Sunday, June 14, 2015

ലൗ ജിഹാദ്

ലൗ ജിഹാദ്
.
ഹിന്ദു പെണ്‍കുട്ടികളെ ,ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രണയിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹങ്ങൾക്കൊപ്പം നിന്ന് കല്ല്യാണം കഴിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെയും പിന്നീട് അവരെ തന്നെയും മതം മാറ്റുകയും അങ്ങിനെ ഗൂഡമായ ഒരു മതപരിവർതന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു എന്ന് ഹിന്ദു സംഘടനകൾ .
.
തങ്ങളുടെ മത വിശ്വാസികളായ പെണ്‍കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ക്രിസ്തീയ സഭകൾ . അതിന് സർക്കാരുകൾ ഒത്താശ ചെയ്യുന്നു എന്നും മതമേലദ്ധ്യക്ഷൻമാർ.
.
തങ്ങളുടെ പെണ്‍കുട്ടികളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രലോഭിപ്പിച്ച് പ്രണയം നടിച്ച് വശത്താക്കി കല്ല്യാണം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് മുസ്ലീം സമുദായവും അവരുടെ മത നേതാക്കളും . അങ്ങിനെ തങ്ങളുടെ സാമുദായിക ശക്തി തന്നെ ക്ഷയിപ്പിക്കുന്നു എന്നും അവർ .
.
മൃഗങ്ങൾ മൃഗങ്ങളെയും , പക്ഷികൾ പക്ഷികളെയും , മത്സ്യങ്ങൾ മത്സ്യങ്ങളെയും കല്ല്യാണം കഴിക്കുന്ന ഈ ലോകത്ത് എന്നാണിനി മനുഷ്യൻ മനുഷ്യനെ കല്ല്യാണം കഴിക്കുക ...?
.
സുരേഷ്കുമാർ പുഞ്ചയിൽ

Friday, June 12, 2015

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
.
സുരക്ഷിതത്വം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട ഒരു അടിയന്തിര വസ്തുത തന്നെ. രാജ്യത്തിനും പൊതു സമൂഹത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് അത് . പൊതു സുരക്ഷയ്ക്കായി അവതരിപ്പിക്കുന്ന നിയമങ്ങളും മാർഘ നിർദ്ദേശങ്ങളും അനുസരിക്കുക എന്നത് ഏതൊരു പൌരന്റെയും കടമയുമാണ് . പ്രത്യേകിച്ചും അത് നടപ്പിലാക്കേണ്ടവരുടെ .
.
പലപ്പോഴും അപകടങ്ങൾ അല്ലെങ്കിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ട് തന്നെയാണ് അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോ അനാസ്ഥയോ കൊണ്ടുകൂടിയാണ് എന്ന സത്യം എല്ലാവരും ഓർമിച്ചേ പറ്റൂ . അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും അനുസരിക്കേണ്ടതും അത്യാവശ്യം തന്നെ.
.
നമ്മുടെ മുന്നിൽ അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് . പ്രധാന നേതാക്കൾ മുതൽ സാധാരണക്കാർ വരെ അവരവരുടെ സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെ വധിക്കപ്പെട്ടിട്ടുള്ള ഈ നാട്ടിൽ നാം ഒരിക്കലും ആരുടേയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിക്കൂട തന്നെ . മതപരമായ ചടങ്ങുകൾക്ക് വേണ്ടി , വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി , തൊഴിൽ ഇടത്തെ തൻപൊരിമയുടെ പേരിലൊക്കെ ഔദ്യാഗിക കാര്യങ്ങൾ മാറ്റിവെക്കുന്നതും ജോലിയിൽ ഉദാസീനത വരുത്തുന്നതും അതുകൊണ്ട് തന്നെ ഒരിക്കലും അനുവദിക്കാവുന്നതുമല്ല .
.
നിയമ പാലകർക്ക് , നിയമ നിർമ്മാതാക്കൾക്ക് , നിയമപാലനം ഉറപ്പു വരുത്തേണ്ടവർക്ക് , മേലേ തട്ടിലുള്ള ഭരണകര്താക്കൾക്ക് ..... അങ്ങിനെയുള്ള ആളുകൾക്കെല്ലാം ഉള്ള ഒരു പൊതു വികാരം നിയമങ്ങൾ തങ്ങൾക്കുള്ളതല്ല എന്നതാണ്. മതമോ ജാതിയോ, ദേശീയ , പ്രാദേശിക വികാരങ്ങളോ , ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മർധങ്ങളോ ഒന്നും സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു വിധ വിട്ടുവീഴ്ചയും ഉണ്ടാകാൻ ഇടയാക്കരുത് തന്നെ . നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്ന പൊതു തത്വം അന്ഗീകരിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടാവുക എന്നതാണ് ഒരു പൊതു സമൂഹത്തിൽ ആദ്യമേ വേണ്ടത് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 10, 2015

