Wednesday, July 29, 2015

പുഞ്ചിരി ...!!!

പുഞ്ചിരി ...!!!
.
അവസാനമായി
എന്റെ മുഖത്തുനിന്നും
മായ്ച്ചുകളയുവാൻ
ഇനി ബാക്കിയുള്ളത്
ചായം തേയ്ക്കാത്ത
ഈ പുഞ്ചിരി മാത്രം ...!
.
അതാകട്ടെ
എന്റെ ഉള്ളിനെ
പൊതിഞ്ഞു പിടിക്കാൻ
ഞാൻ തന്നെ
ചമയ്ച്ചു വെച്ചതും ...!
.
വേഷങ്ങൾ
അഴിക്കുമ്പോഴും
ഭൂഷണങ്ങൾ
മാറ്റുമ്പോഴും
പകർത്താതെ
പകരം വെക്കാതെ
ഞാൻ കരുതി വെച്ച
എന്റെ പുഞ്ചിരി ....!
.
ഉരുകുംപോഴും
വിയർക്കുമ്പോഴും
ഉടയുമ്പോഴും
തകരുമ്പോഴും
കുനിയുമ്പോഴും
കുമ്പിടുമ്പോഴും
മായാതെ കാത്തുവെച്ച
എന്റെ പുഞ്ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 26, 2015

ജീവിതത്തിലേയ്ക്ക് ...!!!

ജീവിതത്തിലേയ്ക്ക് ...!!!
.
നാനൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വർക്ക് സൈറ്റിൽ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തിൽ എത്താൻ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങൾ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങൾക്ക് എല്ലായ്പോഴും .
.
എപ്പോഴും മണൽക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുർഘടം പിടിച്ചതുതന്നെ . മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത ആ മരുഭൂമിയിൽ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങൾ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു . സാധാരണ റോഡ്‌ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കിൽ ആറും ഏഴും മണിക്കൂറുകൾ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങൾ ഒഴിവാക്കാറാണുള്ളത് .
.
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയിൽ ആയ ഒരു സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാനാണ് ഞങ്ങൾ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാൽ യാത്ര തുടങ്ങാൻ ഞങ്ങൾക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാൽ പതുക്കെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നൽകിയ അയാളെ കൂടുതൽ കുഴപ്പത്തിലാക്കാതെയും എന്നാൽ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് .
.
പതിവുപോലെ അപകടത്തിൽ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയിൽ ചുരുക്കം ചില വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ . സിഗ്നൽ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറപ്പെടും മുൻപുതന്നെ രോഗിയുമായി എത്തിയാൽ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തിൽ ഞങ്ങൾ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു . .
.
വഴിയിൽ അന്ന് പതിവിലും ശക്തമായ മണൽ കാറ്റായിരുന്നതിനാൽ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കിൽ പൊള്ളിക്കുന്നതും . അപകടത്തിൽ പെട്ട ഒരു വാഹനത്തെ സഹായിക്കാൻ വേണ്ടി ഇടയിൽ കുറച്ചു സമയം നിർത്തുകയും കൂടി ചെയ്തതിനാൽ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയിൽ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തിൽ ഞങ്ങൾ യാത്ര തുടർന്നു .
.
ഒരു വലിയ കയറ്റവും അതിനോട് ചെർന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോൾ മുന്നിൽ ഒരു വാഹനം റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങൾ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതിൽ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയിൽ അങ്ങിനെയൊരു കുടുംബത്തെ കാണാൻ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളർച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
.
അവർ ഞങ്ങളെ കണ്ടപ്പോൾ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവർക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ വണ്ടിനിർത്തി ഞങ്ങൾ അവർക്കടുത്തേയ്ക്ക് ചെന്നത് അവരിൽ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാൻ അവർ തിടുക്കപ്പെടുന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു .
.
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയിൽ അച്ഛനെ മാറ്റിനിർത്തി , അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാൻ തയ്യാറായില്ലെങ്കിലും അതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ അച്ഛന്റെ ധൈര്യവും ചോർന്നുപോയിരുന്നു .
.
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത , പോറ്റാൻ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളിൽ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങൾ വണ്ടികയറുമ്പോൾ അടുത്തകാലത്തെ ഒരപകടത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത്‌ അവരെ ചേർത്ത് പിടിക്കുന്നത്‌ ഞാനും നോക്കി നിന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, July 23, 2015

മകളേ , നിനക്ക് ...!!!

