ ഫിലിം ഫെസ്ടിവലുകളിൽ മാത്രമൊതുങ്ങാതെ ജീവിതങ്ങളും കടന്നുപോയിരുന്ന നേരം . അപ്പോഴാണ് പലകുറി അവർത്തിച്ചെഴുതി തിരുത്തിയും പകർത്തിയും പിന്നെയും പിന്നെയും മാറ്റങ്ങൾവരുത്തി എന്നിട്ടും തൃപ്തിയാകാത്ത തിരക്കഥയും കയ്യിൽ വെച്ച് ലൊക്കേഷനും ആർട്ടിസ്റ്റുകളെയും മനസ്സിൽ സങ്കൽപ്പിച്ച് ക്യാമറ ആംഗിളുകൾ വരെ നിശ്ചയിച്ചുറപ്പിച്ച് ഓരോ ഷോട്ടും മനസ്സിൽ പലകുറി റിഹേഴ്സൽ നടത്തിയൊക്കെയാണ് ഒടുവിൽ ഓരോ സിനിമചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ നിർമ്മാതാവിനെ തേടി പുറത്തിറങ്ങാറുള്ളത് . സകല ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ച് നല്ല നേരവും നല്ല ദിവസവും ഒക്കെ നോക്കി ഏറെ മോഹത്തോടെ, ഏറെ പ്രതീക്ഷയോടെ ...!
.
സിനിമയുമായി ബന്ധപ്പെട്ടവരെയും അടുത്തറിയാവുന്ന പണക്കാരെന്ന് തോന്നുന്നവരെയും വിദേശത്തൊക്കെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എന്നുവേണ്ട, ഒരുപരിചയവും ഇല്ലാത്തവരെ പോലും കാത്തുനിന്ന് കാത്തുനിന്ന് കണ്ട് സംസാരിച്ചിട്ടുണ്ട് പലകുറി . ചിലർ പരിഹസിക്കും, ചിലർ പുച്ഛിക്കും , ചിലരാകട്ടെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കുമെങ്കിൽ പിന്നിൽ അപമാനിക്കും . ചിലർ നിസ്സഹായത പ്രകടിപ്പിക്കും ചിലർ പറ്റില്ലെന്ന് കർക്കശ്യത്തോടെ പറയുകയും ചെയ്യും. എന്തായാലും അവരുടെയൊക്കെ ഭാഗ്യവുമാകാം അന്നതൊന്നും നടന്നില്ലെന്നത് സത്യവും ...!
..
ഒരു സിനിമ പിടിക്കാനുള്ള കാശിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാണ് അന്നൊക്കെ നടന്നിരുന്നത് . കൂട്ടിനു കട്ടക്ക് നിൽക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും കൂടിയാകുമ്പോൾ വേണമെങ്കിൽ ഒരിക്കൽക്കൂടി ലങ്കപോലും ഹനുമാനെക്കാൾ മുന്നേ ചാടിക്കടന്നുപോകാമെന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലുണ്ടുതാനും . പറ്റാവുന്ന വഴികളൊക്കെയും ആലോചനയിലുണ്ടാകും എപ്പോഴും . കച്ചവടം, വിദേശ യാത്ര , ജോലി അങ്ങിനെ മോഷണവും പിടിച്ചുപറിയുമൊഴിച്ച് എന്തും എന്തും . ഓരോ ദിവസവും ഓരോ യമണ്ടൻ ആശയങ്ങളുമായി എത്തുന്ന ഓരോരുത്തരും ആവേശപൂർവ്വം ഓരോ പോയിന്റുകളും ചർച്ച ചെയ്തുവരുമ്പോഴേക്കും അവസാനം അത് ചീറ്റിപ്പോകാറാണ് പതിവെങ്കിലും ...!
.
അങ്ങിനെയാണ് ഗോദാവരിതീരത്ത് സ്വർണം അരിച്ചെടുക്കുന്നവരുടെ കയ്യിൽ നിന്നും സ്വർണം വാങ്ങി നാട്ടിലെത്തിച്ചു കൊടുത്താൽ വലിയ പ്രതിഫലം കിട്ടുമെന്ന് കേട്ടത് . കേട്ടപാതികേൾക്കാത്തപാതി പെട്ടിയും കിടക്കയും കെട്ടി തയ്യാറായ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടുതന്നെ വെച്ചുപിടിക്കാൻ തീരുമാനമായി ഞാനും . നാലുപേർ ചേർന്ന നാലു ഗ്രൂപ്പുകളായി തവണകളായി കടത്തൽ നടത്താമെന്നും അങ്ങനെയാകുമ്പോൾ തുടർച്ചയായി കുറച്ചുകുറച്ചായി ഒരു വര്ഷം കൊണ്ട് ആവശ്യത്തിന് കാശുണ്ടാക്കാമെന്നും കൂട്ടത്തിലെ ബുദ്ധിരാക്ഷസർ സ്കെച്ചും പ്ലാനും വരച്ചുതരികയും ചെയ്തു ...!
.
