Thursday, April 30, 2020

ആത്മാർഥത എന്നത് ...!!!

ആത്മാർഥത എന്നത് ...!!!
.
ആത്മാർഥത എന്നത്
മുറ്റത്ത്
നാട്ടുനനച്ച് വളമിട്ടുവളർത്തി
വലുതാക്കിയ
തേൻവരിക്ക പ്ലാവിൽ വിരിയുന്ന
കണിവെക്കാൻ പാകത്തിലുള്ള
മനോഹരമായ
ഒരു ചക്കപോലെയുമാണ് ...!
.

പ്ലാവ് ഒരു കല്പവൃക്ഷവും
ചക്കയുടെ
മുള്ളുതൊട്ട് മടലുവരെ
എല്ലാം
ഉപയോഗിക്കാവുന്നതുമാണെങ്കിലും
ഉള്ളിൽ ചുളയുണ്ടോ എന്നറിയാൻ
മുറിച്ചുനോക്കുക തന്നെവേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, April 27, 2020

മണികെട്ടാനുള്ള എലികൾ ...!!!

മണികെട്ടാനുള്ള എലികൾ ...!!!
.
എന്റെവീട്ടിലെ തട്ടിന്പുറത്തെ മുറിയാണ് എന്റേത് . ആ മുറിയിലാണ് ഞാൻ എപ്പോഴും കിടക്കാറുള്ളതും . . വീടുണ്ടാക്കിയ കാലം തൊട്ടേ ഞാൻ അവിടെത്തന്നെയാണ് എന്നും താമസിക്കുന്നത് . ഞാൻ നാട്ടിലുള്ളപ്പോഴും നാട്ടിലില്ലാത്തപ്പോഴും ആ മുറി എന്റേതുമാത്രമായി തുടരുകയും ചെയ്തുപോന്നിരുന്നു, വ്യത്യാസമില്ലാതെ . പക്ഷെ അക്കുറിയത്തെ ദീർഘയാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോൾ കഥയാകെ മാറിയിരുന്നു തികച്ചും ...!
.
വീട്ടിൽ ആരുമില്ലെങ്കിൽ മുന്നിലെ വീട്ടിലാണ് താക്കോൽ കൊടുത്തേൽപ്പിക്കാറുള്ളത് എപ്പോഴും . അക്കുറിയും അവിടുന്ന് താക്കോൽവാങ്ങി വീടുതുറന്ന് അകത്തുകയറി എന്റെ മുറിയിൽ കയറിയ ഉടനെ തന്നെ എനിക്കാ മണമടിച്ചു തുടങ്ങിയിരുന്നു എന്റെ മുറിയിൽ മറ്റാരോ കൂടി കയറിയിരിക്കുന്നു എന്ന് . ആരുമില്ലാത്ത വീട്ടിൽ എങ്ങിനെ ഒരാൾ എന്റെ മുറിയിൽ കയറിയെന്നത് എനിക്കത്ഭുതമായെങ്കിലും അതാരെന്നു കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചുറച്ച് ഉടനെത്തന്നെ തിരച്ചിൽ തുടങ്ങി ....!
.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയപ്പോൾ കയറിയത് ആളല്ല മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു . തിരച്ചിൽ പക്ഷെ തുടരുക തന്നെ ചെയ്തു . പകലും രാത്രിയും മുക്കിലും മൂലയിലും താഴെയും മേലെയും മാറി മാറി തിരഞ്ഞിട്ടും ഒന്നും കാണാതെ തത്ക്കാലം തിരച്ചിൽ നിർത്തി കിടന്നുറങ്ങാൻ തീരുമാനിച്ച് കിടക്കുമ്പോഴാണ് മെല്ലെ ആ ശബ്ദം കേട്ടത് . വേഗം ലൈറ്റ് ഇട്ട് തിരഞ്ഞപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന ആ നാളുകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് അലമാരയുടെ മുകളിലെ മൂലയിൽ പതുങ്ങിയിരിക്കുന്നത് കണ്ടത് ...!
.