പ്രവാസിജോലിക്കാരായ അമ്മമാർ

പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട്‌ ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട്‌ എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട്‌ എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 8, 2015

അന്നം വിഷമാക്കുന്നവർ

അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 3, 2015

ബന്ധങ്ങളുടെ പ്രതീകങ്ങൾ

ബന്ധങ്ങളുടെ പ്രതീകങ്ങൾ
.
ബന്ധങ്ങൾ ഒരു പ്രതീകത്തിലോ ബന്ധനങ്ങളിലോ തളച്ചിടപ്പെടേണ്ടതല്ല ഒരിക്കലും തന്നെ . പ്രതീകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നുമില്ല . എന്നാൽ , ചില ജീവിത രീതികളിൽ ചില സാമൂഹിക ചുറ്റുപാടുകളിൽ ചില ആചാരങ്ങളിൽ മറ്റു ചില അനുഷ്ട്ടാനങ്ങളിൽ അങ്ങിനെയൊക്കെ ചിലപ്പോഴെങ്കിലും പ്രതീകങ്ങൾക്ക് ബന്ധങ്ങളിൽ കുറചെങ്കിലുമൊക്കെ പ്രാധാന്ന്യമുണ്ടുതാനും .
.
നിലനില്ക്കുന്ന ഒരു ബന്ധത്തിൽ നിന്നും അതിനെ ഉപേക്ഷിക്കാതെ, അതറിയാതെ മറ്റൊന്നിലേക്ക് പടർന്നുകയറുമ്പോഴും , ഉള്ള ബന്ധത്തെ ഓർമ്മിക്കാതിരിക്കുംപോഴും , വഴികൾ തെറ്റി നടന്നു തുടങ്ങേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും പ്രതീകങ്ങൾ ഓർമ്മപ്പെടുത്തലുകളുമായി മുൻപേ നടക്കാറുമുണ്ട് .
.
എന്നിരുന്നാലും തിരുത്തലുകളുമായി മുന്നിട്ടിറങ്ങുന്ന എക്കാലത്തെയും പുതു തലമുറകൾ ബിംബങ്ങളെയും പ്രതീകങ്ങളെയും ഒക്കെ തച്ചുടയ്ക്കാനും മാറ്റി മറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും എന്നതും കാലത്തിന്റെ വികൃതികൾ തന്നെ . തച്ചുടയ്ക്കുന്നതിനെ ചിലപ്പോഴെല്ലാം അവർതന്നെ പിന്നീട് ഒട്ടിച്ചു ചേർത്ത് ജീവിതത്തോട് പറ്റിച്ചു വെക്കാറുണ്ട് എന്നത് വിരോധാഭാസവും .
.
എന്നാൽ ചിലപ്പോഴെല്ലാം തത്പര കക്ഷികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവർക്കു മുന്നിൽ ഇവയെ തള്ളി പറയുകയും എതിർക്കുകയും ചെയ്യാറുണ്ട് . ചിലപ്പോഴെല്ലാം അതുപക്ഷെ മാറ്റത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ പരിവർത്തനത്തിന് വേണ്ടിയുള്ള ആധുനികതയുടെ ത്വര മാത്രമല്ലാതെ തങ്ങളുടെ ഉള്ളിലെ അഴിഞ്ഞാടാനുള്ള ദുഷ് ചിന്തകൾക്കുള്ള കുടചൂടൽ കൂടിയാകുന്നു എന്നത് തീർച്ചയായും അഭിലഷണീയമല്ല , അനുവദനീയവും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 28, 2015

എനിക്കുള്ള ശബ്ദം ...!!!