ഗോദാവരി പോയിട്ട് ഭാരതപ്പുഴ എവിടെയാണെന്നുപോലും ശരിക്കറിയാത്ത ഞങ്ങളാണ് ഒരുവിധം വണ്ടിക്കൂലിക്കുള്ള കാശൊക്കെ അമ്മമാരേ ഇസ്ക്കിയും അനിയത്തിമാരുടെ കുടുക്ക മാന്തിയും ഒക്കെ ഒപ്പിച്ചെടുത്ത് . ആദ്യത്തെ സംഘത്തിൽ ഞാൻ തന്നെയായിരുന്നു മുന്നിൽ . ഇന്നത്തെപോലെ കണ്ണടച്ച് മനസ്സിൽ ധ്യാനിക്കാൻ ഗൂഗിളമ്മായിയൊന്നും വഴികാണിക്കാനുണ്ടായിരുന്നില്ലാത്ത അക്കാലത്ത് , കിട്ടിയ . ബസ്സിലും ട്രെയിനിലും നടന്നും ഒക്കെയായി ചോയ്ച്ച് ചോയ്ച്ച് പോയി ഒരുവിധം കഷ്ടിച്ചാണ് അവിടെവരെ എത്തിപ്പെട്ടത് ...!
.
ജട്ടിവരെ അഴിച്ചെടുത്തും ജാതകം വരെ അരിച്ചുനോക്കിയും മാത്രം പ്രവേശനമുള്ള ആ ഒരു വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് അവിടെയൊക്കെയെന്ന് പൊട്ടക്കിണറ്റിലെ തവളകളായ ഞങ്ങൾക്കുണ്ടോ അന്നറിയുന്നു . . പക്ഷെ ഞങ്ങളെ കണ്ടാൽത്തന്നെ പൊട്ടന്മാരാണെന്ന് മുഖത്തെഴുതിവെച്ചിരുന്നത് അവർക്ക് വായിക്കാൻ എളുപ്പം കഴിഞ്ഞതുകൊണ്ടാകാം യാതൊരു പരിശോധനകളും കൂടാതെയാണ് നാടൻ തോക്കുകൾ കളിപ്പാട്ടങ്ങൾ പോലെ കൊണ്ടുനടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളുടെ ഇടയിലേക്ക് ഞങ്ങളെ അവരിൽ ചിലർ കൊണ്ടുപോയത് ....!
.
നന്നേ ഇടുങ്ങിയ വഴികളും ഗുഹകൾ പോലുള്ള വീടുകളും മലമടക്കുകൾക്കിടയിലൂടെ കുതിരകളും കഴുതകളും വലിക്കുന്ന വണ്ടികളും ഇരുട്ടുമാത്രം നിറഞ്ഞുനിൽക്കുന്ന കാടുകളും പൊന്തക്കാടുകൾക്കിടയിൽ പോലും മറഞ്ഞിരിക്കുന്ന തോക്കുധാരികളും എന്തിനെയും സംശയത്തോടെമാത്രം നോക്കുന്ന കുട്ടികൾ പോലുമുള്ള ആ പ്രദേശം ശരിക്കും വല്ലാതെ ഭീതിതവും ആശ്ചര്യം നിറഞ്ഞ ദുരൂഹത നിലനിർത്തുന്നതുമായിരുന്നു . പുറത്തെ ലോകവുമായി അവർക്കടുത്ത ബന്ധമാണുള്ളതെങ്കിലും പുറം ലോകത്തിന് ഒരിക്കലും എത്തിപ്പെടാനാകാത്ത വിധം കൊട്ടിയടച്ച ആ ലോകത്തിൽ ഞങ്ങൾ ശരിക്കും ആലിസ് വണ്ടർലാന്റിൽ പോയപോലെയായിരുന്നു ..ഇടക്കെപ്പോഴോ അവരിൽ ചിലർത്തന്ന ഭക്ഷണത്തിനും വെള്ളത്തിനും പോലും എന്തോ ഭയം രുചിക്കുന്ന അപരിചിതത്വം തന്നെയായിരുന്നു താനും .....!
.
അവിടെയെത്തിയപ്പോഴാണ് കാര്യം എന്ത് ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കും എന്ന പ്രശ്നം വന്നത് പിന്നെ ലാലേട്ടൻ വളീം ചോദിച്ച് പോയപോലെ ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചപ്പോൾ മനസ്സിലായിട്ടോ അതോ മനസ്സിലാകാതെയോ ആവൊ ഇപ്പൊ ഇവിടൊന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവർ ഞങ്ങളെ ദയാപൂർവ്വം മടക്കി അയച്ചു . ,കാര്യം നടക്കാതെ തിരിച്ചുപോരേണ്ടിവന്നതിലുള്ള നിരാശയിലും വിഷമത്തിലും കൂട്ടുകാർ ഇരിക്കുമ്പോൾ കാശുണ്ടാക്കാനാണ് പോയതെങ്കിലും അവിടുത്തെ അപ്പോഴത്തെ അവസ്ഥയൊക്കെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിൽ ഒരു ലഡ്ഡുവാന് പൊട്ടിയത് . പുതിയൊരു സിനിമക്കുള്ള പ്രമേയം കിട്ടിയ ആവേശവും അതെങ്ങിനെയെങ്കിലും ഒന്നെഴുതിത്തീർക്കാനുള്ള വ്യഗ്രതയുമായിരുന്നു തിരിച്ചുവരുമ്പോഴെല്ലാം . നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്കുള്ള മറ്റൊരധ്യായം കൂടെയായി അതും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...