Thursday, December 31, 2020

സൗഭദ്രം ....!!!

സൗഭദ്രം ....!!!
.
വിധിയാം വണ്ണം ആചാരപൂർവ്വം കന്യകയുടെ മൂത്ത സഹോദരൻ ക്ഷണിച്ചിട്ടുതന്നെയാണ് താനിവിടെ എത്തിയിരിക്കുന്നത് . ഉപചാരപൂർവ്വം ചടങ്ങുകളോടെതന്നെയാണ് കന്യകയെ പെണ്ണുചോതിച്ചിരിക്കുന്നതും . കുലമഹിമയും കുടുംബ പാരമ്പര്യവും പ്രത്യേകം വിളിച്ചു ചൊല്ലേണ്ടതില്ലാത്തതിനാൽ അതിനുമാത്രം മുതിരുന്നില്ലെന്ന് നിശ്ചയം . സാഹസികനായ ഒരു വീരയോദ്ധാവെന്നത് കന്യകയ്ക്കും പിന്നെ തന്റെ ഗുരുകൂടിയായ കന്യകയുടെ ജേഷ്ഠനും യഥേഷ്ടം ബോധ്യമുള്ളതും .....!
.
അവരുടെ ജേഷ്ഠനടുത്ത് ആയോധനവിദ്യകൾ പഠിക്കാൻ വരുമ്പോൾ തുടങ്ങിയ താത്പര്യം .പ്രണയമോ അഭിനിവേശമോ ആകാതെ പവിത്രതയോടെ കാത്തുസൂക്ഷിച്ച ബന്ധം . ഇപ്പോൾ പിന്നെ അതും കൂടാതെ ആൾ ബലവും അംഗബലവും കൂടാൻ ബന്ധുബലം കൂടിയേ തീരുവെന്ന മാതുലന്റെ ഉപദേശം കൂടി തുണയായതും പിന്നെയൊന്നും ആലോചിക്കാനും നിന്നില്ല .മര്യാദകൾ പാലിച്ചുകൊണ്ട്‌ പെണ്ണുചോദിച്ചുകൊണ്ട് മുന്നിട്ടിറങ്ങുക തന്നെയായിരുന്നു ഒട്ടും അമാന്തിക്കാതെ . ...!
.
വിവാഹ മംഗളകർമ്മത്തിൽ ആദ്യമായും ഹിതമറിയേണ്ടത് പെണ്കുട്ടിയുടേത് തന്നെയാകയാൽ മറിച്ചൊന്നും ആലോചിക്കാതെ നേരിട്ടുതന്നെ ചോദിച്ചറിഞ്ഞിരുന്നു ആദ്യമേതന്നെ . വിരോധമില്ലെന്നുമാത്രമല്ല ഇഷ്ട്ടവുമാണെന്നറിഞ്ഞപ്പോൾ മനസ്സുകുളിർത്തു . ചടങ്ങുകൾ ആചാരപൂർവ്വം നടത്താമെന്ന വാഗ്ദാനത്തോടെ പിരിയുമ്പോൾ മനസ്സ് ഉത്സവപ്രതീതിയിലായിരുന്നു . ആഗ്രഹം പോലെ , ആശപോലെ , കാത്തിരുന്ന പോലെ . നാളെ ആ ചടങ്ങുകൾ നടക്കാൻ പോകുന്നു . തെളിഞ്ഞ ആകാശത്തേക്ക് നോക്കി മട്ടുപ്പാവിലെ പട്ടുമെത്തയിൽ ആ രാത്രി കിടക്കുമ്പോൾ മനസ്സ് ഏറെ ആഹ്ളാദാരവങ്ങളോടെയുമായിരുന്നു ....!
.
കുതിരക്കുളമ്പടികൾ ഒരു യോദ്ധാവിനെ ഒരിക്കലും ഉറക്കത്തിൽനിന്നുണർത്താൻ പോന്ന ശബ്ദമേയല്ല . ഘോഷങ്ങളും മേളങ്ങളും ആരവങ്ങളും അങ്ങിനെതന്നെ . വാൾമുനയുടെ പൊള്ളുന്ന ശീൽക്കാരത്തെക്കാൾ, ശരത്തിന്റെ ചടുലതാളത്തേക്കാൾ ഒക്കെ വലുതായൊരു ശബ്ദവും അവന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കുകയുമില്ല . പക്ഷെ ഞെട്ടിയുണർന്നത് വല്ലാതെ കിതച്ചുകൊണ്ടായിരുന്നു . ഇനിയും വ്യക്തമല്ലാത്ത ഒരു ദുസ്സ്വപനത്തിന്റെ ആവലാതിയോടെ, വേവലാതികളോടെ ....!
.
ഉണർന്നെണീക്കും മുന്നേ കിടപ്പറയിലേക്ക് പതിവിനു വിപരീതമായി ഓടിയെത്തുന്ന മാതുലന്റെ വിവശതയിൽ താനും . അടുത്തുവന്നിരുന്ന് താഴേക്കു നോക്കി പിറുപിറുക്കുന്ന മാതുലന്റെ ചുണ്ടുകളിൽനിന്നും അടർന്നുവീണ അക്ഷരങ്ങൾ പെറുക്കുകൂട്ടിയപ്പോൾ അതിന്റെ രൂപം തന്നെ ഭയപ്പെടുത്തുന്നതുതന്നെയായിരുന്നു . കൗരവ സാമ്രാജ്യത്തിന്റെ യുവരാജാവായ തനിക്കുതന്നെ നേരിവേണ്ടിവരുന്ന വലിയ പരീക്ഷണം ....!
.
എന്തൊരപമാനമാണിത് . എന്തൊരു ചതിയാണിത് . വിളിച്ചുവരുത്തി മനപ്പൂർവ്വം അപമാനിക്കുന്നതിനേക്കാൾ വലിയൊരു നാണക്കേട് വേറെ എന്താണുള്ളത് ..തന്നെ ഇഷ്ടമാണെന്നും തന്റെയൊപ്പം ഉണ്ടാകാമെന്നും വാക്കുതരികയും ഒന്നിച്ചുള്ള ജീവിതത്തിനു സമ്മതിക്കുകയും ചെയ്ത സുഭദ്ര , ഒരപഹരണത്തിന്റെ കെട്ടുകഥ മേമ്പൊടിയായും ചേർത്തുകൊണ്ട് ഇന്നലെ മാത്രം കണ്ട അർജുനന്റെ കൂടെ രാത്രിയുടെ മറവിൽ ഒളിച്ചോടിയിരിക്കുന്നു . ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 24, 2020

പ്രണാമപൂർവ്വം ....!!!

പ്രണാമപൂർവ്വം ....!!!
.
ഓരോ ക്രിസ്തുമസ് കടന്നുവരുമ്പോഴും കൂടെയെത്തുന്ന മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകളുമുണ്ട് മനസ്സിൽ . ധാരാളമുള്ള പതിവ് നാട്ടിന്പുറ കാഴ്ചകൾ കൂടാതെ , പ്രത്യേകമായും ഓർക്കുന്ന ചിലത് . ഓരോ ക്രിസ്തുമസ്സിനും മറക്കാതെ ഗ്രീറ്റിംഗ്‌സ് അയക്കുന്ന ഒരു ബാല്യകാല സുഹൃത്തിനെക്കുറിച്ച് , കേക്കുകൾ ഉണ്ടാക്കി എനിക്ക് വേണ്ടി കൊണ്ടുവന്നു തരുന്ന ഒരു മുത്തശ്ശിയെക്കുറിച്ച് . പുതുവർഷത്തിന് എവിടെയാണെങ്കിലും എന്റെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ അയക്കുന്ന മുൻപുണ്ടായിരുന്ന സഹപ്രവർത്തകയെക്കുറിച്ച്, എന്നെങ്കിലുമൊരിക്കൽ ഒന്നിച്ച് ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി രാത്രിയിലെ പ്രാർത്ഥനക്ക് ഒന്നിച്ചു പോകണമെന്ന് ഞാൻ എപ്പോഴും ഒരുപാട് ആഗ്രഹിക്കുമായിരുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് ... അങ്ങിനെയങ്ങിനെ ഒത്തിരി ഓർമ്മകൾ .. അതിലേറെ പ്രിയപ്പെട്ടതായി ഇതും ....!
.
മനസ്സിൽ സംഗീതവുമായി പാട്ടുപഠിക്കണമെന്ന അഗ്രത്തോടെ നടന്നുനടന്ന് ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് ലാലേട്ടൻ പറയും പോലെ , പ്രവാസ ജീവിതം തുടങ്ങിയപ്പോൾ കയ്യിലൊരു ഡിഗ്രി സെർട്ടിഫിക്കറ്റ് മാത്രവുമായി ആദ്യമായി ഞാനും എത്തിപ്പെട്ടത് അതുപോലൊരു സിംഹക്കൂട്ടിൽത്തന്നെയായിരുന്നു . അറബ് വംശജരും ഇംഗ്ലീഷുകാരും കൂടുതലായുള്ള ഒരു വലിയ സർക്കാർ സ്ഥാപനം .അധികാര കേന്ദ്രവുംകൂടിയായ അവിടുത്തെ പൊതു രീതികളറിയില്ല ശരിക്കൊന്നാരോടെങ്കിലും സംസാരിക്കാനറിയില്ല . പണിയൊന്നും അറിയില്ല . സഹായിക്കാൻ ആരുമില്ലതാനും ...!
.
അബദ്ധങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു തുടക്കത്തിൽ . കഴുതയെപോലെ പണിയെടുക്കുന്നതുകണ്ടുകണ്ട് പാവം തോന്നിയതുകൊണ്ടാവണം അവിടുന്നും പറഞ്ഞയച്ചില്ല അവരെന്നെ . പിന്നെ പിന്നെ ഒടുവിൽ ചീത്തപറഞ്ഞാലും നല്ലതുപറഞ്ഞാലും എനിക്ക് ഒരുപോലെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം മേലുദ്യോഗസ്ഥരെല്ലാം എന്നെ സഹിക്കാനും എന്റെ വഴിക്കുവരാനും തുടങ്ങി . അതാവും അവരുടെ മനസ്സമാധാനത്തിനു നല്ലതെന്ന് അവർക്കു ബോധ്യമായിക്കാണണം . ....!
.
അക്കാര്യത്തിൽ എന്നെ ശരിക്കും സഹായിച്ചിരുന്നത് എന്റെ സെക്ഷൻ മാനേജർ ആയ ഒരു ഇംഗ്ലീഷുകാരനായിരുന്നു . കുറച്ചുപ്രായമായതിനാലാകണം ഏറെ പക്വതയോടെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കിക്കാൻ കുറച്ചൊന്നുമല്ല അദ്ദേഹം ബുദ്ധിമുട്ടിയത് . പഠിപ്പിച്ച് പഠിപ്പിച്ച് ഒടുവിൽ അദ്ദേഹം മലയാളം പറയാൻ തുടങ്ങുമോ എന്ന അവസ്ഥയിലുമായി കാര്യങ്ങൾ . എങ്കിലും കൂടുതൽ പഠിക്കാനും കാര്യങ്ങൾ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യാനും എന്നെ പ്രാപ്തനാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചില്ലറയല്ല . തുടർപഠനത്തിനും , താത്കാലിക ജോലിക്കാരനായി ജോയിൻ ചെയ്ത എന്നെ സ്ഥിരപ്പെടുത്താനും സഹായിച്ചത് അദ്ദേഹം തന്നെ ...!
.
പുതുവത്സരത്തിനും ക്രിസ്തുമസ് നും വളരെ വലിയ പാർട്ടികൾ നടക്കാറുണ്ട് അവിടെ . പഞ്ചനക്ഷത്ര ഹോട്ടലിലെ ആ പാർട്ടികൾക്ക് ഡ്രസ്സ്കോഡ് അടക്കം പല നിബന്ധനകളും ഉണ്ടാകും . ഞാൻ ചെന്ന് അധികമാകും മുന്നേ അക്കുറിയത്തെ ആഘോഷങ്ങളുമെത്തി . ഞാൻ ആഘോഷങ്ങളുമായി ചെന്നുകയറിയ പോലെയും എനിക്കുതോന്നിയത് യാദൃശ്ചികവും .ബാല്യകൗമാരണങ്ങളുടെ ചാപല്യങ്ങൾ അത്രയൊന്നും വിട്ടൊഴിഞ്ഞിട്ടില്ലാത്ത എന്നോട് അപ്പോഴേക്കും അവിടെയുള്ള എല്ലാവർക്കും ഒരു വാത്സല്യം കലർന്ന ഇഷ്ടവും കൂടി തോന്നിത്തുടങ്ങിയിരുന്നു എന്തായാലും . ...!
.
നാട്ടിലൊരു പക്ഷിയെപ്പോലെ സർവതന്ത്ര സ്വതന്ത്രനായി പാറിപറന്നിരുന്ന എന്നെ ഒരു പ്രവാസിയാക്കിയതും അവിടെ ഞാൻ താമസിച്ചിരുന്നതും അവിടുത്തെ എന്റെ എല്ലാ കാര്യങ്ങളും സ്നേഹപൂർവ്വം നോക്കിയിരുന്നതും എന്റെ ചെറിയച്ഛനായിരുന്നു . എങ്കിലും പാർട്ടിക്ക് പോകേണ്ടത് എങ്ങിനെയെന്നൊന്നും ചെറിയച്ഛനും വലിയ പിടുത്തമില്ലായിരുന്നു . അവിടെ സമയത്തു കൊണ്ടുപോയേക്കാം എന്നേറ്റതല്ലാതെ മറ്റൊന്നും മൂപ്പരും അത്ര ശ്രദ്ധിച്ചില്ല . അങ്ങിനെ അന്നത്തെ ദിവസം പറഞ്ഞ സമയത്തിനും ഏറെ മുന്നേ ഞാൻ അവിടെയെത്തി മറ്റുള്ളവരെ കാത്തുനിൽക്കവേ എന്റെ മാനേജർ തന്നെയാണ് ആദ്യം അവിടെയെത്തിയത് പിന്നെ...!
.
നാട്ടിൻപുറത്ത് നാടകവും സിനിമയും സാമൂഹ്യപ്രവർത്തനങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു നടന്നിരുന്ന ദേശീയവാദിയായ എന്റെ കയ്യിൽ അപ്പോൾ ഭൂരിഭാഗവും ഉണ്ടായിരുന്നത് ഖദർ ജുബ്ബയും ജീൻസും ഒക്കെയായിരുന്നു . അതിലൊരു വൃത്തിയുള്ളതുമിട്ടായിരുന്നു ഞാനും ചെന്നിരുന്നത് . ബുദ്ധിജീവി ചമഞ്ഞുള്ള ഒരു നടത്തം കൂടി എനിക്കക്കാലങ്ങളിൽ ഉണ്ടായിരുന്നപ്പോഴത്തെ ആ ഖദർ തോൾസഞ്ചിയും തുകൽച്ചെരുപ്പും പിന്നെയൊരു കാലം കുടയും ഭാഗ്യത്തിന് അങ്ങോട്ട് കൊണ്ടുപോകാതിരുന്നതുകൊണ്ട് അതുമാത്രം അന്ന് ധരിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റബോധവും ....!
.
മാനേജർ അടുത്തുവന്ന് എന്നെ കണ്ടതും ആകെയൊന്നു നോക്കി ഒന്നും പറയാതെ നേരെ എന്നെയും കൈപിടിച്ച് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി കൊണ്ടുപോയത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലേക്ക് . അവിടെച്ചെന്ന് എന്റെ പാകത്തിനുള്ള ഒരു സ്യൂട് വാങ്ങിതന്നിട്ട് എന്നോടതിട്ടിട്ടു വരൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും വാ പൊളിച്ചുപോയി . സ്യൂട് ഒക്കെയിട്ട് ഗമയിലെത്തിയ എന്നെ ഒരു ചെറുപുഞ്ചിരിയോടെ പുറത്തുതട്ടി അഭിനന്ദിച്ച് കൂടെ കൊണ്ടുപോയി പാർട്ടിയും കഴിഞ്ഞ് റൂമിൽ ഡ്രോപ്പ് ചെയ്ത് പോകുമ്പോൾ മൂപ്പരുടെ മുഖത്തും അഭിമാനത്തോടെയുള്ള ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു ....!
.
കോൺട്രാക്ട് സമയം കഴിഞ്ഞ് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോൾ എന്നോടും എപ്പോൾ വേണമെങ്കിലും അവിടേക്ക് കുടിയേറാൻ ചെന്നോളാൻ പറഞ്ഞെങ്കിലും കത്തിനിന്നിരുന്ന രാജ്യസ്നേഹം അതുസമ്മതിച്ചില്ല എന്നതിൽ ഇപ്പോൾ ഒരു കുറ്റബോധമുണ്ടോ എന്ന് സംശയമില്ലാതെയുമില്ല എങ്കിലും ആ ബന്ധം തുടരുകതന്നെ ചെയ്തു എന്നേക്കുമായി. എന്റെ എല്ലാ പിറന്നാളുകൾക്കും , എന്റെ വിവാഹത്തിനും വിവാഹ വാർഷികങ്ങൾക്കും കുട്ടികളുണ്ടായപ്പോഴും അവരുടെ പിറന്നാളുകൾക്കും മറ്റു വിശേഷങ്ങൾക്കും ഒക്കെയും അദ്ദേഹത്തിന്റെ ഫോൺ വിളികളോ സന്ദേശങ്ങളോ ഉറപ്പായിരുന്നു .....!
.
പിന്നീടങ്ങോട്ട് അദ്ദേഹം എല്ലാ ക്രിതുമസ്സിനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആ വർഷത്തെ എല്ലാ പ്രധാന വിശേഷങ്ങളുമായി നീണ്ട ഒരു കത്തും എഴുതാറുണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും .എന്നും എപ്പോഴും .നമ്മോടുകൂടെയുണ്ടാകും എന്നുറപ്പുണ്ടായിട്ടും ഒടുവിൽ നഷ്ട്ടപ്പെട്ടുപോകുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട പലതിനുമൊപ്പം അദ്ദേഹവും പിന്നെ അധികം വൈകാതെ കാൻസർ ബാധിതനായി കാലയവനികയ്ക്കുള്ളിൽ മറയും വരെയും , ഒരിക്കലും മറക്കാനാവാത്ത സ്നേഹോർമ്മകളും സമ്മാനിച്ചുകൊണ്ട് . ഗുരുതുല്യനും പിതൃതുല്യനുമായ ആ മഹാനുഭാവന്റെ ഓർമ്മകളിൽ ഈ ക്രിസ്തുമസ്സും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 21, 2020

മേടമാസത്തിലെ .....!!!

മേടമാസത്തിലെ .....!!!

.
ഓരോ മേടമാസങ്ങളും ആഘോഷങ്ങളുടേതും ഓർമ്മപ്പെടുത്തലുകളുടേതും കൂടിയുമാണ് . വിഷുവും പൂരവും കൂടാതെ എന്റെ പിറന്നാൾ മാസവുമാണ് മേടമാസം. പൂരങ്ങളും ആഘോഷങ്ങളും കൈനീട്ടം കിട്ടുന്ന പൈസയും പുതിയ വസ്ത്രങ്ങളും വിശാലമായ പിറന്നാൾ സദ്യയും ഒക്കെയായി ജഗപൊകയാണ് എപ്പോഴും. ചെറിയച്ഛന്മാരുടെയോ ചെറിയമ്മമാരുടെയോ ഒക്കെ വീടുകളിലേക്കുള്ള വിരുന്നു സഞ്ചാരങ്ങളും സിനിമ കാണലും പൂരം പ്രദർശനത്തിന് പോകലും വാടകക്ക് സൈക്കിളെടുത്ത് കൂട്ടുകാരുമായി കറങ്ങലും ഒക്കെയുമായി ഒരടിപൊളി അവധിക്കാല ആഘോഷം തന്നെയായിരുന്നു അപ്പോഴെല്ലാം ...!
.
വിഷുക്കൈനീട്ടം മാത്രമല്ലാതെ വല്യമ്മയുടെ കൂടെ കുന്നിൻപറമ്പിൽ നിന്നും കശുവണ്ടി പെറുക്കി വിൽക്കാൻ പോകുമ്പോൾ കിട്ടുന്ന പൈസയും ചെറിയച്ഛന്മാരോ വല്യമ്മയോ ഒക്കെ വരുമ്പോൾ കിട്ടുന്ന പൈസയും ഒക്കെയായി പൂരങ്ങൾക്കും ആഘോഷങ്ങൾക്കും അടിച്ചുപൊളിക്കാൻ ആവശ്യത്തിന് കാശുണ്ടാകും കയ്യിൽ എന്നതുതന്നെയായിരുന്നു അന്നത്തെ വലിയ സന്തോഷങ്ങളിലൊന്ന് . ആരും കാണാതെ കുലുക്കി കുത്തു കളിക്കാനും യന്ത്ര ഊഞ്ഞാലിൽ കയറാനും പഞ്ഞിമുട്ടായിയും ക്യാപ്പുവെച്ചുപൊട്ടിക്കുന്ന തോക്കുവാങ്ങാനും കുതിരപ്പുറത്തു കയറാനും സിനിമ കാണാനും ഒക്കെ. ഇതിനൊക്കെയും കൂടെ കൊണ്ട് പോകുന്ന കൂട്ടുകാരിലൊരാളുടെ ചിലവും നമ്മൾ തന്നെ വഹിക്കണമെങ്കിലും അതിലുമൊരു സുഖമുണ്ടായിരുന്നു അന്നൊക്കെ ...!
.
അതിനേക്കാൾ ഏറെയായി അച്ഛാച്ഛന്റെ ശ്രാദ്ധമായിരുന്നു പ്രത്യേകമായി ഉണ്ടായിരുന്ന മറ്റൊന്ന് . മുടക്കം കൂടാതെ ആചാരപൂർവ്വം കൊല്ലം തോറും നടത്താറുള്ള ഒരാഘോഷം തന്നെയായിരുന്നു ഇതും . മദിരാശിയിൽ നിന്നും വല്യമ്മയടക്കം തറവാട്ടിലെ മിക്കവാറും എല്ലാവരും ഒത്തുകൂടുന്ന ഒരു നല്ല സമയം. ചേച്ചിമാരും ചേട്ടന്മാരും ഒക്കെയായി മഹാ ബഹളമയമാകും അപ്പോഴെല്ലാം തറവാട്ടിൽ . ഇടക്കുണ്ടാകുന്ന തല്ലും വഴക്കും കൂടി എല്ലാറ്റിനും മേമ്പൊടിയായും ഉണ്ടാകുമായിരുന്നു . അവർ കൊണ്ടുവരുന്ന പലഹാരങ്ങളും വസ്ത്രങ്ങളും ഒക്കെയായി കുട്ടികൾക്കും, വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ മുതിർന്നവരും ഒത്തൊരുമയോടെ സന്തോഷപൂർവ്വം....!
.
തലേന്നത്തെ ഒരിക്കലുതൊട്ടുതന്നെ എല്ലാവർക്കുമായി പ്രത്യേകമായുണ്ടാക്കുന്ന പലഹാരങ്ങളോ മറ്റുവിഭവങ്ങളോ ഒക്കെ ഉണ്ടാകും എല്ലാവർക്കുമായും ശ്രാദ്ധത്തിനു തലേന്ന് തന്നെ ദൂരെയുള്ള ഇണങ്ങൻ വരും വീട്ടിൽ . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ് . നാലുതരം വിഭവങ്ങളുമായി പായസവും കൂട്ടിയുള്ള വിശാലമായ സദ്യ . അടപ്രഥമനാണ് പായസം. ഉണക്കല്ലരിയൊക്കെ ഇടിച്ചു പൊടിച്ച് വാഴയിലയിലണിഞ്ഞു വേവിച്ചെടുത്ത് , തേങ്ങ ചിരകി പിഴിഞ്ഞ് ശർക്കരയിട്ട് മധുരത്തോടെയുണ്ടാക്കുന്ന ആ പായസം കുടിക്കാനാണ് എന്റെയൊക്കെ കാത്തിരിപ്പ് പ്രത്യേകിച്ചും ...!
.
അച്ഛനും ചെറിയച്ഛന്മാരും വല്യമ്മമാരും ചെറിയമ്മമാരുമൊക്കെ കാലത്തേ തറവാട്ടു കുളത്തിൽ പോയി കുളിച്ചീറനോടെ വന്നു ബലിയിടാൻ തയ്യാറാകുമ്പോഴേക്കും ഇണങ്ങൻ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാകും . അവർ ബലിയിടുമ്പോൾ അവർക്കൊപ്പം ഞങ്ങൾ കുട്ടികളും കുളിയൊക്കെ കഴിഞ്ഞ് എല്ലാം നോക്കി കണ്ട് കുറച്ചു ദൂരെ മാറിയിരിക്കും. ബലിയിട്ട് കൈകൊട്ടി കാക്കയെ വിളിക്കാൻ ഞങ്ങളാണ് മുന്നിലുണ്ടാവുക . . ഇടയ്ക്കിടെ കിണ്ടിയിൽനിന്നും പൂവുതൊട്ട് നീരുകൊടുത്ത് കൈകൊട്ടി വിളിക്കുമ്പോൾ പറന്നു വരുന്ന ബലിക്കാക്കകൾ ബലിയെടുത്തു കഴിഞ്ഞാലാണ് ഞങ്ങൾക്കും മുതിർന്നവർക്കൊപ്പം സദ്യയുണ്ണാൻ പറ്റുക എന്നതുകൊണ്ടുതന്നെ അവരെക്കാൾ ഞങ്ങൾക്കാവും കാക്കയെ വിളിക്കാൻ ആവേശം ഏറെയും ...!
.
അച്ഛാച്ഛനെ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നിലനിന്നിരുന്ന ആ സമൃദ്ധിയുടെ , സന്തോഷങ്ങളുടെ പൂരക്കാലങ്ങളിലേക്ക് , വേനൽ പുതുമഴയുടെ മണം പേറുന്ന മേടമാസച്ചൂടിലേക്ക് സ്നേഹപൂർവ്വം വീണ്ടും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 14, 2020

മഴയോർമ്മകൾ .....!!!

മഴയോർമ്മകൾ .....!!!

.

ഗൃഹാതുരത്വ മുണർത്തുന്ന മധുരമുള്ള ഓർമ്മകൾ തന്നെയാണ് എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് ഓരോ മഴയും . ഇടവപ്പാതിയും തുലാവർഷവും വേനൽ മഴയുമൊക്കെ ഓരോ പുതുമഴയുടെ സുഗന്ധത്തോടെയും ഇത്രമേൽ ആസ്വദിക്കുന്ന മറ്റൊരു ജനത ഈ ലോകത്തിൽ തന്നെ അപൂർവ്വവുമാകും . അതിനെ അടച്ചാക്ഷേപിക്കുന്നവരും പുഛിച്ചുതള്ളുന്നവരും ഒക്കെയുണ്ടാകുമെങ്കിലും ഞാനും ഒരു സാധാരണ മലയാളിയെപോലെ ഓരോ മഴയെയും അത്രമേൽ ആസ്വദിക്കുന്നവൻ തന്നെയാണുതാനും . ഈ വിശാലമായ മരുഭൂമിയിൽ പെയ്യുന്ന ഒരുമഴയും എന്നെയും കൊണ്ടുപോകുന്നതും കുളിരുന്ന ആ ഭൂതകാല ഓർമ്മകളിലേക്കുതന്നെ ......!
.

