Tuesday, June 13, 2017

ഉറങ്ങാതെ ഒരച്ഛൻ ...!!!

ഉറങ്ങാതെ ഒരച്ഛൻ ...!!!
.
വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിയുന്ന സഹപ്രവർത്തകനെ കാണാനും അദ്ദേഹത്തിനുവേണ്ട കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് ഞങ്ങൾ ആ വലിയ ആശുപത്രിയിലെത്തിയത് . പതിവിനു വിപരീതമായി സന്ദർശക സമയമായിരുന്നിട്ടും അവിടെ തീരെ തിരക്കില്ലായിരുന്നു എന്നത് ശരിക്കും ഞങ്ങളെ ആഹ്ലാദിപ്പിച്ചു . ജനങ്ങൾ സൗഖ്യത്തോടെയിരിക്കുമ്പോഴാണല്ലോ ആശുപത്രികൾ ശൂന്യമാവുക ....!
.
വിതുമ്പി നിൽക്കുന്ന വിജനമായ ആ നീളൻ വരാന്തയിലൂടെ ഏറെദൂരം നടന്ന് ഞങ്ങൾ അത്യാഹിത വിഭാഗത്തിലെത്തി , ഡോക്ടറുടെ അനുമതിയോടെ സഹപ്രവർത്തകനെ സന്ദർശിച്ചു . ആരോഗ്യനില ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ചശേഷം ആശ്വാസത്തോടെ , അടിയന്തിരമായി നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ ഇങ്ങോട്ടെത്തിക്കാനുള്ള കാര്യങ്ങളും മറ്റു അത്യാവശ്യ കടലാസുപണികൾക്കും വേണ്ടി കൂടെവന്ന യൂറോപ്യനായ HSC മാനേജരും അറബിയായ GRO യും ആശുപത്രി ഓഫിസിലേക്ക് പോയപ്പോൾ ഞാൻ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം കൂടെ ഇരുന്നു , പ്രാർത്ഥനയോടെ ...!
.
കുറച്ചു കഴിഞ്ഞ് മുറിക്കു പുറത്തിറങ്ങി ഒഴിഞ്ഞു കിടക്കുന്ന ഒരു ഇരിപ്പിടത്തിലേക്കു നീങ്ങുമ്പോഴാണ് മറ്റൊരു അത്യാഹിതവിഭാഗത്തിനുമുന്നിൽ പ്രസവിച്ച് അധിക നാളായിട്ടില്ലാത്ത ഇരട്ടക്കുട്ടികളെയും കൊണ്ട് പ്രതീക്ഷയോടെ ഇരിക്കുന്ന ഒരു വൃദ്ധനെ കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ നമ്മുടെ നാട്ടിലെ ഒരു നാട്ടിൻപുറത്തുകാരനാണെന്നു മനസ്സിലാകുംവിധമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും . അഥിതികൾക്കായുള്ള മനോഹരമായ ഇരിപ്പിടങ്ങൾ വിട്ട് വെറും നിലത്ത് ചമ്രംപടിഞ്ഞ് , ഉറങ്ങുന്ന ആ രണ്ടു കുട്ടികളെയും മടിയിൽവെച്ചിരിക്കുന്ന അദ്ദേഹത്തിന് അപ്പോൾ എന്റെ അച്ഛന്റെയും ഭാവവുമായിരുന്നു എന്ന് എനിക്ക് തോന്നി ....!
.
ഞാൻ അദ്ദേഹത്തെ നോക്കി , സഹതാപം വരുത്താനുള്ള ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ട് പിന്നെ വെറുതെ ഒന്ന് ചിരിച്ചപ്പോൾ അദ്ദേഹം മറുപടിയായി തന്ന ചൂടുള്ള ഒരു തുള്ളി കണ്ണുനീർ എന്റെ നെഞ്ചുപൊള്ളിച്ചു . പിന്നെ പെട്ടെന്ന് എഴുന്നേറ്റ് അദ്ദേഹത്തിനടുത്തെത്തി ആ തലയിൽ തടവി കാര്യമന്ന്വേഷിച്ചപ്പോൾ എന്നിൽ അമർഷമാണ് നുരഞ്ഞിറങ്ങിയത് ആദ്യം . ...!