എനിക്കുള്ള ശബ്ദം ...!!!
.
ഉറക്കെയൊന്ന്
കരയാൻ പോലും
അവകാശ മില്ലെങ്കിൽ
പിന്നെന്തിനാണ്
എനിക്കീ ശബ്ദം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, May 27, 2015

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ
.
നിയമങ്ങൾ അനുസരിക്കേണ്ടതും പരിപാലിക്കപ്പെടെണ്ടതും അതാത്‌ സാമൂഹിക
വ്യവസ്ഥിതികളുടെ നിലനില്പ്പിനു തന്നെ അത്യാവശ്യമാണ് എപ്പോഴും . എന്നാൽ
അത് നടപ്പിലാക്കേണ്ടവർ പരിപാലിക്കെണ്ടവർ അത് നേരാം വണ്ണം
ചെയ്യുന്നില്ലെങ്കിൽ പലപ്പോഴും പൊതു ജനം അത് ഏറ്റെടുക്കാൻ
നിർബന്ധിതരാവുകയും അങ്ങിനെ ചെയ്യുകയും ചെയ്തെന്നുവരും . അങ്ങിനെ ഒരു
അവസ്ഥ ഒരിക്കലും ഒരു രാജ്യത്തിനും ഒരു സമൂഹത്തിനും ഭൂഷണമല്ല തന്നെ . അത്
അവരുടെ തന്നെയും ആ ദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ തന്നെയും
നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും സർവ്വനാശത്തിലേക്ക് തള്ളിവിടുകയും
ചെയ്യും .
.
പൊതു ജനം ഏറെ സഹിഷ്ണുതയുള്ളവരും പാവങ്ങളുമാണ് എന്ന മിഥ്യാ ധാരണയാണ്
പൊതുവെ ഭരണാധികാരികളെ എന്തും ചെയ്യാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത് .
തങ്ങൾ കാട്ടിക്കൂട്ടുന്ന കൊമാളിതരങ്ങളിൽ അവർ മയങ്ങുമെന്നും കണ്ണിൽ
പൊടിയിടാൻ നടത്തുന്ന നാടകങ്ങളിൽ അവർ തൃപ്തരായിക്കൊള്ളുമെന്നും അവർ
ധരിക്കുന്നു . എന്നാൽ പൊതു ജനം , പൊതുവിൽ തങ്ങളെ കുറിച്ചും തങ്ങളുടെ
കുടുംബത്തെ കുറിച്ചും പിന്നെ സമൂഹത്തെ കുറിച്ചും ഉത്തമ
ബോധ്യമുള്ളവരായതുകൊണ്ട് മാത്രമാണ് ഇതൊക്കെ ക്ഷമിക്കുകയും പൊറുക്കുകയും
ചെയ്യുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നതേയില്ല എന്നതാണ് സത്യം .
.
ഉദ്യോഗസ്ഥരും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ് പലപ്പോഴും ജനങ്ങളുടെ
ക്ഷമ പരീക്ഷിക്കുന്നതിൽ മുൻപന്തിയിൽ . അധികാരത്തിന്റെ ധാർഷ്ട്യത്തിൽ
തങ്ങൾക്കു എന്തും ചെയ്യാമെന്ന് അവർ ധരിച്ചു വെക്കുന്നു . അധികാരം എന്നത്
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്
അവർ വീമ്പു പറയുന്നു . തങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്കറിയാമെന്നും
ജനങ്ങളുടെ സമ്മതത്തോടെയാണെന്നും പുലമ്പുന്നു . എന്നിട്ട് എന്ത്
തോന്ന്യവാസവും ചെയ്തു കൂട്ടുന്നു .
.
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി മാത്രമുള്ള
നീതിക്ക് വേണ്ടി അവരുടെ മുന്നിൽ യാചിക്കുന്നവനെ അവഗണിക്കുകയും
പുഛിക്കുകയും മാത്രമല്ല ഉപദ്രവിക്കുക കൂടി ചെയ്യുമ്പോൾ ജനം
പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനും നിർബന്ധിതരാകുന്നു . അത്
ജനത്തിന്റെ നിയന്ത്രണങ്ങൾക്ക് അതീതമാവുകയും കൂടി ചെയ്യുമ്പോൾ
സർവ്വനാശത്തിലേക്ക് തന്നെ നീങ്ങുന്നു . നമ്മുടേത്‌ ഒരു ജനാതിപധ്യ
രാഷ്ട്രമാനെന്നും ജനങ്ങൾ പ്രബുധരാണെന്നും കരുതി എന്തും ആകാം എന്ന്
വെക്കുന്നത് ഒരിക്കലും നാടിന് ഭൂഷണമല്ല . നമുക്ക് മുന്നിലെ ലോകം
കാണിച്ചു തരുന്ന ഉദാഹരണങ്ങളിൽ നിന്നും പാഠം പഠിക്കാൻ നമ്മൾ
തയ്യാറാകുന്നില്ലെങ്കിൽ അതിന് നമ്മളും ഒരിക്കൽ വലിയ വില കൊടുക്കേണ്ടി
വരും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, May 25, 2015