മഴക്കാലമാകുന്നതിന് മുൻപേ തന്നെ തെങ്ങുകൾക്കും കവുങ്ങുകൾക്കുമൊക്കെ തടമെടുക്കലും വളമിടലും പാടത്തു വരമ്പ് വെക്കലും മടകെട്ടലും തോട്ടിൽ ചിറകെട്ടലും ഒക്കെ ചെയ്യിക്കാൻ വല്യമ്മയും ചെറിയമ്മയുമൊക്കെ ഓടിനടക്കുന്നതാണ് ആദ്യം ഓർമ്മ വരിക . ചായ്പ്പും വിറകുപുരയുമൊക്കെ ഓല പൊളിച്ചുമേയുന്നതും ചാലുകളും തോടുകളും വൃത്തിയാക്കിക്കുന്നതും തറവാട്ടുമുറ്റത്തെ കിണർ നിറഞ്ഞൊഴുകുന്നതും കുളം നിറഞ്ഞ് കുളത്തിലെ മീനുകൾ ചാലിലൂടെ തോട്ടിലേക്ക് ഒഴുകിപോകുന്നുണ്ടോ എന്ന് നോക്കാൻ തൊപ്പിക്കുടയും ഇട്ട് ഓടിപോകുന്നതും വടുക്കോറത്തെ ഇറയത്തിരുന്ന് മുറ്റത്തെ ചാലിലൂടെ വെള്ളം പോകുന്നത് നോക്കുന്നതും ഓട്ടിൻപുറത്തെ പാത്തിയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് തട്ടിൻപുറത്തിരുന്ന് നോക്കികാണുന്നതും പിന്നെ അച്ചമ്മ കാണാതെ ഇടക്കൊന്നു മഴവെള്ളത്തിലേക്ക് ഓടിയിറങ്ങി, തിരിച്ചോടിക്കയറുന്നതും ഒക്കെയും .....!
.

മഴ പെയ്യാൻ ഉറപ്പായും സാധ്യതയുണ്ടെങ്കിൽ പോലും കുടയെടുക്കാതെ സ്‌കൂളിലേക്ക് പോയി മഴയത്ത് നനഞ്ഞൊട്ടി പാഠ പുസ്തകങ്ങൾ ഷർട്ടിനടിയിൽ വെച്ച് ഓടിവരുന്നതും ചവിട്ടു കല്ലിലോ ഇറയ്ക്കലോ ചുമരിനോട് ചേർന്ന് നിന്ന് മഴയത്തേക്ക് മൂത്രമൊഴിക്കുന്നതും മഴപെയ്യുമ്പോൾ കുളത്തിൽ നിറഞ്ഞവെള്ളത്തിൽ നീന്തിക്കുളിക്കുന്ന്തും , കടയിൽ പോയി സാധനങ്ങൾ വാങ്ങിവരുമ്പോൾ മഴനനഞ്ഞ് ഉണ്ടയാകുന്ന ശർക്കരയും പഞ്ചസാരയുമൊക്കെ വായിലിട്ടോടുന്നതും , ക്‌ളാസ് വിട്ടു വരുമ്പോൾ കയ്യിലുള്ള കുട കൂടെയുള്ള കുടയില്ലാത്ത പെൺകുട്ടികൾക്ക് കൊടുത്ത് വീരേതിഹാസ നായകനായി മഴനനഞ്ഞു നടക്കുന്ന്തും ഒക്കെയും ഒരിക്കലും മറക്കാനാകാത്ത മഴയോർമ്മകൾ തന്നെ ...!
.

അതിനേക്കാൾ രസകരമാണ് മഴക്കാലത്തെ കാപ്പികുടികൾ . നല്ല മഴയിങ്ങനെ പെയ്ത് തണുപ്പുപിടിക്കുന്ന വൈകുന്നേരങ്ങളിൽ അച്ചമ്മ കാണാതെ , ചെറിയമ്മ വൈകുന്നേരത്തെ കാപ്പിക്ക് അറിവറുക്കും . അരി വറുക്കുന്നത് വീട്ടിൽ വറുതിയുണ്ടാക്കുമെന്നാണ് അച്ഛമ്മയുടെ ശാസ്ത്രം . അതുകൊണ്ട് കണ്ടാൽ സമ്മതിക്കില്ലെങ്കിലും ഞങ്ങൾ ഉണ്ടാക്കികൊടുത്താൽ കഴിക്കുകയും ചെയ്യും എന്നത് സത്യവും . നല്ല ശർക്കര കാപ്പിയുണ്ടാക്കി അതിൽ മലരുപോലെ പൊരിഞ്ഞ അരി വറുത്തതും ഇട്ട് ചൂടോടെ ഒരു കൂടിയുണ്ട് . അതിന്റെയൊരു രുചി പിന്നീട് ഒരിക്കലും മറക്കാനാവാത്തതുതന്നെയും ....!
.

മഴക്കാല വൈകുന്നേരങ്ങളിൽ ഇതുമാത്രമല്ലാതെ പിന്നെയുമുണ്ട് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ പലതും. കശുവണ്ടി ചുട്ടെടുത്തുണ്ടാക്കുന്ന അണ്ടിപ്പുട്ട് , ചക്കക്കുരു വറുക്കൽ , പുളിങ്കുരു വറുക്കൽ , പയറുവറുക്കൽ , ഗോതമ്പു വറുക്കൽ ഇവയോരോന്നും അറിവറുത്തതും ശർക്കരയും തേങ്ങയും ചേർത്ത് ഇടിച്ചുണ്ടാക്കുന്ന ഉണ്ടകൾ അങ്ങിനെ അങ്ങിനെ . കൂടാതെ നല്ല കനലിൽ ചുട്ടെടുക്കുന്ന കിഴങ്ങും കൊള്ളിയും ചക്കരക്കിഴങ്ങും ഒക്കെ ഇറയത്തെ തിണ്ണയിലെടുത്തുവെച്ച് കൈകൊണ്ട് ഇടിച്ചുടച്ച് ചൂടോടെ തിന്നുന്നതിന്റെ ഒരു മറക്കാനാവാത്ത സ്വാദും ....!
.

തലയിലൊരു തോർത്തും കെട്ടി , ലുങ്കിയും മടക്കിക്കുത്തി നിറഞ്ഞുപെയ്യുന്ന ആ മഴകളിലേക്ക് തിരിച്ചിറങ്ങാൻ ഇപ്പോഴും എപ്പോഴും തീരാത്ത കൊതിയോടെ ........!!!
.

സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 5, 2020

പട്ടുടുത്ത്  ....!!!

പട്ടുടുത്ത് ....!!!
.
ശ്രീകോവിലിന് ചുറ്റിലും അകത്തെയും പുറത്തെയും കൽവിളക്കുകളിലും വെട്ടുകല്ലുകൾ ഇളകിമാറിയ ചുറ്റുമതിലിലും പിന്നെ കാടും പൊന്തയും പിടിച്ച , തൊട്ടാവാടികൾ നിറഞ്ഞ ചരൽക്കല്ലുകൾ കാലടികളിൽ വികൃതികാട്ടുന്ന വഴികൾതാണ്ടിയെത്തുന്ന ഉപദേവതകൾക്ക് മുന്നിലും തിരി, നന്നായി മുക്കിയും പിന്നെയാ വിളക്കുകൾ ഒന്ന് നനക്കാൻ മാത്രമായും എണ്ണയൊഴിച്ച് കത്തിച്ച് വെക്കുന്ന വിളക്കുകളിൽ നിന്നുള്ള വെളിച്ചെണ്ണയുടെ മോഹിപ്പിക്കുന്ന മണം നിറഞ്ഞുനിൽക്കുന്ന സന്ധ്യയുടെ വശ്യ ശോഭ ,,,,!
.
ഉണക്കല്ലരിയിൽ ശർക്കരയും നെയ്യും ചേർത്ത് വേവുന്ന പായസത്തിന്റെ മണം കൊതിപ്പിക്കുന്ന ഇളം കാറ്റ് വിട്ടുപോകാതെ തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ കെടാതിരിക്കാൻ സ്വയം കരുതലോടെ മുനിഞ്ഞുകത്തുന്ന വിളക്കുകളുടെ മങ്ങിയ ശോഭയിൽ തുളസിയും തെച്ചിയും ചെമ്പരത്തിയും കുങ്കുമവും ചേർത്ത മാലയുമിട്ട് അരമണിയും ചിലമ്പും കിലുക്കി കുങ്കുമവും മഞ്ഞളും ചാർത്തി ചെമ്പട്ടുടുത്തുറയുന്ന വെളിച്ചപ്പാടിന്റെ വെളിച്ചപ്പെടലിന്റെ താളം ഹൃദയത്തിൽ അലയടിക്കുന്ന സന്തോഷത്തിന്റെ സുഖം ...!
.
മണ്ഡപത്തിൽ , ഇനിയും ബാക്കിയില്ലെങ്കിലും കത്തിതീരാതെനിൽക്കുന്ന നിലവിളക്കിന്റെ മുന്നിൽ തപ്പും കൈത്താളവുമായി ഈണമൊട്ടും ചേരാതെ വരികൾ പരസ്പരം ചേരാതെ പാടിത്തീർക്കുന്ന ഭജനയുടെ ഭക്തിക്കുമേലെ തിരുമേനിയിലേക്കും വെളിച്ചപ്പാടിലേക്കും പിന്നെ വാരസ്യാരിലേക്കും മാറിമാറിപായുന്ന കൺകോണുകൾക്കിടയിലൂടെ ഉടഞ്ഞുതിർക്കാൻ തയ്യാറാകുന്ന തേങ്ങാക്കഷ്ണങ്ങൾക്കും, വാഴയിലയിലേക്ക് ചൂടോടെ പകർന്നെടുക്കാൻ വെമ്പുന്ന പായസത്തിന്റെ ചൂടിലേക്കും തുടിക്കുന്ന മനസ്സിന്റെ സ്പന്ദനം ....!
.
ക്ലാവുപിടിച്ച വാൾത്തലയിലൂടെ മഞ്ഞളും കുങ്കുമവും പൂവും കൂട്ടിയ അരിമണികൾ ചേർത്തെടുത്തെറിയുന്നത് മുഖത്തും ഷർട്ടിടാത്ത ദേഹത്തും വന്നുവീഴുമ്പോഴുള്ള ആ ഒരു കുളിർ . ഈറൻമാറാതെ മടക്കിവെച്ച പട്ടിന്റെ നനവുള്ള തലപ്പ് ദേഹത്തിലൂടെ തഴുകി മാറുമ്പോഴുള്ള സ്നേഹാനുഭൂതി . മുന്നിൽ ചേർത്തുനിർത്തി വാൾത്തലപ്പ്‌ നെറുകയിൽ വെച്ച് ചിലമ്പും അരമണിയും ഇടക്കൊന്നു കുടഞ്ഞു തുള്ളിച്ച് സ്നേഹത്തോടെ , അതിലേറെ വാത്സല്യത്തോടെ നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാനുണ്ട് കാവലായി എന്ന അരുളപ്പാടു കേൾക്കുമ്പോഴുള്ള ആശ്വാസവും ....!
.
പ്രതീക്ഷയുടെ , ആത്മവിശ്വാസത്തിന്റെ അതിലേറെ സ്നേഹത്തിന്റെയും കരുതലിന്റെയും ആ തട്ടകത്തിലേക്ക് ഇനിയെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 21, 2020

അന്നദാനം ....!!!

അന്നദാനം ....!!!.
.
അനാഥരായ ആ കുട്ടികളുടെ കണ്ണുകളിലെ സന്തോഷം കണ്ടുകൊണ്ട് ആയാളും ഭാര്യയും മക്കളും വല്ലാതെ അഭിമാനിച്ചു . ആ അനാഥാലയത്തിലെ നടത്തിപ്പുകാരും അന്തേവാസികളും അവരോടൊപ്പം അവിടെപ്പോയ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അവരെ അനുമോദനങ്ങൾ കൊണ്ട് മൂടി . വളരെ നല്ലൊരു കാര്യമാണ് അവർ ചെയ്തതെന്നും സമൂഹത്തിനുതന്നെ അത് മാതൃകയാണെന്നുമൊക്കെ അവർ വീരവീര്യം പ്രകീർത്തിച്ചു ....!
.
അഭിമാനത്തോടെ, ഏറെ സന്തോഷത്തോടെ വീണ്ടും വീണ്ടും യാത്രയും പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി . തങ്ങളുടെ വലിയ കാറിൽ ആഡംബരത്തോടെ നേരെ പോയത് അടുത്തുള്ള ആരാധനാലയത്തിലെ ചുറ്റുമതിലിനുപുറത്ത് വെളിയിലാക്കി വെയിലത്തുസൂക്ഷിക്കുന്ന അനാഥരായ ഭിക്ഷാടകരുടെ അടുത്തേക്കാണ് . അവിടെയെത്തി ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം പണം അവരുടെ കൈകളിൽ നേരിട്ടുനൽകി എല്ലാവരുടെയും അനുഗ്രഹവും വാങ്ങിയാണ് ആ കുടുംബം അവിടെനിന്നും പോന്നത് ...!
.
വഴിനീളെ അവരുടെ അഭിമാനത്തോടെയുള്ള പരസ്പര സംസാരത്തിൽ തങ്ങളുടെ വലിയ മനസ്സോടെയുള്ള പ്രവർത്തികൾ കണ്ട് ഓരോരുത്തരും അവരെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നതിനെ കുറിച്ചുമാത്രമായിരുന്നു . തങ്ങളുടെ ദാനശീലത്തിലും ദയയിലും അവർക്ക് വലിയ മതിപ്പാണ് ഉണ്ടായിരുന്നത് അപ്പോഴൊക്കെയും . വളരെ അഭിമാനവും ചാരിതാർഥ്യവും തോന്നുന്നുവെന്ന് അവർ സ്വയം പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഇടക്കിടെയും ...!
.
യാത്രക്കിടയിൽ റോഡിൽ ഒരു നായക്കുട്ടി ഏതോ വാഹമാനമിടിച്ച് പരിക്കുപറ്റി കിടക്കുന്നതുകണ്ട് നിർമ്മല ലോല ഹൃദയരും ദയനുകമ്പരുമായ അവർ വണ്ടി ഒതുക്കി നിർത്തി തങ്ങളുടെ വിലകൂടിയ ടവ്വൽ എടുത്ത് അതിൽ ആ നായക്കുട്ടിയെ പൊതിഞ്ഞ് നല്ലൊരു സ്ഥലത്തുകൊണ്ടുപോയികിടത്തി ഭക്ഷണവും വെള്ളവും കൊടുത്ത് മരുന്നും പുരട്ടി ശുശ്രൂഷിച്ചിട്ടാണ് മനസ്സമാധാനത്തോടെ അവർ തിരിച്ച് വണ്ടിയിൽ കയറി പോയത് . അവരുടെ ആ പ്രവർത്തി കണ്ട് വഴിയിലൂടെ പോകുന്നവരെല്ലാം അവരെ അഭിനന്ദിക്കുന്നതും പ്രകീർത്തിക്കുന്നതും കേട്ട് അവരുടെയും മനസ്സുനിറഞ്ഞിരുന്നു....!
.
കാലത്തു നേരത്തെ വീട്ടിൽ നിന്നിറങ്ങിയ അവർ ഇതെല്ലം കഴിഞ്ഞ് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിലെത്തുമ്പോൾ നേരം നന്നേ പാതിരാത്രിയായിട്ടുണ്ടായിരുന്നു . തളർന്നവശരായി വന്ന അവർ താന്താങ്ങളുടെ മുറികളിലേക്ക് കിടക്കാൻ പോകുമ്പോൾ അടുക്കളവശത്തെ പുറത്തുനിന്നും അടച്ചുപൂട്ടിയ ചായ്പ്പിൽ നിന്നും വിശന്നു വലഞ്ഞ് തളർന്നവശമായ ശബ്ദത്തിൽ അവരുടെ വൃദ്ധരായ അച്ഛന്റെയും അമ്മയുടെയും മക്കളെ കുറച്ചുവെള്ളമെങ്കിലും കൊണ്ടുത്തരുമോ എന്ന വിളി വളരെ നേർത്ത ശബ്ദത്തിൽ അപ്പോഴും അവർ കേൾക്കാതെ ആ വീടുമുഴുവൻ വിങ്ങുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 18, 2020

പ്രസിദ്ധീകൃതം ...!!!

.
.
പ്രസിദ്ധീകൃതം ...!!!
.
ചെറുപ്പത്തിൽ നാട്ടിൽ തുടങ്ങിയ ഒരു കുഞ്ഞു കയ്യെഴുത്തു മാസികയിൽ നിന്നാണ് പുസ്തകങ്ങളുടെ തുടക്കം. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും എന്തെങ്കിലും തുടങ്ങുക എന്നത് താരതമ്യേന എളുപ്പമായിരുന്നു എങ്കിലും അതിന്റെ തുടർച്ച എന്നത് പലപ്പോഴും പല കാരണങ്ങൾകൊണ്ടും ദുഷ്കരമായിരുന്നു. എങ്കിലും ഈ മാസികയുടെ കാര്യത്തിൽ അങ്ങിനെ ഉണ്ടാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാകാം ഇക്കാലമത്രയായിട്ടും അതിപ്പോഴും തുടരാൻ സാധിക്കുന്നതും ...!
.
മാസിക പുതിയ എഴുത്തുകാർക്ക് വേണ്ടിമാത്രമുള്ളതാകയാൽ അങ്ങിനെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു . അതിനിടയിലാണ് ജീവിതവഴികൾ തേടി പ്രവാസലോകത്തിലേക്കുള്ള പറിച്ചുനടലും . അതിനിടയിൽ ഈ സംരംഭം മുടങ്ങിപ്പോകുമെന്ന ഭയത്തിലിരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഓഫീസിലെ ഒരു സീനിയർ സ്റ്റാഫ് രക്ഷക്കെത്തിയത് ...!
.
സാധാരണയിൽ സാധാരമായ ബേസിക് വിദ്യാഭ്യാസം മാത്രമായി ഒരു ഡിഗ്രിയും കൊണ്ട് പ്രവാസലോകത്തെത്തിയ എനിക്ക് ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്കും കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയല്ലായിരുന്നു . അതിനിടയിലാണ് കമ്പ്യൂട്ടർ . അങ്ങിനെയൊരു സാധനം ആദ്യമായി കാണുന്നത് തന്നെ അവിടെ വെച്ചായിരുന്നു . പിന്നീടത് ഉപയോഗിക്കാനും അതിൽ അത്യാവശ്യമൊക്കെ കാര്യങ്ങൾ ചെയ്യാനും സാധിച്ചത് അവിടുത്തെ പല സഹപ്രവർത്തകരുടെയും നിർലോഭമായ സഹായം കൊണ്ടുതന്നെയായിരുന്നു ...!
.
അതിലൊരാളാണ് ആദ്യമായി മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയും അതെങ്ങിനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചുതരികയും ചെയ്തത് . ആ ആത്മവിശ്വാസത്തിലാണ് എഴുത്ത് മെല്ലെ കമ്പ്യൂട്ടറിലേക്ക് മാറ്റിയതും പിന്നീടത് ഓൺലൈനിലേക്ക് പരിവർത്തനം ചെയ്തതും, ഓൺലൈനിൽ എഴുതാൻ തുടങ്ങിയപ്പോഴും പലരുടെയും സഹായങ്ങൾ ധാരാളമായി ഉണ്ടായിരുന്നു എല്ലാറ്റിനും . അങ്ങിനെതന്നെ മാഗസിനും അതിൽ തുടരാൻ സാധിച്ചതും അതുകൊണ്ടുതന്നെ . രണ്ടു മാസത്തിലൊരിക്കൽ ഇറക്കുന്ന 100 കോപ്പികൾ മാത്രമുള്ള 40 പേജുള്ള ഒരു കുഞ്ഞു മാഗസീനായിരുന്നു അത് . എഴുതുന്നവർക്കും പിന്നെ അടുത്തുനിൽക്കുന്ന സുഹൃത്തുക്കൾക്കും മാത്രം സർകുലേറ്റ ചെയ്യുന്ന ഒരു സ്വകാര്യ മാഗസിൻ ...!
.
പബ്ലിക് ആയി പുറത്തിറക്കാൻ വേണ്ടി അതിന്റെ രെജിസ്ട്രേഷനും മറ്റും നടത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അതിന്റെ നൂലാമാലകൾ മൂലം അതൊരിക്കലും നടന്നില്ല ( ഇപ്പോഴും നടന്നിട്ടില്ല ) . ഓരോ പ്രാവശ്യവും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോഴും ഉപയോഗിക്കുന്ന പേരുകൾ ലഭ്യമല്ലാത്തതിനാൽ പേരുകളും പലകുറി മാറ്റേണ്ടി വന്നു . " വൈഖരി" യിൽ തുടങ്ങി ഇപ്പോൾ " ആദ്യ " യിലെത്തിനിൽക്കുന്ന അത് , അവിടെയും അവസാനിക്കുമെന്ന ഒരു പ്രതീക്ഷയും ഇപ്പോഴും ഇല്ലതാനും ....!
.
ഒരു പ്രെസ്സിൽ അച്ചടിപ്പിക്കാനുള്ള കാശും സാഹചര്യവും സാധ്യതയും ഇല്ലാത്തതിനാൽ ഓരോ പേജിലായി പ്രിന്റ് എടുത്ത് അത് പുറകോട് പുറം ചേർത്തുവെച്ച് ഫോട്ടോകോപ്പി എടുത്ത് മുറിച്ചുചേർത്തതായിരുന്നു പുസ്തകം തയ്യാറാക്കിയിരുന്നത് . ആകെ 10 ഷീറ്റുകളും 40 പേജുമുള്ള അത് ടൈപ്പ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും ഒട്ടിക്കുന്നതും കോപ്പി എടുപ്പിക്കുന്ന്തും ഓരോരുത്തർക്കായി അയക്കുന്ന്തും ഒക്കെയും സ്വന്തമായും സ്വന്തം ചെലവിലും തന്നെ ആയിരുന്നത് കൊണ്ട് ഒരു ബാലചന്ദ്രമേനോൻ സ്റ്റൈലും ഉണ്ടായിരുന്നു അപ്പോൾ ...!
.
പുസ്തകത്തിലേക്കുള്ള മെറ്റീരിയൽ ശേഖരിക്കലാണ് ഏറെ ശ്രമകരം . പുതിയവരെ കണ്ടെത്തുക മാത്രമല്ല അവ കോപ്പിയടിയല്ലെന്ന് ഉറപ്പുവരുത്തുകയും കൂടാതെ അതിൽ മതപരമോ രാഷ്ട്രീയമോ വ്യക്തിഹത്യാപരമോ ഒക്കെയായ യാതൊരു വിവാദ പരാമർശങ്ങളും ഉണ്ടാകരുതെന്നും നിർബന്ധമാണ് . അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നൊക്കെ നിരവധി പരാതികൾ ഉണ്ടെങ്കിലും എന്റെ സാഹചര്യത്തിൽ അതിനുമാത്രമേ വഴിയുള്ളു എന്നതിനാൽ തീർത്തും കലാപരമായ അവസരങ്ങൾക്കായി മാത്രം അതുപയോഗിക്കാനും തീരുമാനിച്ചു നടപ്പിലാക്കിയിരുന്നു ...!
.
എല്ലായപ്പോഴും നേരിടുന്ന ഒരു പ്രതിസന്ധി ആവശ്യത്തിന് മെറ്റീരിയൽ ശേഖരിക്കാൻ പറ്റില്ല എന്നതുതന്നെ ആകയാൽ ഗാപ് ഫിൽ ചെയ്യാൻ പലപ്പോഴും സ്വന്തമായി എന്തെങ്കിലുമൊക്കെ കുത്തികുറിക്കേണ്ടി വരും അത് മിക്കവാറും അനിയന്മാരുടെയോ അനിയത്തിമാരുടെയോ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ ഒക്കെ പേരിലാകും പ്രസിദ്ധീകരിക്കുക . അങ്ങിനെയാണ് അക്കുറി അങ്ങിനെ ഒരു കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത് ...!
.
അപ്പോൾ സമൂഹത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയതായിരുന്നു എയ്ഡ്സ് എന്ന മഹാമാരി. അതിനെതിരെയുള്ള ഒരു ബോധവത്കരണമാണ് അക്കുറി എഴുതിയത് . ശ്രമങ്ങൾ എപ്പോഴും വിജയിച്ചുകൊള്ളണം എന്നില്ലെങ്കിലും അക്കുറി അത് പരാജയപ്പെട്ടത് അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു താനും . അത് പ്രസിദ്ധീകരിച്ചത് ചെറിയച്ഛന്റെ മകന്റെ പേരിലായിരുന്നു . അവനത് തെറ്റിദ്ധരിക്കുകയും അവന് അങ്ങിനെയൊരു രോഗമുണ്ടെന്നാണ് ഞാൻ പറയാതെ പറഞ്ഞുവെച്ചതെന്നും അവൻ ആരോപിച്ചപ്പോൾ അവനെ തിരുത്താൻ പെടാപാടുപെടേണ്ടിവന്നു ശരിക്കും . വെട്ടും തിരുത്തുമായി പക്ഷെ ഈ യാത്ര തുടരുകതന്നെ ചെയ്യുന്നു ഇപ്പോഴും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 13, 2020

കഷായത്തിന്റെ മധുരം .... !!!

കഷായത്തിന്റെ മധുരം .... !!!
.
എല്ലായ്‌പോഴും മേടമാസങ്ങളിൽ അച്ഛച്ഛന്റെ ശ്രാദ്ധത്തിനോടനുബന്ധിച്ചാണ് മദിരാശിയിലുള്ള വല്യമ്മയൊക്കെ തറവാട്ടിൽ വരാറുള്ളത് . മിക്കവാറും ആ സമയങ്ങളിൽ തന്നെയാണ് കൊല്ലം തോറും നാട്ടു നടപ്പുള്ള ഓരോ അസുഖങ്ങളും ഞങ്ങൾ കുട്ടികൾക്കൊക്കെ ഉണ്ടാകാറുള്ളതും. ചിക്കൻപോക്സ് , കണ്ണിൽക്കേട്‌ , അങ്ങിനെയൊക്കെ പലതായി . എനിക്ക് അഞ്ചോ ആറോ വയസ്സുള്ള ഒരു കാലത്ത് ഉണ്ടായതാകട്ടെ കാലിൽ ചൊറിയാണ് ...!
.
നാട്ടിൽത്തന്നെയുള്ള വൈദ്യരെ കണ്ട് എഴുതിവാങ്ങുന്ന കുറിപ്പടികൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കയ്ക്കണ വേപ്പിന്റെ ( ആര്യവേപ്പ് ) തൊലിയും ഇലയും മറ്റുമരുന്നുകളും ഒക്കെയിട്ടുള്ള ഒരു കഷായവും പിന്നെ ഇതുതന്നെ ഇട്ടു തിളപ്പിച്ച വെള്ളത്തിലുള്ള കുളിയുമാണ് പ്രധാനമായ മരുന്നുകൾ . കാലത്തും വൈകീട്ടുമുള്ള കുളിയാണ് അതിലെ ഏറ്റവും കഠിനവും ...!
.
അച്ഛമ്മയോ വല്യേ വല്യമ്മയോ ആകും മിക്കവാറും കുളിപ്പിക്കാനുണ്ടാവുക . തറവാടിന്റെ പുറകിൽ , പുറത്തെ അടുപ്പിൽ തിളപ്പിച്ചാറ്റിയെടുക്കുന്ന വെള്ളത്തിൽ കാലിലെ ചിരങ്ങെല്ലാം ചകിരിയിട്ട് തേച്ചുരച്ച് കഴുകുമ്പോഴുണ്ടാകുന്ന നീറ്റലിലും വേദനയിലും അലറിക്കരഞ്ഞ് ഓടിമാറുമ്പോൾ രണ്ടുകയ്യും കൂട്ടിച്ചേർത്ത് പിടിച്ചുകൊണ്ടുവന്ന് അടക്കിനിർത്തി വല്യമ്മക്കോ അച്ചമ്മക്കോ കുളിപ്പിക്കാൻ സഹായിക്കാറുള്ളത് മദിരാശിവല്യമ്മയാണ് . ...!
.
നല്ല തടിയും ഉയരവുമൊക്കെയുള്ള വല്യമ്മ തമിഴിൽ ചീത്തയും പറഞ്ഞ് ബലമായി പിടിച്ചുവച്ച് കുളിപ്പിച്ച്, തോർത്തി കയ്യോടെ പിടിച്ച് അകത്തുകൊണ്ടുപോയി അപ്പോൾ തന്നെ കഷായവും തരും . ആ പേടിയിൽ ഒറ്റയടിക്ക് രണ്ടുകാര്യവും നടത്തുക എന്നതാണ് അവരുടെയും ലക്‌ഷ്യം . അടിമുതൽ മുടിവരെ കയ്ക്കുന്ന ആ കഷായം കുടിക്കുന്നത് കുളിയെക്കാൾ ഏറെ കഠിനമാണ് . ...!
.
കഷായം മുന്നിൽവെച്ച് വല്യമ്മ ഇറയത്തെ തിണ്ണയിലൊരു ഇരിപ്പുണ്ട് . വളരെ സ്നേഹത്തിൽ നമുക്ക് സ്വാദുള്ള പായസം വായിൽ തരാൻ പോവുകയാണ് എന്ന ഭാവത്തിലാണ് ആ ഇരിപ്പ് എപ്പോഴും . ഒപ്പം കൊതിപ്പിച്ചുകൊണ്ട് ഒരച്ച് ശർക്കരയും ഉണ്ടാകും കയ്യിൽ . കൈ പിടിച്ചുവച്ച് തുപ്പിക്കളയാതിരിക്കാൻ വായ കോട്ടിപ്പിടിച്ച് കഷായം വാലിലേക്കൊഴിച്ച് ഒറ്റയിറക്കിന് ഇറക്കിപ്പിച്ചേ ആ പിടിവിടൂ . ....!
.
കഷായം കുടിച്ചുകഴിഞ്ഞു എന്നുറപ്പായാൽ കയ്യിൽ കരുതിയിരിക്കുന്ന ആ ശർക്കര തിന്നാൻ തരും . എന്നിട്ട് സ്നേഹത്തോടെ പിടിച്ച് മടിയിലിരുത്തും . അതുവരെയുള്ള വേദനയും ദേഷ്യവും മറന്ന് വല്യമ്മയുടെ മടിയിലിരുന്ന് തിന്നുന്ന ആ ശർക്കരയുടെ മധുരം ഇപ്പോഴും നാവിലൂറിക്കൊണ്ട് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 8, 2020

വിധിക്കുവേണ്ടി ....!!!

