Saturday, February 26, 2022

ഹൃദയത്തുടിപ്പുകൾ .....!!!

ഹൃദയത്തുടിപ്പുകൾ .....!!!
.
ആശുപത്രിയിലെ ഇടുങ്ങിഞെരുങ്ങി ഉപ്പുമണക്കുന്ന തിരക്കിനിടയിൽ സ്കാനിംഗ് റൂമിനുമുന്നിലേക്ക് എന്റെ അവസരവും കാത്തു ചെല്ലുമ്പോൾ നേരം വല്ലാതെ വൈകിയിരുന്നു . ഡോക്ടർ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കൊപ്പം ഇന്നുതന്നെ എല്ലാം കഴിഞ്ഞ് മരുന്നുംവാങ്ങി വരാൻപറ്റുമോ എന്ന വേവലാതി വേറെയും . ആൾക്കൂട്ടങ്ങളിൽ തനിച്ചായിപ്പോകുന്ന നീളമുള്ളവരാന്തകൾ താണ്ടി അവിടെയെത്തി നഴ്സിന്റെ കയ്യിൽ രശീതും കൊടുത്ത് എന്റെ ഊഴത്തിനായി കാത്തിരിക്കാൻ ഒരിടം തേടുമ്പോഴാണ് ചുറ്റും ഒന്ന് കണ്ണോടിക്കുന്നതും ...!
.
മുന്നിലെ കസേരകളിൽ രണ്ടിലും രണ്ടു ചെറുപ്പക്കാരായ ദമ്പതികളായിരുന്നു ഇരുന്നിരുന്നത് . അപ്പുറത്തെ ചുമരിനോടുചേർന്ന് ഒരു അപ്പൂപ്പനും. പ്രായാധിക്യത്തിന്റേതാകാം , വല്ലാതെ പരവേശപ്പെടുന്ന ആ അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ട് കൊച്ചുമകളോളം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു . അപ്പൂപ്പന്റെ വെപ്രാളത്തിൽ ഇടയ്ക്കു പ്രകോപിതയായും ഇടക്ക് അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ടും, പിന്നെ ചിലപ്പോൾ തനിക്കിതൊന്നും സഹിക്കാൻ വയ്യെന്ന മട്ടിൽപരിഭവിച്ചും അവൾ അപ്പൂപ്പനെ കരുണയോടെ വട്ടംചുറ്റിപ്പിടിച്ചിരുന്നു എന്നിട്ടും . ...!
.
മറ്റുചിലർ കൂട്ടംകൂടിയും വേറെചിലർ ഒറ്റതിരിഞ്ഞും നിൽക്കുന്നതിനിടയിൽ തൊട്ടുപുറകിലെ കസേരയിൽ ഒരു മധ്യവയസ്‌കൻ തന്റെ അവസരത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നതും കാണാമായിരുന്നു. വെള്ളം കുടിച്ച് വയറുവീർത്ത് മൂത്രമൊഴിക്കാൻ മുട്ടി തന്റെ അവസരം ഇപ്പോഴെത്തിയാലോ എന്ന ആശങ്കയിൽ മൂത്രമൊഴിക്കാൻ പോകാനുമാകാതെ വെപ്രാളപ്പെട്ടുകൊണ്ട് ....!
.
പിന്നെയും അവിടവിടെയായി കാത്തുനിൽക്കുന്ന മറ്റുള്ളവർക്കൊപ്പം ഒഴിഞ്ഞ ഒരിടം നോക്കി ചുമരിൽ ചാരിനിൽക്കേ എന്റെ കണ്ണുകളുടക്കിയത് മുന്നിലെ ആ ദമ്പതികളിൽ തന്നെ . ഏകദേശം ഇരുപതുകളിലുള്ള ആ യുവ മാതാപിതാക്കൾ രണ്ടു ജോഡിയും ഏറെ സ്നേഹത്തോടെ അതിലേറെ കരുതലോടെ അവിടെ കാത്തിരിക്കുന്നത് എന്നെയും എന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി . ഞങ്ങളുടെ ആദ്യത്തെ കുഞ്ഞുണ്ടാകുമ്പോഴത്തെ കാത്തിരിപ്പുകളും പ്രതീക്ഷകളും ...... സ്കാനിംഗ് റൂമിൽ വെച്ച് ആദ്യമായി കുഞ്ഞിന്റെ ഹൃദയ,മിടിപ്പ് ഡോക്ടർ കേൾപ്പിച്ചുതന്നപ്പോഴത്തെ ആ സന്തോഷക്കണ്ണുനീർ ഇപ്പോഴും കണ്ണുകളിൽ ഉള്ളപോലെ ....!
.
