Friday, October 8, 2021

ഫെബ്രുവരിയിലെ ....!!!.

ഫെബ്രുവരിയിലെ ....!!!.
.
പെൺകുട്ടികളെയാണ് എന്നും എനിക്കേറെ ഇഷ്ടമെങ്കിലും ആദ്യത്തെകുട്ടി ആണായിരിക്കണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നത് ഒരുപക്ഷെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾക്കും ബാക്കിയുള്ളവർക്കും ഭാവിയിൽ അവനൊരു തുണയായിരിക്കണം എന്ന ആഗ്രഹം തന്നെയായിരിക്കണമെങ്കിലും ആദ്യത്തെ കുട്ടി ആണു തന്നെയാകുമെന്ന് എനിക്കെന്തൊ ഒരു ഉറപ്പും ഉണ്ടായിരുന്നു. അറിയാനുള്ള വഴികളൊക്കെ ഉണ്ടായിരുന്നിട്ടും ആ കുട്ടി ജനിക്കുമ്പോൾ മാത്രം അത് ആണാണോ പെണ്ണാണോ എന്നറിഞ്ഞാൽ മതിയെന്ന് എങ്കിലും പക്ഷെ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തിരുന്നു നേരത്തെ ...!
.
പ്രവാസജീവിതത്തിലെ ആ വലിയ നഗരത്തിലെ ഏറ്റവും മികച്ച ആശുപത്രിയിലെ വിദഗ്ധ പരിശോധനകളിൽ വിശ്വാസമില്ലാതെയല്ലെങ്കിലും ഇനിഅറിയാതെപോകുന്നതൊന്നും ഒരു പ്രശ്നമാകരുതെന്ന മുൻകരുതലോ ആദ്യത്തെ കുഞ്ഞായതുകൊണ്ടുള്ള അമിതമായ ആവേശമോ ഒക്കെയാകാം , മറ്റൊരു ഡോക്ടറെ കൂടി കാണിക്കാനും അവരുടെ മേൽനോട്ടംകൂടി ഉണ്ടാകാനും ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു . അങ്ങിനെ കൃത്യമായ വ്യായാമവും പരിചരണവും പരിശോധനയുമായി ഞങ്ങളുടെ കാത്തിരിപ്പ് തുടർന്നു ....!
.
ആദ്യത്തെ കണ്മണിയായതിനാൽ അവൾക്ക് കൂട്ടിനു അവളുടെ അമ്മയെയും കൊണ്ടുവന്നിരുന്നു നാട്ടിൽനിന്നും അപ്പോൾ . ഇഷ്ടമുള്ള ഭക്ഷണവും മരുന്നുകളും ഒക്കെയായി പ്രതീക്ഷയോടെയുള്ള ആ ഇരുപ്പു പക്ഷെ ഡോക്ടർ പറഞ്ഞ ദിവസവും കഴിഞ്ഞും മുന്നോട്ടു പോയപ്പോൾ കുറേശ്ശേയായി വേവലാതിയും കൂടാൻ തുടങ്ങി ഞങ്ങൾക്കും . അമ്മയ്ക്കും കുട്ടിക്കും കുഴപ്പമൊന്നുമില്ലെന്ന ഉറപ്പ് ഡോക്ടർമാർ എല്ലാവരും ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് അവരുടെ നിർദേശാനുസരണം സ്വാഭാവികമായ പ്രസവംവരെയും കാത്തിരിക്കാൻ തന്നെ ഞങ്ങളും തീരുമാനിച്ചു ...!
.
പേറ്റുനോവിന്റെ സ്നേഹമുള്ള വാത്സല്യം കുറേശ്ശെയായി അനുഭവിക്കാൻ തുടങ്ങിയപ്പോൾ അവളെ ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ടും കുട്ടിമാത്രം പിന്നെയും അമ്മയുടെ ഗർഭപാത്രം വിട്ടുപോരാൻ തയ്യാറല്ലായിരുന്നു അപ്പോഴും. മറ്റുപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ നോർമൽ ഡെലിവെറിക്കുവേണ്ടി കാത്തിരിക്കാൻ പറഞ്ഞ് ഡോക്ടർമാർ ഞങ്ങളെ ആശ്വസിപ്പിക്കുന്നതിനാൽ കുറച്ചൊക്കെ ആത്മവിശ്വാസത്തോടെ ഞങ്ങൾ അവരുടെ നിർദ്ദേശാനുസരണം അവിടെ ആശുപത്രിയിൽ തന്നെ കൂടി ...!
