Monday, May 11, 2020

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!
.
ആ പത്രമാപ്പീസിന്റെ നീണ്ട വരാന്തയിലേക്ക് നടന്നു കയറുമ്പോൾ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു . ഇന്നിത് മൂന്നാമത്തെ പത്രമാപ്പീസായതുകൊണ്ടല്ല അതെന്ന് നിശ്ചയം . അതുംകൂട്ടി മൂന്നാമത്തെ പത്രത്തിലെയും എല്ലാ എഡിഷനുകളിലും ആ പരസ്യം കൊടുക്കാൻ സാധിച്ചതിലെ ചാരിതാർഥ്യം തന്നെയായിരുന്നു അതിനു കാരണമെന്നും തീർച്ച ...!
.
തന്റെ അച്ഛൻ നട്ടുവളർത്തി വലുതാക്കി, അവശേഷിക്കുന്ന ആ രണ്ടു തേക്കു മരങ്ങൾ കൂടി മുറിച്ചുവിറ്റ്‌ ആവശ്യത്തിനുള്ള പണമുണ്ടാക്കുമ്പോഴും അയാളിൽ നിശ്ചയദാർഢ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോഴെങ്കിലും അത് സാധിച്ചെടുക്കണമെന്ന ആവേശവും . പരിചയക്കാരിലും അപരിചിതരിലും തിരഞ്ഞു തളർന്ന ഒരുവന്റെ വിഷാദമായിരുന്നില്ല അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നതും ...!
.
അകത്തു കയറി, എഴുതി തയ്യാറാക്കി കൊണ്ടുവന്ന മാറ്റർ ആരെയാണ് ഏല്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിസപ്ഷനിലെ പെൺകുട്ടി കാണിച്ചുകൊടുത്ത മേശക്കരുകിൽ എത്തിയ അയാൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു . മുന്നിലെ മാറാല പിടിച്ച ആ രൂപത്തിന് ഒരു പെണ്ണെന്നു പേരുനൽകാമോ എന്നുപോലും അയാൾ ചിന്തിച്ചിരുന്നോ എന്നറിയില്ലെങ്കിലും ആ ചടഞ്ഞ രൂപത്തിൽ അയാൾ സ്വയം വല്ലാതായിരുന്നു എന്നതാണ് സത്യം ...!
.
മുന്നിൽ നിൽക്കുന്ന അയാളെ കണ്ട അവർ ഇരിക്കാൻ ആവശ്യപ്പെട്ടു കാര്യം അന്വേഷിച്ചത് അയാൾ സത്യമായും കേട്ടിരുന്നില്ല . ആ ശബ്ദം അത്രയും ശുഷ്കമായിരുന്നു എന്നതുതന്നെ കാരണം . എന്നിട്ടും അയാൾ അവിടെയിരുന്നത് അവരോടുള്ള ആദരവുകൊണ്ടോ കരുണകൊണ്ടോ അല്ലായിരുന്നു. തന്റെ ആവശ്യം അത്രയും പ്രാധാന്യമേറിയതുകൊണ്ടുതന്നെ ...!
.
എഴുതിക്കൊണ്ടുവന്ന കടലാസ് അയാൾ അവരെ ഏൽപ്പിച്ച് മടിയിൽ നിന്നും പൈസയെടുക്കാൻ തുടങ്ങുന്നതിനിടയിൽ ആ രൂപം അയാളെ തീർത്തും അതിശയിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു അപ്പോൾ. ചിലമ്പിച്ചതെങ്കിലും ആ ചിരി അയാളെ അയാളുടെ തന്നെ സ്വപനത്തിലേക്കാണുണർത്തിയതെന്നതും സത്യം . അവർ ആ കടലാസുമായി അടുത്ത ഡെസ്കിലെ അവരുടെ മാനേജരുടെ അടുത്തുചെന്ന് കാണിച്ചുകൊടുക്കുന്നത് അയാൾ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് പക്ഷെ അപ്പോൾ നോക്കി നിന്നത് ...!
.
അതുമായി അവർ രണ്ടു പേരും അയാളുടെ അടുത്തെത്തി , ഇത് തന്നെയാണോ താങ്കൾക്ക് പത്രത്തിൽ കൊടുക്കേണ്ട പരസ്യം എന്ന് ചോദിച്ചത് അയാളെ ശരിക്കും കോപാകുലനാക്കി . മറ്റു രണ്ടു പ്രധാനപത്രങ്ങളിലും കൊടുത്തു കഴിഞ്ഞ ആ പരസ്യത്തിന് നിങ്ങള്ക്ക് മാത്രമായി എന്താണ് വിരോധമെന്ന മറുചോദ്യത്തിൽ മാനേജർ ഒന്നും പറയാതെ ആ കടലാസിൽ ഒപ്പിട്ടു കൊടുത്ത് അവരോട് നടപടികൾ തുടർന്നോളാൻ പറഞ്ഞ് വേഗം സ്ഥലം വിട്ടു .. എന്നിട്ടും ആ രൂപം ആ കടലാസിലേക്ക് നോക്കി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു , മറ്റാരെയും വകവെക്കാതെ ...!
.
അതെ ചിരിയോടെ അവരാ പരസ്യം ഏറ്റെടുക്കാൻ വേണ്ട നടപടികൾ തുടരുകയും അയാളോട് പൈസ അടച്ചു വരൻ പറഞ്ഞു പറഞ്ഞയക്കുകയും ചെയ്തതൊക്കെയും അയാൾ അൽപ്പം നീരസത്തോടെയാണ് നോക്കിയിരുന്നത് . പണവുമടച്ച് രസീതുമായി അയാൾ തിരിച്ചെത്തുമ്പോഴും ആ രൂപം അയാൾ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടു വന്ന ആ കടലാസിലേക്കും നോക്കി ഉറക്കെ ചിരിക്കുക തന്നെയായിരുന്നു . അയാളെയും നോക്കി. ...!
.
നടപടികൾ പൂർത്തിയാക്കി അയാൽ പോകാൻ തയ്യാറാകുമ്പോൾ ഒന്ന് കൂടി ആ മാറാലപിടിച്ചു ചടഞ്ഞ രൂപത്തെ അയാൾ നോക്കി നിന്നു . കടലാസുകൾ ഫയൽ ചെയ്യുന്നതിരക്കിൽ അയാളെ ശ്രദ്ധിക്കാതിരുന്ന അവർ പക്ഷെ അയാൾ നോക്കി നിൽക്കുന്നത് നോക്കാതെ തന്റെ പണികൾ തീർക്കാനുള്ള വെപ്രാളത്തിലായിരുന്നു അപ്പോൾ. എന്നിട്ട് യാത്രയാകാൻ തുടങ്ങുന്ന അയാളെ തിരിച്ചു വിളിച്ചുകൊണ്ട് ചോദിച്ചു , എനിക്ക് സമ്മതമെങ്കിൽ ....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...