ആ യുവതികളായ അമ്മമാരേ നോക്കിയിരുന്നപ്പോൾ വയസ്സ് ഒരിക്കലും ബന്ധങ്ങൾക്ക് ഒരു വിഷയമേയല്ലെന്ന് എനിക്കപ്പോൾ ശരിക്കും തോന്നിപ്പോയി . തങ്ങളുടെ വയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പിനെ എത്ര അരുമയോടെയാണ് അവർ കാത്തിരിക്കുന്നത് . ഇടയ്ക്കിടെ വയറ്റിൽകിടന്ന് ബഹളമുണ്ടാക്കുന്ന അവന്റെ അല്ലെങ്കിൽ അവളുടെ കുസൃതികൾ അവർ എത്ര സ്നേഹത്തോടെയാണ് അനുഭവിച്ചാസ്വദിക്കുനന്ത് ....!
.
വർത്തമാനത്തിൽനിന്നും ഭാവിയുടെ വസന്തത്തിലേക്ക് താന്താങ്ങൾ തങ്ങളുടെ കൈപിടിച്ചുനടക്കുംപോലെ , ഇടക്കിടെ ആ അമ്മമാർ അവരുടെ ഭർത്താക്കന്മാരുടെ കൈപിടിച്ച് വയറ്റിൽ വെച്ച് ആ കുഞ്ഞിന്റെ തുടിപ്പുകൾ അവരെക്കൂടി അനുഭവിപ്പിക്കുന്നത് കാണുമ്പോൾ അവരും എനിക്ക് എന്റെ അമ്മയാകുന്നപോലെയും ......!
.
അതിനിടയ്ക്ക് ഒരു ജോഡി ദമ്പതികൾ തിടുക്കത്തിൽ ആവേശത്തോടെ അകത്തേക്ക് അവരുടെ ഊഴത്തിൽ കയറിയപ്പോൾ ഞാൻ അവരെയും പരിസരംപോലും മറന്ന് സാകൂതം നോക്കുകയായിരുന്നു . അകത്തുകയറി കുറച്ചുകഴിഞ്ഞപ്പോൾ സ്കാനിങിനിടയിൽ ആ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകൾ ഡോക്ടർ അവർക്ക് കേൾപിച്ചുകൊടുക്കുന്നത് ശ്രദ്ധിച്ചുനിന്ന ഞാനും ആ നിർമ്മലമായ ശബ്ദങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി ....!
.
അമ്മയുടെ വയറ്റിൽ ആ കുഞ്ഞിന്റെ ചലനങ്ങളും അവ വയറിനുപുറത്തേക്ക് കാണുമ്പോഴുള്ള സന്തോഷവും അച്ഛനോ അമ്മയോ അവരെ വയറ്റിൽ മുഖംചേർത്തുവെച്ച് വിളിക്കുമ്പോഴുള്ള അവരുടെ പ്രതികരണങ്ങളും ഓർത്തോർത്ത് ആ ഹൃദയത്തുടിപ്പുകളും ചേർത്തുപിടിച്ച് ഒരു കുഞ്ഞിളം പൈതലായി ആ അമ്മമാർക്കൊപ്പം ഈ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, February 18, 2022

ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!!

ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!!
.
ചുംബിക്കണം
എന്റേതാകുന്നവളെ
എന്നേക്കുമാകുന്നവളെ
എനിക്കെന്റെ പ്രിയപ്പെട്ടവളെ ...!
.
വേവുന്ന അടുക്കളയുടെ മുഷിഞ്ഞൊരിരുട്ടിൽ
പാതിവെന്ത അവളുടെ വിയർപ്പൊട്ടിയ ദേഹം
പുറകിലൂടെ ചേർത്തുപിടിച്ച് ആ പിന്കഴുത്തിൽ
ഏറെ കരുതലോടെ ....!
.
കുളിരുന്ന പുലരിയുടെ നൈർമ്മല്യതയിൽ
എണീക്കാൻമടിച്ചുകിടക്കുന്ന തന്നെ
വിളിച്ചെണീപ്പിക്കാനെത്തുന്ന അവളെ
തന്റെ നെഞ്ചിന്റെ ചൂടിലേക്ക് വലിച്ചടുപ്പിച്ച്
ആ ചുണ്ടുകളിൽ സ്നേഹത്തോടെ ....!
.
കിട്ടിയവസ്ത്രവും വാരിചുറ്റി
ഘടികാരസൂചിയെ പുറകിലേക്ക് വലിച്ചുകൊണ്ട്
വീട്ടിലെപണിയെല്ലാം തീർത്ത്
ഓഫിസിലേക്കിറങ്ങുന്ന അവളുടെ കൈകൾ
പുറകിലേക്ക് വലിച്ചടുപ്പിച്ചാവാതിൽ മറവിൽ നിർത്തി
ആ മൂർദ്ധാവിൽ കരുണയോടെ ....!
.
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി തള്ളിയുരുട്ടുന്ന
ജീവിതത്തെയും മുറുകെപ്പിടിച്ചോടുന്ന ഓട്ടത്തിനിടയിൽ
വഴിയോരത്തെ പൂത്തുനിൽക്കുന്ന ആ വാകമരച്ചുവട്ടിൽ
അവളെയൊന്ന് പിടിച്ചിരുത്തി
വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീം
അവളുടെ ചുണ്ടിൽനിന്നും ഏറെ കൊതിയോടെ
നുണഞ്ഞുകൊണ്ട്, പ്രണയത്തോടെ .....!
