Friday, April 3, 2020

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...