.
ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു നീണ്ട നിരതന്നെ ആശുപത്രിയിൽ ഞങ്ങൾക്ക് കട്ടക്ക് കൂട്ടുണ്ടായിരുന്നത് കുറച്ചൊന്നുമല്ല ആശ്വാസമായിരുന്നത് ആ പിരിമുറുക്കത്തിൽ . എന്നിട്ടും പ്രസവം വൈകുന്നതിന്റെ പിരിമുറുക്കം വല്ലാതെ കൂടിനിന്നിരുന്നു എപ്പോഴും . ഇനിയും വൈകിപ്പിച്ച് വിഷമിപ്പിക്കേണ്ട എന്നുകണ്ടിട്ടാവും ആശുപത്രിയിലെത്തി മൂന്നാമത്തെ ദിവസമായപ്പോഴേക്കും അവൾക്ക് കുറേശ്ശേയായി വേദന കൂടി വരാൻ തുടങ്ങിയിരുന്നു ...!
.
അതോടെ അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനും കൂടെവേണമെന്നത് അവളുടെ ആഗ്രമായിരുന്നതുകൊണ്ടാകാം ഡോക്ടർമാരും അതനുവദിക്കാറുണ്ടായിരുന്നു അവിടെയൊക്കെ . ഓരോരുത്തർക്കും പ്രത്യേകമായ ഓരോ മുറികളാണെങ്കിലും അതുവരെയും അവൾക്ക് എല്ലാ ധൈര്യവും കൊടുത്ത് കൂടെനിന്നിരുന്ന എന്റെ അവസ്ഥ തികച്ചും പരിതാപകരമാകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും .. അവളെ പരിശോധനകളൊക്കെ കഴിഞ്ഞ് ഒരു മരുന്നും കൊടുത്തു കിടത്തിയിട്ട് എന്നോട് പുറത്തുകാത്തുനിൽക്കുന്നവരോട് വിവരം പറഞ്ഞു വന്നോളാൻ പറഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലാതെ എല്ലാം കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ സന്തോഷം അവരെക്കൂടെഅറിയിക്കാൻ ആശ്വാസത്തോടെ ഞാനുമൊന്ന് മെല്ലെ പുറത്തിറങ്ങി ...!
.
പുറത്ത് കൂട്ടുമായി ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നതിനാൽ അവരോടെല്ലാം വിശേഷങ്ങൾ പറഞ്ഞ് അവർ കൊണ്ടുവന്നിരുന്ന കാപ്പിയിൽനിന്നും കുറച്ചു കുടിച്ചുകൊണ്ട് അവരോടൊപ്പം കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് ആശ്വാസത്തോടെ നിൽക്കുന്നതിനിടയിൽ പെട്ടെന്നാണ് എവിടെനിന്നെന്നറിയാതെ ഒരു മഴപെയ്യാൻ തുടങ്ങിയത് . ഒപ്പം അതെ അപ്രതീക്ഷിതത്വത്തിൽത്തന്നെ ഓടിക്കിതച്ച് ഒരു നഴ്‌സ് എന്നെ വിളിക്കാൻ വന്നത് ഒരു ഞെട്ടലോടെയാണ് ഞാൻ അപ്പോൾ നോക്കി നിന്നത് ...!
,.
\അതുവരെയും എല്ലാം നോര്മലായിരുന്ന അവൾക്കും കുട്ടിക്കും പെട്ടെന്നാണ് പ്രശ്നങ്ങളുണ്ടായതും അവരുടെ രണ്ടുപേരുടെയും ജീവനുതന്നെ ആപത്തുവരുമെന്ന സ്ഥിതിയിലായതും . അതുകൊണ്ടുതന്നെ അവരെ ഒരു അടിയന്തിര ഓപ്പറേഷന് വിധേയരാക്കണമെന്നും ഞാൻ കൂടെയുണ്ടാകണമെന്നും പറഞ്ഞ് എന്നെ അവർ അടുത്തുനിർത്തി . ഒന്നും പേടിക്കേണ്ടെന്നും എല്ലാം ഒരു കുഴപ്പവുമില്ലാതെ പെട്ടെന്ന് കഴിയുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടർമാരും നഴ്സും എന്നെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവളെ ഓപ്പറേഷന് കൊണ്ടുപോകാനുള്ള സമ്മതപത്രത്തിൽ ഒപ്പുവെക്കുമ്പോൾ എനിക്കവളുടെ മുഖമൊന്നു കാണണമെന്നുണ്ടായിരുന്നു ...!