.
കുടുംബവും കുട്ടികളുമായുള്ള യാത്രക്കിടയിൽ
അവർക്കൊപ്പം നടക്കുന്ന അവളെ മാത്രം
പുറകിലേക്കൊന്നു വലിച്ചുപിടിച്ച്
വയറിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് തലകൾ മുട്ടിച്ചുകൊണ്ട്
ആ കവിളുകളിൽ അരുമയോടെ ....!
.
പ്രാരാബ്ധ പാച്ചിലിൽ വല്ലാതെ
പിടഞ്ഞുപോകുമ്പോൾ
തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച്
ആ നെഞ്ചിൽ വാത്സല്യത്തോടെ ....!
.
കുഞ്ഞു കുറുമ്പുകളിൽ
പരിഭവങ്ങളിൽ
പിണക്കങ്ങളുടെ നൊമ്പരങ്ങളിൽ
വികൃതികളിലെ അറിയാത്ത തെറ്റുകളിൽ
അവളുടെ ആത്മാവിൽ
തൊട്ടറിവിന്റെ വിശ്വാസപൂർവ്വം ....!
.
കുളിരും നിലാവും
നിശാഗന്ധികളും നിറഞ്ഞ പ്രണയാർദ്രരാവിൽ
ആവേശത്തോടെ കാത്തിരിക്കുന്ന
അവൾക്കുമുന്നിൽ താണിരുന്ന്
ആ കാൽവിരലുകളിൽ വശ്യതയോടെ ....!
.
കുളിച്ചീറനോടെ കടന്നെത്തുന്ന അവളുടെ
ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ നിറഞ്ഞ
കാർകൂന്തലൊതുക്കിമാറ്റി
ആ ഈറൻ ചൂടിൽ മിടിക്കുന്ന നഗ്നമായ
അവളുടെ നെഞ്ചിൽ ആവേശത്തോടെ .....!
.
രാത്രിയുടെ പുതപ്പിനടിയിൽ
ശ്വസിക്കാൻ മറക്കുന്ന ആവേശതിരകളിൽ
സംതൃപ്തിയോടെ പാതികൂമ്പുന്ന
അവളുടെ കൺപോളകളിൽ
കത്തുന്ന കാമത്തോടെ ......!
.
പ്രണയത്തിനും സ്നേഹത്തിനുമപ്പുറം
ജീവനും ജീവിതവും പകുത്ത്
എന്റേതുമാത്രമാകുന്ന എന്റെ പ്രിയപ്പെട്ടവൾക്ക്
ആത്മാവിന്റെ ജീവശ്വാസം പകർന്ന്
എല്ലാ സത്യത്തോടെയും ....!!!
.
ചുംബിക്കണം
എന്റേതുമാത്രമാകുന്ന
എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 16, 2022

വിപ്ലവം .....!!!

വിപ്ലവം .....!!!
.
വിപ്ലവം
തോക്കിൻ കുഴലിലൂടെ വന്ന്
ജനാധിപത്യത്തിലൂടെ കടന്ന്
വ്യക്ത്യാരാധനയിലേക്കും
പിന്നെയിപ്പോ
തിരുവാതിരകളിക്കാനും
തുടങ്ങിയതും വിപ്ലവംതന്നെ ....!!!
,
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, December 7, 2021

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!
..
മുല്ലപ്പെരിയാറിൽ ഇപ്പോഴുള്ള അണക്കെട്ട് പൊളിച്ച് പുതിയൊരു അണക്കെട്ട് പണിയുക എന്നത് അടിയന്തിര പ്രാധാന്യമുള്ള ഒരു അത്യാവശ്യമായിരിക്കെ കാലപ്പഴക്കം ഒന്നുകൊണ്ടുമാത്രം പൊളിക്കേണ്ടിവരുന്ന ആ അണക്കെട്ടിനുപകരം പണിയുന്ന പുതിയ അണക്കെട്ട് പാലാരിവട്ടം പാലംപോലെയും കോഴിക്കോട്ടെ ബസ്സ്റ്റാൻഡ് പോലെയും നാട്ടിലെ റോഡുകൾ പോലെയുമൊക്കെയുള്ള പുതിയകാല നിർമ്മിതിയിൽ പണിതുയർത്തിയാൽ ഇപ്പോൾ പാതിസമാധാനത്തോടെയെങ്കിലും കഴിയുന്ന അവിടെയുള്ള ജനങ്ങൾ പിന്നെ എങ്ങിനെയാണ് നസ്സമാധാനത്തോടെ കിടന്നുറങ്ങുക ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 2, 2021

കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!!

കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!!
.