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
.
മാനുഷികവും അല്ലാത്തതുമായ ഓരോ ദുരന്തങ്ങളും മാനവികതയുടെ അളവുകോൽ കൂടിയാകുന്നുണ്ട് പലപ്പോഴും എന്നതാണ് സത്യം . ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റു മനുഷ്യർ എങ്ങിനെയാണ് ദുരന്തങ്ങളിൽ അകപ്പെടുന്നവരോട് പെരുമാറുന്നത് എന്നത് ലോകം എപ്പോഴും നോക്കി കാണുക തന്നെ ചെയ്യുന്നുണ്ട് .
.
ഓരോ ജനതയും ഓരോ വിഭാഗവും ദുരിത ഭാധിതരോട് പെരുമാറുന്നത് വ്യത്യസ്ത രീതിയിലാണ് . ഒരു ദുരിതമുണ്ടാകുമ്പോൾ അവിടെ തക്ക സമയത്ത് ഇടപെടുക വഴി അവരുടെ മേൽ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട് , നിഷ്കാമമായി കർമ്മം ചെയ്ത് അവരെ സഹായിക്കുന്നവരുണ്ട് , തങ്ങളുടെ സഹായമനസ്കത ലോകത്തെ കാണിക്കാൻ ക്യാമറയ്ക്കുമുന്നിൽ മാത്രം സഹായം ചെയ്യുന്നവരും ഉണ്ട് .
.
എന്നാൽ ഇത്തരം ദുരിതങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് . ദുരിതത്തിൽ നിരാലംബരായവരെ കൊള്ളയടിക്കുന്നവർ , അവരുടെ വസ്തുവകകളും സ്വത്തും തട്ടിയെടുക്കുന്നവർ അവർ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ കയ്യേറ്റം നടത്തുന്നവർ അങ്ങിനെ അങ്ങിനെ .
.
എന്നാൽ ഇതിനെക്കാളൊക്കെ ഭീകരമായി ദുരിധബാധിതരെ വെച്ച് കച്ചവടം നടത്തുന്നവരാണ് ഏറ്റവും നികൃഷ്ടർ . ദുരിതത്തിൽ പെട്ട് സർവ്വവും നശിച്ചവരെതന്നെ വിൽപ്പനചരക്കാക്കുന്നവർ . അവയവകച്ചവടത്തിന് , വ്യഭിചാരത്തിന് കൂലിവേലയ്ക്ക് ഭീകരപ്രർവർത്തനങ്ങൾക്ക് .... അങ്ങിനെ അങ്ങിനെ . ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇപ്പോൾ ദുരിതങ്ങളിൽ ഏറ്റവും സജീവമാകുന്നത് എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതും തടയപ്പെടേണ്ടതും തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, May 19, 2015