.
അതിനുപോലുമുള്ള സമയമില്ലാതെ അവരവളെയും കൊണ്ട് ഓപ്പറേഷൻ തിയറ്ററിലേക്ക് ഓടുമ്പോൾ എന്തുചെയ്യണമെന്നുപോലുമറിയാതെ ഞാനാ രാത്രിയുടെ തണുത്തുറഞ്ഞ ഇരുട്ടിൽ എവിടെയെങ്കിലുമൊന്ന് മുഖംചേർക്കാൻ വെമ്പുകയായിരുന്നു .നീണ്ട് വിജനമായ കാത്തിരിപ്പ് കസേരകളിലൊന്നിൽ തനിയെ ഇരിക്കുമ്പോൾ ശരിക്കും മനസ്സ് നിർവ്വികാരവുമായിരുന്നു . എത്രസമയമെന്നോ ആരൊക്കെയെന്നോ എന്തുചെയ്തിരുന്നുഎന്നുപോലും അറിയാതെ ഞാൻ കാത്തിരിക്കെ ഒടുവിൽ വാതിൽതുറന്ന് എന്റെ കുട്ടിയെ ഒരു നഴ്സ് കൊണ്ടുവന്ന് കയ്യിൽ വെച്ച് തരുമ്പോൾ ഞാൻ അകത്തേക്ക് അവളെയൊന്നു കാണാൻ എത്തിനോക്കുകയായിരുന്നു ..! കുട്ടിയെ വാങ്ങി അവനെയൊന്നു നോക്കി അവർക്കു തിരിച്ചുകൊടുക്കുമ്പോൾ അവളെ ഒന്നു കാണാനുള്ള വെമ്പൽ തന്നെയായിരുന്നു മനസ്സിൽ അപ്പോഴും ...!
.
അവൾക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലെന്നു നഴ്സ് പറഞ്ഞത് അത്രക്കങ്ങു വിശ്വാസമില്ലാതിരുന്നെങ്കിലും വിശ്വസിക്കാതെ താരമില്ലാത്തതുകൊണ്ടു മാത്രം കാത്തിരിക്കുകയായിരുന്നു ഞാൻ . അവളെ റൂമിലേക്ക് കൊണ്ടുവരുന്നത് വരെയും . ഒടുവിൽ അവളെത്തുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചതേയില്ല. മരുന്നിന്റെ മയക്കത്തിൽനിന്നും തിരിച്ചുകിട്ടാൻ തുടങ്ങുന്ന നനുത്ത ഓർമ്മയിൽ അവളെന്റെ കയ്യിൽ പിടിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുകതന്നെയായിരുന്നു. ....!
.
പിന്നെ അവൾ കുട്ടിയെ ചോതിക്കുമ്പോഴാണ് കുട്ടി കൂടെയില്ലെന്നുതന്നെ ഞാനും അറിയുന്നത് . അപ്രതീക്ഷിത അപകടഘട്ടം കഴിഞ്ഞു വന്നതിനാൽ വിദഗ്ധ പരിശോധനക്ക് ശേഷമേ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരൂ എന്ന് നഴ്സ് പറഞ്ഞിരുന്നത് അപ്പോഴാണ് ഓർമവന്നത് . കുറച്ചുകഴിഞ്ഞ് അവനെ കൊണ്ടുവരുമ്പോഴാണ് സത്യത്തിൽ അതൊരു ആൺകുഞ്ഞാണെന്നുപോലും എനിക്ക് തിരിച്ചറിവുവന്നതും അവന്റെ മുഖമൊന്ന് നേരെ കണ്ടതെന്നതും സത്യവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...