എലികളെ അല്ലെങ്കിലേ എനിക്ക് പേടിയായതിനാൽ അവയെ എങ്ങിനെയും പുറത്തുചാടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വടിയും കമ്പും കോലുമെല്ലാം എടുത്ത് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എലികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്നെയും പിന്നാലെ കൂട്ടി പാഞ്ഞു നടന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നതായിരുന്നു ഫലം . . ഒടുവിൽ ക്ഷീണിച്ച ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആ നാലു കണ്ണുകൾ അപ്പോഴും അതെ മൂലയിൽ തന്നെ എന്നെയും നോക്കിയിരിപ്പുണ്ടായിരുന്നു. !
.
എലിയെ കൊല്ലാൻ ഇല്ലം ചുടാനൊന്നും മിനക്കെടാതെ അവയെ എങ്ങിനെ തുരത്താം എന്ന് കൂട്ടുകാരിൽ വമ്പുകാരുമായൊക്കെ ഗൂഡാലോചന നടത്തിയെങ്കിലും വിഷം വെക്കലും കെണി വെക്കലും തൊട്ട് പൂച്ചയെ വളർത്തൽ വരെയെത്തി നിർദ്ദേശങ്ങൾ എന്നല്ലാതെ അവയെ പിടിക്കാനുള്ള നൂതന മാർഗങ്ങളൊന്നും ആരിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്തതിനാൽ ഞാൻ വിഷണ്ണ വദനനായി വീണ്ടും ഉറങ്ങാൻ കിടന്നു ...!
.
ആ ഉറക്കത്തിലാണ് എലിക്കൊരു മണി കെട്ടാമെന്ന പഴുപഴഞ്ചൻ ആശയം തന്നെ മനസ്സിലാരോ പൊടിതട്ടി എടുത്തുവെച്ചത് . യുറേക്കാ എന്ന് അലറിവിളിച്ച് ഓടി നാട്ടുകാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ വയ്യാത്തതുകൊണ്ട് ആശയം ഉള്ളിൽത്തന്നെ ഉറപ്പിച്ച് അതിനുള്ള പണികൾ തുടങ്ങി വേഗം . സാധാരണയിൽ പൂച്ചക്കാര് മണികെട്ടും എന്ന് എലികളൊക്കെ തലപുകക്കുമ്പോൾ ആ എലികൾക്കെങ്ങിനെ മണികെട്ടുമെന്ന എന്റെ ചിന്തക്ക് തന്നെയാണ് അതീവ പ്രാധാന്യമെന്ന് എനിക്കുതന്നെ തെല്ലൊരഭിമാനത്തോടെ തോന്നുകയും ചെയ്തു അപ്പോൾ . ...!
.
എങ്ങിനെയാണ് തന്റെ ആശയം വിജയകരമായി നടപ്പിലാക്കുക എന്നത് പിന്നാലെക്കുള്ള ചിന്തക്ക് വിട്ട് മണിയും കെട്ടി തന്നെ മുന്നിലൂടെ ഓടി നടക്കാൻ വയ്യാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്ന എലികളുടെ രൂപം മനസ്സിൽ കണ്ട് ചിരിച്ചുപോയതും, ഉടനെത്തന്നെ കവലയിലെ കടയിൽ പോയി ആ നാളുകണ്ണുകളുടെ ഉടമസ്ഥരായ എലികളുടെ രൂപം മനസ്സിൽ വരച്ചുകൂട്ടി അവക്ക് പാകമായ നാല് മാണിയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സമയം ഉച്ചയായിരുന്നത് എന്റെ കുറ്റമായിരുന്നില്ല സത്യത്തിൽ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 25, 2020

ഞാൻ , എന്നെ തേടുമ്പോൾ ...!!!