മകളേ , നിനക്ക് ...!!!
.
ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഞാൻ അന്നവിടെ ചെന്നത് . സംസ്ഥാന തലസ്ഥാനത്തെ പ്രൌഡമായ ആ ഹോട്ടലിൽ അന്നത്തെ തിരക്കെല്ലാം കഴിഞ്ഞ് റൂമിലേക്ക്‌ ചെല്ലുമ്പോൾ നീണ്ട മനോഹരമായ വരാന്തയുടെ അറ്റത്ത്‌ അവർ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . സീസനൊന്നുമല്ലാത്തതിനാലാകാം അപ്പോൾ അവിടെ തിരക്കും ഉണ്ടായിരുന്നില്ല .
.
വരാന്തയുടെ നടുവിലായിട്ടായിരുന്നു എന്റെ മുറി . വാതിൽ തുറന്ന് അകതുകടക്കുമ്പോഴാണ് അവർ എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചത് . അധികം പ്രായമില്ലാത്ത ഒരു അമ്മയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഒരു മകളും . ചുറ്റും നോക്കി , പരിഭ്രമത്തോടെ അൽപ്പം തിടുക്കപ്പെട്ട് അത്ര പരിചയമില്ലാത്ത സാഹചര്യത്തിലും അവസ്ഥയിലുമായിരുന്നു അവർ അപ്പോൾ വന്നിരുന്നത് .
.
ഞാൻ അകത്തു കടന്നതും അവരും എന്റെ കൂടെ അകത്തേക്ക് അതിക്രമിച്ച് എന്നപോലെ ഓടിക്കയറിയത് എന്നെ തെല്ലോന്നമ്പരപ്പിച്ചു . എന്നിട്ട് എനിക്കുമുൻപേ അവർ വാതിൽ അടക്കുകയും ചെയ്തു . എന്നിലേക്ക്‌ ആരും അതിക്രമിച്ചു കടക്കുന്നത്‌ ഒട്ടും അനുവദിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ പക്ഷെ അപ്പോൾ പ്രതിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത് .
.
ചോദ്യഭാവത്തിൽ നിൽക്കുന്ന എന്റെ നേരെ വന്ന് ആ അമ്മ അവരുടെ സാരി അഴിക്കാൻ തുടങ്ങിയത് എന്നെ ഭയപ്പെടുത്തി ശരിക്കും . പക്ഷെ സാരി മാറ്റി അവരുടെ വയറിന്റെ വശങ്ങൾ കാണിച്ചപ്പോൾ എനിക്കുപോലും വല്ലാതെ വേദനയുടെ നീറ്റലെടുതത്തുപോയി . കാൻസർ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ വൃണമായിരിക്കുന്നു അവിടെ . ഒരിക്കലെ എനിക്കങ്ങോട്ട് നോക്കാൻ പോലും പറ്റിയുള്ളൂ എന്നതാണ് സത്യം .
.
ചെറിയ കുട്ടിയാ സാറേ, അധികം വേദനിപ്പിക്കരുതെന്ന് പിന്നെ ആ അമ്മ എന്റെ കൈപിടിച്ചിട്ടു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശരീരം തളർന്നു പോയി . ബാല്യം കൈവിടാത്ത ആ കുരുന്നു പെണ്‍കുട്ടിയെ എന്റെ മുന്നിലേക്ക്‌ നീക്കി നിർത്തി ആ അമ്മ എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നപ്പോൾ എനിക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായി . തന്റെയും വയ്യാതെ കിടക്കുന്ന ഭർത്താവിന്റെയും ചികിത്സയ്ക്കും താഴെയുള്ള കുട്ടികളുടെ ജീവിതത്തിനും മറ്റു വഴിയില്ല എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞത് എനിക്കെന്തോ അപ്പോൾ അംഗീകരിക്കാനും കഴിഞ്ഞില്ല .
.
വലിയ കമ്പനിയുടെ പ്രധിനിധികൾ വരുമ്പോൾ അവര്ക്ക് പെണ്‍കുട്ടികളെ വേണമെന്നും ചെറിയ കുട്ടികളാകുമ്പോൾ നല്ല പൈസ കിട്ടുമെന്നും ആരോ പറഞ്ഞ് കേട്ട് അത് അന്വേഷിച്ചു വന്നതായിരുന്നു അവർ . അവരെ അവിടെ ഇരുത്തി പുറത്തിറങ്ങിയ ഞാൻ എന്റെ പോലീസ് സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ , അവിടെയൊക്കെ അതൊക്കെ സർവ്വ സാധാരണമാണെന്ന അവളുടെ ഒഴുക്കൻ മറുപടി കേട്ട് ഞാൻ പിന്നെയും ഞെട്ടി .
.
എന്റെ ആ പോലീസ് സുഹൃത്തിനെ വിളിച്ചു വരുത്തി ആ അമ്മയെ കാൻസർ സെന്ടരിലെക്കും കുട്ടിയെ ചൈൽഡ് ലൈനിലെയ്ക്കും അയക്കുമ്പോൾ ആ കുട്ടി എന്നെ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കി . പ്രതീക്ഷ തിളങ്ങുന്ന ആ കണ്ണുകളിൽ അപ്പോൾ ഞാൻ എന്റെ മകളുടെ / സഹോദരിയുടെ മുഖമായിരുന്നു നിറഞ്ഞു കണ്ടിരുന്നത്‌ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 5, 2015