കേൾക്കാതെ പോകുന്ന രോദനങ്ങൾ

കേൾക്കാതെ പോകുന്ന രോദനങ്ങൾ
.
ആയിരക്കണക്കിന് നിരാലംബരും നിരാശ്രയരുമായ മനുഷ്യ ജീവനുകൾ നടുക്കടലിൽ തങ്ങളുടെയും തങ്ങളുടെ കുഞ്ഞുമക്കളുടെയും വൃദ്ധ മാതാപിതാക്കളുടെയും ജീവനും ജീവിതവും ഉള്ളം കയ്യിൽ ഉയർത്തിപ്പിടിച്ച്‌ , കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ , ആത്മഹത്യ ചെയ്യാൻ പോലും കഴിവില്ലാതെ ഒരിറ്റു കരുണയ്ക്കായി , ഒരൽപം ദയയ്ക്കായി കരൾപൊട്ടുമാറുച്ചത്തിൽ യാചിക്കുന്നത്‌ കേൾക്കാൻ ഈ ലോകത്തിന് കാതുകൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ് .. ???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, April 25, 2015

യെമനിലെ സമാധാനം , മേഖലയിലെയും .

യെമനിലെ സമാധാനം , മേഖലയിലെയും .
.
അറബ് രാജ്യങ്ങളിൽ എന്നല്ല ലോകത്തിലെ എല്ലാ നാഗരികതകളിലും യുദ്ധവും അസ്വസ്ഥതകളും ഒക്കെ സാധാരണമായിരുന്നു പലപ്പോഴും . ഗോത്രങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള സ്പർദ്ധയാണ് പിന്നെ രാജ്യങ്ങളിലേയ്ക്കും മേഖലയിലേയ്ക്കും വ്യാപിക്കാറുമുള്ളത് പലപ്പോഴും . ചിലപ്പോഴൊക്കെ അത് മഹാ യുദ്ധങ്ങളിലെയ്ക്കും അസ്വസ്തതകളിലേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു .
.
ലോകത്തിൽ എല്ലായിടത്തും മിക്കവാറും എല്ലാ യുദ്ധങ്ങളും തുടങ്ങുന്നത് സമാധാനത്തിന് വേണ്ടിയാണ് എന്നതാണ് തീർത്തും അതിശയകരമായ കാര്യം . സമാധാനത്തിന്റെ പേരിൽ അല്ലെങ്കിൽ സ്ഥിരതയുടെ പേരിൽ തുടങ്ങുന്ന യുദ്ധം പക്ഷെ എല്ലായ്പ്പോഴും എത്തിനിൽക്കുന്നത്‌ അശാന്തിയിലേയ്ക്കും ശിധിലീകരണത്തിലേയ്ക്കും അസ്വസ്തതകളിലേയ്ക്കും മാത്രവും എന്നത് വിരോധാഭാസവും .
.
അധിനിവേശത്തിന്റെ ഇരകളായിരുന്നു പലപ്പോഴും അറബ് ജനതയും . അതിനു വേണ്ടിത്തന്നെ തങ്ങളുടെ പതിവ് തന്ത്രത്തിന്റെ ഭാഗമായി അറബ് ജനതയെ ഭിന്നിപ്പിച്ചു നിർത്താൻ എല്ലായ്പ്പോഴും അധിനിവേശ ശക്തികൾ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു . പൊതുവെ സമാധാന പ്രിയരെങ്കിലും വംശീതയുടെയും ഗോത്രങ്ങളുടെയും പേരിൽ അവരിൽ സ്പർധയുണ്ടാക്കാനും പരസ്പരം ഭയം വളർത്താനും അധിനിവേശ ശക്തികൾ എല്ലായ്പോഴും ശ്രമിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു പോന്നു .
.