ഞാൻ , എന്നെ തേടുമ്പോൾ ...!!!
.
ഒന്നിനും ഏതിനും സമയമില്ലാതിരുന്ന എനിക്കിപ്പോൾ എല്ലാറ്റിനും ആവശ്യത്തിലധികം സമയമുണ്ടായിട്ടും പിന്നെയും സമയത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നത് അത്ഭുതമായാണ് അപ്പോൾ തോന്നിയത് . അതല്ലെങ്കിൽ എന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു പ്രത്യേക അവസ്ഥ എല്ലാറ്റിനെയും സമയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു വിധത്തിൽ ...!
.
എണീക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും കഴിക്കുന്നതും ഒക്കെ എപ്പോഴും ആകാമെന്നിരിക്കെ അത് എല്ലാം വല്ലപ്പോഴും കൂടിയാകുന്നു എന്നത് വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും എന്തുമാകാമെന്ന ആശ്ചര്യകരമായ അവസ്ഥ . അങ്ങിനെയൊരു ഉച്ചസമയത്ത് , കാലത്തെ ഉറക്കമുണർന്നെണീറ്റപ്പോൾ പതിവുപോലുള്ള ആ പുഞ്ചിരിയുമായതാ മൂപ്പർ എന്നെയും നോക്കി എന്റെ മുന്നിലിരുന്ന് TV കാണുന്നു ....!
.
മൂപ്പർ എന്തെ വന്നിട്ടും എന്നെ വിളിക്കാഞ്ഞത് എന്ന ചിന്തയോടെ കണ്ണും തിരുമ്മി എണീറ്റപ്പോൾ എന്റെ കയ്യുംപിടിച്ച് നേരെ അടുക്കളയിലേക്കാണ് മൂപ്പർ കൊണ്ടുപോയതെന്നെ . എന്നിട്ട് ഒരു കാപ്പിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഒന്നുകൂടി തള്ളിത്തുറന്നു പോയി .. ഞങ്ങളൊന്നിച്ച് എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ടെങ്കിലും എന്റെകൈകൊണ്ട് ഇന്നുവരെ ഞാൻ ഒന്നും ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ട് ഒരു വിഷമത്തോടെയും ...!
.
തള്ളിയ കണ്ണ് അകത്തേക്കടപ്പിച്ച് എന്നെ മൂപ്പർ തള്ളിനീക്കിയപ്പോൾ ഞാൻ ചായക്കുള്ള പാത്രം വെച്ച് പാലൊഴിച്ചു തിളപ്പിച്ച തുടങ്ങി . ആ സമയം ഞാൻ വായിച്ചു മടക്കിവെച്ചിരുന്ന ഒരു പുസ്തകം മറിച്ചുനോക്കി എന്റെ കൂടെ നിന്നിരുന്ന മൂപ്പർക്ക് ആ പുസ്തകം ഇഷ്ട്ടമായെന്ന് തോന്നി . " The Perfect Mother". ഒരു നവജാത ശിശുവിനെ കാണാതാകുന്ന, ഒരമ്മയുടെയും അവരുടെ കുറച്ചു കൂട്ടുകാരുടെയും ജീവിതകഥ പറയുന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു നേർചിത്രമാണ് പോലും ...!
.
മറ്റൊരു സാധനവും ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ചായ മോശമില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ട് അതുണ്ടാക്കി മൂപ്പർക്ക് കൊടുക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല. പക്ഷെ ഇക്കണക്കിന് മൂപ്പർ ഭക്ഷണവും കൂടി കഴിക്കാമെന്നു പറഞ്ഞാൽ പെട്ടുപോകുമല്ലോ എന്ന വേവലാതിയോടെ ഞങ്ങൾക്കുള്ള ചായയുമായി പുറത്തേക്ക് നടക്കുമ്പോൾ മൂപ്പർ അതിനിടക്ക് അടുക്കളയിലുണ്ടായിരുന്ന പഴയ കുറച്ചു ബിസ്കറ്റും തപ്പിയെടുത്തിരുന്നു കൂടെ കഴിക്കാൻ ....!
.
TV യും കണ്ട് ചായയും കുടിച്ചിരിക്കുമ്പോൾ ഈ പ്രത്യേക വരവിന്റെ ഉദ്ദേശ്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിറക്ക് ചായ ആസ്വദിച്ചിറക്കിക്കൊണ്ട് മൂപ്പരൊന്ന് പൊട്ടിച്ചിരിച്ചു അപ്പോൾ . എന്നിട്ടു പറഞ്ഞു , ആളും ആരവവും നിറഞ്ഞ തന്റെ ശ്രീലകങ്ങളിപ്പോൾ ശൂന്യമല്ലേ . അപ്പൊ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ . അതുകൊണ്ടാണ് കുറച്ചു സമയം നിന്റെ കൂടെയിരിക്കാൻ വരാമെന്നു തോന്നിയതെന്ന് ....!
.
അപ്പോഴാണ് ഞാനും അതാലോചിച്ചത് . അവനവനിൽ തന്നെയുള്ള സത്യത്തെ തേടി, അവനവനിൽ തന്നെയുള്ള ദൈവത്തെ തേടി , അത് തിരിച്ചറിയാതെ അന്തം വിട്ട് തമ്മിൽ തല്ലും കൊലവിളിയുമായി അവനവന്റെ കർമ്മം ചെയ്യാതെ അവനവന്റെ ധർമ്മം കാക്കാതെ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങിയിരുന്ന ഭക്തലക്ഷങ്ങൾ ഇപ്പോൾ എവിടെ പോയെന്ന് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, April 22, 2020

ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!

ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!
.
എന്റെ ഭാര്യയുടെ
ഇളയ മകളുടെ
മൂത്ത ജേഷ്ഠന്റെ
നേരേതാഴെയുള്ള
അനിയത്തിയുടെ
സ്വന്തം അമ്മയുടെ
നേർ സഹോദരന്റെ
ഒരേയൊരു അളിയന്റെ
അമ്മായിയച്ഛന്റെ
മൂത്ത മകളുടെ
സ്വന്തം ഭർത്താവിന്റെ
ആരായിവരും
ഈ ഞാൻ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 21, 2020

ഒന്നാം - ദിവസത്തെ കണക്ക് ...!!!

ഒന്നാം - ദിവസത്തെ കണക്ക് ...!!!
.
ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും കണക്കുകൾ ഒന്നിച്ചുകൂട്ടി മൂന്നാം ദിവസത്തേക്ക് മാറ്റിവെച്ച് അതെടുത്ത് നാലാം ദിവസം ഗുണിച്ചുനോക്കുമ്പോൾ കിട്ടുന്ന ഉത്തരത്തിൽനിന്നും അഞ്ചാം ദിവസത്തെ കണക്ക് കുറച്ചാൽ ആറാം ദിവസത്തെയും എട്ടാം ദിവസത്തെയും കണക്കുകൾ കിട്ടുമെന്നാണ് അദ്ദേഹം പൊതുവിൽ ചുരുക്കി പറഞ്ഞതിന്റെ സാരം എന്നുമാത്രം എനിക്ക് മനസ്സിലായതേയില്ല അപ്പോഴൊന്നും ...!
.
എടുത്തുവെക്കാനും കൂട്ടി വെക്കാനും കയ്യിലൊന്നുമില്ലാത്തവന്റെ ത്വരയാകാം കണക്കിൽ ഇപ്പോഴും മോശമാകാൻ കാരണമെന്ന് താൻ അവിടെ പറഞ്ഞത് മാത്രം അവരാരും അപ്പോൾ അംഗീകരിച്ചില്ലെങ്കിലും അവരുടെ മുഖത്തെ ആ ഭാവമാറ്റം തന്നോട് അതിൽ എതിർപ്പില്ല എന്നുതന്നെയായിരുന്നു എന്നും താൻ മനസ്സിലാക്കിയിരുന്നു ...!
.
കൂട്ടാനും കുറക്കാനും അറിയാതെയാണെങ്കിലും ഗുണിക്കാൻ നന്നായി അറിയുന്നതുകൊണ്ട് കണക്കിൽ താൻ അത്ര മോശമൊന്നുമല്ലെന്ന ശരിയായ ഒരു ധാരണയും തനിക്കുണ്ടായത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം . അല്ലെങ്കിൽ തന്നെ കൂട്ടിയും കുറച്ചും ഹരിച്ചും കഴിഞ്ഞാൽ അതൊക്കെയും പരസ്പരം ഗുണിക്കാതെ ശരിയായ ഒരു ഉത്തരം കിട്ടില്ലെന്ന് ആർക്കാണ് ഇപ്പോൾ അറിഞ്ഞുകൂടാത്തതും ...!
.
കൂട്ടിയ കണക്കും കൂട്ടാത്ത കണക്കും തട്ടിച്ചും മുട്ടിച്ചും തിരിച്ചും മറിച്ചും ചാഞ്ഞും ചരിഞ്ഞും നോക്കാൻ, നോക്കിയതും നോക്കാത്തതും ശരിയാണോന്നുനോക്കാനും നോക്കിയവരെ നോക്കാനും നോക്കാത്തവരെ നോക്കാനും അങ്ങുന്നും ഇങ്ങുന്നും എങ്ങുന്നും ആളുകൾ കൂട്ടത്തോടെയും ഒറ്റക്കും രാത്രിയും പകലും അനുമതിയോടെയും അനുമതിയില്ലാതെയും വന്നുപോകുന്നതും സ്വാഭാവികം ...!
.
പുസ്തകത്തിലെഴുതിയും കാൽക്കുലേറ്ററിൽ കൂട്ടിയും മനക്കണക്ക് ചെയ്തും കൈവിരലുകളും കാൽ വിരലുകളും കൂട്ടിച്ചേർത്തും അവരോടു ചോദിച്ചും ഇവരോട് ചോദിച്ചും പിന്നെ ചോദിക്കാതെയും ആരോടും പറയാതെയും , പറഞ്ഞും ഒടിവിലെത്തുമ്പോൾ ഏഴാം ദിവസത്തെയും ഒമ്പതാം ദിവസത്തെയും കണക്കുകൾ കാണാനുമില്ല ... ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 18, 2020

മുത്തശ്ശിയും കൊച്ചുമോളും ... !!!