വിധിക്കുവേണ്ടി ....!!!
.
കോടതിയുടെ ആ വരണ്ടുണങ്ങിയ വരാന്തയിൽ അവർ തങ്ങളുടെ ഊഴവും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായെന്ന് തോന്നും ആ കുട്ടികളിലെ അസ്വസ്ഥത കണ്ടാൽ . എട്ടോ പത്തോ വയസ്സുള്ള ഒരു ആൺകുട്ടിയും ആറോ എട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയും അവരുടെ അച്ഛനും അപ്പോൾ പക്ഷെ ,ഏറെ ക്ഷീണിതരുമായിരുന്നു . ആൺകുട്ടി ഒരു നിസ്സംഗമായ നിർവികാരതയോടെ കയ്യിലുള്ള ഒരു പഴയ പുസ്തകം ഇടയ്ക്കിടെ വായിച്ചും ഇടയ്ക്കു ചുറ്റുപാടുകൾ അശ്രദ്ധമായി നിരീക്ഷിച്ചും ഇരുന്നപ്പോൾ പെണ്കുട്ടിയാകട്ടെ അച്ഛന്റെ കൂടെ അച്ഛനെ ശ്രദ്ധിച്ച് ഇടക്ക് ഗൗരവമായി എന്തൊക്കെയോ ചോദിച്ചും പറഞ്ഞും ആയിരുന്നു ഇരുന്നിരുന്നത് ...!
.
നനഞ്ഞു തൂങ്ങിയ ജീവിതങ്ങൾ തിങ്ങിനിറഞ്ഞ അവിടെ ആളുകൾ വന്നും പോയുമിരുന്നു അപ്പോഴെല്ലാം . ഇടക്ക് അദ്ദേഹം തന്റെ ഊഴമായോ എന്ന് ആ ഓഫീസിന്റെ അകത്തുകയറി പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഓരോ തവണ അദ്ദേഹം അകത്തു പോകുമ്പോഴും ആ മോളും ഒപ്പം പോവുകയും തങ്ങളുടെ ഊഴമാകാത്തതിൽ അസ്വസ്ഥതയോടെ തിരിച്ചു വന്നിരിക്കുകയും ചെയ്യുണ്ടായിരുന്നു. ആ ആണ്കുട്ടിയാകട്ടെ അതൊന്നു ശ്രദ്ധിക്കുക മാത്രം ചെയ്ത പിന്നെയും നിർവികാരതയോടെ പുസ്തകത്തിലേക്ക് തിരിഞ്ഞിരുന്നു . ഏറെ പഴയതായിരുന്നു അവരുടെ വസ്ത്രങ്ങളെല്ലാം . തേഞ്ഞു പൊട്ടിയവയായിരുന്നു അവരുടെ ചെരുപ്പുകളും . ആ മോളുടെ ചെരുപ്പാണെങ്കിൽ ഒരു കമ്പികൊണ്ട് കൂട്ടി തുന്നിയ നിലയിലുമായിരുന്നു . അവരുടെ ജീവിതം പോലെതന്നെയാകണം, അവളുടെ കഴുത്തും കയ്യുമൊക്കെ ഏറെ വരണ്ടുണങ്ങിയതും ശൂന്യവുമായിരുന്നു ...!
.
വളരെ പഴയൊരു സാധാരണ മിനറൽ വാട്ടറിന്റെ ബോട്ടിലിൽ കൊണ്ട് വന്ന വെള്ളം ആൺകുട്ടി കുറച്ചു നേരത്തെ കുടിച്ചു തീർന്നതുകൊണ്ടാകണം അച്ഛൻ ആ പെൺകുട്ടിയോട് വെള്ളം ചോതിച്ചപ്പോൾ അവൾക്കു സങ്കടമായത് . വേഗം തന്നെ അവൾ ചുറ്റും തിരഞ്ഞു പോയി അവിടെയുള്ള പബ്ലിക് കൂളറിൽ നിന്നും വെള്ളം കൊണ്ടുവന്ന് അച്ഛനെ കുടിപ്പിച്ച് മതിയോ അതോ ഇനിയും വേണമോ എന്നുചോദിച്ചുറപ്പുവരുത്തി പിന്നെ ഏട്ടനും കുറച്ചു കൊടുത്ത ശേഷം അവളും കുടിച്ചപ്പോഴേക്കും അത് വീണ്ടും കാലിയായിരുന്നു . ഇനിയും വെള്ളം ദാഹിക്കുമ്പോൾ ആവശ്യമായി വരാമെന്നതോർത്ത് ഉടനെ പോയി അത് നിറച്ചുകൊണ്ടുവന്ന് വീണ്ടും അച്ഛനടുത്തിരുന്നു അവളപ്പോൾ . ആ സമയം വീട്ടിൽ നിന്നെന്നു തോന്നുന്ന ഒരു മിസ്സ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാൻ ഫോണിൽ പൈസയില്ലാതെ അതിലേക്ക് സങ്കടത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അച്ഛനപ്പോൾ ..!
.
ഏറെ നേരമായതുകൊണ്ടു മാത്രമല്ലെങ്കിൽ തന്നെയും അവർ മൂവരും ഏറെ ക്ഷീണിതരും പരവശരുമായിരുന്നു . വിശപ്പും ദാഹവും കൂടിയും അവരെ അലട്ടുന്നുണ്ടെന്നു നിശ്ചയം . കയ്യിലുള്ള പേപ്പറുകളെല്ലാം ശരിതന്നെയല്ലേയെന്ന് ഏറെ വിവശതയോടെ അദ്ദേഹം ഇടയ്ക്കിടെ നോക്കുന്നുമുണ്ടായിരുന്നു . കുറച്ചു മാസങ്ങളായെന്നു തോന്നും ആ കടലാസുകളുടെ കാലപ്പഴക്കം കണ്ടാൽ . ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവിടുത്തെ ഉദ്യോഗസ്ഥരുടെ അവരോടുള്ള പരിചിത ഭാവത്തിലെ നോട്ടം കണ്ടാലും അങ്ങനെത്തന്നെയാണ് തോന്നിയിരുന്നത് . ഈ കേസുമായി അവർ ഇവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെങ്കിലുമായിരിക്കുന്നുവെന്ന്. ...!
,
അവരുടെ ഊഴമെത്തി അകത്തു പോയ അവർ അധികം വൈകാതെ ഏറെ വിവശരും ദുഖിതരുമായി തിരിച്ചു വരുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവരുടെ കേസ് അപ്പോഴും തീരുമാനമാകാതെ നീട്ടിവെച്ചിരിക്കുന്നുവെന്ന് . ഏറെ അവശതയോടെ അതിനേക്കാൾ വലിയ നിസ്സഹായതയോടെ ആ പിതാവ് രണ്ടുകുട്ടികളെയും ചേർത്തുപിടിച്ച് കുറച്ചുനേരം ആ ചുമരിൽ ചാരി നിന്നു . അയാളോടൊട്ടി വിതുമ്പിക്കൊണ്ട് ആ പെൺകുട്ടിയും അതേ നിസ്സഹായമായ നിർവികാരതയോടെ ആ ആൺകുട്ടിയും . അന്യനാട്ടിലെ കണ്ണീരിന്റെ നനവുള്ള കാഴ്ചകളിൽ ഒന്നായി ആ രൂപങ്ങൾ എപ്പോഴും വിതുമ്പലോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 5, 2020

മകളേ ....!!!
.
എനിക്കും
ഒരു അമ്മയും പെങ്ങളും
പിന്നെയെന്റെ
പ്രിയപ്പെട്ടമകളുമുണ്ടെന്ന്
ഓരോ പൗരനും
ഉറച്ച ശബ്ദത്തിൽ
മുന്നോട്ടുള്ള കാൽവെപ്പോടെ
പ്രതികരിക്കാൻ തയ്യാറായാൽ
പിന്നീടൊരിക്കലും
രാത്രിയുടെ മറവിൽ
കത്തിക്കുന്ന ചിതകളുണ്ടാകില്ല
അകത്തളങ്ങളിൽ
ഞെരിച്ചുടക്കപ്പെടുന്ന
പെൺമുകുളങ്ങളുണ്ടാകില്ല ,
ജനൽ കമ്പികളിൽ
ജീവിതങ്ങൾ തൂങ്ങിയാടുകയുമില്ല ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, September 28, 2020

നാടകാന്ത്യം  ....!!!

നാടകാന്ത്യം ....!!!
.
തീവ്ര ബൂർഷ്വാ / വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളിൽ ചിലതായ കൊലപാതകങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം നവ വിപ്ലവ - പുരോഗമന - ഇടതുപക്ഷ പാർട്ടികളുടെയും അടിസ്ഥനമാകും മുൻപേ അടിസ്ഥാന തൊഴിലാളിവർഗ്ഗം എന്നത് ന്യായീകരണത്തൊഴിലാളികൾ കൂടിയായി അധഃപതിക്കുന്നതിനും കാലങ്ങൾക്ക് മുന്നേ , വിപ്ലവം തോക്കിൻ കുഴലിലൂടെയാണോ അതോ മൂല്യാധിഷ്ഠിത ജനാധിപത്യ പ്രക്രിയയിലൂടെയാണോ നേടിയെടുക്കേണ്ടത് എന്ന തീവ്രമായ ആശയ സംഘട്ടനങ്ങൾ തകൃതിയായി നടക്കുന്ന ഒരു കാലത്ത് അതിനുരണ്ടിനുമിടയിൽ പുതിയൊരുവഴി കണ്ടുപിടിച്ച് വ്യത്യസ്തനാകാനുള്ള ഭ്രാന്തമായ ആവേശത്തിൽ ഓടിനടക്കുന്നതിനിടയിലാണ് അതിലൊരു പങ്കുവഹിക്കാൻ നാടകങ്ങൾക്കും കഴിയുമെന്ന് തിരിച്ചറിയുന്നത് ...!
.
നാടകങ്ങൾ അവതരിപ്പിക്കാൻ പാടിപ്പതിഞ്ഞ പഴയ വീരേതിഹാസ വിപ്ലവ നായകരെ വിട്ട് അധികമാരും അറിയാത്ത തീവ്ര വീര്യവർദ്ധിത നായകരെ തിരയുന്നതിനിടയിലാണ് നാസികൾക്കെതിരെ ധീരപോരാട്ടം നടത്തിയിരുന്ന ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ജൂലിയസ് ഫ്യൂച്ചിക്‌ നെകുറിച്ചുള്ള ഒരു നാടകം ആരോ എഴുതിയത് സുഹൃത്തുക്കൾ വഴി കയ്യിൽ കിട്ടുന്നത് ഗ്രാമീണ കലോത്സവങ്ങളും കലാലയ നാടകങ്ങളും അമേച്ചർ നാടകസദസ്സുകളും ഒക്കെ സജീവമായിരുന്ന അക്കാലത്ത് ആ രംഗത്തെ ശക്തരും പ്രഗത്ഭരുമായ മുടിചൂടാമന്നന്മാർക്കിടയിൽ നിന്നുകൊണ്ടാണ് ഞങ്ങളും എളിയ ശ്രമങ്ങൾ നടത്തിയിരുന്നത് . നമുക്ക് എളുപ്പത്തിലും സൗകര്യത്തിലും കിട്ടാവുന്ന ആളുകളെ നടന്മാരാക്കി ഏറ്റവും അടുത്തുകിട്ടാവുന്ന സ്റ്റേജുകളിൽ പറ്റാവുന്ന വിധത്തിൽ നാടകങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു നമ്മുടെ പതിവും ...!
.
ഇതുമാത്രമല്ലാതെ യുദ്ധങ്ങളും അധിനിവേശങ്ങളുമടക്കം പ്രതികരിക്കാൻ കിട്ടുന്ന ഏതുവിഷയവും സ്വന്തമായ ഭാഷയിൽ തനതു രീതികളോ ചിട്ടവട്ടങ്ങളോ ഒഴിവാക്കി വ്യത്യസ്തതയെന്ന അവകാശത്തോടെ വേറിട്ട രീതികളിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി ഉണ്ടായിരുന്നു അപ്പോൾ . അവ പക്ഷെ എല്ലായ്‌പ്പോഴും പരാജയമാകാറാണ് പതിവെങ്കിലും ശ്രമങ്ങളിൽ നിന്നും ഒരിക്കലും പിൻമാറാറുമില്ലായിരുന്നു . പ്രായത്തിന്റെയും പരിചയത്തിന്റെയും അറിവിന്റെയും പക്വതക്കുറവിൽ നമ്മോടു കൂടെ ചേർന്ന് നില്ക്കാൻ കയ്യും മെയ്യും മറന്ന് ഒരുകൂട്ടം സുഹൃത്തുക്കളുണ്ട് എന്ന ഒറ്റ ധൈര്യത്തിൽ എന്തിനും ആവേശപൂർവ്വം മുന്നിട്ടിറങ്ങുന്ന അക്കാലത്ത് അങ്ങിനെയാണ് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിനും ഒരു നാടകം കളിയ്ക്കാൻ സമയം ചോദിച്ചുവാങ്ങിയത് ...!
.
നാട്ടിലെ വലിയ ഏട്ടന്മാർ ഏറെ ശ്രമകരമായി ഒരു കൊല്ലത്തെ നീണ്ട തയ്യാറെടുപ്പോടെ നടത്തുന്ന ഉത്സവത്തിന് കൊണ്ടുവരുന്ന പ്രൊഫെഷണൽ നാടകത്തിനു തൊട്ടുമുൻപ് ഒരു മുപ്പതുമിനുട്ടിലാണ് നമ്മുടെ നാടകം അരങ്ങേറേണ്ടത് അവരുടെ സ്റ്റേജ് നാശമാക്കാതെ അവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ വേണം നമ്മുടെ നാടകം അരങ്ങേറാൻ . പരിമിതമായ ചുറ്റുപാടുകളിൽ നമ്മൾ ചെയ്യുന്ന ചെറിയ ശ്രമങ്ങളുടെ തീവ്രതയൊന്നും മറ്റുള്ളവർക്ക് മനസ്സിലാകില്ലെങ്കിലും അവർക്കു മനസ്സിലാക്കാവുന്ന ഭാഷയിൽ കാര്യങ്ങൾ ചെയ്യാൻ നമുക്കും അന്ന് അത്രക്ക് വിവരവും ഇല്ലായിരുന്നു എന്നതാണ് സത്യം. പതിവുപോലെ കിട്ടിയ സുഹൃത്തുക്കളെയും കൂട്ടി ചെറിയച്ഛന്റെ തട്ടിൻപുറത് പ്രാക്റ്റീസും നടത്തി വസ്ത്രാലങ്കാരവും മേക്കപ്പും സംഗീതവും രംഗസജ്ജീകരണവും അടക്കം സകലതും ഞങ്ങൾതന്നെ സ്വന്തമായി ചെയ്ത അഭിമാനപൂർവ്വം ജൂലിയസ് ഫ്യൂച്ചിക് നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ആവേശത്തിൽ ഞങ്ങളും സ്റ്റേജിലേക്ക് കയറി ....!
.
ചെറിയ നാടകമാണെങ്കിലും അതിനു രണ്ടു രംഗങ്ങളാണ് ഉണ്ടായിരുന്നത് . ഞങ്ങൾ ആവേശത്തിലായിരുന്നെങ്കിലും നാടകം അത്ര ആവേശപൂർവ്വമല്ല കാണികൾ എതിരേറ്റിരുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊന്നും അന്ന് ഞങ്ങൾക്കും ഉണ്ടായിരുന്നില്ല. പോരാത്തതിന് കാണികൾ വലിയ നാടകം കാണാനുള്ള ആവേശപൂർവ്വമായ കാത്തിരിപ്പിലും . അതിനിടക്ക് ഈ പിള്ളേരുകളിക്ക് അവരും അത്ര പ്രാധാന്യം മാത്രമാണ് കൊടുത്തിരുന്നതും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അവസാനിച്ച ആദ്യരംഗം കഴിഞ്ഞപ്പോൾ തന്നെ നാകം കഴിഞ്ഞെന്നു കരുതി വലിയവർ വന്ന് കാർട്ടനൊക്കെയിട്ട് ഞങ്ങളെ അവിടെനിന്നും മാറ്റി വാലിയ നാടകക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങിയത് ഞങ്ങളെ ഏറെ സങ്കടപ്പെടുത്തി . സങ്കടത്തെക്കാൾ ഏറെ ദേഷ്യവുമായതോടെ അവരുടെ നേർക്ക് അടിയുണ്ടാക്കാൻ ചാടിവീണപ്പോൾ അവർ ഞങ്ങളെ ചെവിക്കു തൂക്കി പുറത്തേക്കുമിട്ടു. അങ്ങിനെ ആ നാടകത്തിന് അവിടെ കർട്ടൻ വീണെങ്കിലും തളരാതെ പിന്നെയും ഞങ്ങളെ കാത്തിരിക്കുന്ന നിരവധി സ്റ്റേജുകൾക്കു വേണ്ടി തുടർന്നുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, September 26, 2020

പ്രവാസഭൂമിക ....!!!

പ്രവാസഭൂമിക ....!!!
.
തോർത്തുമുണ്ടുകൊണ്ട് കണ്ണുകൾ കെട്ടി , കട്ടിലിനു ചുറ്റും വെളിച്ചം കടക്കാതിരിക്കാൻ ഷീറ്റുകൊണ്ടു മറച്ചാണ് പകലോ രാത്രിയോ എന്ന് ഭേദമില്ലാതെ അൽപ്പമെങ്കിലും ഉറക്കം . പത്തും പന്ത്രണ്ടും പേരുള്ള മുറികളിൽ പകൽ പണിയെടുക്കുന്നവരും രാത്രി പണിയെടുക്കുന്നവരും ഒന്നിച്ചു താമസിക്കുമ്പോൾ മറ്റൊരാളുടെ ഉറക്കം കളയാതെ തങ്ങളുടെ കാര്യങ്ങൾ നോക്കുക എന്നതൊക്കെ അസാധ്യമായിരിക്കെ വേണ്ടവർ വേണ്ടവർ അവനവന് സൗകര്യപൂർവ്വം കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമാണ് സാധ്യമായത് . കാലത്തുപോയി രാത്രിവരുന്നവർ . രാത്രിപോയി അതിരാവിലെ വരുന്നവർ . ഉച്ചക്ക് കിട്ടുന്ന കുഞ്ഞു ഇടവേളയിൽ ഒരു ചെറു മയക്കത്തിന് വന്നുപോകുന്നവർ . തുണികഴുകാനോ ഇസ്തിരിയിടാനോ സാധനങ്ങൾ എടുത്തുവെക്കാനോ ഒക്കെയും വന്നുപോകുന്നവർ . മടിപിടിച്ച് പണിക്കുപോകാതിരിക്കുന്നവർ . ശരീരം വയ്യാതെ പണിക്കുപോകാൻ സാധിക്കാത്തവർ . ഇവരൊക്കെയും ഒന്നിച്ചു താമസിക്കുന്ന ഒരിടത്ത് ശബ്ദമില്ലാതെ പെരുമാറുക എന്നത് എന്തായാലും അസാധ്യം തന്നെ ...!
..
പണികഴിഞ്ഞെത്തി അഴിച്ചിടുന്ന വിയർത്തൊട്ടിയ വസ്ത്രങ്ങളുടെയും പുറത്താണെങ്കിലും അഴിച്ചിടുന്ന ഷൂസിന്റെയും പലപ്പോഴും എന്നും കഴുകാൻ സാധിക്കാതെ മണക്കുന്ന സോക്‌സിന്റെയുമൊക്കെ മിശ്രിതമായ രൂക്ഷഗന്ധങ്ങൾക്കു നടുവിൽ അവനവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ക്യാമ്പ് ബോസ് കാണാതെ ഉണ്ടാക്കുന്ന കുഞ്ഞുകുഞ്ഞു കറികളുടെയും മറ്റു ലഘു ഭക്ഷണത്തിന്റെയും ഒക്കെ ഗന്ധങ്ങൾ കൂടിയാകുമ്പോൾ അതിനു കൈവരുന്ന മറ്റൊരു നാറ്റം നിറഞ്ഞുനിൽക്കുന്ന ആ വലിയ മുറികളിൽ പകലുമുഴുവൻ അല്ലെങ്കിൽ രാത്രിമുഴുവൻ പൊള്ളുന്ന വെയിലിൽ അല്ലെങ്കിൽ കോച്ചിവലിക്കുന്ന തണുപ്പിൽ തളർന്നു പണിയെടുത്ത് ഒരൽപം ആശ്വാസത്തിനായി ഒളിച്ചു വാങ്ങി കുടിക്കുന്ന കള്ളിന്റെ രൂക്ഷഗന്ധം വേറെയും നിറഞ്ഞുനിൽക്കുന്നുണ്ടാകും എപ്പോഴും . എന്നിട്ടും പോരാതെ അവിടങ്ങളിൽ എപ്പോഴും മൂട്ടയും പാറ്റയും ചിലപ്പോൾ എലികളും കൂടെ കൂട്ടുകൂടാൻ എത്തുകയും പതിവുതന്നെ ...!
..
ആവശ്യത്തിന് ഭക്ഷണമുണ്ടെങ്കിലും അത് ഒരല്പം വായിൽവെക്കാൻ കൊള്ളാവുന്ന വിധത്തിൽ ഉണ്ടാക്കാൻ അറിയാത്ത പാചകക്കാരനും അതിനു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും സാധിക്കാത്ത അധികൃതരും അടങ്ങിയ വലിയ ക്യാമ്പ് റൂമുകളിൽ കാലത്ത് 4 മണിമുതൽ ക്യൂ നിന്ന് പ്രാഥമിക കർമ്മങ്ങൾ കഴിച്ച് കുളിച്ചുവരുന്നതിനേക്കാൾ നന്നായി വിയർത്ത് കുളിച്ച് വരുന്നതാണ് അതിലേറെ വിഷമം . തണുപ്പുകാലത്ത് ചൂടുവെള്ളമോ ചൂടുകാലത്ത് തണുപ്പുവെള്ളമോ ഒരൽപം കിട്ടുകയെന്നത് ലോട്ടറിയടിക്കുന്നതിനേക്കാൾ ഭാഗ്യവും . ചൂടുകാലത്ത് ഒന്ന് ടോയ്‌ലെറ്റിൽ പോകണമെങ്കിൽ കുപ്പിയിൽ റൂമിൽ നിന്നും വെള്ളം കൊണ്ട് പോയില്ലെങ്കിൽ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ചൂടിൽ അന്തരാത്മാവുവരെ പൊള്ളിപ്പോകാതിരിക്കാൻ പെടാപാടുപെടുകതന്നെവേണം ...മഴപെയ്താൽ വെള്ളം അകത്തോ പുറത്തോ എന്നറിയാത്ത അവിടങ്ങളിൽ ചൂടുകാലത്ത് ഏസി പുറത്തേക്കു തിരിച്ചാണോ വെച്ചിരിക്കുന്നതെന്നും തോന്നിപ്പോവുക സ്വാഭാവികം . ...!
..
മോഹിപ്പിക്കുന്ന യാഥാർഥ്യത്തിനുള്ളിലെ ഒരു ശരാശരി പ്രവാസിയുടെ സാധാരണയിൽ സാധാരണമായ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും നാലാം ക്ലാസുകാരനും ഡോക്ടറേറ്റുകാരനും ഒന്നിച്ച് ജോലിചെയ്യുന്ന , ഓണവും പെരുന്നാളും ക്രിസ്തുമസ്സുമൊക്കെ ഒരേമനസ്സോടെ ആഘോഷിക്കുന്ന , അടുത്ത കട്ടിലിൽ കിടക്കുന്നവന് ഒരു പനിവന്നാൽ കൂടെയിരുന്ന് ശുശ്രൂഷിക്കുന്ന , കൂട്ടുകാരന്റെ വീട്ടിലെ വിഷമത്തിൽ സ്വയം പങ്കാളിയാകുന്ന , റൂമിലൊരാളുടെ പെങ്ങളുടെ കല്യാണത്തിനും അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കും വീടുപാർക്കലിനും കുട്ടികളുടെ ഉയർന്ന പരീക്ഷാവിജയങ്ങൾക്കും ഒന്നിച്ചുപിരിവിട്ട് ചിലവുചെയ്യുന്ന, പിറന്ന നാടിന്റെ ഏതൊരാവശ്യത്തിനും ഉള്ളതുംകൊണ്ട് ഓടിയെത്തുന്ന പ്രവാസികളുടെ ഈ മനോഹര തീരങ്ങൾതന്നെയാണ് ഭൂമിയിലെ മറ്റൊരു സ്വർഗ്ഗവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 17, 2020

പുഞ്ചപ്പാടം ....!!!

പുഞ്ചപ്പാടം ....!!!
.
വല്യമ്മയുടെയും ചെറിയമ്മയുടെയും കൂടെയായിരിക്കും മിക്കവാറും അവിടെ പോകുന്നത് . കുറച്ചു ദൂരം പാടവരമ്പുകളിലൂടെയും പിന്നെ വലിയ തോട്ടു വരമ്പിലൂടെയുമുള്ള യാത്ര . ഒരു വലിയ കുട്ടയോ ചാക്കോ അവരുടെ കയ്യിലുണ്ടാവും എപ്പോഴും . അതിൽ വെണ്ണീറോ ചാണകമോ ഉണ്ടാകും . തിരിച്ചുവരുമ്പോൾ അതിലാവും വിളവുകൾ കൊണ്ടുവരുന്നതും . വെട്ടുകത്തിയും പിച്ചാത്തിയും പിന്നെ കൈക്കോട്ടുകളും കയ്യിലുണ്ടാവും. ഞങ്ങൾ കുട്ടികൾക്കുവേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കുന്ന കുഞ്ഞികൈക്കോട്ടുകൾ, കൊച്ചുപിച്ചാത്തികൾ ഒക്കെ ഞങ്ങളുടെ കയ്യിലുമുണ്ടാകും ...!
.
വഴിയിൽ ഇടയ്ക്കു കാണുന്ന കുഞ്ഞു മൺകൂനകളിൽ കുഞ്ഞികൈക്കോട്ടുകൊണ്ട് കൊത്തി , നീറോലിയുടെയോ ശീമക്കൊന്നയുടെയോ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ ഒക്കെ തലപ്പുകളിൽ പിച്ചാത്തികൊണ്ട് വാൾപയറ്റുനടത്തുംപോലെ വെട്ടി വെട്ടി , തോട്ടിലൂടെ പോകുന്ന നീർക്കോലികളെ കല്ലും മണ്ണുമെറിഞ്ഞോടിച്ച് , കുഞ്ഞുചാലുകളിലൂടെ പുളഞ്ഞു പായുന്ന മീൻകുട്ടികളെ പിടിക്കാൻ ശ്രമിച്ച് , മേലേക്ക് ചാടുന്ന തവളകളിൽ നിന്നും ചാടി മാറി ഒരു ആവേശപൂർവ്വമായ യാത്ര ....!
.
പാടത്തിന്റെയും തോടിന്റെയുമൊക്കെയുള്ള വരമ്പിലൂടെ നടന്നുള്ള കളികൾക്കിടയിൽ വല്യമ്മയൊക്കെ കുറെ ദൂരം മുന്നിലെത്തിയിട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം എത്താൻ കുഞ്ഞു വരമ്പുകളിലൂടെ ഓടുമ്പോൾ പാടത്തേക്കോ തോട്ടിലേക്കോ തെന്നിവീണ് ചളിയും മണ്ണുമായി അത് അടുത്ത ഒഴുക്കു ചാലിൽ കഴുകിക്കളഞ്ഞ് , ഇടയ്ക്കു കാണുന്ന മുള്ളിൻ പഴങ്ങളിൽ പഴുത്തത് നോക്കി പറിച്ച് തിന്ന് അവിടെയെത്തുമ്പോഴേക്കും അവർ പണികൾ തുടങ്ങിയിട്ടുണ്ടാകും ....!
.
പാടങ്ങൾ തന്നെയെങ്കിലും എന്നാൽ അവയ്ക്ക് തൊട്ടു മേലെ വെള്ളം സ്ഥിരമായി കെട്ടിനിൽക്കാത്ത കുറച്ച് ഉയർന്ന നിലങ്ങൾക്കാണ് പുഞ്ചയെന്ന് സാധാരണ പറയാറ് . . പാടങ്ങളിൽ നടാനുള്ള ഞാറ് നട്ടുവളർത്താനും കരനെല്ല് ഉണ്ടാക്കാനും വാഴയടക്കമുള്ള ഇടവിളകൾ കൃഷിചെയ്യാനുമാണ് സാധാരണയായി പുഞ്ചപാടങ്ങൾ ഉപയോഗിക്കാറുള്ളത് . വാഴകൾക്കിടയിൽ കൊള്ളിയും പയറും കൂർക്കയും വെണ്ടയും വഴുതനയുമൊക്കെയടക്കം ഓരോ കാലത്തിനും കാലാവസ്ഥക്കുമനുസരിച്ച് വിളയിച്ചെടുക്കുന്ന ആ സ്ഥലങ്ങൾ വർഷത്തിൽ 12 മാസവും ഒന്നല്ലെങ്കിൽ മറ്റൊന്നെന്ന വിധം കൃഷിക്കും വിളവെടുപ്പിനും സജ്ജവുമാണ് ...!
.
പാടത്തോട് ചേർന്നായതിനാൽ എപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്ന അവിടുത്തെ കിണറുകളിൽ നിന്നും കൊട്ടയുപയോഗിച്ച് കൈതേക്കു തേവിയാണ് അവിടെ വെള്ളം നനയ്ക്കാറുള്ളത് . ചിലപ്പോൾ പണിക്കാരാരെങ്കിലും അല്ലെങ്കിൽ വല്യമ്മയോ ചെറിയമ്മയോ ആവും തേവുന്നത് . ആ വെള്ളം കൃത്യമായി ഒഴുകിപ്പോകാൻ വേണ്ടിയുണ്ടാക്കുന്ന കുഞ്ഞു ചാലുകളിലൂടെ വാഴത്തടങ്ങളിലേക്കും അതോടൊപ്പം ഓരോ വാഴത്തടത്തിനും ചുറ്റുമുള്ള ഇടവിളകൾക്കും വെള്ളമെത്തുന്നുണ്ടോ എന്നുനോക്കലും ഞങ്ങളുടെ ജോലിതന്നെ . ..!
.
ഒരു വിളവെടുക്കുമ്പോൾ അവിടെ മറ്റൊന്ന് നട്ടുപിടിപ്പിക്കാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു എല്ലാവരും . മുറിച്ചെടുക്കുന്ന അവശിഷ്ടങ്ങളും ചപ്പുചവറുകളും ഇട്ട് അപ്പോൾത്തന്നെ നിലമൊരുക്കി തയ്യാറാക്കും . വീട്ടിൽനിന്നും കൊണ്ടുവരുന്ന വെണ്ണീറും ചാണകവും ഇടും . ചെറു വാഴകളാണെങ്കിൽ ഒരു വാഴവെട്ടുമ്പോൾ അതിലെ നല്ലൊരു കന്ന് വളരാൻ നിർത്തി മറ്റെല്ലാം വെട്ടിക്കളയും . കൊള്ളി പറിക്കുമ്പോൾ കൊള്ളിക്കമ്പിലെ മൂത്തഭാഗങ്ങൾ മുറിച്ച് അവിടെത്തന്നെ കുഴിച്ചിടും . കൂർക്ക പറിച്ചാൽ അവിടെ പയറോ വേണ്ടയോ വഴുതനയോ വിത്ത് കുഴിച്ചിടും . അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴേക്കും വ്യത്യസ്ത വിളകളും , വ്യത്യസ്ത വിളകളായതുകൊണ്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയും എപ്പോഴും നന്നായിത്തന്നെ നിലനിന്നിരുന്നു താനും ....!
.
വെള്ളം തേവി നനച്ച് , കളപറിക്കുകയും , വേലിയിതകളിൽ വെച്ചുപിടിക്കുന്ന ശീമക്കൊന്ന പോലെയുള്ള പച്ചിലകൾ വെട്ടിയെടുത്ത് തടങ്ങളിൽ ഇട്ടും , എന്തെങ്കിലും നടാനോ കുഴിച്ചിടാനോ ഒക്കെയുണ്ടെങ്കിൽ അതും ചെയ്ത് , വീഴാൻ പോകുന്ന തൈകളോ മറ്റോ ഉണ്ടെങ്കിൽ ഊണുകൊടുത്തും , കെട്ടിവെച്ചും , പിന്നെ വിളവെടുപ്പും നടത്തി തിരിച്ചുപോരുമ്പോഴേക്കും ഞങ്ങളുടെ വയറും നിറഞ്ഞിട്ടുണ്ടാകും . കൊള്ളി പറിക്കുമ്പോൾ അതിലൊരു കഷ്ണം . വെണ്ടയ്ക്ക പറിക്കുമ്പോൾ അതിലെ ചള്ളുകൾ, വാഴകൾ വെട്ടുമ്പോൾ അതിലിടയിൽ പഴുത്തുനിൽക്കുന്ന പഴങ്ങൾ അങ്ങിനെ ഞങ്ങൾ കുട്ടികളുടെ വയറുനിറയാനുള്ളതെല്ലാം യഥേഷ്ടമുണ്ടാകും എന്നും . കാലത്തിന്റെ മായക്കാഴ്ചകളിലേക്ക് മായാത്ത കാഴ്ചയോർമ്മകളായി ഇവയും എന്നേക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, September 14, 2020

സത്യം ...???

സത്യം ...???
.
.
എല്ലാ നിരപരാധികളും
രക്ഷപ്പെടാറില്ല .
രക്ഷപ്പെടുന്നവരെല്ലാം
നിരപരാധികളുമല്ല ...!
.
എല്ലാ കുറ്റവാളികളും
ശിക്ഷിക്കപെടാറില്ല
ശിക്ഷിക്കപ്പെടുന്നവരെല്ലാം
കുറ്റവാളികളുമല്ല ...!
.
എന്നിട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 10, 2020

ചുംബനം ....!!!

ചുംബനം ....!!! .
.
ചുണ്ടുകൾകൊണ്ടാണ്
രണ്ടിൽ നിന്നും , ഒന്നിലേക്കുമാണ്
അല്ലെങ്കിൽ
തന്നിൽനിന്നും തന്നിലേക്കുതന്നെയുമാണ് ...!
.
.
കണ്ണുകൾ തുറന്ന് , കണ്ണുകളിലേക്ക് തന്നെ
ഉള്ളുതുറന്ന് , അകക്കണ്ണിലേക്ക് നോക്കി
ഹൃദയവും മനസ്സും ചിന്തകളും ചേർത്തുപിടിച്ച്
ദേഹം ദേഹത്തോട് തൊട്ടു തൊട്ടില്ലെന്നമട്ടിൽ ....!
.
.
നാസാരന്ദ്രങ്ങൾ എല്ലാം ഉണർത്തിവെച്ച്
ചൂടും ചൂരും ആവാഹിച്ച്
ശ്വാസം ശ്വാസത്തിനോട് ചേർത്ത്‌വെച്ച്
സ്വയമലിഞ്ഞ് , പരസ്പരമലിഞ്ഞുചേർന്ന് ....!
.
.
കാൽവിരലിനറ്റത്തുനിന്നുതൊട്ടുള്ള
ശ്വാസം മുഴുവനായും അൽപ്പാൽപ്പമായി
മുകളിലേക്ക് വലിച്ചുവലിച്ചെടുത്ത്
ചുണ്ടുകളിലൂടെ ഊറ്റിയെടുത്തുമാണ് ...!
.
.
ജീവനിൽ തൊട്ട് , ജീവിതത്തിൽ തൊട്ട് ,
ആത്മാവിന്റെ അങ്ങേതലക്കൽ തൊട്ടുള്ള
ജീവവായുമുഴുവനായും
പകർന്നുനൽകിയുമാണ് ...!
.
.
ദേഹവും ദേഹിയും ചേർന്നുതൊട്ട്
പകലും രാത്രിയും ഒന്നുതൊട്ട്
പ്രപഞ്ചം മുഴുവനും തങ്ങളിൽ ചേർത്ത്
തുടക്കവും ഒടുക്കവും ചുണ്ടുകളിലായുമാണ് ....!!!
.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 6, 2020

വാമനം .... !!!

വാമനം .... !!!
.
. ഇനി കാഴ്ചകൾക്ക് വിടനൽകാം . കണ്ണുകളിൽ ആവാഹിച്ച ആ ദിവ്യരൂപം അങ്ങിനെതന്നെ ആത്മാവിൽ കുടികൊള്ളട്ടെ . അവസാനത്തെയും പിന്നെയിനിയാദ്യത്തെയും ദിവ്യമായ കാഴ്ച . ശ്വാസം തന്റെ ദേഹത്തേക്ക് മെല്ലെയൊന്നെടുത്തുപിടിക്കാം . തന്റെ സ്വന്തമായ ഈ മണ്ണിന്റെ അവസാനത്തെ മണം . പുതുമ മാറാത്ത പുത്തൻ മണം . പുതുമഴയുടെ , പുല്നാമ്പുകളുടെ പുലർകാലസൂര്യന്റെ , കാറ്റിന്റെ മാമലകളുടെ കടലിന്റെ നിലാവിന്റെ .... എല്ലാ ഗന്ധങ്ങളും എന്നേക്കും ആത്മാവിൽ കുടികൊള്ളട്ടെ .....! .
.
പ്രാർത്ഥനയോടെയേ എന്നും പ്രവർത്തിച്ചിട്ടുള്ളു . സത്യത്തോടെയും ധർമ്മത്തോടെയും സഹനത്തോടെയും മാത്രവും. ഓരോ ചരാചരങ്ങളെയും തന്റെ സ്വന്തമായിത്തന്നെക്കണ്ട് തുല്ല്യ നീതിയോടെ . അസാധ്യമെന്നും അസംഭവ്യമെന്നും ലോകം വിധിയെഴുതിയതിനെ തിരുത്തിക്കുറിച്ച ആതവിശ്വാസത്തോടെ . അഭിമാനത്തിന്റെ ആത്മവിശ്വാസത്തിന് അഹങ്കാരമെന്ന വിളിപ്പേരുമുണ്ടെന്നതിൽ താൻ നിസ്സഹായൻ മാത്രം ...! .
.
സമരം ചെയ്യേണ്ടിയിരുന്നതൊക്കെയും കുലധർമ്മങ്ങളോടും വംശപാരമ്പര്യത്തോടും . എതിരിടേണ്ടിയിരുന്നതൊക്കെയും വിശ്വാസപ്രമാണങ്ങളോടും മൂലധാരണകളോടും . പടവെട്ടേണ്ടിയിരുന്നതിൽ ഏറെയും സ്വന്തം നിഴലുകൾതന്നെയും . വിജയിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ നിശയദാർഢ്യത്തോടെതന്നെയാണ് മുന്നേറിയിരുന്നത് . ധീരതയുടെയും ആത്മവിശ്വാസത്തോടെയും ലക്‌ഷ്യം നിശ്ചയിച്ചുറപ്പിച്ച് അതിലേക്കുമാത്രമായി കുറുക്കുവഴികളില്ലാത്ത കഠിനപ്രയത്നത്തിലൂടെ മാത്രവും ....! .
.
ശത്രുവിനെമാത്രമല്ലാതെ അവനവനെത്തന്നെയും നേരെമുന്നിൽനിന്നുതന്നെ പൊരുതിത്തോൽപ്പിക്കുന്ന ഓരോ വിജയിയെയും എപ്പോഴും കാത്തിരിക്കുന്നത് ഓരോ മഹാ ദുരന്തങ്ങളാണെന്നത് വിധിയുമാകാം . പ്രാരബ്ധകർമ്മങ്ങളുടെ ബന്ധനത്തിലേക്ക് പിന്നെയും കൂട്ടിച്ചേർക്കേണ്ട കർമ്മഫലങ്ങളുടെ ആകെത്തുകകൾ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ അവശേഷിക്കുന്ന കാലമത്രയും പിന്നെയും ജീവിക്കാൻ മാത്രം ബാക്കിയാകുന്ന ഈ ജന്മത്തിനും ഇനി വിട .....! .
.
തനിക്കുള്ളതും താനുണ്ടാക്കിയതും തന്നെത്തന്നേയും സ്വയം ദാനം നൽകി , ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി , ഗുരുക്കന്മാരുടെയും പിതൃക്കളുടെയും അനുഗ്രഹങ്ങളും വാങ്ങി താനിതാ മുട്ടുകുത്തുന്നു അഹങ്കാരത്തിന്റേതെന്ന് ഓരോരുത്തരും പതംപറയുന്ന തന്റെ സ്വന്തം കാൽ മുട്ടിൽത്തന്നെ . തന്റെ ശിരസ്സിലേക്കുയരുന്ന . ആ പാദാരവിന്ദങ്ങളിൽ സർവ്വമോക്ഷത്തിനായി തൊഴുകൈകളോടെ , അഭിമാനത്തോടെ അതിനേക്കാൾ , മനസ്സുനിറഞ്ഞ സന്തോഷത്തോടെയും . അദ്ദേഹം നിദ്ദേശിക്കുന്ന അടുത്ത കർമ്മത്തിനായി അനുഗ്രഹാശിസ്സുകളോടെ സകലപുണ്ണ്യത്തോടെയും ...!!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 3, 2020

കുചേലം .....!!!

കുചേലം .....!!! .
.
വല്ലാതെ തിടുക്കത്തിലായിരുന്നു അവർ . ഏറെ പാരവശ്യത്തിലും . ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ പിന്നാം പുറത്ത് ചപ്പിലകൾ കൂട്ടി തീകത്തിച്ച് കരുതിവെച്ച ഒരാഴക്ക് നെല്ല് വറുത്തെടുക്കുമ്പോൾ അതിന്റെ മണം തലേന്ന് കൂടി ഒന്നും കഴിക്കാനില്ലാതെ വിശന്നു തളർന്ന് ഉറങ്ങിക്കിടക്കുന്ന കുട്ടികൾ അറിയരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന . വറവ് മുഴുവനായോ എന്നുപോലും നോക്കാതെ ചൂടുപോകാതെ നെല്ലെടുത്ത് ഉരലിലിട്ട് മൂടുപോയ ഉലക്ക കൊണ്ട് ഇടിച്ചെടുക്കുമ്പോഴും ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ....! .
.
നരച്ചുപോയിരുന്നു നിലാവുപോലുമപ്പോൾ . പ്രാരാബ്ദങ്ങളുടെ ഭാണ്ഡം പേറി പേറിയാകണം മേഘങ്ങളും അങ്ങിങ്ങായി കനം തൂങ്ങിയാണ് നിന്നിരുന്നത് . ഇടക്കെപ്പോഴോ ഒരു പൂവൻകോഴി ഞെട്ടിയുണർന്നൊന്ന് കൂവിയതും അബദ്ധം മനസ്സിലാക്കിയാകണം നിശ്ശബ്ദനായതും പെട്ടെന്നുതന്നെ . ശബ്ദങ്ങൾക്ക് പോലും ഭാരം കൂടുന്നത് അവരുടെ നെഞ്ചിടിപ്പുപോലെ ഹൃദയ വ്യഥകൾ പോലെ വ്യസനത്തോടെതന്നെയായിരുന്നു . കാലവും കണക്കും നോക്കാതെ കുളിയും ജപവും കഴിച്ചെത്തിയപ്പോഴേക്കും ആ ധനുമാസക്കുളിരിലും അവർ വിയർക്കാൻ തുടങ്ങിയിരുന്നു ....! .
.
ചൂടോടെത്തന്നെ ഉരലിൽനിന്നും വാങ്ങിയെടുത്ത് ഉമിപോലും ശരിക്കൊന്നു ചേറാൻ നേരമില്ലാതെ കല്ലും പതിരും മുഴുവനായും വേർതിരിക്കാൻ നിൽക്കാതെ ആ പഴംതുണിയിൽ അത് പൊതിഞ്ഞെടുക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു . പൊതിഞ്ഞു കെട്ടിയ ശേഷമാണ് ആ തുണിപോലും അവരൊന്ന് ശ്രദ്ധിച്ചത് . മുഷിഞ്ഞതെങ്കിലും കഴുകി വൃത്തിയാക്കിയെടുത്ത അതിലെ ഓട്ടകളിലൂടെ വഴുതിമാറാൻ ശ്രമിക്കുന്ന ഓരോ അവിൽമണികളും അയാൾ തന്റെ ശോഷിച്ച കൈവിരലുകൾകൊണ്ടുപൊത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ...! .
.
തന്നെ ഓർത്തെടുക്കുമോ തന്റെയാ സതീർത്യൻ എന്ന ചിന്ത അയാളെ അപ്പോഴും വല്ലാതെ അലട്ടിയിരുന്നു . കൂട്ടത്തിലൊരുവൻ അല്ലെങ്കിൽ കൂട്ടുകാരിലൊരുവൻ . അതിലപ്പുറം ... ചിന്തകളെ അയാൾ കടിഞ്ഞാണിട്ട് നിർത്തി . ഇനിയും ചിന്തിച്ചാൽ നിവൃത്തികേടിന്റെ ഈ യാത്രതന്നെ വേണ്ടെന്നുവെച്ചാലോ എന്ന ഭയം . വിശന്നുറങ്ങുന്ന കുട്ടികളെയോർത്ത് എന്നും കരയാതെ കരയുന്ന പ്രിയപത്നിയുടെ യാചന .. അയാൾ തയ്യാറാവുകയായിരുന്നു ...! .
.
ദൂരം ഏറെയുണ്ട് . യാത്രയും . വഴിയിൽ തങ്ങാൻ പോലും ഒന്നുമില്ല കയ്യിൽ . എന്നിട്ടും ഇറങ്ങിയേപറ്റൂ . കുട്ടികൾ ഉണരും മുന്നേ . നിഷ്കളങ്കരായ കുട്ടികളെ പ്രതീക്ഷിപ്പിച്ച് നിരാശരാക്കേണ്ടിവന്നാലോ എന്ന വേവലാതി അയാളെ സ്വയം ആഗ്രഹിപ്പിക്കാനും പ്രതീക്ഷിപ്പിക്കാനും തന്നെ പ്രേരിപ്പിച്ചുകൊണ്ട് , പ്രാർത്ഥനയോടെ കാത്തുനിൽക്കുന്ന തന്റെ പ്രിയതമയോട് മാത്രം പറയാതെ പറഞ്ഞ് ... !!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, September 1, 2020

നവമാധ്യമങ്ങളും കുട്ടികളും ....!!!

നവമാധ്യമങ്ങളും കുട്ടികളും ....!!!
.
. ചതിക്കുഴികൾ കുഴിച്ച് കഴുകൻ കണ്ണുകളുമായി ഇരകളെ തേടി എന്നും വേട്ടക്കാർ എല്ലായിടത്തും ഉണ്ടായിരുന്നു . പ്രതീക്ഷകളും പ്രത്യാശകളും ഇടകലർത്തി പ്രലോഭനങ്ങളുടെ മായികത സൃഷ്ടിച്ച് വേട്ടക്കാർ തങ്ങളുടെ ഇരകൾക്കു മേൽ തങ്ങൾക്കനുകൂലമായ അവസരമുണ്ടാക്കി എപ്പോൾ വേണമെങ്കിലും ചാടിവീഴും . ഇരകളുള്ളിടത്തോളം കാലം വേട്ടക്കാരും , വേട്ടക്കാരുള്ളിടത്തോളം കാലം ഇരകളും ഉണ്ടായിക്കൊണ്ടേയിരിക്കും . അത് ലോകതത്വമാണ് . അതങ്ങിനെതന്നെ ഉണ്ടാവുകയും ചെയ്യും . പക്ഷെ ഇരകളാകാതിരിക്കുക എന്നത് , അല്ലെങ്കിൽ വേട്ടയാടപ്പെടാൻ അവസരം നൽകാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് കർത്തവ്യമാണ് . നമ്മുടെ എന്ന് പറയുമ്പോൾ അവനവന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമാണ് ആ ഉത്തരവാദിത്വം എന്നതും പ്രത്യേകം തന്നെ ഓർക്കേണ്ടതാണ് .....! ...
.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ നിത്യജീവിതത്തിന്റെകൂടെ ഭാഗമായതോടെ അതിലേക്ക് കാലെടുത്തുവെക്കുന്ന കുട്ടികൾ ഇത്തരം വേട്ടക്കാരുടെ കയ്യിലകപ്പെടാനുള്ള സാധ്യത വളരെ വളരെ കൂടുതലുമാണ് . അത് തിരിച്ചറിയാനുള്ള പ്രായമോ പക്വതയോ അറിവോ വിവരമോ അവർക്കില്ല എന്നത് തന്നെയാണ് സത്യം. അത് ആരും തന്നെ അവരെ പഠിപ്പിക്കുന്നുമില്ല എന്നത് അവരെ അടച്ചാക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്യുന്ന നാം ഓരോരുത്തരും ആദ്യം വ്യക്തമായും മനസ്സിലാക്കുകയും വേണം .....! ..
.
പണ്ടൊക്കെ നമ്മുടെ കുട്ടികൾക്ക് പൊതു അറിവുനേടാൻ ഉണ്ടായിരുന്ന പത്ര പാരായണമടക്കമുള്ള കാര്യങ്ങളൊക്കെയും ഇന്നത്തെ തലമുറക്ക് തീർത്തും അന്ന്യമാണ്‌ . നമ്മുടെ പ്രധാമന്ത്രിയും മുഖ്യമന്ത്രിയും ആരാണെന്നു പോലും അറിയാത്തവരാണ് ഇന്നത്തെ കുട്ടികളിൽ മഹാഭൂരിഭാഗവും എന്നത് നഗ്നമായ ഒരു സത്യമാണ് . അവർക്കു ഇന്നാട്ടിൽ ഇപ്പോൾ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും ഒരു സാമാന്യ ബോധവും ഇല്ല . അതുകൊണ്ടുതന്നെ അത്തരം കുട്ടികളെ പ്രലോഭനങ്ങളിൽ അകപ്പെടുത്താൻ ഏറെ എളുപ്പവുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ...! ..
.
നവമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള അവസരം അവർക്ക് നൽകും മുൻപ് അവരെ അത് പറഞ്ഞുമനസ്സിലാക്കിക്കാൻ, അതിലെ ചതിക്കുഴികളെ കുറിച്ച് , തെറ്റുകളെയും കുറ്റങ്ങളേയും കുറിച്ച് ബോധവാന്മാരാക്കാൻ കുറച്ചു സമയം വീട്ടുകാരും നാട്ടുകാരും അധ്യാപകരും സാമൂഹ്യപ്രവർത്തകരും തീർച്ചയായും നീക്കിവെച്ചേപറ്റൂ. അല്ലെങ്കിൽ, മുക്കിലും മൂലയിലും വരെ സുലഭമായി കിട്ടുന്ന ലഹരിക്ക്‌ അടിമകളായി കൊള്ളയും കൊലയും നടത്തുകയും പെങ്ങളെയും അമ്മയെയും വരെ തിരിച്ചറിയാതെ പെരുമാറുകയും ചെയ്യുന്നതുവരെ ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നതുപോലെ നമ്മുടെ കുട്ടികളുടെ അടുത്ത ശവപ്പറമ്പായി നവമാധ്യമങ്ങൾ മാറുകതന്നെ ചെയ്യും. ....! ..
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 29, 2020

ഇടത്താവളങ്ങൾ ....!!!