ഏറ്റവും പുതിയതായി മേഖലയിൽ അരക്ഷിതാവസ്ഥ സംജാതമായത് യെമനിലാണ് . പതിവുപോലെ ചെറുതായി തുടങ്ങിയ അസ്വസ്ഥതകൾ യെമനിലും പതിയെ വ്യാപിക്കുകയായിരുന്നു . രണ്ടു വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ അവസരം മുതലെടുത്ത്‌ ഉപയോഗിക്കാൻ അധിനിവേശ ശക്തികൾക്ക് കഴിഞ്ഞിടത്താണ് അവിടവും ഒരു യുദ്ധഭൂമിയായി മാറിയത്.
.
പതിവുപോലെ , യെമനിൽ സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ടു വിഭാഗങ്ങളെയും ഒരേ സമയം പരോക്ഷമായി സഹായിക്കുകയും അവർക്കൊപ്പമാണ് തങ്ങളെന്ന് രണ്ടുകൂട്ടരോടും പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കുകയും ചെയ്യുകയും, എന്നിട്ട് പുറകിലൂടെ അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് അവിടെയും അധിനിവേശ ശക്തികൾ പയറ്റുന്നത് . അത് തിരിച്ചറിയുകയും , എന്നിട്ട് വ്യത്യസ്ത ആശയങ്ങളിലുള്ള രണ്ടു വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോവുകയും ചെയ്യുക എന്നത് എന്നാൽ ശ്രമകരമെങ്കിലും അസാദ്ധ്യമല്ല തന്നെ .
.
സമാധാനത്തിനു വേണ്ടി ഇവിടെയും പതിവുപോലെ യുദ്ധമാണ് തുടങ്ങിയത് . എന്നാൽ ഇപ്പോൾ ഒരു നിശ്ചിത സമയത്തിന് ശേഷം , യുദ്ധം അവസാനിപ്പിച്ച് സമാധാനം വരുത്താനുള്ള സഖ്യ കക്ഷികളുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും നല്ലതുതന്നെ . എല്ലാവരെയും ഒരുമിച്ചു നിർത്തി സമാധാനത്തിന്റെ മാർഘതിൽ മുന്നോട്ടു പോകുന്നത് തന്നെയാണ് എല്ലായ്പോഴും നല്ലതും . അതിനുവേണ്ടി എടുക്കുന്ന നടപടികൾ ദീർഘവീക്ഷണത്തോടെയുള്ളതായാൽ ഭാവിയിലേയ്ക്കും മേഖലയ്ക്കും അത് തീർത്തും നല്ലത് തന്നെ.
.
സമാധാനത്തിന്റെയും പരിശുദ്ധിയുടെയും ഇടമായ ഈ അറബ് പുണ്ണ്യഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടേണ്ടത് മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് എല്ലായ്പോഴും അത്യാവശ്യമാണ് . അധിനിവേശ ശക്തികളുടെ കുടില തന്ത്രങ്ങളിൽ വീഴാതെ മഹത്തായ ഈ മേഖലയിലെ മഹത്തായ മതം പഠിപ്പിക്കുന്ന ശാന്തിയും സമാധാനവും സ്നേഹവും കാരുണ്യവും മുറുകെ പിടിച്ച് സമാധാനത്തിനായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാവുക തന്നെ വേണം ഇപ്പോഴും എപ്പോഴും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, April 22, 2015

പരീക്ഷണമാകുന്ന പരീക്ഷകൾ .