ചിലർ അങ്ങിനെയുമാണ് . എന്നെന്നേക്കും നമ്മുടെകൂടെ മാത്രമായുണ്ടാകുമെന്ന്‌ ദൃഢപ്രതിജ്ഞയോടെ നമുക്കൊപ്പം ചേർന്ന് നമ്മുടേതായി നടന്നു നീങ്ങുമ്പോഴും അവർ അവർക്കടുത്തേക്കു നീട്ടിനിൽക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ ആ കൈകളും വിടാതെ വിട്ടു നിർത്തും . ചേർത്തല്ലെങ്കിലും ചേർക്കാതെയും കൂടെനിർത്തും . ഇടക്കൊരു പുഞ്ചിരി , പിന്നെയിടക്കൊരു ശ്രദ്ധയോടെയുള്ള നോട്ടം .. അത്രയൊക്കെയും ധാരാളമായി മതിയാകുന്ന ആ കൈയുടമകകൾക്ക് സ്വന്തമായി ....!
.
പകലിനെപകുത്ത് അതിലൊരുരാത്രിയുണ്ടാക്കി ആ രാത്രിയിൽ തന്റേതായ ലോകം ചമയച് അതിലും കൂടി ഒരേസമയം വിരാചിക്കുന്ന അവർ , അവകാശങ്ങളും അധികാരങ്ങളും അനുവദിക്കുമ്പോഴും മുഖംമൂടിയണിഞ്ഞ നിരവധി അറകൾക്കുള്ളിരുന്ന്‌ തന്റെ സ്വത്വത്തെ കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും വാചാലരാകും. സത്യത്തെ വിളിച്ചുപറയുന്നവരെ അവർ വിഡ്ഢികളാക്കി പീഡകരും മനസ്സാക്ഷിയില്ലാത്തവരും നിന്ദിതരുമാക്കും ....!
.
അവർക്കുവേണ്ടി ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കാനും അവർക്കുവേണ്ടി ഒരുസ്വപ്നലോകംതന്നെ തീർക്കാനും കാത്തുനിൽക്കുന്നവർക്കുമുന്നിൽ നമ്മൾ വെറും നിസ്സാരന്മാരാകും . ഒന്നുമില്ലാതെ എല്ലായിടത്തും തോറ്റ് ഒന്നിനുംകൊള്ളാതെ ... നമ്മുടെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ചിന്തകൾക്കും ആഗ്രഹങ്ങൾക്കും സത്യസന്ധതയ്ക്കും ഒന്നും ഒരുവിലയുമില്ലാതെ....!
.
അവർ പലപ്പോഴുമാകട്ടെ നമ്മെയങ്ങില്ലാതെയാക്കിക്കളയുകയും ചെയ്യും . നമുക്കിഷ്ടമില്ലെന്ന് അവരോടു പറയുന്ന കാര്യങ്ങളിൽ അവർ തെറ്റുചെയ്യുന്നില്ലെന്നു നമ്മെ ബോധ്യപ്പെടുത്താൻ വേണ്ടി അതുതന്നെ മനപ്പൂർവ്വം വീണ്ടും വീണ്ടും നമുക്കുമുന്നിൽ ചെയ്തുകൊണ്ട് . നീയെന്തുവിചാരിച്ചാലും എനിക്ക് പുല്ലാണെന്ന പുച്ഛത്തോടെ . നീയല്ലെങ്കിൽ എന്നെ മനസ്സിലാക്കുന്ന മറ്റുപലരുമുണ്ടെന്ന അഹങ്കാരത്തോടെ. ഞാൻ ഇങ്ങിനെത്തന്നെയായിരിക്കുമെന്ന വാശിയോടെ മുന്നോട്ടുതന്നെ പോകും . അവിടെ തോറ്റുപോകുന്ന നമ്മൾ വിഡ്ഢികളായി പിന്മാറുകയല്ലാതെ മറ്റെന്തുചെയ്യാൻ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, November 26, 2021

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!
.
ജീവിതവഴികളിലെ മരീചികകൾ തേടി മനപ്പൂർവ്വമായോ അല്ലാതെയോ ഒക്കെ എത്തിപ്പെടുന്ന ഇടങ്ങളെ തന്റേതായ ഇടമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മനുഷ്യരൊക്കെയും എപ്പോഴും മറ്റുള്ളവർക്കുമുന്നിലും ആ മരീചികയുടെ വിസ്മയികതയിൽ തന്നെയാണ്താനും ജീവിപ്പിച്ചുപോരുന്നതും . ഓരോ പുലരിയിലും ഓരോ ചുവടിലും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്നവർ . ഓരോ വീഴ്ചയ്ക്കുശേഷവും നല്ലനാളെയേ മാത്രം സ്വപ്നം കാണുന്നവർ . അവരവരുടെ ഇഷ്ടത്തെക്കാൾ പിന്നെയങ്ങോട്ടവരെനയിക്കുന്നതൊക്കെയും സാഹചര്യങ്ങൾ മാത്രമെന്നത് വിധിവൈപരീധ്യവും ...!!!
.
