Sunday, April 11, 2021

ഒരു വിഷുപ്പുലരി ....!!!

ഒരു വിഷുപ്പുലരി ....!!!
.
ഓരോ വിശേഷദിവസങ്ങളും നമ്മളോർക്കുന്നത് അതിലെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ലതോ ചീത്തയോ ആയ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു സംഭവത്തോടെയാകും . വിഷുവെന്നാൽ എനിക്കെപ്പോഴും ഒരു ആംബുലൻസിന്റെ സൈറനാണ് ആദ്യം ഓർമ്മയിൽ ഓടിയെത്തുക . പ്രവാസലോകത്തിലെ ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മോനുണ്ടായ ശേഷമുള്ള ആദ്യത്തെ വിഷു . അവന്റെ ഇരുപത്തിയെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അന്ന് . പ്രസവശേഷം മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ വിശദമായ പരിശോധനകൾക്ക് നിർബന്ധമായും നിർദ്ദേശിച്ചിരുന്നു അന്നുതന്നെ ...!
..
പണ്ടൊക്കെ അടുത്തുള്ള കടകളിൽ പടക്കം വന്നാൽ ഉടനെ അച്ഛനെക്കൊണ്ട് രണ്ടോ മൂന്നോ ദിവസം മുന്നേ തന്നെ വാങ്ങിപ്പിച്ച് പൊട്ടിച്ചിരുന്നിടത്തുനിന്നും തുടങ്ങുന്ന വിഷു ആഘോഷങ്ങൾ ചെറിയച്ഛന്മാർ നാട്ടിലുണ്ടെങ്കിൽ അവരെക്കൊണ്ടും പടക്കങ്ങൾ വാങ്ങിപ്പിച്ച് ഒന്നുകൂടി ഉഷാറാക്കിപ്പിക്കുമായിരുന്നു എന്നും . അച്ഛമ്മയും അമ്മുമ്മയും അച്ഛനുമമ്മയും ചെറിയമ്മമാരും വല്യമ്മമാരും ചെറിയച്ഛന്മാരുമൊക്കെ തരുന്ന വിഷുക്കൈനീട്ടത്തിനായുള്ള കാത്തിരിപ്പും പിന്നെ വിഷുപ്പുലരിയിൽ സർവ്വ ഐശ്വര്യങ്ങളോടെയുമുള്ള കണികാണലും അതിനുശേഷം കുടുംബത്തിലെ എല്ലാവരും കൂടിയുള്ള വിഷു സദ്യയും ഒക്കെയാകുമ്പോൾ ആഘോഷംതന്നെയായിരുന്നു കുട്ടിക്കാലത്ത് എന്നും ..!
.
വലുതായപ്പോൾ ക്ലബ്ബ്കളുടെ വക ആഘോഷങ്ങളും കൂടാതെ ഉത്സവക്കാലനാടക സമിതികളുമൊക്കെയായി അടിപൊളിയായി നടക്കുന്നതിനിടയിൽ ആഘോഷങ്ങളും പലപ്പോഴും പലയിടത്തായിരിക്കും . ചിലപ്പോൾ ആഘോഷസമിതികളിൽ ,, അല്ലെങ്കിൽ പുറത്ത് സുഹൃത്തുക്കളുടെ കൂടെ . അങ്ങിനെയൊക്കെയായിരുന്നു എല്ലാ ആഘോഷകാലങ്ങളും . രാത്രിയിൽ കിട്ടുന്നിടത്തു കിടന്നുറങ്ങി പുലർച്ചക്ക് പൈപ്പിൻചോട്ടിൽനിന്നും കാക്കക്കുളിയൊക്കെ കുളിച്ച് വിശേഷ ദിവസങ്ങൾ ആഘോഷിച്ച സമയങ്ങളും നിരവധിയുണ്ടായിരുന്നു . പക്ഷെ അതൊക്കെയും എല്ലാവരും കൂടെ സ്നേഹപൂർവ്വം സന്തോഷത്തോടെയാണ് കൊണ്ടാടിയിരുന്നതും ...!
.
പ്രവാസലോകത്തിലും അടുത്ത നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുവരുത്തി താമസസ്ഥലത്ത് വിശാലമായ സദ്യയൊക്കെ ഒരുക്കി ആഘോഷിക്കുന്ന സമയം തന്നെയായിരുന്നു അതും . മോനുണ്ടായി ആദ്യത്തെ വിഷുവായതിനാൽ വിപുലമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അക്കുറിയും . അപ്പോഴാണ് മോന്റെ ഡോക്ടറിനെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് കിട്ടുന്നത്. അത് കൃത്യമായും ആ വിഷുദിവസവും . ഓരോ പ്രാവശ്യവും അപ്പോയ്ന്റ്മെന്റ് കിട്ടുക വളരെ ദുഷ്കരമായിരുന്ന അക്കാലത്തൊക്കെ കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തരുതെന്നാണ് ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളൊക്കെ ഉപദേശിച്ചതും ...!
.