മുത്തശ്ശിയും കൊച്ചുമോളും ... !!!
.
നിറയെ മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുന്നിന്മുകളിലെ ആ പഴകി ദ്രവിച്ച ഒറ്റമുറി ഓലപ്പുരയിലാണ് ആ മുതുമുത്തശ്ശിയും അവരുടെ ഒരു കൊച്ചു മാലാഖയെപ്പോലുള്ള നാലുവയസ്സുകാരി കൊച്ചുമോളും ഏറെ പ്രയാസത്തോടെ ജീവിച്ചിരുന്നത് . അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ ആ പെൺകുട്ടിയെ മുത്തശ്ശി എടുത്തുവളർത്തുന്നതായിരുന്നു ഏറെ സ്നേഹത്തോടെ ...!
.
മുറ്റം നിറയെ നട്ടുവളർത്തുന്ന വെളുത്ത മന്ദാരപ്പൂക്കൾ കൊണ്ട് മാലകോർത്ത് താഴെ ചന്തയിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു അവരുടെ ഒരു പ്രധാന വരുമാനമാർഗം . എന്നും വസന്തമുണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആ കൊച്ചുമോളും മുത്തശ്ശിയും മന്ദാരച്ചെടികളെയെല്ലാം ഏറെ അരുമയോടെയാണ് നട്ടുനനച്ച് വളമിട്ട് ആടുമാടുകൾ തിന്നുനശിപ്പിക്കാതെ നോക്കി വളർത്തിയിരുന്നത് ...!
.
ഏറെ സ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന മുത്തശ്ശി പറ്റുമ്പോഴെല്ലാം അവയും ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . നാവിൽ കൊതിയൂറുന്ന രുചിയോടെ വിവിധങ്ങളായ പലഹാരങ്ങൾ ഏറെ ശ്രദ്ധയോടെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു സാധിക്കുമ്പോഴെല്ലാം . അരിപൊടിക്കാനും ശർക്കര കുറുക്കാനും ഒക്കെ കൊച്ചുമോളാണ് മുത്തശ്ശിയെ സഹായിക്കാറുള്ളത് . ചന്ത ദിവസങ്ങളിൽ നല്ല കച്ചവടം കിട്ടുമെങ്കിലും എല്ലായ്‌പ്പോഴുമൊന്നും അവയുണ്ടാക്കാൻ മുത്തശ്ശിക്ക് സാധിക്കുമായിരുന്നില്ല ...!
.
നിറമുള്ള നൂലുകൾകൊണ്ട് മനോഹരമായ കുഞ്ഞുടുപ്പുകളുണ്ടാക്കാനും മുത്തശ്ശിക്ക് പ്രത്യേക മിടുക്കായിരുന്നു . വിവിധങ്ങളായ നിറങ്ങളുള്ള നൂലുകൾകോർത്ത് പ്രത്യേകതകളുള്ള ബട്ടണുകളും അലുക്കുകളും തൊങ്ങലുകളും ഒക്കെ തുന്നിപ്പിടിപ്പിച്ച് മുത്തശ്ശിയുണ്ടാക്കുന്ന കുഞ്ഞുടുപ്പുകൾക്ക് വലിയ ഖ്യാതിയുമായിരുന്നു ആ ഗ്രാമത്തിൽ എല്ലായിടത്തും . ...!
.
അന്നന്നത്തെ വിൽപ്പനക്കുള്ള വസ്തുക്കളുമായി മുത്തശ്ശിയും കൊച്ചുമോളും ഒന്നിച്ചാണ് ഗ്രാമച്ചന്തയിലേക്ക് പോവുക . അവർക്കായി ഉണ്ടാക്കുന്ന ഭക്ഷണവും പൊതിഞ്ഞെടുത്ത് രണ്ടുപേരുംകൂടി ചന്തയുടെ ഓരോരത്തിരുന്ന് വില്പനനടത്തി കിട്ടുന്ന കാശുകൊണ്ട് പിറ്റേന്നത്തേക്കുള്ള സാധങ്ങളും വാങ്ങി തിരിച്ചുപോരുകയാണ് എപ്പോഴും പതിവ് . ...!
.
ഉണ്ടാക്കാൻ സഹായിക്കുന്നതും എടുത്തുവെക്കുന്നതും വിൽക്കുന്നതും ഒക്കെയും അവൾതന്നെയായിട്ടും ഒരിക്കൽപോലും പൊടിഞ്ഞുപോകുന്ന മധുരപലഹാര പൊടിപോലും സ്വയം തിന്നാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും ആ കുഞ്ഞുടുപ്പുകളിലൊന്നുപോലും സ്വയമിടാൻ കൊതിക്കാതെ , നീളമുള്ള മനോഹരമായ മുടിയുണ്ടായിട്ടും കൊഴിഞ്ഞു വീഴുന്ന ഒരു മന്ദാരപ്പൂപോലും സ്വയം തലയിൽ ചൂടാൻ ശ്രമിക്കാതെ ,മുത്തശ്ശിക്കൊപ്പം ആ കൊച്ചുമോളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 11, 2020

ശുചിമുറികളിലെ ശുചിത്വം ...!!!