ഇനിയും മായാത്ത നാട്ടുവഴികളും അടുത്തവീട്ടിലെ ഉമ്മറത്തിണ്ണയിലെ കട്ടൻചായയും മഴയത്തിറങ്ങിവരുന്ന തോട്ടിടവഴിയിലെ പരൽമീനുകളും ഒക്കെ തങ്ങളുടെ മൂഡസ്വർഗ്ഗത്തിലെ സ്ഥിരം കാഴ്ചകളാക്കി ഇപ്പോഴും വിഡ്ഢികളാണെന്ന് സ്വയം തിരിച്ചറിയാൻ പോലും കഴിയാത്തത്രയും വിഡ്ഢികളായി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ട പേരും പ്രവാസികൾ എന്നുതന്നെ . എല്ലാവര്ക്കും എപ്പോഴും വേണ്ടവരും എന്നാൽ ആർക്കും ഒരിക്കലും വേണ്ടാത്തവരുമായ വിചിത്ര ജീവികൾ . എന്തെങ്കിലും ചെയ്തോഎന്നുചോതിച്ചാൽ ഒന്നുംചെയ്തില്ലെന്നും ചെയ്തില്ലേ എന്നുചോദിച്ചാൽ ചെയ്‌തെന്നും തനിക്കുതന്നെ ഉത്തരം കിട്ടാത്ത കടംകഥകളിൽ സ്വയം വിരാചിക്കുന്നവർ ....!
.
ഔദ്യോഗിക ആവശ്യത്തിനായി ജോലിക്കാരെ തിരയുക എന്നത് ഏറെ കഠിനമായൊരു പ്രക്രിയയാണ് എപ്പോഴും . ചെലവുചുരുക്കലിന്റെ ഭാഗമായി പലദൗത്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടിയും വരുമ്പോൾ പ്രത്യേകിച്ചും . ഒരു ജോലി ഒഴിവുണ്ടെന്ന് അറിയുമ്പോൾ അതന്വേഷിച്ചുവരുന്ന ആളുകളുടെ ജീവിതം നമുക്കുമുന്നിൽ തുറക്കുന്നത് പലപ്പോഴും വേദനയുടെ നെരിപ്പോടുകളായിരിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഏറെ സങ്കീര്ണവുമാക്കും . മാനുഷിക പരിഗണയ്ക്കാണോ കമ്പനി ആവശ്യങ്ങൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നുപോലും നിശ്ചയിക്കപ്പെടാൻ പലപ്പോഴും ഏറെ പ്രയാസപ്പെടുകയും ചെയ്യും ...!
.
കമ്പനി നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്ളവരിൽപോലും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഒരുതരത്തിലും നിർണയിക്കാൻ പോലും പ്രയാസമായ വിധത്തിൽ ദുരിതങ്ങളിൽ കഷ്ട്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും മുന്നിൽ പലപ്പോഴും . ജീവിതത്തിന്റെ മുക്കാലും ചിലപ്പോൾ മുഴുവനും തന്നെയും കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താത്തവരുടെ ആധിയും ആവലാതിയും പലപ്പോഴും ഉറക്കം കെടുത്തുമ്പോൾ നമ്മുടെ വ്യഥകളും വേദനകളും എത്രനിസ്സാരമെന്ന് നമുക്കുതന്നെ തോന്നിപ്പോകുന്ന അവസരങ്ങൾ . ഓരോ ദിവസവും നൂറുകണക്കിനായി വരുന്ന ഓരോ ഫോൺ വിളികളിലും നമുക്ക് തൊട്ടറിയാവുന്ന അവരുടെ പ്രതീക്ഷകൾ . മുന്നൂറും നാനൂറും ഒക്കെയുള്ള മെസ്സേജുകളിലൊക്കെയും അവരുടെ ആവലാതികളും അപേക്ഷകളും ഹൃദയം തൊടുന്ന വേദനകളും . പറ്റാവുന്ന അത്രയും. ഫോൺ കാളുകൾ എടുക്കുകയും കഴിവിന്റെ പരമാവധി മെസ്സേജുകൾക്കു മറുപടിപറയുകയും ചെയ്യുമ്പോഴും പലപ്പോഴും സ്വയം നിയന്ത്രിക്കാൻ തന്നെ പാടുപെടേണ്ട അവസ്ഥയും ....!
.
