Monday, March 23, 2020

പ്രകൃതിയുടെ പാഠങ്ങൾ ...!!!

പ്രകൃതിയുടെ പാഠങ്ങൾ ...!!!
..
പുലർകാല കുളിരിൽ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ഊളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ഗോമാതാവിൻറെ കരച്ചിൽ കേട്ടാണ് , കാലത്തെത്തന്നെ കണ്ണുതുറന്നത് . ഇതെന്തുപറ്റിയെന്ന് അത്ഭുതം കൂറവേ മുന്നിലതാ പതിവ് കള്ളച്ചിരിയുമായി മൂപ്പരിങ്ങനെ ചാഞ്ഞിരിക്കുന്നു . അപ്പോൾ ഗോമാതാവെവിടെയെന്ന് അത്ഭുതം കുറവേ മൂപ്പരാ ഓടക്കുഴൽകൊണ്ടൊരു അടിത്തന്നു തലയ്ക്കു തന്നെ.. ഒന്നുകൂടി നേരം വെളുത്തോട്ടെ എന്നുകരുതിയാണോ അതോ ....!
..
തന്റെ നാറ്റംകൊണ്ട്‌ മൂപർക്കിനി ബുദ്ധിമുട്ടാകേണ്ട എന്നുവെച്ച് വേഗം പോയി പല്ലൊക്കെ തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച് വന്ന് അടുത്തിരുന്നപ്പോൾ മൂപ്പരും എന്റടുത്തേക്ക് നീങ്ങിയിരുന്നു . എന്നിട്ടൊരു വലിയ ലിസ്റ്റെടുത്തുതന്നു കയ്യിൽ . അതിശയത്തോടെ ഞാനാ ലിസ്റ്റുനോക്കിയതും എന്റെ കണ്ണുതള്ളിപ്പോയി ....!
..
പശു, പന്നി, പോത്ത് , കുരിശ് , കൊന്ത , ചന്ദനക്കുറി , തൊപ്പി ആചാരങ്ങൾ , അക്രമങ്ങൾ , കൊലവിളികൾ ആർപ്പുവിളികൾ ....... ഇനി ഇല്ലാത്തതൊന്നും അതിലില്ലായിരുന്നു, പക്ഷെ എവിടെയൊക്കെ നോക്കിയിട്ടും ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെയല്ലാതെ ആ ലിസ്റ്റിലെവിടെയും ഒറ്റമനുഷ്യനെയും മനുഷ്യത്വത്തെയും എനിക്ക് കാണാത്തതിൽ കണ്ണുംതള്ളി അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കെ മൂപ്പർ എന്നെ മെല്ലെ തട്ടിവിളിച്ചു ...!
..
അടുത്തേക്ക് നീക്കിയിരുത്തി കണ്ണടച്ച് ചെവിയോർക്കാൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു . മൂപ്പരെതൊട്ട് കാതുകൂർപ്പിക്കവേ ഒരു നനുത്ത തേങ്ങലാണ് കാത്തിലേക്കോടിയെത്തിയത് . കടലിന്റെ ഇരമ്പലിനൊപ്പം ചങ്കിൽ ജീവൻ പിടക്കുന്ന ഒരു കുഞ്ഞു തേങ്ങൽ . ഞെട്ടി മാറി ഒന്നുകൂടെ മൂപ്പരോട് ചേർന്നിരിക്കവേ അകത്ത് , അസഹ്യമായ വേദനയിൽ നിന്നുള്ള മോചനമാഗ്രഹിച്ച് മരണമേ, നീയെങ്ങിനെയെങ്കിലുമെന്നെയൊന്ന് പുൽകിയാലുമെന്ന ഒരു പെൺകുഞ്ഞിന്റെ നീറ്റുന്ന പിടച്ചിൽ ....!
..
ആശ്രയമറ്റവരെ ചൂഷണം ചെയ്യുന്ന മതപരിവർത്തകരുടെ മാടിവിളികൾ , ദൈവത്തിനെന്ന് കള്ളം പറഞ്ഞ് നിഷ്കളങ്കരെ ചുട്ടുകൊല്ലുന്ന തീവ്രവാദികളുടെ ആർപ്പുവിളികൾ , വിവേചനത്തിന്റെ , വേർതിരിവിന്റെ വേർപെടുത്തലുകളുടെ ഹൃദയവേദനകൾ . ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ദൈവത്തെപോലും വേദനിപ്പിക്കുന്നത് ..... ഹൃദയം നിന്നുപോകുമോ എന്ന ഭയത്താൽ ഞാൻ പേടിച്ച് കണ്ണുതുറന്ന് മൂപ്പരെ കെട്ടിപ്പിടിച്ചുപോയി ....!
..
അവസരങ്ങളും പാഠങ്ങളും ഏറെത്തന്നെങ്കിലും പാഠം പഠിക്കാത്ത എനിക്കുവേണ്ടി , തന്റേതു പോലെ അവരുടേതുമാണ് ഈ ലോകമെന്ന് ചിന്തിക്കുകപോലും ചെയ്യാത്ത സ്വാർത്ഥരുടെ അത്യാർഥിക്കുമുന്നിൽ ജീവനുപോലും വേണ്ടി പിടക്കേണ്ടിവരുന്ന ഓരോ ജീവജാലങ്ങൾക്കും മരങ്ങൾക്കും പുഴകൾക്കും വേണ്ടി എല്ലാറ്റിനും അതീതമായ ഈ പ്രകൃതിതന്നെ ആവശ്യസമയത്ത് ഒരു സ്വയം സന്തുലനം നടത്തുമെന്ന് എന്നിട്ടുമെന്തേ നീ ഇനിയും തിരിച്ചറിയാത്തതെന്ന് മൂപ്പർ എന്നെ മെല്ലെ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ എനിക്കുത്തരമില്ലായിരുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...