ശുചിമുറികളിലെ ശുചിത്വം ...!!!
.
ഏറ്റവും മികച്ച മുഖാവരണവും അതിനേക്കാൾ മികച്ച മറ്റു സ്വയരക്ഷാ കവചങ്ങളും സാമൂഹികസുരക്ഷയും സ്വയസുരക്ഷയും ആശുപത്രി സംവിധാനങ്ങളും അണുനശീകരണ ഉപകരണങ്ങളുമൊക്കെയായി നാം ഓരോ മഹാമാരികളെയും തുരത്തിയോടിക്കാൻ പെടാപാടുപെട്ട് ചെന്നുകയറുന്നത് ഉണ്ടാക്കിയശേഷം ഒരിക്കൽ പോലും വൃത്തിയാക്കാത്ത പൊതു ശൗച്യാലയങ്ങളിലെക്കാണ് എന്നത് എന്തൊരു വിരോധാഭാസമാണ് ...!
.
പൈസകൊടുത്തു പോകുന്ന പൊതു ശൗച്യാലയങ്ങൾതൊട്ട് ട്രെയിനുകൾ ബസ് സ്റ്റാൻഡുകൾ ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങി ആശുപത്രിയിലെയും മറ്റുപൊതു ഇടങ്ങളിലെയും ഏതൊരു ശൗച്യാലയങ്ങളുടെയും പൊതുവായ അവസ്ഥ ഏറ്റവും ശോചനീയം തന്നെയാണ് . പൊതുവെ ഭാരതീയരുടെ മനോഭാവത്തിൽ വീട്ടിലെഉപയോഗം കഴിഞ്ഞാൽ അത് വൃത്തിയാക്കേണ്ട ചുമതല വീട്ടുകാരിയുടെയും പൊതു ഇടങ്ങളിലാണെങ്കിൽ അത് ദൈവത്തിന്റെയും എന്ന മട്ടിലാണ് ഓരോരുത്തരും ശൗച്യാലയങ്ങൾ ഉപയോഗിക്കാറുള്ളത് .. അവനവന്റെ വൃത്തിയാക്കൽ കഴിഞ്ഞാൽ ഒരു കപ്പുവെള്ളം ഒഴിക്കാൻ പോലും പൊതുവിലാരും മെനക്കെടാറില്ലെന്നത് പരമമായ സത്യവും ...!
.
ഒരു രോഗി ഉപയോഗിച്ച ശൗച്യാലയം എന്തൊക്കെ സുരക്ഷാ മുന്കരുതലുകളെടുത്തുകൊണ്ട് മറ്റൊരാൾ ഉപയോചിച്ചാലും അയാൾക്ക് രോഗം പകരാനുള്ള സാധ്യത 50 % ത്തേക്കാൾ കൂടുതലാണെന്നിരിക്കെ മറ്റെന്തൊക്കെ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അതോടൊപ്പം ഇക്കാര്യത്തിലും കരുതലെടുക്കേണ്ടത് അനിവാര്യം തന്നെ. അവനവന്റെ ഉപയോഗം കഴിഞ്ഞാൽ അത് തനിക്കു പുറകിൽ വരുന്നവർക്കുവേണ്ടി വൃത്തിയാക്കിവെക്കാനുള്ള സാമാന്യ മര്യാദ നമ്മുടെ ശീലമാക്കുക തന്നെ വേണം ഇനിയെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, April 10, 2020

ആറു ചുമരുകളും , നാല് വാതിലുകളും ....!!!

ആറു ചുമരുകളും , നാല് വാതിലുകളും ....!!!
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 9, 2020

ആ പാലമരച്ചുവട്ടിൽ ...!!!

ആ പാലമരച്ചുവട്ടിൽ ...!!!
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന്‌ . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 7, 2020

പാതിരാജ്യവും .......!!!

പാതിരാജ്യവും .......!!!
.
നൂറ്റൊന്നു ഗ്രാമങ്ങളും
നൂറാനകളും
ആയിരം കുതിരകളും
പതിനായിരം കാലാളുകളുമുള്ള
ഒരു രാജ്യം
എനിക്കുമുണ്ടായിരുന്നെങ്കിൽ
ഞാനും പ്രഖ്യാപിച്ചേനെ
ഒരു ഇനാം ...!

പാതിരാജ്യവും .......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, April 3, 2020

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 2, 2020

പെരുവിരലിൽ കുത്തിയുയർന്ന് ... !!!