പ്രവാസികളാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം നാട്ടിൽ ഒരു രേഖയിലും ഇല്ലാത്തവർ . ഒരു ആനുകൂല്യങ്ങളും കിട്ടാത്തവർ . ഇത്രകാലവും നാടിന്റെ ഹൃദയം തൊട്ടറിയാൻ കഴിയാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവർ . സാഹചര്യങ്ങൾകൊണ്ട് ജോലിനഷ്ടപ്പെട്ടു നിർബന്ധപൂർവ്വം തിരിച്ചുപോകേണ്ടിവന്നവർ . നാട്ടിൽപോയി കുടുംബത്തോടൊപ്പം ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് കരുതി പോയിട്ട് ഒരുതരത്തിലും നിൽക്കക്കള്ളിയില്ലാതെ എങ്ങിനെയങ്കിലും ഒന്ന് തിരിച്ചുപോയാൽ മതിയെന്ന് വിലപിക്കുന്നവർ ... ഒരുജീവിതംകൊണ്ട് ഉണ്ടാക്കിയതൊക്കെയും ഒരു നിമിഷം കൊണ്ട് നഷ്ട്ടമായവർ . വിശ്വസിച്ചവരാൽ ക്രൂരമായി ചതിക്കപ്പെട്ടവർ . സ്വന്തം കുടുംബത്തിനുപോലും അന്യമാകുന്നവരും വേണ്ടാതാകുന്നവരും . എല്ലാം പലരും പറഞ്ഞു പഴകിയ പതിവുകാഴ്ചകൾ പോലെയെങ്കിലും ജീവിതം നമുക്കുമുന്നിൽ കാണിച്ചുതരുന്നതൊക്കെയും സത്യത്തിന്റെ നേർക്കാഴ്ചകൾതന്നെ ....!
.
പള്ളികെട്ടാനും അമ്പലം പണിയാനും നേർച്ചനടത്താനുമൊക്കെ ഓടിനടക്കുന്ന ഒരു മതവും ഇവരുടെയാരുടെയും സഹായത്തിനുപോലും വരാനില്ലെന്ന് സത്യസന്ധമായി തിരിച്ചറിയുന്നവർ . വിശക്കുന്ന ഭക്ഷണത്തിൽപോലും മതം കലർത്തുന്ന അഭിനവ മത പണ്ഡിതരുടേറും ദൈവത്തിന്റെ നേർ പ്രതിപുരുഷരുടെയും കാഴ്ചയിൽപോലുമെത്താത്തവർ . വിശപ്പിനേയും ദുരിതങ്ങളെയും മതത്തിന്റെയും പ്രശസ്തിയുടെയും പേരിൽ വിറ്റുകാശാക്കുന്നവരുടെ ഏഴയലത്തുപോലും എത്താത്തവർ ... , ഇനിയും ആർക്കും വേണ്ടിയിട്ടും വേണ്ടാത്തവർ . ആനുകൂല്യങ്ങളുടെ ഒരു പെരുമഴതന്നെ അനുഭവിക്കുന്ന സര്ക്കാര്ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കുമപ്പുറം ജീവിക്കാൻ ഒരുവഴിയുമില്ലാത്ത യഥാർത്ഥ പട്ടിണിപ്പാവങ്ങളുടെ നേർചിത്രങ്ങൾ . എത്രയൊക്കെ അനുഭവങ്ങളും പാഠങ്ങളും അനുഭവിച്ചറിഞ്ഞാലും സത്യത്തിൽ ഇനിയും ഒന്നും പഠിക്കാത്ത പമ്പര വിഡ്ഢികൾ ....!.
.
അച്ഛൻ പണ്ട് പറയാറുണ്ട് നല്ലതുവരട്ടെ എന്നുകരുതി മറ്റൊരാളുടെ കല്യാണക്കാര്യത്തിലും ജോലിക്കാര്യത്തിലും ഒരിക്കലും ഇടപെടാൻ പോകരുതെന്ന് . അങ്ങിനെപോയാൽ ഒടുവിൽ എല്ലാകുറ്റവും അയാൾക്കാകുമെന്ന് . അത് സത്യമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട് അതിന്റെ ചീത്തപ്പേരുകൾ ധാരാളം അനുഭവിച്ചിട്ടുമുണ്ട് . എങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 21, 2021

നിർമ്മാതാവിനെ തേടി ...!!!

നിർമ്മാതാവിനെ തേടി ...!!!
.
സിനിമ ചിന്തയിലും പ്രവൃത്തികളിലും മാത്രമല്ലാതെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നിരുന്ന കാലം . സിനിമാ സങ്കേതങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രകൾ ഫിലിം ഫെസ്ടിവലുകളിൽ മാത്രമൊതുങ്ങാതെ ജീവിതങ്ങളും കടന്നുപോയിരുന്ന നേരം . അപ്പോഴാണ് പലകുറി അവർത്തിച്ചെഴുതി തിരുത്തിയും പകർത്തിയും പിന്നെയും പിന്നെയും മാറ്റങ്ങൾവരുത്തി എന്നിട്ടും തൃപ്തിയാകാത്ത തിരക്കഥയും കയ്യിൽ വെച്ച് ലൊക്കേഷനും ആർട്ടിസ്റ്റുകളെയും മനസ്സിൽ സങ്കൽപ്പിച്ച് ക്യാമറ ആംഗിളുകൾ വരെ നിശ്ചയിച്ചുറപ്പിച്ച് ഓരോ ഷോട്ടും മനസ്സിൽ പലകുറി റിഹേഴ്സൽ നടത്തിയൊക്കെയാണ് ഒടുവിൽ ഓരോ സിനിമചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ നിർമ്മാതാവിനെ തേടി പുറത്തിറങ്ങാറുള്ളത് . സകല ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ച് നല്ല നേരവും നല്ല ദിവസവും ഒക്കെ നോക്കി ഏറെ മോഹത്തോടെ, ഏറെ പ്രതീക്ഷയോടെ ...!