യാത്രാ മൊഴി ...!!!

യാത്രാ മൊഴി ...!!!
.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് , തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ അയാളുടെ മുന്നിൽ നിന്നും എണീറ്റ്‌ പോകുമ്പോൾ അയാൾ ആ മനുഷ്യനെ മടക്കി വിളിച്ചില്ല . അയാളുടെ ആ ഒരു പിൻവിളി ചിലപ്പോൾ ആ മനുഷ്യനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുമായിരിക്കും എങ്കിലും , അപ്പോൾ അതുതന്നെയാണ് തന്റെ ശരി എന്ന ഉറച്ച വിശ്വാസത്തിൽ അയാൾ അങ്ങിനെ തന്നെയാണ് ചെയ്തത് ...!
.
അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്തിന് ഇനി ജീവിച്ചിരിക്കണം . എന്തിനു വേണ്ടി ...... എപ്പോഴും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുമാറ് ഉന്നതസ്ഥാനീയനെന്നു തോന്നിപ്പിക്കുമെങ്കിലും വ്യക്തിപരമോ, സാമൂഹികമോ , കുടുംബപരമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും ഒരുതുറയിലെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ലാത്ത ഒരാൾക്ക് മരിക്കാതിരിക്കാൻ എന്തവകാശം ...!
.
മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം . അതെ മരണം തന്നെയാണ് എല്ലാറ്റിനും പരിഹാരം . ശാശ്വതമായ പരിഹാരം . പക്ഷെ , ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം , ആ യാത്ര .. അവിടെയാണ് കാൽപിഴവുകൾ .. ഇടറലുകൾ . മോഹത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം താണ്ടുന്നതിൽ ...!
.
എന്നിട്ടും ആ മനുഷ്യൻ ധീരമായി നടന്നകലുന്നത് അന്നാദ്യമായി അസൂയയോടെ അയാൾ നോക്കിയിരുന്നു . ആഗ്രഹിച്ചാലും തനിക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്നയാളോടുള്ള ആരാധനയോടെ . അടുത്ത ജന്മത്തിലെങ്കിലും ഒരു വിജയിയാകട്ടെ ആ മനുഷ്യനെന്ന് പ്രാർഥിക്കുമ്പോൾ ആ മനുഷ്യൻ നടന്നകന്ന വഴിയിൽ നിന്നും അദ്ധേഹത്തിന്റെ നിഴൽ അയാളിലെയ്ക്കും പടരുകയായിരുന്നു അപ്പോൾ പക്ഷെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...