ഇടത്താവളങ്ങൾ ....!!!
.
. യാത്രയുടെ ഏതെങ്കിലുമൊരു ഇടവേളയിൽ ഒരു നേരം ഒന്നിരിക്കാൻ അല്ലെങ്കിലൊന്നുറങ്ങാൻ ഒരു നേരമ്പോക്കിനുവേണ്ടിയാണ് അവർ ഇടത്താവളങ്ങളുണ്ടാക്കുക . അതും പക്ഷെ തന്റെ പ്രൗഢിക്കനുസരിച്ചുള്ള എല്ലാ മോടിയോടെയും ആവേശത്തോടെയും തന്റെ സ്ഥിരം താവളമെന്ന് ഉറപ്പുകൊടുത്ത് തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് അണിയിച്ചൊരുക്കി എല്ലാ പ്രതീക്ഷകളും കൊടുത്ത് അതുമല്ലെങ്കിൽ ഇനിയുള്ള കാലമത്രയും ഇവിടെത്തന്നെയെന്ന വാക്കുനൽകി ...!
.
പച്ചപ്പട്ടുടുത്ത് ആളും ആരവങ്ങളുമായി ആഢംബരപൂർവ്വം അണിഞ്ഞൊരുങ്ങി ചുറ്റിലും സ്തുതിപാഠകരുടെ ഉപജാപകവൃന്ദവുമായി ആലവട്ടവും വെൺചാമരവുമായി തന്റെ സാമ്രാജ്യസ്ഥാപനത്തിനായുള്ള ദീർഘദൂരയാത്രയിലാണ് ആ രാജകുമാരി അവിടെയെത്തുക . ദിനരാത്രങ്ങൾ മുഴുവനും പാദപൂജചെയ്യാൻ സേവകരുടെ ഒരു വലിയപടതന്നെ എപ്പോഴും കൂട്ടിനുള്ള സുന്ദരിയായ രാജകുമാരി, അവിടം പിന്നെ എല്ലാ പ്രതീക്ഷകളും നൽകി സ്വന്തമാക്കി തന്റേതു മാത്രമെന്ന് ആവർത്തിച്ചുറപ്പിച്ചവകാശപ്പെട്ട് .....! .
.
രാജകുമാരിയെ സ്വീകരിക്കാൻ സ്വയം തയ്യാറായി കഥയറിയാതെ ആ വഴിത്താവളങ്ങൾ തന്നെത്തന്നെ സ്വയം മാറ്റിയെടുക്കും . തന്റെ സ്വത്വവും സ്വാതന്ത്ര്യവും അടിയറവുവെച്ച് കെട്ടും മറ്റും മാറ്റിയെടുത്ത് തന്നെത്തന്നേയും സ്വയം സമർപ്പിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മൂടുപടമിട്ട വിശ്വാസത്തിന്റെ ഒരു വലിയകോട്ട കെട്ടി കാത്തിരിക്കുന്ന ആ രാജകുമാരിയുടെ കാൽചുവട്ടിലേക്ക് സ്വയം സമർപ്പിതനായി ....!. .
.
വിശ്രമവും വിനോദവും കഴിയുമ്പോൾ രാജകുമാരി വീണ്ടും യാത്രയാകും . ഒരു യാത്രപോലും പറയാതെ , ദിനരാത്രങ്ങൾ മുഴുവൻ തനിക്കു ചുറ്റും സ്തുതിപാടിനടക്കുന്ന തന്റെ മാത്രം സ്വന്തം അനുചരവൃന്ദത്തോടൊപ്പം തന്റെ ലക്ഷ്യത്തിലേക്ക്, . മറ്റെല്ലാറ്റിനേയും തൃണവത്കരിച്ചുകൊണ്ട് ഇടയിൽ അവർക്കു വേണ്ടി പിന്നെയും വിഡ്ഢികളാവാൻ കാത്തിരിക്കുന്ന അനേകം വഴിത്താവളങ്ങൾ കടന്നുകൊണ്ട് സ്വതന്ത്രയായി സന്തോഷത്തോടെ ചതിയുടെയും നുണകളുടെയും സ്വര്ണവര്ണ പൂക്കളുമായി ....! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .

Monday, July 27, 2020

നന്മചെയ്യുന്നവർക്കൊപ്പം ...!!!

നന്മചെയ്യുന്നവർക്കൊപ്പം ...!!!
.
ഒരാൾ ചെയ്യുന്ന പ്രവൃത്തികൊണ്ട് മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരമുണ്ടാകുന്നുവെങ്കിൽ അതിന് കാരണക്കാരനായ വ്യക്തി നന്മയുള്ളയാൾ തന്നെയാണ് . അയാളുടെ മറ്റുപ്രവൃത്തികളെ കുറിച്ച് സംശയിച്ചുനടക്കാതെ എനിക്കങ്ങിനെ പോലും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തെങ്കിലും അത്തരം നല്ല പ്രവൃത്തികൾ ചെയ്യുന്നവരെയും അതനുഭവിക്കുന്നവരെയും വെറുതെ വിടുകയെങ്കിലും ചെയ്യുക . നന്മയും കരുണയും കൈമുതലായുള്ള ഓരോരുത്തർക്കും വേണ്ടി അവർചെയ്യുന്ന ഓരോ നല്ല പ്രവർത്തിക്കുമൊപ്പം നന്മകൾ ചെയ്യുന്ന ഓരോരുത്തർക്കുമൊപ്പം പ്രാർത്ഥനയോടെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 12, 2020

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!
.
വിജനമാണ് അണിഞ്ഞൊരുങ്ങിയ രാജവീഥികൾ . മഞ്ഞ് പതിയെ പതിയെ കനക്കെ ഇരുവശവുമുള്ള വാതിലുകളും അകത്തേക്ക് പതിയെ അടയാൻ തുടങ്ങുന്നു . ഇടയ്ക്കിടെ തെന്നിത്തെറിച്ച് തന്റെ ചുണ്ടിൽ വീഴുന്ന മഞ്ഞുത്തുള്ളികൾ വയറിന്റെ ചൂടിലുരുകി വായിലേക്ക് തന്നെ അലിഞ്ഞിറങ്ങുന്നതിന്റെ സുഖം ഇപ്പോൾ നന്നായറിയുന്നുണ്ട് . വീഥികൾക്കിരുവശവും നിന്ന് വല്ലപ്പോഴും കടന്നെത്തുന്ന കുഞ്ഞു കാറ്റ് കൊണ്ടുവരുന്ന വിലയുള്ള ഭക്ഷണത്തിന്റെ രുചിയുള്ള ഗന്ധം മെല്ലെ ചവച്ചിറക്കാനും വൃഥാ ശ്രമിക്കുന്നുണ്ട് അപ്പോഴൊക്കെയും ....!
.
എന്നിട്ടും നടക്കുകയാണ് . വേഗത്തിലെന്ന് ചിന്തയിലുണ്ടെങ്കിലും പതിയെയെന്ന് കാലുകളുടെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് . അതല്ലാതെ വഴിയില്ലാത്തവന് വീഥിയും പ്രതീക്ഷതന്നെ . ഇനിയും ആ വളവുകൂടി കഴിഞ്ഞുള്ള കയറ്റം കയറിയിറങ്ങണം വീട്ടിലെത്താൻ . വീടെന്നത് വീട്ടുകാരും കൂടിയുള്ളതും . താൻ സംരക്ഷിക്കേണ്ട , തന്നെ പ്രതീക്ഷിക്കുന്ന നിസ്സഹായർ . എന്നിട്ടും കാത്തിരിക്കാൻ അവിടെയും വിശപ്പുമാത്രമാണ് ഉള്ളതെങ്കിലും അത് തന്റെ വീടാണല്ലോ . എല്ലാ വീടുകളും നമുക്ക് തരുമെന്നാശ്വസിക്കുന്നതും സ്വപ്നം തന്നെ . നിറയെ നിറങ്ങളുള്ള സ്വപ്നം ...!
.
അലങ്കരിച്ച വൃക്ഷങ്ങൾ നിറഞ്ഞ , തിങ്ങിനിൽക്കുന്ന തെരുവുവെളിച്ചം കൂടി സമൃദ്ധമായ ആ വീഥിയിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു തടിയനായ തെരുവുനായ ആരോ തിന്നു മതിയായി വേണ്ടാതെ എവിടെയോ അവശേഷിപ്പിച്ച ഒരു വലിയ കഷ്ണം റൊട്ടിയും കടിച്ചുപിടിച്ച് തന്റെ കാലുകൾക്കിടയിലൂടെ അതിന്റെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്ന പങ്കുകാരെ ഭയന്നെന്നപോലെ ഓടി മറഞ്ഞത് . ആ നായയുടെ വായിലെ റൊട്ടിയിലേക്ക് കൊതിയോടെ നോക്കാതിരിക്കാൻ അപ്പോൾ കഴിയുമായിരുന്നില്ല തന്നെ, എങ്കിലും ...!.
.
ഇനിയുമാ കയറ്റം കയറിയിറങ്ങണമെന്ന നിശ്വാസത്തിൽ പിന്നെയാ വളവിലേക്ക് തിരിയുമ്പോഴാണ് അവിടെയാ മനോഹരമായി അലങ്കരിച്ച തെരുവുവിളക്കിന്റെ ചുവട്ടിൽ പ്രത്യേകം തിരിച്ചുണ്ടാക്കിയ സ്ഥലത്തെ അവശിഷ്ട്ടങ്ങൾ കൊണ്ടിടുന്ന വലിയ തകരപാത്രത്തിനു പിന്നിൽ മഞ്ഞിൽ വിറങ്ങലിച്ച ആ രൂപം ഒരു ചുമയുടെ ശബ്ദത്തിൽ തന്റെയും സാന്നിധ്യമറിയിച്ചത് . എഴുന്നേൽക്കാൻ മതിയാകാത്ത വിശപ്പിൽ മുങ്ങിയ ദരിദ്രമായ മറ്റൊരു മനുഷ്യരൂപം . അവിടെ നിൽക്കാനും അതിനെയൊന്ന് നോക്കാതിരിക്കാനും തനിക്കെങ്ങിനെ കഴിയും ...!
.
അടുത്ത് ചെന്നത് കയ്യിൽ എന്തെങ്കിലുമുണ്ടെന്ന വിശ്വാസത്തിലല്ല . ചെന്ന് ആ കണ്ണുകളിലേക്ക് നോക്കി അടുത്തിരുന്നപ്പോൾ ഒന്നുകൂടി കീറി, കീറി പിന്നെയും തുന്നി കൂട്ടിയ കീശയിലൊന്ന് വെറുതെ തപ്പിനോക്കാൻ ആ കണ്ണുകൾ യാചിക്കുന്നതും കണ്ടില്ലെന്നു നടിക്കാനായില്ല . ഒഴിഞ്ഞ കീശകൾ വലിച്ചു പുറത്തേക്കിട്ട് വിശക്കുന്ന കയ്യുകൾ നീട്ടി അയാളെ ഒന്ന് ചേർത്ത് പിടിച്ചു . പിന്നെ അഴുക്കു നിറഞ്ഞ ആ നെറ്റിയിൽ നിറഞ്ഞ സ്നേഹത്തോടെ ഒന്നുചുംബിക്കുകയും . ഞാൻ നിന്നെക്കാളും ദരിദ്രനാണല്ലോ എന്ന ഹൃദയവ്യഥയുടെ നീറ്റുന്ന കുറ്റപ്പെടുത്തലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, July 10, 2020

നഷ്ടപ്പെടാൻ വയ്യാതെ ...!!!

നഷ്ടപ്പെടാൻ വയ്യാതെ ...!!!
.
തന്റെ ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്കല്ല ഒരിക്കലും അവൾ കയറി നിന്നത് . കടന്നു വന്നതും അവളുടെ ഒന്നുമില്ലായ്മയുടെ ഒരു ശൂന്യതയിൽ നിന്നല്ല . അപരിചിതത്വത്തിന്റെ മേമ്പൊടിയേതുമില്ലാതെ അനിശ്ചിതത്വത്തിന്റെ ഇല്ലാത്ത അതിർവരമ്പുകൾ ഭേദിക്കാതെ ഒരാലസ്യത്തിൽ നിന്നും കൈപിടിക്കാനോ ഒരു നിശ്ചലതയിൽനിന്നും എഴുന്നേൽപ്പിക്കാനോ അല്ലാതെ, വേദനയിൽ ആശ്വാസമായോ നിരാശയിൽ പ്രതീക്ഷയായോ അല്ലാതെ നിറവിലേക്ക് നിറവിൽ നിന്നും നിറവോടെ . ....!
.
ഒരു മുജ്ജന്മ പുണ്ണ്യത്തിന്റെ എല്ലാ പരിശുദ്ധിയോടെയും അതിന്റെ വിശുദ്ധമായ പവിത്രതയോടെയും തന്റെ ജീവനിലേക്ക് , തന്റെതന്നെ ജീവിതത്തിലൂടെ ഉറച്ചകാൽവെപ്പോടെ അവളുടെ സ്വന്തം ജീവിതവും ജീവനും കയ്യിൽ എടുത്തു പിടിച്ച് നടന്നുകയറി പട്ടിൽ പൊതിഞ്ഞ ഒരു പീഠവും വലിച്ചിട്ട് അധികാരത്തോടെ ഇരിക്കാൻ തുടങ്ങിയ അവളോട് ബഹുമാനം തന്നെയായിരുന്നു എല്ലായ്‌പോഴും . അവളെ എന്നും അവളായി തന്നെ കാണാനുള്ള നിശ്ചയദാർഢ്യവും ...!
.
എന്തായിരുന്നു അവളെന്നല്ല .. എന്തെല്ലാമല്ലാതിരുന്നു അവളെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത് . പ്രാണനായി , ജീവനായി , ജീവിതമായി , വാക്കുകളും വാചകങ്ങളുമായി , പ്രതീക്ഷയും പ്രലോഭനവുമായി , ആശ്വാസവും പ്രതീക്ഷയുമായി കൂടെയെന്നാൽ ഓരോ ശ്വാസത്തിലും ഓരോ ചലനത്തിലും ഒരോ ഗന്ധത്തിലും കൂടെ തന്നെയായി അവളങ്ങിനെ നിറഞ്ഞു നിൽക്കുന്നത് താൻ അനുഭവിക്കുകതന്നെയല്ലേ എപ്പോഴും ഒന്ന് കാലിടറുമ്പോൾ , അൽപ്പമൊന്ന് ദാഹിക്കുമ്പോൾ ഒരു വിതുമ്പൽ എങ്ങുനിന്നും തുടങ്ങുമ്പോൾ ആദ്യം ഓർക്കുന്നതും അവളെയല്ലേ .....!
.
. നടക്കുമ്പോൾ ആ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് , കിടക്കുമ്പോൾ ആ നെഞ്ചിൽ തലചായ്ച്ച് , ഇരിക്കുമ്പോൾ ആ തോളിൽ ചാഞ്ഞിരുന്ന് , കഴിക്കുമ്പോൾ ആ കയ്യിൽനിന്നും വാങ്ങിക്കഴിച്ച് , യാത്രചെയ്യുമ്പോൾ അടുത്ത സീറ്റിൽ കൂടെയിരുത്തി , പണിയെടുക്കുമ്പോൾ അപ്പുറത്തെ ക്യാബിനിൽ നോക്കെത്തുന്ന അകലത്തിൽ ഒപ്പമിരുത്തി , എപ്പോഴും കൂടെ കൂട്ടിയതൊക്കെയും തന്റേതുമാത്രമെന്ന അഹങ്കാരത്തോടെയും അധികാരത്തോടെയും എല്ലാ അവകാശങ്ങളോടെയും തന്നെയും ....!
.
എന്നിട്ടും ..... അതിമോഹങ്ങൾ , ദുരാഗ്രഹങ്ങൾ അതാണോ തന്നെ പിന്നെയും പിന്നെയും കിട്ടിയതൊന്നും പോരെന്ന വാശിയോടെ അവളെ പിന്നെയും പിന്നെയും പിന്തുടർന്നത് . ആ കാലടികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ആ കൈവെള്ളകൾ നോക്കിയിട്ടും കണ്ണുകൾ തിരിച്ചുപിടിച്ച് ...... അതോ താൻ പിന്നെയും പിന്നെയും തന്നെത്തന്നെ മുഴുവനായും അവളെ തിരിച്ചേൽപ്പിച്ച് അവളിലഞ്ഞുചേർന്ന് .അവളായിത്തന്നെ മാറാൻ കൊതിച്ചതോ തന്നിൽ നിന്നും അവൾ വിട്ടകലുമെന്ന ആകുലതകളോ ...അതുമല്ലെങ്കിൽ ഒരിക്കൽ തന്നെ തനിച്ചാക്കി അവൾ വന്നിടത്തേക്കു തന്നെ തിരിച്ചുപോകുമെന്ന വ്യഥകളോ . തന്റെ പ്രവർത്തികൾ ..... അതവളെ വല്ലാതെ വേദനിപ്പിക്കുമ്പോഴും സ്വയം ന്യായീകരിക്കാനെന്ന് അവൾ പദം പറയുമ്പോഴും ഇനിയും മാറാൻ വയ്യാതെ ...!
.
ഒരുകാര്യം സത്യമാണ് . ഇപ്പോൾ കാണുന്നതൊക്കെയും ദുസ്വപ്നങ്ങളാണ് . കടൽക്കരയിൽ തന്നെയിരുത്തി അവൾ ആ വെള്ളത്തിനുമുകളിലൂടെ തന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുമറയുന്നത് . മരത്തണലിൽ തന്നെയിരുത്തി അവളാ കാടിന്റെ നിശബ്ദതയിൽ തന്നിൽ നിന്നുമകന്ന് സ്വയം അലിഞ്ഞില്ലാതാകുന്നത് . മരുപ്പച്ചയിൽ തന്നെ ഉറക്കികിടത്തി അവളാ മണലാരണ്യത്തിൽ മണൽ തരികൾക്കിടയിൽ ചേർന്നില്ലാതാകുന്നത് ...... ഞെട്ടിയെഴുന്നേൽക്കാൻ മാത്രമാണിപ്പോൾ എല്ലാ ഉറക്കങ്ങളും . ഭയപ്പെടുത്താൻ മാത്രമാണിപ്പോൾ എല്ലാ സ്വപ്നങ്ങളും . തന്റെ ശരീരവും മനസ്സും ജീവനും ജീവിതവും നഷ്ടപ്പെടുത്തി അവൾ എങ്ങോട്ടെന്നറിയാതെ പോയ്മറയുന്നതായി .....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 5, 2020

നാരദരുടെ ഭക്തി ....!!!

നാരദരുടെ ഭക്തി ....!!!
.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും രാമനാമം ജപിച്ചുകൊണ്ട് മാത്രം ജീവിക്കുന്ന നാരദർ അത് കാണുമ്പോഴൊക്കെ മഹാവിഷ്ണുവിന്റെയടുത്ത് വീമ്പുപറയാനും മറക്കാറില്ല .താനാണ് മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തനെന്നും താൻ ജീവിക്കുന്നത് തന്നെ മഹാവിഷ്ണുവിന് വേണ്ടിയാണെന്നും താൻ കഴിഞ്ഞേയുള്ളു ഈ ലോകത്തിൽ മഹാവിഷ്ണുവിന് മറ്റാരും ഭക്തരായിട്ട് എന്നുമുള്ള അഹങ്കാരത്തോടെതന്നെയാണ് അദ്ദേഹം മഹാവിഷ്ണുവിന്റെയടുത്തും പെരുമാറിയിരുന്നതും ....!
.
നാരദരുടെ അഹങ്കാരത്തിന് ഒരടികൊടുക്കാൻ തന്നെ ഒരിക്കൽ മഹാവിഷ്ണു തീരുമാനിച്ചു . എന്നിട്ടൊരിക്കൽ ഇങ്ങിനെ വീമ്പു പറച്ചിലുമായി നാരദരെത്തിയപ്പോൾ മഹാവിഷ്ണു അദ്ദേഹത്തോട് പറഞ്ഞു നാം നമ്മുടെയൊരു ഭക്തനെ കാണാൻ പോവുകയാണ് അങ്ങും തന്റെ കൂടെ വന്നാൽ നന്നായിരുന്നു എന്ന് . മഹാവിഷ്ണു അങ്ങോട്ട് പോയി കാണുന്ന ആ ഭക്തനെ ഒന്ന് കാണാൻ അഹങ്കാരിയായ നാരദർക്കും വാശിയായി . തന്നെക്കാൾ വലിയൊരു ഭക്തനോ എന്ന മട്ടിൽ അദ്ദേഹവും മഹാവിഷ്ണുവിനോടൊപ്പം പുറപ്പെടുകയും ചെയ്തു ...!
.
അവർ വേഷമൊക്കെ മാറി രണ്ടു ബ്രാഹ്മണരുടെ രൂപത്തിൽ എത്തിച്ചേർന്നത് ഒരു കർഷകന്റെ അടുത്താണ് . ദരിദ്രനാനായ ആ കർഷകൻ വയസ്സായ തന്റെ കാളകളെയും കൊണ്ട് വയലിൽ മെല്ലെ മെല്ലെ പണിയെടുക്കുകയായിരുന്നു അപ്പോൾ . ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്ന സമയത്തൊക്കെ അദ്ദേഹം നാരായണ നാരായണ എന്ന് ജപിക്കുന്നുമുണ്ട് . വയലിൽ പണിയെടുക്കുന്നതിനിടയിൽ ആ ബ്രാഹ്മണരെ കണ്ട അദ്ദേഹം അവരെ ആദരപൂർവ്വം ക്ഷണിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു . തങ്ങൾ യാത്രികരാണെന്നും വിശ്രമിക്കണമെന്നും പറഞ്ഞപ്പോൾ ആ കർഷകൻ സന്തോഷപൂർവ്വം അവരെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു ...!
.
വീട്ടിലേക്കുള്ള യാത്രയിലും അവരോടു സംസാരിക്കുന്നതിനിടയിലും പതിവുപോലെ വല്ലപ്പോഴും അദ്ദേഹം നാരായണ മന്ത്രവും ഉരുവിടുന്നുണ്ടായിരുന്നു . വീട്ടിലെത്തി അതിഥികളെ തന്നെക്കൊണ്ടാവും വിധം യഥാവിധി സത്കരിച്ച് ഉള്ള ഭക്ഷണമൊക്കെ കൊടുത്ത് ക്ഷീണമകറ്റിച്ച് സന്തോഷപൂർവ്വം യാത്രയാക്കി വീണ്ടും അദ്ദേഹം തന്റെ വയലിലേക്കുതന്നെ പണിക്കായി പോവുകയും ചെയ്തു . പതിവുപോലെ ഇടക്കിടെയുള്ള രാമനാമജപവുമായി ...!
.
തിരിച്ച് വൈകുണ്ഠത്തിലെത്തിയ നാരദർ മഹാവിഷ്ണുവിനോട് ചോദിച്ചു ഇത്രയും ആദരപൂർവ്വം അങ്ങ് അങ്ങോട്ട് കാണാൻ പോയ ആ കര്ഷകനാണോ അങ്ങയുടെ ഏറ്റവും വലിയ ഭക്തനെന്ന് . അതിനു മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത മഹാവിഷ്ണു വീണ്ടും നാരദരെയും കൂട്ടി യാത്രയായി . അങ്ങിനെ അവർ എത്തിച്ചേർന്നത് നിറയെ വഴുക്കലുള്ള ഒരു നദീതീരത്താണ് . പൂപ്പലും പായലും നിറഞ്ഞ അവിടെ വളരെ ശ്രദ്ധയോടെയല്ലാതെ നടന്നാൽ വീണുപോവുമെന്ന് സുനിശ്ചിതമായിരുന്നു ...!
.
അവിടെയെത്തി ഇനിയെന്തെന്ന മട്ടിൽ നിൽക്കുന്ന നാരദരുടെ തലയിൽ ഒരു കുടം നിറയെ എണ്ണ വെച്ചുകൊടുത്തിട്ട് അതിൽനിന്നും ഒരു തുള്ളി പോലും എണ്ണ പുറത്തുപോകാതെ അക്കരെ പോയിവരാൻ പറഞ്ഞ് പറഞ്ഞയച്ചു . കുടത്തിലെ എണ്ണ പുറത്തേക്കു തുളുമ്പിയാണ് നിന്നിരുന്നത് . ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിവെച്ചാൽ എണ്ണ പുറത്തുപോവുകതന്നെ ചെയ്യും . ഒരുതുള്ളി പോലും പോകാതെ വരണമെന്നാണ് മഹാവിഷ്ണുവിന്റെ നിർദ്ദേശം . നാരദർ അത് അപ്പാടെത്തന്നെ നടപ്പിലാക്കുകയും ചെയ്തു . വളരെ ശ്രദ്ധിച്ച് , ഓരോ അടിയായി പതുക്കെ ശ്രദ്ധയോടെ വെച്ച് നടന്ന് ഒരു തുള്ളി പോലും പോകാതെ തിരിച്ചെത്തിയ നാരദർ മത്സരത്തിൽ ജയിച്ചതിൻറെ അഹങ്കാരത്തിൽ ഒന്നുകൂടി മഹാവിഷ്ണുവിനെ നോക്കി നിന്നു .... !
.
നാരദരുടെ തലയിലെ എണ്ണക്കുടം വാങ്ങിവെച്ച് മഹാവിഷ്ണു നാരദരോട് ചോദിച്ചു , അപ്പോൾ താങ്കൾ ഈ മത്സരത്തിലും ജയിച്ചുവല്ലേ എന്ന് . അഹങ്കാരത്തോടെ തലയാട്ടി അതേയെന്ന മട്ടിൽ നിന്ന നാരദരോട് പിന്നെ മഹാവിഷ്ണു ചോദിച്ചത്, ആട്ടെ, ഈ സമയത്തിനിടയിൽ അങ്ങ് എത്രപ്രാവശ്യം എന്നെ സ്മരിച്ചു എന്നാണ് . അങ്ങിനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത നാരദർ അറിയാതെത്തന്നെ സത്യം പറഞ്ഞുപോയി. ഇല്ല പ്രഭോ, എന്റെ ശ്രദ്ധ മുഴുവൻ തന്റെ തലയിലെ എണ്ണ പോകാതെ നോക്കുന്നതിലായിരുന്നു അല്ലാതെ അങ്ങയെ സ്മരിക്കുന്നതിലായിരുന്നില്ലെന്ന് ....!
.
അതായത് ആ സമയമത്രയും താങ്കളുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നില്ല എന്നല്ലേ അതിനർത്ഥം എന്ന മഹാവിഷ്ണുവിന്റെ ചോദ്യത്തിന് മുന്നിൽ നാരദർക്ക്‌ തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. തന്റെ അന്നാന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ദരിദ്രനായ ആ കർഷകൻ തന്റെ ദാരിദ്ര്യത്തിനിടയിലും കഷ്ടപ്പാടോടു കൂടിയ പണികൾക്കിടയിലും തന്നെ എത്ര സ്നേഹത്തോടെയാണ് സ്മരിക്കുന്നത് . എന്നാൽ താങ്കളോ തന്റെ ഏറ്റവും വലിയ ഭക്തനെന്ന് അഹങ്കരിക്കുന്ന താങ്കൾ, ജീവിതത്തിലെ ഏറ്റവും ചെറിയ ഈ ഒരു നിമിഷത്തിൽ പോലും എന്നെ മറന്നു കളഞ്ഞു . അപ്പോൾ ആരാണ് ഏറ്റവും വലിയ ഭക്തൻ . ആചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിൽക്കാനേ നാരദർക്കപ്പോൾ കഴിഞ്ഞുള്ളു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, July 2, 2020

അപ്രതീക്ഷിതനായ അതിഥി ...!!!