.
സിനിമയുമായി ബന്ധപ്പെട്ടവരെയും അടുത്തറിയാവുന്ന പണക്കാരെന്ന് തോന്നുന്നവരെയും വിദേശത്തൊക്കെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എന്നുവേണ്ട, ഒരുപരിചയവും ഇല്ലാത്തവരെ പോലും കാത്തുനിന്ന് കാത്തുനിന്ന് കണ്ട് സംസാരിച്ചിട്ടുണ്ട് പലകുറി . ചിലർ പരിഹസിക്കും, ചിലർ പുച്ഛിക്കും , ചിലരാകട്ടെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കുമെങ്കിൽ പിന്നിൽ അപമാനിക്കും . ചിലർ നിസ്സഹായത പ്രകടിപ്പിക്കും ചിലർ പറ്റില്ലെന്ന് കർക്കശ്യത്തോടെ പറയുകയും ചെയ്യും. എന്തായാലും അവരുടെയൊക്കെ ഭാഗ്യവുമാകാം അന്നതൊന്നും നടന്നില്ലെന്നത് സത്യവും ...!
..
ഒരു സിനിമ പിടിക്കാനുള്ള കാശിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാണ് അന്നൊക്കെ നടന്നിരുന്നത് . കൂട്ടിനു കട്ടക്ക് നിൽക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും കൂടിയാകുമ്പോൾ വേണമെങ്കിൽ ഒരിക്കൽക്കൂടി ലങ്കപോലും ഹനുമാനെക്കാൾ മുന്നേ ചാടിക്കടന്നുപോകാമെന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലുണ്ടുതാനും . പറ്റാവുന്ന വഴികളൊക്കെയും ആലോചനയിലുണ്ടാകും എപ്പോഴും . കച്ചവടം, വിദേശ യാത്ര , ജോലി അങ്ങിനെ മോഷണവും പിടിച്ചുപറിയുമൊഴിച്ച് എന്തും എന്തും . ഓരോ ദിവസവും ഓരോ യമണ്ടൻ ആശയങ്ങളുമായി എത്തുന്ന ഓരോരുത്തരും ആവേശപൂർവ്വം ഓരോ പോയിന്റുകളും ചർച്ച ചെയ്തുവരുമ്പോഴേക്കും അവസാനം അത് ചീറ്റിപ്പോകാറാണ് പതിവെങ്കിലും ...!
.
അങ്ങിനെയാണ് ഗോദാവരിതീരത്ത് സ്വർണം അരിച്ചെടുക്കുന്നവരുടെ കയ്യിൽ നിന്നും സ്വർണം വാങ്ങി നാട്ടിലെത്തിച്ചു കൊടുത്താൽ വലിയ പ്രതിഫലം കിട്ടുമെന്ന് കേട്ടത് . കേട്ടപാതികേൾക്കാത്തപാതി പെട്ടിയും കിടക്കയും കെട്ടി തയ്യാറായ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടുതന്നെ വെച്ചുപിടിക്കാൻ തീരുമാനമായി ഞാനും . നാലുപേർ ചേർന്ന നാലു ഗ്രൂപ്പുകളായി തവണകളായി കടത്തൽ നടത്താമെന്നും അങ്ങനെയാകുമ്പോൾ തുടർച്ചയായി കുറച്ചുകുറച്ചായി ഒരു വര്ഷം കൊണ്ട് ആവശ്യത്തിന് കാശുണ്ടാക്കാമെന്നും കൂട്ടത്തിലെ ബുദ്ധിരാക്ഷസർ സ്കെച്ചും പ്ലാനും വരച്ചുതരികയും ചെയ്തു ...!
.
ഗോദാവരി പോയിട്ട് ഭാരതപ്പുഴ എവിടെയാണെന്നുപോലും ശരിക്കറിയാത്ത ഞങ്ങളാണ് ഒരുവിധം വണ്ടിക്കൂലിക്കുള്ള കാശൊക്കെ അമ്മമാരേ ഇസ്ക്കിയും അനിയത്തിമാരുടെ കുടുക്ക മാന്തിയും ഒക്കെ ഒപ്പിച്ചെടുത്ത് . ആദ്യത്തെ സംഘത്തിൽ ഞാൻ തന്നെയായിരുന്നു മുന്നിൽ . ഇന്നത്തെപോലെ കണ്ണടച്ച് മനസ്സിൽ ധ്യാനിക്കാൻ ഗൂഗിളമ്മായിയൊന്നും വഴികാണിക്കാനുണ്ടായിരുന്നില്ലാത്ത അക്കാലത്ത് , കിട്ടിയ . ബസ്സിലും ട്രെയിനിലും നടന്നും ഒക്കെയായി ചോയ്ച്ച് ചോയ്ച്ച് പോയി ഒരുവിധം കഷ്ടിച്ചാണ് അവിടെവരെ എത്തിപ്പെട്ടത് ...!