പരിചയവും പക്വതയും കുറവായ ആ പ്രായത്തിൽ അല്ലെങ്കിൽത്തന്നെ മോന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയുണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു . അവിടെ വളരെ വേണ്ടപ്പെട്ട കുറച്ചു സുഹൃത്തുക്കൾ എന്ത് സഹായത്തിനും തയ്യാറായി ഉണ്ടായിരുന്നത് വലിയ ധൈര്യവുമായിരുന്നു അപ്പോൾ . അവിടെ ചെന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു വിദഗ്ധ പരിശോധന നടത്തി എന്താണ് കാര്യവും കാരണവും എന്ന് കണ്ടെത്തണമെന്നും അതുകൊണ്ടു ഇന്നുതന്നെ പരിശോധനകൾ നടത്തണമെന്നും പറഞ്ഞതുകൊണ്ട് ഒപി വാർഡിൽനിന്നും പരിശോധനാ സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു .അവിടെ ഡോക്ടർക്കൊപ്പം നഴ്‌സായ ഞങ്ങളുടെ ഒരു ചേച്ചിയെപ്പോലെ സഹായിക്കാനുള്ള സുഹൃത്തും ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു ...!
.
അന്ന് ഡ്രൈവിംഗ് ലൈസൻസൊന്നും കിട്ടിയിട്ടില്ലാതിരുന്നതിനാൽ ടാക്സിയിലായിരുന്നു യാത്രയൊക്കെ . പരിശോധന സ്ഥലത്തേക്ക് പോകാൻ കുറച്ചുദൂരമുണ്ടായിരുന്നതിനാൽ നടന്നുപോകാനും വയ്യായിരുന്നു . ഞങ്ങൾ സംശയിച്ചുനിൽക്കുന്നതുകണ്ടപ്പോൾ ഡോക്ടർ തന്നെ ഉടനെ ഞങ്ങളോട് കാത്തുനിൽക്കാൻ പറഞ്ഞ് ആംബുലൻസാണ് വിളിച്ചത് , ഞങ്ങളെ കൊണ്ടുപോകാൻ . അതുകണ്ടപ്പോൾ ആ ചേച്ചിയും ഒന്ന് വല്ലാതായെങ്കിലും വല്ലാത്തൊരു പരിഭ്രമത്തിൽ ആയിരുന്ന എന്റെ ഭാര്യയെയും ആശ്വസിപ്പിച്ച് മോനെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ടാകാം ഡോക്ടറുടെ അനുവാദത്തോടെ ആ ചേച്ചിയും ഞങ്ങൾക്കൊപ്പം കയറിയിരുന്നു അപ്പോൾ ...!
.
സൈറൺമുഴക്കി പോകുന്ന ആംബുലൻസിൽ അപ്പോഴും എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന എന്റെ ഭാര്യയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഞാനിരിക്കുമ്പോൾ ഞങ്ങളുടെ കയ്യിൽനിന്നും മോനെ വാങ്ങിപ്പിടിച്ച് ആ ചേച്ചിയും കൂടെയുണ്ടായിരുന്നു . അവിടെയെത്തി എല്ലാ പരിശോധനകളും നടത്തി ഞങ്ങളെ ടാക്സിപിടിച്ച് തിരിച്ചയക്കും വരെ ആ ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിലും മനസ്സ് അപ്പോഴും വല്ലാതെ പരിഭ്രമിക്കുകയും വേദനിക്കുകയും തന്നെയായിരുന്നു . ...!
.
തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണിയോടടുത്തിരുന്നു. അതുവരെയും ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ വല്ലാതെ തളർന്നവശരായി ചെന്നുകയറുമ്പോൾ പ്രസവ സമയത്ത് കൂടെയുണ്ടാകാൻ നാട്ടിൽനിന്നും വന്നിരുന്ന അവളുടെ 'അമ്മ ചെറിയൊരു സദ്യയൊക്കെ തയ്യാറാക്കിയിരുന്നു. മോനെ കുളിപ്പിച്ച് പാലുകൊടുത്ത് കിടത്തി ഞങ്ങളും കുളിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മോന്റെ ടെസ്റ്റ് റിസൾട്സ് എന്താകുമെന്ന വേവലാതിയിൽ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു . എല്ലാവരുംകൂടി ഉണ്ണാൻ ഇരിക്കുമ്പോൾ മുന്നിലെ ചോറിൽ അറിയാതെ വീഴുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ ശരിക്കും പാടുപെട്ടിരുന്നു ഞാൻ അപ്പോൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Cv Thankappan said...

ജീവരക്ഷകൻകൂടിയാണ് ആംബുലൻസ്...
ആശംസകൾ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...