അപ്രതീക്ഷിതനായ അതിഥി ...!!!
.
വൈകുന്നേരം ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് വന്ന് ഓരോരുത്തരും അവരവരുടെ റൂമുകളിലേക്ക് പിരിയുന്നതിനു മുന്നേയുള്ള കുശലം പറച്ചിലിനിടയിലാണ് തികച്ചും യാദൃശ്ചികമായി അദ്ദേഹം അങ്ങോട്ട് കയറിവന്നത് . റോഡിൻറെ എതിര്ദിശയിലൂടെ നടന്നുപോവുകയായിരുന്ന അദ്ദേഹം ഞങ്ങളെക്കണ്ടിട്ടുതന്നെയാണ് അങ്ങോട്ട് വന്നിരിക്കുന്നതെന്നും വ്യക്തം . ഞങ്ങൾക്കടുത്തെത്തി ഒട്ടും അർത്ഥശങ്കക്കിടയില്ലാതെ ഒട്ടും സങ്കോചമില്ലാതെ ലളിതമായി ഞങ്ങളോട് പറഞ്ഞത് തനിക്ക് വല്ലാതെ വിശക്കുന്നുണ്ടെന്നും മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട ഭക്ഷണം കഴിച്ചിട്ടെന്നും അതുകൊണ്ട് തനിക്ക് കഴിക്കാൻ തരണമെന്നുമാണ് ....!
.
ഈ സാഹചര്യത്തിൽ അങ്ങിനെയൊരു അഭ്യർത്ഥനയിൽ ഒട്ടും അപരിചിതത്വം തോന്നാത്തതിനാൽ ഞാനും സുഹൃത്തുക്കളും അദ്ദേഹത്തെ ഞങ്ങളുടെ റൂമിലേക്ക് സന്തോഷപൂർവ്വം ക്ഷണിച്ചു അപ്പോൾ. സാമാന്ന്യം മുഷിഞ്ഞ വസ്ത്രങ്ങളും ക്ഷീണിച്ച ശരീരവും തളർന്ന പ്രകൃതവുമുള്ള അദ്ദേഹം ഒരു അന്യനാട്ടുകാരനാണെങ്കിലും മാന്യമായി നല്ല സ്പുടമായ ഭാഷയിലാണ് ഞങ്ങളോട് സംസാരിച്ചത് . എന്തെങ്കിലും തങ്ങളുടെതായും കൊണ്ടുവന്നുതരാമെന്നു പറഞ്ഞ് കൂടെയുള്ള മറ്റുള്ളവരും , അദ്ദേഹത്തെ കൂടെക്കൂട്ടി ഞങ്ങളും അവിടുന്ന് റൂമുകളിലേക്ക് പിരിഞ്ഞു വേഗം തന്നെ ...!
.
റൂമിലെത്തി അകത്തേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താനൊരു രോഗിയാണോയെന്ന് ടെസ്റ്റ് ചെയ്തിട്ട് അകത്തേക്ക് കയറ്റിയാൽ മതിയെന്നാണ് . അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെങ്കിലും വിശന്നുപൊരിയുന്ന ഒരുമനുഷ്യനോട്‌ അങ്ങിനെ ചെയ്യാൻ മനസ്സനുവദിക്കാത്തതിനാൽ കയറിയിരിക്കാൻ പറഞ്ഞ് ഞങ്ങൾ അകത്തേക്ക് കയറി . വേഗം പോയി കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവന്നുകൊടുത്തു ആദ്യംതന്നെ . ഒട്ടൊരു ആർത്തിയോടെ അദ്ദേഹമത് കുടിച്ചശേഷം പറഞ്ഞത് തനിക്കൊന്ന് പ്രാര്ഥിക്കണമെന്നാണ് . ഉടനെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്ത് ഞങ്ങൾ കാലത്ത് ജോലിക്കു പോകും മുന്നേ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണമൊക്കെ ഫ്രിഡ്‌ജിൽ നിന്നും എടുത്ത് തയ്യാറാക്കാൻ തുടങ്ങി ...!
.
പ്രാര്ഥനകഴിഞ്ഞ് വന്ന അദ്ദേഹം ഞങ്ങൾ രാത്രിയിൽ കിടക്കാൻ എടുത്തുവെച്ചിരിക്കുന്ന ഷീറ്റുകളിൽ ഒന്നെടുത്ത് നിലത്തുവിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കാൻ തയ്യാറായി . അപ്പോഴേക്കും ഉള്ളതെല്ലാം തയ്യാറാക്കി ഞങ്ങൾ കൊണ്ടുവന്നു വെച്ചിരുന്നു അദ്ദേഹത്തിന് . അതിനൊപ്പം അപ്പുറത്തെ റൂമിലുള്ളവരും അവരവരുടേതായ ഉള്ള വിഹിതങ്ങൾ ഓരോന്നായി കൊണ്ടുവരാനും തുടങ്ങി . എല്ലാം കൂടി നോക്കിയപ്പോൾ വിവിധ വിഭവങ്ങളായി ഒരു സാദ്യതന്നെ ആയതിൽ ഞങ്ങളും സന്തോഷിച്ചു . അദ്ദേഹത്തിനായി എല്ലാം നീക്കിവെച്ച് കഴിക്കാൻ പറഞ്ഞ് ഞങ്ങളും അടുത്തിരുന്നു ...!
.
എല്ലാ വിഭവങ്ങളിലേക്കും ഓരോന്നോരോന്നായി എടുത്തുനോക്കി ചിലത് രുചിച്ചു നോക്കിയും മറ്റു ചിലത് മണത്തുനോക്കിയും അദ്ദേഹം എല്ലാ പാത്രങ്ങളും തിരഞ്ഞ് ഒടുവിൽ ആ കണ്ണുകൾ ഞങ്ങളുടെ നേരെയായി ഓരോരുത്തരിലേക്കും നോക്കി. എന്നിട്ടു പറഞ്ഞു ഇതിൽ മസാലദോശയില്ലല്ലോ , എനിക്ക് കഴിക്കേണ്ടത് അതാണ് എന്ന് . മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട മസാലദോശയില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ നടക്കുന്ന തനിക്ക് തീർച്ചയായും നിങ്ങൾ മസാലദോശ തരണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനക്കു മുന്നിൽ അനുസരണയോടെ നിൽക്കാനേ എന്തുകൊണ്ടോ ഞങ്ങൾക്കപ്പോൾ തോന്നിയുള്ളൂ . ....!
.
ഈ സമയത്ത് അങ്ങിനെ പുറത്തൊന്നും പോയി ഭക്ഷണം കഴിക്കാത്ത ഞങ്ങൾ പോലും ആഗ്രഹമുണ്ടായിട്ടും ഒരു മസാലദോശ കഴിച്ചിട്ട് മാസങ്ങളായെങ്കിലും വണ്ടിയുമെടുത്ത് സുഹൃത്തുക്കളിലൊരാളെ മസാലദോശവാങ്ങാൻ കുറച്ചുദൂരെയുള്ള കടയിലേക്ക് പറഞ്ഞയക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു . തന്റെ പ്രിയ വിഭവം ഇപ്പോഴെത്തുമെന്നുറപ്പായപ്പോൾ ഞങ്ങൾ അവിടെ നിരത്തിവെച്ച ഓരോ ഭക്ഷണവും ഒന്നൊന്നായി ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം കഴിച്ചുതുടങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, June 26, 2020

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!
.
ഒരു വലിയ ശ്വാസം അതിന്റെ പകുതിയിൽ കുടുങ്ങി ശ്വാസകോശത്തിനും ഹൃദയത്തിനും അപ്പുറം കടക്കാനാകാത്ത നെഞ്ചിൽത്തന്നെ തങ്ങി തറച്ചുനിൽക്കുന്ന വിങ്ങൽ . ആ വായു പുറത്തേക്കോ അകത്തേക്കോ പോകാനാകാതെ അവിടെത്തന്നെ കിടന്നുള്ള പിടച്ചിൽ . ആ പിടച്ചിലിനപ്പുറം തലച്ചോറിൽ നിന്നും ജീവൻ ഓരോ അണുവായി പതിയെ അരിച്ചിറങ്ങുന്ന വേദന . അതിങ്ങനെ തലയിൽനിന്നും മുഖത്തിലൂടെ കഴുത്തിലൂടെ നെഞ്ചും കടന്നു വയറ്റിലൂടെ കാലുകളിലേക്കിറങ്ങുന്നതിന്റെ ഞെരിച്ചിൽ ...!

നെഞ്ചിൽ പിടഞ്ഞു പൊതിയുന്ന ആ ശ്വാസത്തിന്റെ പകുതി പിന്നെ ശരീരം മൊത്തമായും പടർന്നു കയറുന്നൊരു വിറയലാകുന്നതും ശരീരം തളർന്ന് ഒരു ഭാരമില്ലായ്മയിലേക്ക് വഴുതിപ്പോകുന്നതും തന്റെ സ്വന്തമായ കൈകാലുകൾ തന്റേതല്ലാതാകുന്നതുമായുള്ള തിരിച്ചറിവ് .കൈകാലുകൾ കൂടാതെ ശരീരം തന്നെയും തന്റേതല്ലാതാകുന്ന നിശ്ചലത . ഒരു കുടം നിറയെ വെള്ളം കുടിച്ചുവീർപ്പിച്ച പോലെ വയർവന്നു വീർക്കുന്നതിന്റെ വയ്യായ്മ ...!
.
കണ്ണുകൾ കാണാതാകുന്നതും ചെവികൾ കേൾക്കാതാകുന്നതും നെഞ്ചിൽ തങ്ങിയ ശ്വാസത്തിന് ശേഷം വെളിയിൽ നിന്നുമായി ഒരിറ്റു വായുവിനായി മൂക്ക് എന്നതും വായെന്നതും പറ്റാവുന്നതിന്റെയപ്പുറവും തുറന്നുപിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന നിസ്സഹായത . അതും പറ്റാതെ നവദ്വാരങ്ങളിലൂടെയെങ്കിലും ഒരിറ്റു പ്രാണവായു അകത്തെത്തിക്കാനുള്ള പിടച്ചിൽ . ആരെയെങ്കിലും ഒന്ന് വിളിക്കാൻ നാവൊന്ന് ചലിപ്പിക്കാൻ കഴയാത്തതിന്റെ വെപ്രാളം . തന്റെ നിയന്ത്രണങ്ങളും വിട്ട് താൻ താനല്ലാതാകുന്ന പോലെ ....!
.
ചിന്തകളിലൂടെ, ജനിച്ചുവീണതുമുതൽ തൊട്ടുമുന്നത്തെ നിമിഷം വരെയുള്ള ഒഓരോ അനുനിമിഷവും ഇഴകീറി തന്റെയും തന്നെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെയും കാഴ്ചപ്പാടുകളിലൂടെ തികച്ചും വ്യത്യസ്തമായി ഫ്രെയിം റ്റു ഫ്രെയിമായി വ്യക്തമായ കാഴ്ചയിലൂടെ കടന്നു പോകുന്നത് . അതിൽ തന്റെ പ്രിയപ്പെട്ടവരെയെങ്കിലും ഒരു നിമിഷമൊന്നു ചേർത്തുനിർത്താൻ അവരെ തിരിച്ചൊന്ന് പറഞ്ഞറിയിക്കാൻ കഴിയുക പോലും ചെയ്യാത്തതിന്റെ നിസ്സഹായതയോടെ ...!
.
ഇരുട്ടും വെളിച്ചവും പുണ്ണ്യവും പാപവും തെറ്റുകളും കുറ്റങ്ങളും സഹൃദങ്ങളും പരിഭവങ്ങളും ആശകളും നിരാശകളും തിരിച്ചറിയുകയും ഇല്ലാതാവുകയും ചെയ്യുന്നതിന്റെ പൂർണ്ണത. ആകാശത്തേക്ക് ഉയർത്തപ്പെടുന്നതുപോലെയോ അല്ലെങ്കിൽ ഒരു വലിയ അഗാധമായ കുഴിയിലേക്ക് വീഴപ്പെടുന്നത് പോലെയോ ഉള്ള ഭീകരതകൊപ്പം തന്നിൽ നിന്നും വിട്ടുപോകാനോ പോകാതിരിക്കാനോ ശ്രമിക്കുന്ന ആ ജീവ ശ്വാസത്തിന്റെ എല്ലാ പരിധിയും വിട്ടുള്ള പിടച്ചിലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 25, 2020

ഓഫ്ഫ് റോഡ് ....!!!

ഓഫ്ഫ് റോഡ് ....!!!
.
തികച്ചും അപരിചിതമായ വഴികളിലൂടെ മാന്വൽ ഗിയറുള്ള ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയിൽ അതിനൊപ്പം സാഹസികരായ സുഹൃത്തുക്കളുമൊത്ത് ഒരു യാത്രപോകുന്നതിന്റെ ത്രിൽ . വഴികാട്ടാൻ സഹായങ്ങളൊന്നുമില്ലാതെ മുന്നിൽ എപ്പോഴോ കടന്നുപോയ ആകൃതിപോലുമറിയാത്ത ഏതോ ഒരു വണ്ടിയുടെ അവ്യക്തമായ ടയർ പാടുകൾ നോക്കി , സൂര്യനെയും ചന്ദ്രനെയും ദിക്കറിയാൻ ആശ്രയിച്ച് വളവുകളും തിരിവുകളും അപ്രതീക്ഷിതങ്ങളായ അപകടങ്ങളും നിറഞ്ഞ അജ്ഞാത വഴിയിലൂടെ , പറ്റാവുന്നതിന്റെ മാക്സിമം സ്പീഡിൽ കാറ്റിനോടും ആകാശത്തോടും മത്സരിച്ച് മേഘങ്ങളെ വെല്ലുവിളിച്ച് ഒരു യാത്ര .....!
.
പെട്ടെന്നവസാനിക്കുന്ന വഴിയിൽനിന്നും ഇടത്തോട്ടോ വലത്തോട്ടോ മുന്നിലേക്കോ പുറകിലേക്കോ പോകേണ്ടതെന്നറിയാതെ വെപ്രാളപ്പെടുന്നതിനിടയിൽ സ്വയം മറിഞ്ഞു പോകുന്ന വണ്ടിയിൽ നിന്നും ചാടിയിറങ്ങി തള്ളി ശരിയാക്കി നേരേനിർത്തി വീണ്ടും ചാടിക്കയറി ഓടിച്ചു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീഴുന്ന ഒരു മരമോ മൃഗമോ വണ്ടിയിൽ തട്ടാതിരിക്കാൻ വട്ടം കറക്കി ചുറ്റിയോടിച്ച് ചവിട്ടിനിർത്തുമ്പോൾ മണ്ണിൽ പുതഞ്ഞുപോകുന്ന ചക്രങ്ങൾ തള്ളിപ്പുറത്തെടുക്കാൻ സർവ്വശക്തിയുമെടുത്തു തള്ളിതളർന്ന് വണ്ടിക്കുചുറ്റും തന്നെ തളർന്നു കിടക്കുന്നതിന്റെ ഒരു സുഖത്തോടെയുള്ളൊരു യാത്ര ...!
.
കയറാൻ പറ്റാത്ത കയറ്റങ്ങൾ കയറുമ്പോൾ കൂടെയുള്ളവർ ഇറങ്ങി തള്ളിയും ഇറക്കങ്ങളിൽ മുന്നോട്ടു മൂക്കും കുത്തി വീഴാതിരിക്കാൻ വണ്ടിയെ ഉള്ളിൽ നിന്നും പിടിച്ചുനിർത്തുന്നതായി അഭിനയിച്ചും ചരിഞ്ഞ പ്രതലത്തിലൂടെ അടുത്തിരിക്കുന്നവന്റെ മടിയിലേക്ക് മനപ്പൂർവ്വം വീണുരുണ്ടും മുന്നിൽ കണ്ടുകിട്ടുന്ന ഒരു തെളിനീരുറവയിൽ നിന്നും മതിവരുവോളം വെള്ളം കുടിച്ച് അതിൽത്തന്നെ കിടന്നുരുണ്ടും , വഴിയിൽ കാണുന്ന മരങ്ങളിലെ പഴങ്ങൾ പറിച്ചുതിന്നും ആകാശം പോലെ ഭൂമിയും സ്വന്തമാക്കി ഒരു യാത്ര ...!
.
ഇടയ്ക്കു നല്ല റോഡുകളിലൂടെ മുന്നിൽ കാണുന്ന വണ്ടികളെ ചെയ്‌സ് ചെയ്ത് മുട്ടിച്ച് മുട്ടിച്ച് തൊട്ടുതൊട്ടില്ലെന്നമട്ടിൽ അവരിൽ പ്രകോപനമുണ്ടാക്കി നമ്മളെ പിടിക്കാൻ വരാൻ വിട്ടുകൊടുത്ത് അടുത്തെത്തുമ്പോൾ സ്പീഡെടുത്തകന്ന് ചെന്നുപെടുന്ന പോലീസുകാർക്കുമുന്നിൽ പഞ്ചപാവങ്ങളായഭിനയിച്ച് സീറ്റ് ബെൽറ്റൊക്കെയിട്ട് നല്ലകുട്ടികളായിരുന്ന് പതിയെ ഒതുക്കിയൊതുക്കിയെടുത്ത് അവരങ്ങ് പൊയ്ക്കഴിയുമ്പോൾ അതിന്റെയൊക്കെ കേടുതീർക്കാനെന്നവണ്ണം സ്പീഡ് നീഡിൽ അറ്റം മുട്ടുന്ന അത്രയും സ്പീഡെടുത്തോടിച്ച് പറന്നകലുന്ന വിധം ഒരു യാത്ര ...!
.
അൽപ്പം ഉയർന്നൊരു സ്ഥലം കിട്ടിയാൽ അതിലൂടെ ഒരുവശം കയറ്റി ചരിച്ചോടിച്ചും , കൂടുതൽ വിസ്താരമുള്ളൊരു വെളിമ്പറമ്പ് കിട്ടിയാൽ, ഹാൻഡ്‌ബ്രേക്കിൽ ചവിട്ടിനിർത്തി പിൻചക്രങ്ങളിൽ കറക്കിയും പെട്ടെന്ന് നിർത്തി പെട്ടെന്ന് മുന്നോട്ടാഞ്ഞെടുപ്പിച്ചും വണ്ടിക്കൊപ്പം മനസ്സിനെയും പറപ്പിക്കുന്ന ഒരു മനോഹര യാത്ര ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, June 23, 2020

നിധി ....!!!

നിധി ....!!!
.
അതൊരു അമാവാസി ദിവസമായിരുന്നു . എന്നിട്ടും നാട്ടുവെളിച്ചം ആ ഇട വഴികളിലൊക്കെയും കുസൃതിയോടെ തത്തിക്കളിച്ചിരുന്നു . ഒപ്പം നനവാർന്ന ഒരു മഴ അപ്പോഴും അവിടെയൊക്കെയും ഉലാത്തിനടക്കുന്നൊരു ചെറുകാറ്റിനോട് പതിയെ കിന്നാരവും പറഞ്ഞുകൊണ്ട് നനുനനെ പെയ്യുന്നുമുണ്ടായിരുന്നു . കാറ്റിനോടും മഴയോടും പരിഭവിച്ച് നാട്ടുവെളിച്ചതിനൊപ്പം ഒളിച്ചുകളിച്ച് തളിരിലകളും ഇളം ചില്ലകളും വല്ലാതെ ആലസ്യപ്പെടുകയും ചെയ്തിരുന്നു ....!
.
പടിപ്പുരയുടെ മുളങ്കടമ്പ ശബ്ദമുണ്ടാക്കാതെ നീക്കി മുന്നോട്ടു നടന്നുമാറി വഴിയൊരുക്കുമ്പോഴും ആ കൈകൾ വിട്ടിരുന്നില്ല അയാൾ. ദിവസങ്ങൾക്കുമുമ്പ് അങ്ങുദൂരെ നിന്നും പുറപ്പെടുപ്പുമ്പോൾ മുറുകെ പിടിച്ചതാണവിടെ . ഇനിയും കൈവിട്ടുപോകരുതെന്ന കരുതലോ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയതിന്റെ ആവേശമോ എന്നറിയില്ല . കൂടെയുണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തി തനിക്കൊപ്പം തന്നെ കൂട്ടി നടത്തി ഏറെ കരുതലോടെ , ഏറെ ആധിയോടെയും ...!
.
മുറ്റത്ത് ഒട്ടൊരു പരിഭവത്തോടെ പരന്നു കിടക്കുന്ന കരിയിലകളിൽ ചവിട്ടി ശബ്ദമുണ്ടാക്കാതിരിക്കാനും അയാൾ വല്ലാതെ ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെയും രാത്രിയിലെ ആ .മഴയത്തെ നനുത്ത തണുപ്പിൽ മെല്ലെ പുതഞ്ഞു ഒതുങ്ങി മയങ്ങി കിടക്കുന്ന അവയ്ക്കു പക്ഷെ പരിഭവം കാണിക്കാൻ അപ്പോൾ സൗകര്യമുണ്ടായിരിക്കെല്ലെന്നു പോലും അയാൾ ഓർക്കാനും മറന്നു പോയിരുന്നു 'അമ്മ നിറഞ്ഞ സ്നേഹത്തോടെ നട്ടുവളർത്തുന്ന മുറ്റത്തെ മന്ദാരവും മുല്ലയും ചെത്തിയും ചെമ്പകവും പൂക്കളാൽ സ്വായലംകൃതമായി തങ്ങളെ വരവേൽക്കാൻ നിൽക്കുന്നതിൽ അയാൾ സന്തോഷിക്കുകതന്നെ ചെയ്യുകയും ചെയ്തു അപ്പോൾ . ...!
.
ഉമ്മറത്തേക്ക് കയറുമ്പോൾ എപ്പോഴും കരുതിവെക്കാറുള്ള ആ വലിയ ഓട്ടു കിണ്ടിയിലെ വെള്ളം നീട്ടിക്കൊടുക്കാൻ ഒട്ടും മടിച്ചില്ല . കാലുകഴുകി ഉമ്മറത്തേക്ക് കയറുമ്പോൾ ഇനി ആ കാലുകൾ ഒരിക്കലും വിറക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുക തന്നെ ചെയ്യുകയും ചെയ്തിരുന്നു . ഉമ്മറത്തുനിന്നും അകത്തേക്ക് കയറുമ്പോൾ അയാൾ ഒരുനിമിഷം അവിടെത്തന്നെ നിന്ന് അരികിലെയാ ചാരുകസേരയിലേക്കൊന്ന് തലതിരിച്ചുതന്നെ ശ്രദ്ധിക്കാനും മറന്നില്ല . കരുതിവെച്ച ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് അതവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം ..!
.
ഉമ്മറപ്പടിയിൽ നിന്ന് ആ വലിയ വാതിലിൽ മുട്ടുമ്പോൾ അയാളുടെ ഹൃദയമായിരുന്നു അതിനേക്കാൾ വേഗത്തിൽ മിടിച്ചിരുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു . എന്നിട്ടും ആ കടുത്ത നിശബ്ദതയിൽ അകത്തുനിന്നും ആശങ്കകൾ ഒട്ടും പ്രകടിപ്പിക്കാതെ മെല്ലെ അടുത്തെത്തുന്ന അമ്മയുടെ കരുതലോടെയുള്ള ആ കാലൊച്ച അയാളെ പരിഭ്രമിപ്പിയ്ക്കാനാണ് അപ്പോൾ ശ്രമിപ്പിച്ചത് . ഏതുപാതിരാക്കും അഹങ്കാരത്തോടെ കടന്നെത്താറുള്ളപ്പോഴൊന്നും ഒരിക്കലും തോന്നാത്ത വിധത്തിൽ ...!
.
സാക്ഷ അതിന്റെ പിടിയിൽ നിന്നും ഊർന്നുമാറി വാതിൽ പാളികൾക്ക് തുറക്കപ്പെടാനുള്ള അനുവാദം കൊടുക്കുന്നത് ആപ്പോഴെത്തിയ ഒരു കുഞ്ഞിളം കാറ്റിനൊപ്പം അയാളിലും ആശ്വാസം തന്നെ വരുത്തി . വാതിൽ തുറന്ന് ഒരു നിലാവുപോലെ അമ്മയുടെ മുഖം തെളിയുന്നത് പണ്ടത്തെ നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖത്തോടെ അയാൾ നോക്കി നിന്നു . പിന്നെ പതിയെ തന്റെ കയ്യിൽ കരുതലോടെ കരുതിക്കൊണ്ടുവന്ന മുപ്പതു വര്ഷം മുൻപ് അമ്മതന്നെ നഷ്ട്ടപ്പെടുത്തിയ ആ നിധി സ്നേഹപൂർവ്വം ആ കൈകളിലേൽപ്പിച്ച് തിരിഞ്ഞുനോക്കാതെ അകത്തെ ഇരുട്ടിലൊളിച്ചൊന്ന് നിശ്വസിക്കാൻ അഭിമാനത്തോടെ നടന്നകന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 21, 2020

ഓർമ്മപ്പെടുത്തലുകൾ ....!!!

ഓർമ്മപ്പെടുത്തലുകൾ ....!!!
..
നമ്മൾ
വശങ്ങളിലേക്ക്
മനപ്പൂർവ്വം മാറ്റിവെച്ചുകൊണ്ട് ,
മനപ്പൂർവ്വം മറന്നു പോകുന്ന
ചിലതുണ്ട്
ഏറെ പ്രിയപ്പെട്ടതെങ്കിലും
പലപ്പോഴും ....!
..
അവപക്ഷേ , തിരിച്ച്
നമ്മളാഗ്രഹിക്കുമ്പോൾ
സ്വയം പോലുമവശേഷിപ്പിക്കാതെ
അവരിൽനിന്നുതന്നെയും
എന്നേക്കുമായി മാഞ്ഞുപോയിരിക്കും
അപ്പോഴേക്കും ...!
..
എന്നിട്ട്
പിന്നീട് നമ്മളെ
മറക്കാനാകാത്ത
പാടുകളവശേഷിപ്പിച്ചുകൊണ്ട്
ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാൻ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 20, 2020

കാണുന്നവൻ്റെ കാഴ്ച ...!!!

കാണുന്നവൻ്റെ കാഴ്ച ...!!!
.
കാണുന്നവർ കരുതുന്നത്
തങ്ങൾ കാണുന്നത്
തങ്ങളുടെ മാത്രം കാഴ്ചയെന്ന്
കാണാത്തവർ കരുതുന്നത്
അത് അവരുടെ കാഴ്ചയില്ലായ്മയെന്ന് ...!
.
കാണുന്നവനും അറിയുന്നില്ല
കാണാത്തവനും അറിയുന്നില്ല
കാഴ്ച പക്ഷെ കണ്ണിന്റേതു കൂടി
മാത്രവുമല്ലെന്ന് ...!
.
അപ്പോൾ പിന്നെ
രൂപവും , കണ്ണും ,
കാഴ്ചയില്ലായ്മയും
കാഴ്ചയും തമ്മിൽ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, June 17, 2020

വിധിവൈപരീത്യം ....!!

വിധിവൈപരീത്യം ....!!

പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്തെടുത്ത അണ്ടിപ്പരിപ്പാണ് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്പെഷ്യൽ വിഭവം . അതിനിത്തിരി വിലക്കൂടുതലായതിനാൽ എപ്പോഴുമൊന്നും അവൾക്കത് കിട്ടില്ല . അച്ഛന് ശമ്പളം കിട്ടുന്ന വ്യാഴാഴ്ചകളിൽ അച്ഛൻ അവൾക്കായി അതൊരു ചെറിയ പൊതി വാങ്ങികൊണ്ടുവരും . അതിന്റെ അവകാശം മുഴുവനും അവൾക്കുമാത്രമാണെന്നാണ് വെപ്പ് . പക്ഷെ അച്ഛനിൽ നിന്നും വാങ്ങി കുറെ നേരം തന്റെ അവകാശം സ്ഥാപിച്ചു കൊണ്ട് കൈയ്യിൽ പിടിച്ച് നടന്നശേഷം പിന്നെ പൊതിയഴിച്ച് ഏട്ടനും അവളുമായാണ് അത് പങ്കുവെച്ച് കഴിക്കുക . അവളുടെ പങ്കിൽനിന്നും അവൾ ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഓരോന്ന് ഓടിപ്പോയി വായിൽവെച്ചുകൊടുക്കാനും മറക്കാറില്ല ....!
.
അമ്മയോടൊപ്പം ആശുപത്രിയിൽ പോയ അന്നാണ് അവൾ അത് ആദ്യമായി രുചിച്ചത് . ആശുപത്രിയിൽ പോകുമ്പോഴെയുള്ള ഉറപ്പാണത് . പോകണമെങ്കിൽ തിരിച്ചുവരുമ്പോൾ മധുരപലഹാരങ്ങൾ വാങ്ങിക്കൊടുക്കണമെന്ന് . അങ്ങിനെയാണ് ഡോക്ടറെയും കണ്ട് മരുന്നും വാങ്ങി തിരിച്ചുവരുംവഴി അവളുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ കയറിയത് . ആ വലിയ പച്ചക്കറിചന്തക്കടുത്തുള്ള മധുരപലഹാരങ്ങളുണ്ടാക്കുന്ന ആ ചെറിയ കടയിൽ ' . അവരവിടെ ആ കടയിൽ തന്നെയാണ് മധുരപലഹാരങ്ങളും ഒക്കെ ഉണ്ടാക്കിയിരുന്നത് . മറ്റിടങ്ങളിലേതിനേക്കാൾ കുറച്ചുവിലക്കുറവുമായിരുന്നു അവിടെ....!
.
വിലകുറഞ്ഞതും എന്നാൽ അവളെ തൃപ്തിപ്പെടുത്തുന്നതുമായ ചില മധുരപലഹാരങ്ങൾ 'അമ്മ തിരഞ്ഞെടുക്കുന്നതിനിടയിലാണ് , അവിടെ അപ്പുറത്ത് ഒരു അപ്പൂപ്പൻ വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതും നോക്കി അവൾ നിന്നത് . ഉണ്ടാക്കുന്നതിനിടയിൽ ആ അപ്പൂപ്പനാണ് അവൾക്ക് അതിൽനിന്നും കുറച്ചെണ്ണം തിന്നാൻ കയ്യിൽ വാരി എടുത്തുകൊടുത്തത് . അതവൾക്ക് ആദ്യമായായിരുന്നു കിട്ടിയതുതന്നെ . പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്ത പ്രത്യേകരുചിയുള്ള കശുവണ്ടിപ്പരിപ്പ് . ഒരെണ്ണം തിന്നപ്പോൾ തന്നെ അവൾ രുചിയുടെ മായിക ലോകത്തെത്തിയിരുന്നു . അമ്മയോട് അതുതന്നെ വാങ്ങിക്കൊടുക്കാൻ പറഞ്ഞ് വാശിപിടിച്ചപ്പോൾ അമ്മയതിന് അപ്പോൾ വിലയും ചോദിച്ചു . ....!
.
അവർക്കത് വലിയ വിലയായതിനാൽ അവളെ പിന്നെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ച് 'അമ്മ ഒരുവിധത്തിലാണ് അവിടുന്ന് കൊണ്ടുപോന്നത് . കടയിൽനിന്നിറങ്ങിയിട്ടും വഴിനീളെയും പ്രതിഷേധത്തോടെ പിറുപിറുത്തുകൊണ്ടാണ് അവൾ അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നതുതന്നെ . വീട്ടിലെത്തിയതും അവൾ ഏട്ടനടുത്തേക്ക് ഓടിച്ചെന്ന് കയ്യിൽ തിന്നാതെ കരുതിയതിൽ നിന്നും ഒരെണ്ണം എടുത്ത് കൊടുത്ത് എങ്ങിനെയുണ്ടെന്ന് കൊതിപ്പിച്ച് ചോദിച്ചപ്പോൾ ഏട്ടനും അതിഷ്ടമായിരുന്നു . ഏട്ടനും ഇഷ്ടമായാൽ ഇനിയും വാങ്ങിപ്പിക്കാൻ കൂടെനിൽക്കാനുള്ള കൂട്ടാകുമല്ലോ എന്നതാണ് അവളുടെ സൂത്രവും .പിന്നെയവൾ അച്ഛൻ വരാനുള്ള കാത്തിരിപ്പായിരുന്നു . വൈകുന്നേരം അച്ഛൻ ജോലികഴിഞ്ഞ് വരും വരെയും ...!
.
തന്റെയാ പഴയ സൈക്കിളിൽ അച്ഛൻ വരുന്നത് ദൂരെനിന്നും കണ്ടതും ഓടിച്ചെന്ന് അവൾ കാര്യം പറഞ്ഞു . കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ച് കാത്തുവെച്ച ആ കശുവണ്ടിപ്പരിപ്പ് അപ്പോഴേക്കും അവളുടെ വിയർപ്പും കയ്യിലെ അഴുക്കും ഒക്കെ കൂടി വൃത്തികേടായിട്ടും അവളത് അച്ഛന്റെ വായിൽവെച്ചു കൊടുത്ത് രുചിച്ചുനോക്കാൻ പറഞ്ഞു. അച്ഛനും അതിഷ്ടമായതോടെ ഇനി വരുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ അവൾ അച്ഛന്റെ പുറകെ നടപ്പായി അപ്പോൾ മുതൽ .. വീട്ടുസാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുമ്പോൾ കഴിഞ്ഞ ആഴ്ചയല്ലേ വാങ്ങിയത് ഇത്രവേഗം കഴിഞ്ഞോ എന്ന് അമ്മയോട് ചോദിക്കാറുള്ള അച്ഛൻ പക്ഷെ 'അമ്മ കേൾക്കാതെ അവൾക്കുറപ്പുകൊടുത്തു, ഈ വ്യാഴാഴ്ച ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരാമെന്ന് ...!
.
പറഞ്ഞത് പോലെ ആ വ്യാഴാഴ്ച അച്ഛനത് മറക്കാതെ വാങ്ങിക്കൊടുത്തപ്പോൾ ആ ആറു വയസ്സുകാരിക്ക് ലോകം തന്നെ കീഴടക്കിയ പ്രതീതിയായിരുന്നു . അവളും ഏട്ടനും പങ്കിട്ടെടുത്ത് ഇടക്ക് അച്ഛനും അമ്മയ്ക്കും കൂടി കൊടുത്ത് അന്നത്തയും പിറ്റേന്നത്തേയും ദിവസം മുഴുവനുമെടുത്താണ് വളരെ കുറച്ചായിരുന്നിട്ടുപോലും അവളത് തിന്നുതീർത്തത് . . പിന്നെ പക്ഷെ അടുത്ത ആഴ്ചയും വാങ്ങാമെന്നു പറഞ്ഞെങ്കിലും അച്ഛന് കൃത്യമായി ജോലിയും ശമ്പളവും ഇല്ലായിരുന്നു പിന്നെയങ്ങോട്ട് . അതിനിടയിൽ ഒരിക്കൽക്കൂടി അച്ഛൻ വാങ്ങിക്കൊടുത്തതൊഴിച്ചാൽ പിന്നെ അച്ഛനും അതിനുള്ള പാകമുണ്ടായിരുന്നില്ല . അങ്ങിനെ ഒരുപാടുനാളുകൾക്ക് ശേഷമാണ് അച്ഛൻ വീണ്ടും ജോലിക്കു പോകാൻ തുടങ്ങിയതിപ്പോൾ ...!
.
അന്ന് വ്യാഴാഴ്ചയാണ് . കാലത്തുമുതൽ അവൾ കാത്തിരിപ്പുമാണ് .സ്‌കൂളിൽ പോയതുതന്നെ ഒരുവിധത്തിലാണന്ന് . അച്ഛനെ പോകും മുന്നേ ഒരു നൂറു പ്രാവശ്യമെങ്കിലും അവൾ ഓർമ്മിപ്പിച്ചിട്ടുണ്ട് മറക്കാതെ വാങ്ങണേയെന്ന് . ആ കടയുടെ അടയാളങ്ങളും അതിരിക്കുന്ന സ്ഥലവും എത്രയാണ് വാങ്ങേണ്ടതെന്നും അതിനടുത്തുതന്നെ അതുപോലുള്ള വേറെയും കശുവണ്ടികളുള്ളതുകൊണ്ട് തെറ്റാതെ അതുതന്നെ ഒരെണ്ണം വാങ്ങി രുചിച്ചുനോക്കിയേ വാങ്ങാവൂവെന്നും അവൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു . കുറെ നാളുകളായതിനാൽ അച്ഛൻ മറന്നുപോയിട്ടുണ്ടാകുമെന്നു പറഞ്ഞ് ,.സ്കൂളുവിട്ടുവന്നതും അമ്മയുടെ ശാസനകൾ അവഗണിച്ച് ഒരുവിധത്തിൽ കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞ് , ഉമ്മറപ്പടിയിൽ അച്ഛന്റെ സൈക്കിളിന്റെ മണിയൊച്ചയും കാത്ത് അവൾ കൊതിയോടെയിരുന്നു . പക്ഷേ ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Friday, June 12, 2020

ഒറ്റയായിപ്പോയ കുട്ടി ....!!!

ഒറ്റയായിപ്പോയ കുട്ടി ....!!!
.
ഇവിടെ ഈ മുറിയിലാണ് മുൻപ് അച്ഛനും അമ്മയും കൂടി അവൻ കിടന്നുറങ്ങിയിരുന്നത് . ദേ , അപ്പുറത്തെ ആ മുറിയിലാണ് 'അമ്മ അവന് കഥകൾ പറഞ്ഞ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് വായിൽ ചോറുവാരിക്കൊടുക്കാറുള്ളത് , ആ കുളിമുറിയിലാണ് 'അമ്മ അവനെ കുളിപ്പിക്കാറുള്ളത് . ആ അടുക്കളയിലാണ് അച്ഛനും അവനും കൂടി ആവേശപൂർവ്വം അമ്മയുടെകണ്ണുവെട്ടിച്ച് പാചക പരീക്ഷണങ്ങൾ നടത്താറുള്ളത് . മുന്നിലെ ആ മുറിയിലാണ് അച്ഛനും അമ്മയും അവനും കൂടി കളിച്ചു ചിരിച്ച് ടീവിയുംകണ്ടുകൊണ്ട് സമയം ചിലവഴിക്കാറുള്ളത് .അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായ ആ എട്ടുവയസ്സുകാരന്റെ കൊച്ചുകുടുംബം ...!
.
പക്ഷെ , ഇപ്പോൾ അച്ഛനില്ല . തന്റെ കണ്മുന്നിൽ വയ്യാതായി കിടക്കുകയും പിന്നെ നിശ്ചലനായിപ്പോവുകയും ചെയ്ത അച്ഛനെ നാലുദിവസമായി അവർ പിന്നെയൊന്നുകൂടി കാണാൻ പോലും അവനെ അനുവദിക്കാതെ കൊണ്ടുപോയിട്ട് . അവനിൽ നിന്നും . ഒന്ന് കരയാൻ പോലുമാകാതെ അമ്മയപ്പോൾ കിടക്കുന്നതും അവൻ നോക്കികണ്ടുനിന്നു . അവിടെ വന്ന അവരാരും അപ്പോൾ അവർക്കടുത്തേക്ക് വന്നതേയില്ലായിരുന്നു . മുഖവും ശരീരവും മറച്ച കുറെ രൂപങ്ങൾ മാത്രം . അവനു മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ എന്തൊക്കെയോ അവനോടു പറഞ്ഞിരുന്നു അപ്പോൾ ....!
.
അച്ഛനെ അവർ കൊണ്ടുപോയതിനു ശേഷം 'അമ്മ മിണ്ടിയിട്ടേയില്ല . എഴുന്നേറ്റിട്ടുമില്ല . ഒന്നും കഴിച്ചിട്ടുമില്ല എന്നും രണ്ടുവട്ടം ആകെമൂടിപുതച്ച ഒരു രൂപം വന്ന് തങ്ങൾക്കുള്ള ഭക്ഷണവും കൊണ്ടുവന്ന് അമ്മയെ നോക്കുന്നതൊഴിച്ചാൽ എല്ലാവരും വാതിലുപുറത്തുനിന്നുമാത്രം തങ്ങളെ നോക്കുന്നതും സംസാരിക്കുന്നതും അവൻ നിസ്സംഗതയോടെ നോക്കി നിന്നു . എല്ലാവരും സംസാരിക്കുന്നത് ഫോണിൽ മാത്രം. ചിലർക്കൊക്കെ വിളിക്കുമ്പോൾ അതിനും പേടിപോലെ . അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു അപ്പോഴൊക്കെ. ...!
.
അവനെ അമ്മയിപ്പോൾ കുളിപ്പിക്കാറില്ല. തല തുവാർത്താൻ അവനറിയില്ലായിരുന്നു . വസ്ത്രം മാറാനും . അമ്മയാണ് എല്ലാം ചെയ്തിരുന്നത് . ഭക്ഷണം ഉണ്ടാക്കാൻ പോയിട്ട് എടുത്തുകഴിക്കാൻ പോലും അവനറിയില്ലായിരുന്നു . അമ്മയോ അച്ഛനോ ആണ് അവനെ ഊട്ടാറുള്ളത് . പഠിക്കാൻ അവൻ മിടുക്കനായിരുന്നു. വളരെ വൃത്തിയായി എഴുതുകയും പഠിക്കുകയും ചെയ്യുന്ന അവനെ പക്ഷെ പുസ്തകങ്ങൾ എടുത്തുവെക്കാനും മറ്റും അച്ഛനായിരുന്നു സഹായിച്ചിരുന്നത് എപ്പോഴും . കൂടെ കളിക്കാൻ അച്ഛനായിരുന്നു അവന്റെ കൂട്ട് . ചറപറാ സംസാരിക്കാൻ അവന്റെ അമ്മയും ..!
.
ഇന്നലെ വീണ്ടും അവർ വന്നു. മുഖവും ശരീരവും മറച്ച അതേ ആ രൂപങ്ങൾ . എന്നിട്ടവർ അവനോടെന്തോക്കെയോ പറഞ്ഞു. അവനു കഴിക്കാൻ കുറെ സാധനങ്ങൾ കൊണ്ടുവച്ചു . എന്നിട്ടു തീരെ അവശയായ അമ്മയെയും കൊണ്ട് അവർ പോയി. ഇപ്പോൾ അവനറിയില്ല അമ്മയും എവിടെയെന്ന് . ആരും വരാത്ത ആരുമില്ലാത്ത ആ വീട്ടിൽ അവൻ ഒറ്റക്ക് . ഒന്നിനും ആകാതെ , ഒന്നിനും കഴിയാതെ . ഒരു എട്ടു വയസ്സുകാരൻ ഇനിയെന്തു ചെയ്യും . അറിയില്ല . അവന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അവനിൽനിന്നും പിടിച്ചുപറിച്ചു കൊണ്ട് പോയിട്ട്, ദൈവം മാത്രം അവന്റെ കൂടെയിരുന്നിട്ട് ആ കൊച്ചുകുഞ്ഞിനിനി എന്ത് കാര്യം ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
( അസുഖം വന്നു മരിച്ച ഒരാളുടെ വീട്ടിൽ നിന്നുള്ള നേർക്കാഴ്ച . . ഞാനും തീർത്തും നിസ്സഹായതയോടെ , ഒരച്ഛന്റെ ഉള്ളു പൊള്ളുന്ന വേദനയോടെ ...!)

Tuesday, June 9, 2020

ആന കൊടുത്താലും ....!!!

ആന കൊടുത്താലും ....!!!
.
ആനയും അമ്പാരിയും കുതിരപ്പടയാളികളും മുട്ടിനുമുട്ടിന്‌ വാല്യക്കാരുമുള്ള ആ വലിയ തറവാട്ടുവീട്ടിൽ ഒറ്റയ്ക്ക് മദിച്ചുല്ലസിച്ച് ജീവിച്ചുമടുത്തപ്പോഴാണ് അയാൾക്ക്‌ തുലാമാസത്തിലെ മഞ്ഞും ചെറിയൊരു കാറ്റും ഒപ്പമൊരു കുഞ്ഞു മഴയും ഒക്കെയുണ്ടായിരുന്ന ആ ഒരു ഞായറാഴ്ച പുലർച്ചെ നല്ലൊരു കോഴിബിരിയാണി തിന്നാൻ കൊതിയായത് . പൂതി പെരുത്ത് തോന്നിയതും ബിരിയാണിവെക്കാൻ പറ്റിയ കൊല്ലം തികഞ്ഞൊരു പൂവനെത്തേടി അപ്പോൾത്തന്നെ ഉടുത്തൊരുങ്ങി ചന്തയിലേക്കിറങ്ങി ....!
.
ചന്തയിൽ ചെന്ന് ചന്തം തികഞ്ഞൊരു പൂവനെത്തന്നെ തിരഞ്ഞെടുത്ത് ബിരിയാണിക്കുള്ള കഷ്ണങ്ങളാക്കി തരാൻ പൈസയും കൊടുത്തു പറഞ്ഞേൽപ്പിച്ച് അപ്പുറത്തെ കടകളിൽ പോയി ബിരിയാണിക്കുള്ള അരിയും സാധനങ്ങളും തിരഞ്ഞു വാങ്ങി സമയം കളയാതെ എത്തിയപ്പോഴേക്കും ചോരമണമുള്ള പൂവൻകോഴിക്കഷ്ണങ്ങൾ തേക്കിലയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി വെച്ചിരുന്നു അവിടെ ...!
.
സാധനങ്ങളുമായി വീട്ടിലെത്തി നേരെ പോയി എണ്ണയും താളിയും തേച്ച് ഇറ്റുവീഴുന്ന മഴത്തുള്ളികൾ വിട്ടുമാറാത്ത ഇളം ചൂടുള്ള കുളത്തിലെ വെള്ളത്തിൽ വിശാലമായൊരു കുളിയും കഴിഞ്ഞ് കോടിക്കസവുള്ള മുണ്ടും ഷർട്ടുമിട്ട് നേരെ ഉമ്മറത്തെത്തി ചാരുകസേരയിൽ ചാഞ്ഞിരുന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ബിരിയാണിതിന്നാൻ ആഘോഷപൂർവ്വം ക്ഷണിക്കലും കഴിച്ചു ഒട്ടും സമയം കളയാതെ ...!
.
ഉമ്മറപ്പടിയിൽ കാലുകഴുകാൻ വലിയൊരു കിണ്ടിയിൽ വെള്ളവും തളത്തിൽ വരുന്നവർക്കിരിക്കാൻ പുൽപ്പായയും നിവർത്തി വിരിച്ചിട്ട് തോട്ടത്തിൽ ഇറങ്ങി തളിരായ തൂശനിലത്തന്നെ നോക്കി തുമ്പുകളയാതെ മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊണ്ടുവന്നുവെച്ചു . തുളുനാടൻ വെറ്റിലയും വാസനച്ചുണ്ണാമ്പും പാക്കുമിട്ട് ചെല്ലവും ശരിയാക്കിവെച്ച് കഴിച്ചു വിശ്രമിക്കുമ്പോൾ വീശിമയങ്ങാൻ രാമച്ച വിശറിയും തയ്യാറാക്കിവെച്ചു ധൃതിയിൽത്തന്നെ ...!
.
ഒരുക്കങ്ങളെല്ലാം നടത്തി അടുക്കളയിലെത്തി വലിയ ബിരിയാണിച്ചെമ്പിൽത്തന്നെ അരികഴുകി അടുപ്പത്തിട്ട് ചമയത്തിനും അലങ്കാരത്തിനുമുള്ളതെല്ലാം അടുപ്പിച്ചുവെച്ച് മസാലയും കൂട്ടുകളും തയ്യാറാക്കിവെച്ച് ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന ബിരിയാണിക്കോഴിയെടുത്ത് അടുപ്പത്തുവെക്കാൻ കഴുകാൻ തുടങ്ങുമ്പോളാണറിയുന്നത് പൊതിയിൽ കോഴിയല്ല നല്ല തേനൂറുന്ന ചക്കചുളകളാണെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 8, 2020

മാന്യന്മാരുടെ മുറികൾ ...!!!

മാന്യന്മാരുടെ മുറികൾ ...!!!
.
വലിയമുറിതന്നെ തിരഞ്ഞെടുക്കണം
വേണ്ടപ്പെട്ടവരെ മാത്രം കയറ്റി
വാതിൽ മുറുക്കെയടക്കണം
വലിയ സാക്ഷകളും ഓടാമ്പലുകളുമിട്ട്
അതിനേക്കാൾ വലിയ പൂട്ടുമിട്ട് പൂട്ടണം
ജനാലകളും വെന്റിലേറ്ററുകളുമടക്കം
ശ്വാസം കിട്ടാനുള്ള ഏസിയൊഴികെ
തങ്ങൾ ചെയ്യുന്നതൊന്നും
മറ്റാരും കാണുന്നില്ലെന്നുറപ്പുവരുത്തി
ഒളിഞ്ഞുനോക്കാൻ കൂടിയുള്ള
എല്ലാ പഴുതുകളുമടക്കണം ....!
.
എന്നിട്ട് ,
പുറത്ത്, വലിയ അക്ഷരത്തിൽ
മനോഹരമായൊരു ബോർഡും തൂക്കണം -
സത്യസന്ധരുടെ മുറിയെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 6, 2020

വേട്ടയാടപ്പെടാൻ ...!!!

വേട്ടയാടപ്പെടാൻ ...!!!

ആദ്യം അവർ വന്നത് എന്നെത്തേടിയാണ്
അപ്പോൾ ഞാനൊരു കുഞ്ഞുജട്ടിയുമിട്ട്
മുറ്റത്തുകൂടി നടക്കുകയായിരുന്നു
അപ്പോഴവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയും അവർവന്നത്
എന്നെത്തന്നെ തേടിയായിരുന്നു
അപ്പോൾ പക്ഷെ ഞാനൊരു
വള്ളി ട്രൗസറും ഇട്ട് നടക്കുകയായിരുന്നു
അതുകൊണ്ടാണോ എന്നറിയില്ല
അവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയവർവന്നത് എന്നെത്തേടി മാത്രമായിരുന്നു
അപ്പോൾ ഞാനാകട്ടെ ജീൻസും ടീഷർട്ടുമിട്ട്
എന്റെ സുഹൃത്തുക്കളോടൊപ്പമായിരുന്നു
അപ്പോഴും അവരെന്നെ കൊണ്ടുപോകാതെ പോയി ...!
.
ഇപ്പോൾ ഞാനാകട്ടെ
മുണ്ടും ഷർട്ടുമിട്ട് എന്റെ വീട്ടിലാണ്
ഇനിയവർ വന്നാൽ
എന്നെ കൊണ്ടുപോകുമോ ആവോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 1, 2020

അടുത്ത വീട്ടിലെ മരണം ...!!!

അടുത്ത വീട്ടിലെ മരണം ...!!!
.
അരികഴുകി അടുപ്പത്തിട്ട് ഒരു കുട്ടിയെ നോക്കുംപോലെ അതിലേക്കു തന്നെ നോക്കിക്കൊണ്ടു നിൽക്കുമ്പോഴാണ് നാലഞ്ച് വീടുകൾക്കപ്പുറത്ത് ഒരു ആംബുലൻസ് വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് . അടുപ്പത്തിട്ട അരി അല്ലെങ്കിൽ തന്നെ കണ്ണ് തെറ്റിയാൽ ചോറാകണോ കഞ്ഞിയാകണോ എന്ന് സംശയിച്ചു സംശയിച്ചാണ് നിൽക്കുന്നതെന്നതിനാൽ ചോറാകാനും കഞ്ഞിയാകാനും ഇടനൽകാതെ സ്റ്റവ് ഓഫ് ചെയ്ത് കിട്ടിയ കുപ്പായമെടുത്തിട്ട് അങ്ങോട്ടൊട്ടോടി ഞങ്ങൾ എല്ലാവരും ...!
.
അന്ന്യനിലേക്കുള്ള ഒളിച്ചുനോട്ടത്തിൽ ഞങ്ങളും ഒട്ടും പുറകിലല്ലാത്തതിനാൽ നുഴഞ്ഞുകയറി അവിടുത്തെ ആൾക്കൂട്ടത്തിലേക്ക് ഞങ്ങളും . നാല് വീടുകൾക്കപ്പുറത്തെ ആ വീട്ടിലെ താമസക്കാരെ കുറിച്ച് തൊട്ടടുത്തുള്ളവർക്കു പോലും വലിയ വിവരമുണ്ടായിരുന്നില്ല . അവിടെ ഒരാളും അയാളുടെ ഭാര്യയും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നതത്രെ . ആരോടും ഒട്ടും അടുപ്പമില്ലാത്തവരായിരുന്നു അവർ എന്നാണ് അടുത്തുള്ളവർ പറഞ്ഞതപ്പോൾ . അയാൾക്ക് ഏതോ വലിയ കമ്പനിയിലാണ് ജോലി എന്നും ഉയർന്ന നിലയിലാണ് ജീവിതമെന്നും അവരിൽ ചിലർ പറഞ്ഞ് കേട്ടു ...!
.
ലോകം മുഴുവൻ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖം മറയ്‌ക്കേണ്ടതിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഒക്കെ പ്രാധാന്യം അറിയാവുന്നതും അറിയാത്തതുമായ എല്ലാ ഭാഷയിലും എല്ലാവരും ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലുള്ള പലരുടെയും നിൽപ്പുകണ്ടപ്പോൾ പന്തികേടുതോന്നി ഞങ്ങൾ പക്ഷെ സാമൂഹികാവകാലത്തിലേക്കു മാറിനിന്ന് രംഗം സാകൂതം വീക്ഷിക്കാൻ തന്നെ തുടങ്ങി. അപ്പോൾ ...!
.
പതിനഞ്ചു ദിവസത്തിൽ കൂടുതലായി രോഗലക്ഷണങ്ങളോടെ കഴിയുന്ന അയാൾ ആശുപത്രിയിൽ പോകാനോ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കാനോ നിൽക്കാതെ ഭാര്യയും മകനുമൊത്ത് വീട്ടിൽ തന്നെ കഴിയുകയായിരുന്നുവത്രേ അന്നുവരേയും . അവർക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആരുംതന്നെയില്ല അവിടെയെന്നും അടുത്തുള്ളവർ പറയുന്നുണ്ടായിരുന്നു. ഒടുവിൽ തീരെ വയ്യാതാവുകയും അവിടെത്തന്നെ മരിക്കുകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ ആ അമ്മയും കുഞ്ഞും രോഗബാധിതരാണെന്നും കൂടി പറഞ്ഞുകേട്ടു ..!
.
എന്തുതന്നെയായാലും , വരാനുള്ളത് വരികതന്നെ ചെയ്യുമെന്ന മട്ടിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലും ഉള്ള ചില വിവരദോഷികളുടെ പ്രവർത്തനങ്ങൾ മൂലം നഷ്ടപ്പെടുക അവരുടെ ജീവൻ മാത്രമല്ല, മറിച്ച് നിരപരാധികളായ , അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയും കൂടിയാണെന്ന് മനസ്സിലാക്കി ഓരോ പൗരനും ഉത്തരവാദിത്വത്തോടെ തന്നെ പെരുമാറേണ്ടത് അവനവന്റെയും രാജ്യത്തിന്റെയും ആവശ്യകതതന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, May 29, 2020

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

മെല്ലെ തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അപ്പോൾ . മുന്നിലെ നീണ്ടുനിവർന്ന കായൽപ്പരപ്പിൽ തന്റെ നെഞ്ചിടിപ്പുപോലെ ഓളങ്ങൾ തങ്ങളെ മാടിവിളിച്ചുകൊണ്ട് പുഞ്ചിരിക്കുകയും . അവൾ കുറച്ചുകൂടി തന്നോട് ചേർന്നിരിക്കുന്നത് ഹൃദയവും കടന്നാണെന്ന് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു അപ്പോൾ . കൈകൾ മെല്ലെ ചേർത്ത് ഇടയ്ക്ക് കണ്ണുകളിലേക്ക് മെല്ലെ നോക്കി പറയാനുള്ളതെല്ലാം ഇപ്പോഴേ പറഞ്ഞാൽ തീർന്നുപോയെങ്കിലോ എന്ന ആകുലതയോടെ നിഷ്കളങ്കമായി അവൾ ....!