.
ജട്ടിവരെ അഴിച്ചെടുത്തും ജാതകം വരെ അരിച്ചുനോക്കിയും മാത്രം പ്രവേശനമുള്ള ആ ഒരു വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് അവിടെയൊക്കെയെന്ന് പൊട്ടക്കിണറ്റിലെ തവളകളായ ഞങ്ങൾക്കുണ്ടോ അന്നറിയുന്നു . . പക്ഷെ ഞങ്ങളെ കണ്ടാൽത്തന്നെ പൊട്ടന്മാരാണെന്ന് മുഖത്തെഴുതിവെച്ചിരുന്നത് അവർക്ക് വായിക്കാൻ എളുപ്പം കഴിഞ്ഞതുകൊണ്ടാകാം യാതൊരു പരിശോധനകളും കൂടാതെയാണ് നാടൻ തോക്കുകൾ കളിപ്പാട്ടങ്ങൾ പോലെ കൊണ്ടുനടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളുടെ ഇടയിലേക്ക് ഞങ്ങളെ അവരിൽ ചിലർ കൊണ്ടുപോയത് ....!
.
നന്നേ ഇടുങ്ങിയ വഴികളും ഗുഹകൾ പോലുള്ള വീടുകളും മലമടക്കുകൾക്കിടയിലൂടെ കുതിരകളും കഴുതകളും വലിക്കുന്ന വണ്ടികളും ഇരുട്ടുമാത്രം നിറഞ്ഞുനിൽക്കുന്ന കാടുകളും പൊന്തക്കാടുകൾക്കിടയിൽ പോലും മറഞ്ഞിരിക്കുന്ന തോക്കുധാരികളും എന്തിനെയും സംശയത്തോടെമാത്രം നോക്കുന്ന കുട്ടികൾ പോലുമുള്ള ആ പ്രദേശം ശരിക്കും വല്ലാതെ ഭീതിതവും ആശ്ചര്യം നിറഞ്ഞ ദുരൂഹത നിലനിർത്തുന്നതുമായിരുന്നു . പുറത്തെ ലോകവുമായി അവർക്കടുത്ത ബന്ധമാണുള്ളതെങ്കിലും പുറം ലോകത്തിന് ഒരിക്കലും എത്തിപ്പെടാനാകാത്ത വിധം കൊട്ടിയടച്ച ആ ലോകത്തിൽ ഞങ്ങൾ ശരിക്കും ആലിസ് വണ്ടർലാന്റിൽ പോയപോലെയായിരുന്നു ..ഇടക്കെപ്പോഴോ അവരിൽ ചിലർത്തന്ന ഭക്ഷണത്തിനും വെള്ളത്തിനും പോലും എന്തോ ഭയം രുചിക്കുന്ന അപരിചിതത്വം തന്നെയായിരുന്നു താനും .....!
.
അവിടെയെത്തിയപ്പോഴാണ് കാര്യം എന്ത് ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കും എന്ന പ്രശ്നം വന്നത് പിന്നെ ലാലേട്ടൻ വളീം ചോദിച്ച് പോയപോലെ ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചപ്പോൾ മനസ്സിലായിട്ടോ അതോ മനസ്സിലാകാതെയോ ആവൊ ഇപ്പൊ ഇവിടൊന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവർ ഞങ്ങളെ ദയാപൂർവ്വം മടക്കി അയച്ചു . ,കാര്യം നടക്കാതെ തിരിച്ചുപോരേണ്ടിവന്നതിലുള്ള നിരാശയിലും വിഷമത്തിലും കൂട്ടുകാർ ഇരിക്കുമ്പോൾ കാശുണ്ടാക്കാനാണ് പോയതെങ്കിലും അവിടുത്തെ അപ്പോഴത്തെ അവസ്ഥയൊക്കെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിൽ ഒരു ലഡ്ഡുവാന് പൊട്ടിയത് . പുതിയൊരു സിനിമക്കുള്ള പ്രമേയം കിട്ടിയ ആവേശവും അതെങ്ങിനെയെങ്കിലും ഒന്നെഴുതിത്തീർക്കാനുള്ള വ്യഗ്രതയുമായിരുന്നു തിരിച്ചുവരുമ്പോഴെല്ലാം . നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്കുള്ള മറ്റൊരധ്യായം കൂടെയായി അതും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

ഹൃദയത്തുടിപ്പുകൾ .....!!!

ഹൃദയത്തുടിപ്പുകൾ .....!!! . ആശുപത്രിയിലെ ഇടുങ്ങിഞെരുങ്ങി ഉപ്പുമണക്കുന്ന തിരക്കിനിടയിൽ സ്കാനിംഗ് റൂമിനുമുന്നിലേക്ക് എന്റെ അവസരവും കാത്തു ച...