പെരുവിരലിൽ കുത്തിയുയർന്ന് ... !!!
.
പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിൽ കൈകൾ കോർത്ത് ചേർത്തടുപ്പിച്ച് ചുണ്ടുകളിൽ ചുണ്ടുകൾ കോർത്ത് അവനിലെ ജീവശ്വാസം മുഴുവനായും തന്നിലേക്കാവാഹിച്ച് തന്നെ മുഴുവനായും അവനിലേക്ക്‌ ലയിപ്പിച്ച് ഒരു ചൂടൻ ചുംബനത്തോടെത്തന്നെ അവനെ സ്വീകരിക്കണമെന്നത് തന്റെ ആവശ്യമായിരുന്നു ...!
.
ഒരു ചുംബനത്തിന്റെ ചൂടിന് ഒരു വർഷത്തിന്റെ ദൈർഘ്യത്തിനപ്പുറവും പുതുമയുടെ തുടിപ്പവശേഷിപ്പിക്കാൻ അവനല്ലാതെ മറ്റാർക്കാണാവുക . കണ്ണുകളിൽ പ്രണയം നിറച്ചുചേർത്ത് ഹൃദയത്തിൽ സ്നേഹം അലിയിച്ചുചേർത്ത് ജീവാത്മാവിൽനിന്നും ജീവിതാത്മാവിലേക്ക് അവനവനെത്തന്നെ ചേർത്തുനിർത്തുന്ന അവന്റെ മാസ്മരികതപോലെ ...!
.
എവിടെയെല്ലാമാണ് അവൻ തന്നിലവശേഷിക്കാത്തതെന്ന് താൻ എപ്പോഴും അത്ഭുതം കൂറാറുണ്ട് പലപ്പോഴും . അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകൾക്കുപോലും പ്രണയത്തിന്റെ മാസ്മരികതയാണ് . അവന്റെ സ്വരത്തിനുതന്നെ പ്രണയത്തിന്റെ വശ്യതയാണെന്ന് എപ്പോഴാണ് പറയാതിരിക്കാനാവുക . അവന്റെ സ്പർശംതന്നെ ഒരു മാലാഖയുടെ സ്നേഹസ്പർശംപോലെ ഹൃദയത്തിലേക്കയല്ലേ നേരിട്ട് കയറിയിരിക്കുന്നത് എപ്പോഴും ....!
.
കൈവിരലുകളിലൂടെ അരിച്ചുകയറി ഹൃദയത്തിലേക്കെത്തുന്ന അവന്റെ ചുടുശ്വാസത്തിന് ജീവന്റെ ഗന്ധമാണ് ഇപ്പോഴും.. തന്റെ കൈവിരൽ തുമ്പു പിടിച്ച് അവൻ കൂടെ നടക്കുമ്പോൾ തന്റെ കുഞ്ഞനുജന്റെ കുറുമ്പുകളായിരുന്നില്ലേ അവനിൽ . തന്റെ തോളിൽ മുഴുവൻ ഭാരവും ഇറക്കിവെച്ച് ആത്മസുഹൃത്തിനെ പോലെ അവനിരിക്കുമ്പോൾ തനിക്കല്ലേ ഭാരമില്ലായ്മ അനുഭവ്യമാകുന്നത് . തന്റെ നെഞ്ചിന്റെ ചൂടിൽ അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ചാഞ്ഞിരിക്കുമ്പോൾ തന്റെ മാതൃത്വമല്ലേ ബഹുമാനിതയാകുന്നത് എല്ലായ്‌പ്പോഴും ....!
.
തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കാലുകൾ മടിയിലെടുത്തുവെച്ച് ആ കാൽവിരലുകളിലെ അവന്റെ ചുംബനത്തിൽ തുടങ്ങി പൂമ്പാറ്റകൾ പാറിനടക്കുന്ന അടിവയറിന്റെ അഗാധതകളിലൂളിയിട്ടുണർന്ന് ജീവശാസത്തിൽ ലയിച്ചുചേരുന്ന അവന് ഇങ്ങിനെയുള്ളൊരു ചുംബനത്തോടെയുള്ള വരവേൽപ്പല്ലാതെ താൻ മറ്റെന്തു നൽകാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...