Thursday, April 9, 2020

ആ പാലമരച്ചുവട്ടിൽ ...!!!

ആ പാലമരച്ചുവട്ടിൽ ...!!!
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന്‌ . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...