.
അമ്മയില്ലാതെ നോക്കി വളർത്തിയ ഒരേഒരു പൊന്നുമോൾ എല്ലാം ഉപേക്ഷിച് അവൾക്കിഷ്ടമുള്ള ഒരുത്തന്റെകൂടെ ഇറങ്ങിപോകുന്നതിലെ വേദനയേക്കാൾ , അവളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും വ്യാകുലതയും കരുതലും സൂക്ഷിക്കുന്ന ഒരച്ഛന്റെ മനസ്സിനുമേലെ ആവേശത്തോടെ ആഞ്ഞു ചവിട്ടിനിന്നുകൊണ്ട് മാധ്യമങ്ങളും സാമൂഹിക സംഘടനകളും ആര്ഭാടപൂർവ്വം ആഘോഷിച്ചു നടത്തിയ ഒരു വിവാഹ മാമാങ്കത്തിന്റെ ഇരയാണ് അകത്ത് അർദ്ധപ്രാണയായി കിടക്കുന്നതെന്ന് ആ അച്ഛൻ നിർവികാരതയോടെ പറഞ്ഞപ്പോൾ എന്നിൽ എന്തോ, വല്ലാത്തൊരു പുച്ഛമാണ് അപ്പോൾ നിറഞ്ഞത് ...!
.
വിവാഹത്തിനുശേഷം വിദേശത്തു ജോലിയുള്ള ഭർത്താവിനൊപ്പം മകൾ വെല്ലുവിളിച്ചെന്നപോലെ യാത്രയാകുന്നത് ആകാംക്ഷയോടെ നോക്കിനിന്ന ആ അച്ഛന് പിന്നെ അറിയാൻ കഴിഞ്ഞത് മകളുടെ ദുരിതപൂർണ്ണമായ ജീവിതകഥയാണ് . ഒന്നും ചെയ്യാനാകാതെ ഉരുകിയൊലിച്ചുനിന്ന ആ അച്ഛൻ പിന്നെയും കുറച്ചുനാളുകൾക്ക് ശേഷം കേട്ടത് മകൾ ഇരട്ടക്കുട്ടികളെ പ്രസവിച്ചെന്നും രോഗിയായി ആശുപത്രിയിലാണെന്നുമാണ് . ആരുംനോക്കാനില്ലാതെ അനാഥയായി ആശുപത്രി ജീവനക്കാരുടെ കാരുണ്യത്തിൽ അവളും പിറന്നയുടനെയുള്ള അവളുടെ രണ്ടുകുട്ടികളും ജീവിക്കുന്നുവെന്നത് ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി . എംബസ്സിയുടെ സഹായത്തോടെ അങ്ങിനെയാണ് വൃദ്ധനായ ആ അച്ഛൻ അങ്ങോട്ട് ഓടിവന്നത് ...!
.
ഇനിയെന്തുചെയ്യണം എന്നറിയാതെ , മുലകുടിക്കാൻകൂടി തുടങ്ങിയിട്ടില്ലാത്ത രണ്ടുമക്കളെയും മാറത്തടക്കി ഇരിക്കുന്ന ആ അച്ഛനെ നോവിന്റെ ആ വിജനതയിൽ ഒറ്റക്കുവിട്ടുപോരാൻ ഒരച്ഛനായ എനിക്ക് കഴിയുമായിരുന്നില്ല . അപ്പോഴേക്കും തങ്ങളുടെ ജോലികൾ തീർത്ത് അങ്ങോട്ട് കടന്നുവന്ന എന്റെ സഹപ്രവർത്തകരുടെ സഹായത്തോടെ അവരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്തുതീർക്കുമ്പോൾ ഞാൻ ചുറ്റും അന്വേഷിക്കുകയായിരുന്നു , അവരുടെ വിവാഹത്തിന് കൊട്ടുംകുരവയും ആർപ്പുവിളികളുമായി ആവേശത്തോടെ കൂടെനിന്നിരുന്ന ആ വലിയ സമൂഹത്തെ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...