ആറ്റിറമ്പിലെ കൊമ്പിൽ കഥയും പറഞ്ഞിരിക്കുന്ന തന്റെയാ ഓലവാലിയെ തേടി ചരിത്ര സ്മരണകളുറങ്ങുന്ന ആ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയത് നേരത്തെ പദ്ധതിയിട്ടിട്ടായിരുന്നു എങ്കിലും താനൽപ്പം ആകാംക്ഷാ ഭരിതനായിരുന്നു എന്നത് സത്യം . തേൻകരിക്കു പോലുള്ള ആ മുഖവും അത്രയും മധുരമുള്ള ആ ശബ്ദവുമെല്ലാം മുജ്ജന്മത്തിലെ തുടർച്ചയെന്നോണം നേരത്തെ മുതൽ തന്നെ ഹൃദ്യമായിരുന്നതെങ്കിലും ആദ്യമായി നേരിട്ട് കാണുന്നതിലെ ഒരു ത്രിൽ തന്റെ ഓരോ ചലനത്തിലും അപ്പോഴുണ്ടായിരുന്നു എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു ....!
.
തന്റെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചിരുത്തുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യന്റെ കണ്ണുകളാകാം അവളെ തെല്ലൊന്നലോസരപ്പെടുത്തുന്നതെന്ന് മനസ്സിലായതുകൊണ്ടുതന്നെയാണ് ആ കായലോളങ്ങളുടെ ഹൃദയതാളം വിട്ട് അയാൾ അവളെയും ചേർത്ത് അവളുടെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചാനയിച്ചത് . ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈവിരൽത്തുമ്പിലൂർന്ന് കൂടെവരുന്ന അവളുടെ സത്യസന്ധതയിലൂടെ മെല്ലെ ....!
.
പറഞ്ഞതിലും കുറച്ചു നേരത്തെ അവിടെ എത്തിയതുകൊണ്ടാവണം അവൾ അപ്പോഴും അവിടെ എത്താതിരുന്നിരുന്നതെന്ന് അയാൾക്കറിയാമെങ്കിലും, തന്റെ വരവും പ്രതീക്ഷിച്ച് രണ്ടുവശത്തേക്കും മുടിയും പിന്നിയിട്ട് പട്ടുപാവാടയും ബ്ലൗസുമിട്ട് കാലത്തെ മുതൽ അവിടെവന്നിരിക്കുന്ന അവളുടെ രൂപം അയാൾ തെല്ലു കുസൃതിയോടെ സങ്കൽപ്പിച്ചു നോക്കാനും മറന്നില്ല അപ്പോൾ . ...!
.
അക്ഷരങ്ങൾ .... വാക്കുകൾ ... വാചകങ്ങൾ ..... തന്റെ ഹൃദയത്തിലേക്ക് തന്റെ സ്വത്ത്വത്തിലേക്ക് അവൾ കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നതിന്റെ സുഖം തന്റെ ഹൃദയം തുറന്നുകൊണ്ടുതന്നെയാണ് അയാൾ സ്വീകരിച്ചിരുന്നതപ്പോൾ . അവളുടെ ആ തണലിൽ അവളുടെ നിശ്വാസങ്ങൾ പോലും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവളെ അയാളപ്പോൾ അറിയുകതന്നെയായിരുന്നു പരാമമായും . ...!
.
ട്രെയിൻ ഇറങ്ങി , പ്ലാറ്റഫോമിൽ നിന്നും പുറത്തുകടന്ന് പുറത്തേക്കുള്ള ഹാളിൽ ഒരു പുതുക്കക്കാരന്റെ നാണവും കുറച്ചൊരു ചമ്മലും മുഖത്തു വരുത്താൻ വൃഥാ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നാണ് അവൾ മുനികുമാരന്റെമുന്നിലെ വനദേവതയെ പോലെ തന്റെ പേരെടുത്തു വിളിച്ചുകൊണ്ടുതന്നെ പ്രത്യക്ഷപ്പെട്ടത് . എല്ലാമുൻകരുതലുകളും നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിനെ പോലെ അമ്പരന്ന താനപ്പോൾ കൈകൊടുക്കണോ നമസ്തേ പറയണോ എന്ന സംശയത്തിൽ ഗുമസ്തേ തന്നെയാണ് പറഞ്ഞതെന്നും ഇപ്പോഴും ഓർക്കുന്നത് നന്നായി ....!
.
ഒരിക്കലുമവസാനിക്കാത്ത വാക്കുകൾക്ക് അർദ്ധവിരാമമിട്ട് ജീവന്റെ തുടിപ്പിന് തുടക്കമിട്ട് ആ നിശബ്ദതയിൽ , ആ പകലിൽ സ്വയം മറക്കാതിരിക്കാനോ പരസ്പരം ഓർമ്മിക്കാനോ അല്ലാതെ ജീവനിലേയ്ക്കാവാഹിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിൽ തന്റെ ജീവൻ കൊരുത്തെടുക്കുമ്പോൾ അയാൾ വെറും മനുഷ്യനാവുകയായിരുന്നു . ചിന്തിച്ചുകൂട്ടിയ സ്വപ്നങ്ങളൊക്കെ മാറിനിന്ന നിമിഷത്തിൽ അയാൾ എല്ലാം മറന്ന് , എല്ലാം സമർപ്പിച്ച് ....!
.
സൂര്യന്റെ കാഴ്ചയിൽനിന്നും തിരിച്ചിറങ്ങുമ്പോൾ നേടിയവന്റെ ആത്മാഭിമാനം തന്നെയായിരുന്നു . അതിനേക്കാൾ സംരക്ഷിച്ചവന്റെ ആത്മവിശ്വാസവും .കൈവിരലുകൾ കോർത്തുപിടിച്ച് തോളോടുതോൾചേർന്ന് പരിശുദ്ധയായ ഒരു മാലാഖയായിത്തന്നെ അവൾക്കൊപ്പം സഞ്ചാരം തുടങ്ങിയതിന്റെ ആത്മ വിശ്വാസം . അപ്പോൾ പക്ഷെ വാക്കുകൾ നിശ്ശബ്ദമായിരുന്നെങ്കിലും ഹൃദയതാളത്തിന് ആ പച്ചപ്പനംതത്തയുടെ സ്നേഹ കൊഞ്ചലിന്റെ ഈണവും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 27, 2020

ഒന്നിച്ചു ജീവിക്കാൻ ...!!!

ഒന്നിച്ചു ജീവിക്കാൻ ...!!!
.
കല്യാണം കഴിക്കണം
പക്ഷെ, കൂടെ കഴിയരുത്
ഒന്നിച്ചു കിടക്കണം
പക്ഷെ ഒരു മുറിയിലാകരുത്
പ്രണയിക്കണം
പക്ഷെ ദേഹത്ത് തൊടരുത്
ഒന്നിച്ചു സഞ്ചരിക്കണം
പക്ഷെ സാമൂഹികാകലം പാലിക്കണം
ഇടപഴകണം
പക്ഷെ മാസ്ക് ധരിക്കണം
തൊടണം
പക്ഷെ കൈകഴുകണം
ജീവിക്കാം
ഇനിയുള്ള കാലം
കൊറോണയോടൊത്ത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

മാനസമൈനേ ...!!!

മാനസമൈനേ ...!!!
.
കടാപ്പുറത്ത് കൂടി മാനസമൈനയും പാടി നടക്കാൻ പോയ അയാൾ കണ്ണ് തുറന്നപ്പോൾ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിലെ ഒബ്സെർവേഷൻ ഡെസ്കിൽ മാനമില്ലാത്ത മേൽക്കൂരയും നോക്കി കണ്ണുതള്ളി കിടക്കുകയായിരുന്നെന്ന് സ്വയമൊന്ന് ഉറപ്പിക്കാൻ രണ്ടുവട്ടം സ്വയം നുള്ളിനോക്കേണ്ടി വന്നു . പാടിവെച്ച മാനസമൈനയുടെ ബാക്കി അപ്പോഴും തൊണ്ടയിൽ തന്നെ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല ശബ്ദം അപ്പോഴും പുറത്തുവന്നിരുന്നില്ല മുഴുവനായും ....!
.
ആ കിടപ്പ് എത്രയായെന്നോർമ്മയില്ലെങ്കിലും അടുത്തുള്ള ബെഡ്ഡുകൾ പലതും കാലിയാകുന്നതും നിറയുന്നതും അയാൾ കാണുന്നുണ്ടായിരുന്നു ബോധത്തോടെ തന്നെ . അപ്പോഴേക്കും നഴ്സുമായി അടുത്തെത്തിയ ഡോക്ടർ രോഗവിവരം ചോദിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങിയ മാനസമൈന വഴിമാറി നിന്നതിനാൽ കാരണം പറയാൻ പിന്നെയും സമയമെടുക്കുന്നു എന്ന് കണ്ട് ഡോക്ടർ അയാളെ കണ്ണ് തുള്ളിച്ചും, നാക്കു നീട്ടിച്ചും കൈകാലുകൾ നിവർത്തി മടക്കിച്ചും സ്വയം പരിശോധന തുടങ്ങിക്കഴിഞ്ഞിരുന്നു ...!
.
പ്രത്യക്ഷത്തിൽ മറ്റ് രോഗമൊന്നും കാണാതെ അയാളേക്കാൾ വിഷമിച്ച ഡോക്ടർ പ്രഷർ നോക്കാൻ കൈക്കു ചുറ്റിക്കെട്ടി പമ്പുചെയ്യാൻ തുടങ്ങിയതും പ്രഷർ പമ്പ് നേരെ മേൽക്കൂരയിൽ തട്ടി തിരിച്ചു വന്നിരുന്നപ്പോൾ ഡോക്ടർക്ക് പ്രഷർ കൂടിയോ എന്ന് അയാൾ പേടിച്ചു പോയത് സത്യം . ടെസ്റ്റുകൾ നോക്കി നോക്കി ഡോക്ടറും നഴ്സും തളർന്നപ്പോൾ അയാൾ തന്നെ അവരെ സമാധാനിപ്പിച്ച് അയാളെ അയാൾ തന്നെ ഡിസ്ചാർജ് ചെയ്യാൻ എഴുതിവാങ്ങി പുറത്തിറങ്ങി ...!
.
വീട്ടിൽ പോകാൻ ആംബുലൻസ് വിളിക്കാൻ വഴിയന്വേഷിക്കുമ്പോഴാണ് തിരിച്ചറിയുന്നത് അയാൾ തനിച്ചാണെന്ന് . വഴിയിലുപേക്ഷിക്കപ്പെട്ടതാണെന്ന് . കൂടെയുണ്ടാകേണ്ടവർ വന്നിട്ടില്ലെന്ന് . തളർന്നു പോകാതിരിക്കാൻ ആംബുലൻസിന്റെ തന്നെ വാതിലിൽ പിടിച്ച് അകത്തുകയറി കിടക്കുമ്പോൾ ഉറക്കെ ഡ്രൈവറോട് വിളിച്ചുപറയാൻ മാത്രം അയാൾ മറന്നില്ല, ആ നിലവിളി ശബ്ദമിടൂoooo ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 26, 2020

ഹൃദയത്തുള്ളികൾ ...!!!

ഹൃദയത്തുള്ളികൾ ...!!!
.
നനഞ്ഞു പെയ്യുന്ന കുഞ്ഞു മഴയിൽ ഒരു കുട്ടിനിക്കറുമിട്ട് , മഴ നനയാതിരിക്കാൻ അച്ചമ്മ കൊടുത്തയക്കുന്ന കുടയൊന്ന് നിവർത്തുകപോലും ചെയ്യാതെ കക്ഷത്തുവെച്ച് , ഓരത്തിലൂടെ , ചാലുകളിലൂടെ കുഞ്ഞു കുഞ്ഞു കുഴികളിലൂടെ തുള്ളിത്തെറിക്കാൻ വെമ്പുന്ന വെള്ളത്തടങ്ങളെ ഇടതുകാലൊന്ന് ചെരിച്ചു ചവിട്ടി തള്ളിച്ച് പൊങ്ങിവരുന്ന വെള്ളം വലതുകാലുകൊണ്ട് അടിച്ചുപൊട്ടിച്ച് ഠപ്പേന്ന് വലിയ ശബ്ദമുണ്ടാക്കി അവൻ ആഹ്ളാദിക്കുകയായിരുന്നു . ആ മഴപോലെ ഓരോ മഴക്കാലത്തെ എല്ലാ കുഞ്ഞു മഴകളും ....!
.
നാട്ടിൻപുറത്തെ മഴകൾക്കൊക്കെ ചീവീടുകളുടെ മണമാണ് . അരി ചട്ടിയിലിട്ട് പൊരിപ്പിച്ചു വറുത്തിടുന്ന ശർക്കരക്കാപ്പിയുടെ രുചിയും , പിന്നെ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ ശരീരത്തിന്റെ ചൂടും . വലിയ മിന്നലുകൾക്കു ശേഷമുള്ള ഇടിമുഴക്കത്തിന് മുന്നേ അച്ചമ്മ പൊത്തിപ്പിടിക്കുന്ന ചെവിക്കു പിന്നിൽ കൂറകൾ അരിക്കുന്ന ശബ്ദവും . ചിറകുകളുള്ള വലിയ കറുത്ത കൂറകൾ .....!
.
പിൻമുറ്റത്തെ വലിയ ചേമ്പിലകകൾക്കു താഴെ ഉയർത്തിവെക്കുന്ന കുട്ടിപ്പുരകളിൽ, ചിരട്ടകളിൽ വെന്തു നിറയുന്ന പതിനാറുകൂട്ടം കറികളും കുത്തരിച്ചോറും പപ്പടവും പഴവും പായസവുമൊക്കെ മഴയുടെ ചൂടിൽ രുചിയോടെയിരിക്കുമ്പോൾ പ്ലാവിലപാത്രങ്ങൾ പലകുറി നിറയുകയും ഒഴിയുകയും പതിവായിരുന്നു, തൊട്ടടുത്ത വീടുകളിലെ അതിഥികൾക്കൊപ്പം ...!
.
വെളുത്തതും കറുത്തതുമായ കുപ്പായങ്ങൾക്കിടയിൽ, കാക്കി നിക്കറിന്റെ വള്ളിക്കുടുക്കിനുള്ളിൽ സ്വയമൊളിപ്പിക്കാൻ ഇനിയും തികയാതെ വരുന്ന സ്വപ്നങ്ങൾക്ക് മേഘപാളികൾക്കിടയിൽ ഇടം കണ്ടെത്താൻ തിരക്കുകൂട്ടി പരിഭവിച്ചു പിരിയുന്ന ആ കുഞ്ഞുമനസ്സിനും പതിയെ കൈവന്നത് മഴയുടെ നിറം വെയിലിന്റെ രുചി ...!
.
ചാലുകൾ സ്വയം കീറി വഴികൾ സ്വയമൊരുക്കി മെല്ലെ മെല്ലെ , നിറയാതെയും നിറഞ്ഞുമൊയൊഴുകുന്ന ആ താളത്തിനൊപ്പവും ഓടിക്കിതക്കാൻ ഒരു കുഞ്ഞിത്തോർത്തുമുടുത്ത് പരിഭവിക്കുന്ന ആ ബാലനൊപ്പം കുസൃതികാട്ടാനാണ് എന്നും ആ മഴയും ഇഷ്ടപ്പെട്ടിരുന്നത് എന്നുതോന്നും . അവനിലേക്ക്‌ പെയ്ത്തിറങ്ങാൻ , അവനിലൂടെ പെയ്തിറങ്ങാൻ അല്ലെങ്കിൽ അവനില്നിന്നും തുടങ്ങി അവനിലവസാനിച്ച് വരണ്ടുണങ്ങി പിന്നെ അടുത്തജന്മം വീണ്ടും പുതുമഴയായി പുനർജ്ജനിക്കാൻ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 24, 2020

ഒറ്റയാകുന്നവർ,  ഒഴിവാക്കപ്പെടുന്നവരും ...!!!


ഒറ്റയാകുന്നവർ, ഒഴിവാക്കപ്പെടുന്നവരും ...!!!
.
നിറയെ വിടവുകളുള്ള ജനാലകളിലൂടെയാണ് ആ മുറികൾക്കകത്തേക്ക് ഇപ്പോഴും ജീവവായു ഒളിച്ചെത്തിയിരുന്നതെന്ന് അയാൾ എപ്പോഴും വിശ്വസിച്ചിരുന്നു . അയാളുടെ നിശ്വാസങ്ങളേക്കാൾ സത്യമായി അതയാളെ എപ്പോഴും ഒരു മേൽമുണ്ട് പോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്നു എന്നും . അയാളുടെ ശ്വാസം പുറത്തുപോകാതെ പക്ഷെ , എന്നിട്ടും ...!
.
മേൽമുണ്ടിൽ പൊതിഞ്ഞു പിടിക്കുന്ന ഓരോ സ്വപ്നങ്ങളും അയാളുടേത്‌ മാത്രമായിരുന്നില്ല . ആ മേൽമുണ്ടിന്റേതു കൂടിയായിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളെ പൊതിഞ്ഞുകൊണ്ട് അയാൾതന്നെ പൊതിഞ്ഞുപിടിച്ചിരുന്ന മേൽമുണ്ടുകളെല്ലാം അയാളുടെ സ്വന്തം സ്വപ്നങ്ങളുംകൊണ്ട് കടന്നുകളഞ്ഞിരുന്നു , അയാൾ പോലുമറിയാതെ ..!
.
കാലത്തെയാണല്ലോ അല്ലെങ്കിലും അയാൾക്ക് വെല്ലുവിളിക്കാനുണ്ടായിരുന്നത് . തത്വ ശാസ്ത്രങ്ങളെ , പൗരാണികതയെ പിന്നെ അയാളുടെ തന്നെ ചരിത്രത്തെയും തല വിധിയെയും . . ഓരോ ചലനത്തിലുമെന്നപോലെ ഓരോ ചുവടിലുമെന്നപോലെ ഓരോ കാഴ്ചയിലുമെന്നപോലെ നിസ്വാർത്ഥമായി , നിസ്സീമമായി ...!
.
ചവറുകൾ നിറഞ്ഞ ഒരു കാടും അതിനുനടുവിലെ കത്തിതേഞ്ഞ ഒരു കല്ലും അതിനുമുകളിലെ കരിന്തിരിയുടെ ഒരു കെട്ടും കഴിഞ്ഞാൽ പിന്നെ ബാക്കിയാകുന്നതാണ് അയാളെന്ന് അയാൾ അപ്പോൾ മാത്രം ബോധത്തോടെ ഓർമ്മിച്ചു . പകരമില്ലാതെ പരകായമില്ലാതെ . ശൂന്ന്യതയിൽ ...!
.
ജനാലകളുടെ വിടവുകൾ അപ്പോഴേക്കുമൊക്കെ ഒന്നൊന്നായി അടഞ്ഞുകൊണ്ടേയിരുന്നത് അയാൾ അറിഞ്ഞതേയില്ല . വാതിലുകൾക്കുള്ളിലെ മുറിയിലേക്കുള്ള അവസാന ജീവവായുവും കുറേശ്ശേയായി പിൻവലിച്ചുകൊണ്ട് ...!!!.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

പ്രവാസികളും ആദിവാസികളും ...!!!

പ്രവാസികളും ആദിവാസികളും ...!!!
..
വരുമാനമുണ്ടാക്കാൻ ,
കൊണ്ടുനടക്കാൻ ,
പണം പിരിക്കാൻ ,
പ്രൗഢികാട്ടാൻ ,
പ്രവാസികൾ ...!
.
രാജ്യസ്നേഹം വിളമ്പാൻ
കാരുണ്യം പ്രകടിപ്പിക്കാൻ
ആദർശം അഭിനയിക്കാൻ
ആദിവാസികൾ ....!
.
ആവശ്യം കഴിഞ്ഞാൽ
അവജ്ഞയോടെയും
പുച്ഛത്തോടെയും
ബാധ്യതയായും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 21, 2020

കറുത്ത കണ്ണട ...!!!

കറുത്ത കണ്ണട ...!!!
.
അയാൾ സ്വർണ്ണം കൊണ്ടാണ് ആ കണ്ണട ഉണ്ടാക്കിയിരുന്നത് തന്നെ. ഇടത്തേക്ക് ഒന്നും, വലത്തേക്ക് ഒന്നുമായി രണ്ടു കാലുകളാണ് അതിനുണ്ടായിരുന്നത് . അതിന്റെ രണ്ടു കാലുകൾക്കും മേലെ മുത്തുകളും രത്നങ്ങളും കൊണ്ട് ചിത്രപ്പണികൾ ചെയ്ത് അലങ്കരിക്കുകയും ചെയ്തിരുന്നു അതി മനോഹരമായി . അതിന്റെ മുൻവശങ്ങളിലും അതുപോലെതന്നെ അലങ്കാരങ്ങൾ ചെയ്തിരുന്നു പ്രത്യേകമായി ...!
.
കറുത്ത ഗ്ലാസ്സുകളാണ് അയാൾ ആ കണ്ണടക്ക് വെച്ചിരുന്നത് . വെയിലേറ്റ് തന്റെ കണ്ണുകൾക്ക് വാട്ടമേൽക്കാതിരിക്കാൻ മാത്രമല്ല അങ്ങിനെ ചെയ്തിരുന്നതെന്ന് വ്യക്തം . കാരണം ആ കണ്ണട പലപ്പോഴും വെയിലിൽ മാത്രമല്ല ഉപയോഗിച്ചിരുന്നതും . കറുത്ത കണ്ണട തന്റെ കണ്ണുകളെ മറ്റുള്ളവർ കാണില്ലെന്നും , മറ്റുള്ളവരെ താൻ നോക്കുന്നത് അവർ കാണില്ലെന്നും അയാൾക്കറിയാമായിരുന്നു ...!
.
തന്റെ കണ്ണുകൾക്ക് ഒട്ടും കാഴ്ചക്കുറവുണ്ടായിരുന്നില്ലെങ്കിലും , തന്റെ കണ്ണുകൾക്ക് ഒട്ടും ഭംഗിക്കുറവുണ്ടായിരുന്നില്ലെങ്കിലും അയാൾ തന്റെ കണ്ണടയും വെച്ചാണ് എപ്പോഴും എങ്ങോട്ടും സഞ്ചരിച്ചിരുന്നത് . രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , വീടെന്നോ തൊടിയെന്നോ വ്യത്യാസമില്ലാതെ .അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ ...!
.
ദൂരക്കാഴ്ചക്കും അടുത്തുള്ള കാഴ്ചക്കും അയാൾ അതെ കണ്ണടത്തന്നെ ഉപയോഗിച്ച് പോന്നു . ചിലർ കണ്ണടകൾ താഴ്ത്തി കണ്ണുകൾ മേലേയ്ക്കാക്കി ദൂരേക്ക് നോക്കും പോലെയും മറ്റുള്ളചിലർ കണ്ണടകൾ മേലേക്ക് കയറ്റി അടുത്തേക്ക് നോക്കുന്നത് പോലെയും ഒന്നുമില്ലാതെ അയാൾ എല്ലായിടത്തേക്കും ഒരുപോലെയാണ് ആ കണ്ണടക്കുള്ളിലൂടെ - അല്ല - കണ്ണടയിലൂടെ എല്ലാം നോക്കികണ്ടുകൊണ്ടിരുന്നതും ...!
.
അയാളുടെ കാഴ്ചയും , പിന്നെ അയാളുടെ മുഖത്തിന് അലങ്കാരവും ഒക്കെയായി അയാളുടെ പ്രത്യേകതയിലൊന്നുമായി ആ കണ്ണട അയാളിൽ പരിലസിക്കുമ്പോഴും പക്ഷെ അയാൾക്ക് ചെവി കേൾക്കില്ലായിരുന്നു എന്നതാണ് സത്യവും. എന്നിട്ടും അയാൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

താടിക്ക് മാസ്ക്കിടുന്നവർ ....!!!

താടിക്ക് മാസ്ക്കിടുന്നവർ ....!!!
.
തന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ജീവിതത്തിലും ഏറെ ശ്രദ്ധാലുക്കളാണ് ഓരോ ഭാരതീയരും, അതിൽ മലയാളിയും പ്രത്യേകിച്ചും . അതുകൊണ്ടു തന്നെ, സാമൂഹികാകലം കൃത്യമായി പാലിച്ചും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് വെപ്പിച്ചും ഒക്കെ ഏറെ മുന്നോട്ടാണ് എല്ലാവരും യാത്ര. അസുഖങ്ങൾ ഏറെയും വായുവിലൂടെയും ഏറ്റവും അടുപ്പത്തിലുള്ള ശാരീരിക സ്പർശനത്തിലൂടെയും തന്നെയാണ് പകരുകയെന്നതിനാൽ കയ്യുറകളും വേണമെങ്കിൽ കാലുറകളും പിന്നെ പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്തു പോലും മാസ്കുകളും ഒക്കെ ധാരാളമായാണ് ഉപയോഗിക്കുന്നത് . അതുപക്ഷേ മിക്കവാറും പേരും വെക്കുന്നത് മൂക്കും വായും മൂടുന്നതിനു പകരം സ്വന്തം താടിക്കാനെന്നു മാത്രം . താടിയിലൂടെയാണോ ആവോ ഇവരെല്ലാം ശ്വസിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, May 16, 2020

പിന്നിൽ നിന്നും ....!!!

പിന്നിൽ നിന്നും ....!!!
.
കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറി വന്ന് കാപ്പികുടിക്കാനിരുന്നപ്പോഴാണോർമ്മ വന്നത് കുളിക്കുമ്പോൾ കാലു നനച്ചില്ലെന്ന് . കാലു നനയ്ക്കാത്ത കുളി കുളിയല്ല എന്നതിനാൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിനിരുന്നു . കൈകഴുകിയില്ലെങ്കിലും അപ്പോൾ കാലുകൾ കഴുകാൻ പ്രത്യേകം ഓർമ്മിക്കുകയും ചെയ്തു . എന്നിട്ടും പക്ഷെ ഉച്ച ഭക്ഷണത്തിന് മധുരം വിളമ്പാതിരുന്നത് മാത്രം ഭക്ഷണം അപൂർണ്ണമാക്കുകയും ചെയ്തു ...!
.
മിനിഞ്ഞാന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ വേണ്ടി ഇന്നലെയും ഇന്നും പകലുറങ്ങിയിട്ടും സ്വപ്നം പോയിട്ട് ഒരു കൂർക്കം വലിപോലും വരാതിരുന്നതുകൊണ്ട് ഉറക്കം മതിയാക്കി രാത്രിമുഴുവൻ എഴുന്നേറ്റു നടന്നു . എന്നിട്ടും സ്വപ്നം വരാത്തതിനാൽ നടത്തം നിർത്തി ഇരിക്കാമെന്നു തീരുമാനിച്ചപ്പോൾ കസേരകളെല്ലാം തലകുത്തി നിൽക്കുന്നത് കണ്ട് വീണ്ടും കിടക്കുകതന്നെ ചെയ്തു അപ്പോൾ ...!
.
മേൽക്കുപ്പായമിട്ടത് തലതിരിച്ചാണെന്നത് പുറത്തിറങ്ങിയപ്പോൾ പോലും ആരും പറയാതിരുന്നത് എന്തുകൊണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വീട്ടിലെത്തി കുപ്പായമൂരി നനക്കാനിട്ടപ്പോൾ തലതിരിച്ചാണ് അതുവരെയും ഇട്ടിരുന്നതെന്നു തിരിച്ചറിഞ്ഞ് , വീണ്ടും ആ കുപ്പായമിട്ട് അന്നുപോയിടത്തെല്ലാം കുപ്പായം നേരെയിട്ട് ഒന്നുകൂടി പോയിവന്നിട്ടാണ് വീണ്ടും കുപ്പായമൂരിയത് . പക്ഷെ, അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, കുപ്പായം ഇട്ടിരുന്നത് വീണ്ടും തലതിരിച്ചുതന്നെയായിരുന്നെന്ന് ...!
.
അകത്തേക്ക് കയറി പുറത്തിറങ്ങി വീണ്ടും അകത്തേക്ക് കയറുമ്പോൾ വീട് പുറത്തു നിന്നും പൂട്ടിയിരുന്നു എന്ന് മനസ്സിലായതേ ഇല്ലായിരുന്നു . അകത്തു നിന്നും പൂട്ടി അകത്തിരുന്ന് , വീണ്ടും പുറത്തു നിന്നും പൂട്ടികഴിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായതും. ഇനിയാർക്കും പുറത്തേക്കു പോകാൻ കഴിയില്ലല്ലോ എന്നത് . പക്ഷെ അകത്തേക്ക് ആർക്കും കയറാമെന്നത് മാത്രം അപ്പോഴും ആശ്വാസവുമായി ...!
.
പിന്നിൽ നിന്നും തിരിഞ്ഞ് മുന്നിലേക്കെത്തി വീണ്ടും പിന്നിലേക്ക് തിരിയുമ്പോൾ മുന്നിലേക്കെത്താതെ പിന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന വഴി അപ്പോഴും കണ്ടുപിടിക്കാനാകാതെ മുന്നിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു തിരിഞ്ഞ് അയാൾ അപ്പോഴും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, May 15, 2020

സമ്മാനിതൻ ....!!!

സമ്മാനിതൻ ....!!!
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക്‌ ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...