പരീക്ഷണമാകുന്ന പരീക്ഷകൾ .
.
ഓരോ പരീക്ഷകളും അതാത് വിദ്യാർഥികളുടെ പഠന നിലവാരം തിരിച്ചറിയുന്നതിനും അവരിലെ തെറ്റുകൾ തിരുത്തുന്നതിനും ഉള്ള ഒരു ഉപാധിയാണ് . അടുത്ത ഘട്ടത്തിലേക്കുള്ള അവരുടെ ജീവിത യാത്രയുടെ അളവുകോൽ കൂടിയുമാണ്‌ . അത് കൃത്യമായും വ്യക്തമായും ചെയ്യുക വഴി, ആ വിദ്യാർഥിയോടും അതുവഴി പൊതു സമൂഹത്തോടും ഉള്ള കർത്തവ്യം കൂടിയാണ് അദ്ധ്യാപകരും അതോടനുബന്ധിച്ച അധികാരികളും നിറവേറ്റുന്നതും .
.
കാലാകാലങ്ങളിൽ ഭരണാധികാരികളുടെ താത്പര്യതിനനുസരിച്ച് പഠനകാര്യങ്ങളിലും വിഷയങ്ങളിലും നടപടി ക്രമങ്ങളിലും ഒക്കെ വ്യത്യാസങ്ങൾ വരുന്നത് സ്വാഭാവികം. എന്നാൽ, അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം വരുത്തുന്ന മാറ്റങ്ങൾ ആ ഒരു സമ്പ്രദായത്തെ തന്നെ നശിപ്പിക്കുമെങ്കിൽ അത് തീർച്ചയായും തടയപ്പെടേണ്ടത് തന്നെ.
.
ഒരു പരീക്ഷയിൽ എല്ലാവരും ജയിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല . എന്നാൽ അതിനനുസരിച്ച് അനുബന്ധ ഘടകങ്ങളിലും ആ ഉയർച്ചയും നിലവാരവും ഉണ്ടായിരിക്കേണ്ടതാണ്. അങ്ങിനെയൊന്നില്ലാതെ പേരിനു വേണ്ടിമാത്രം എല്ലാവരെയും ജയിപ്പിക്കുമ്പോൾ അത് അർഹതയുള്ളവരോടും ഇല്ലാത്തവരോടും ഒരുപോലെ ചെയ്യുന്ന കൊടും പാപവും കൂടിയാണ് എന്നോർക്കേണ്ടതാണ് .
.
വിദ്യാഭ്യാസം എന്നത് സമൂഹത്തിന്റെയും ജനതയുടെയും ഭാവിയാണ് എന്നത് ഓരോ ഉത്തരവാദിത്വപെട്ടവരും എല്ലായ്പ്പോഴും ഓർക്കുക തന്നെ വേണം . എല്ലാം കച്ചവടം മാത്രമാകുന്ന ഈ ലോകത്ത് വിദ്യാഭ്യാസവും അങ്ങിനെയാകുന്നത് സ്വാഭാവികമാണെങ്കിലും കച്ചവടത്തിലും അൽപമെങ്കിലും സത്യസന്തത പുലർത്തിയില്ലെങ്കിൽ അതും പരാജയമാകുമെന്നും ഒരു തലമുറയോട് തന്നെ ചെയ്യുന്ന കൊടും പാപമായിരിക്കുമെന്നും തീർച്ചയായും ഓർക്കേണ്ടത് തന്നെ.
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, February 10, 2015

പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!

പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!
.
ഏതൊരു യുദ്ധത്തിലും, ഏതൊരു പരീക്ഷണത്തിലും , ഏതൊരു തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്നവന്റെ അല്ലെങ്കിൽ നേതാവിന്റെ വിജയത്തിന്റെ തീവ്രത അളക്കുന്നത് മിക്കപ്പോഴും ശത്രുവിന്റെ വലിപ്പം കൂടി നോക്കിയാണ് , ശത്രുവിന്റെ ശക്തിയും നോക്കിയാണ് . വിജയിക്കുന്നവന്റെ കഴിവിനേക്കാൾ എല്ലാവരും പുകഴ്ത്തുക ശത്രുവിന്റെ കഴിവിനെയാണ് ചിലപ്പോഴെങ്കിലും . വ്യക്തിപരമായും സാമൂഹികമായും , രാഷ്ട്രീയപരമായും രാജ്യാന്തരതലത്തിലും ഇത് വളരെയധികം നിർണ്ണായകവുമാണ് ....!
.
ഏതൊരാളും ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അത് അയാളുടെ ശരി എന്നതിനേക്കാൾ മറുപുറത്തെ മറ്റു ചിലർക്കെങ്കിലും തെറ്റുമാകാം . തെറ്റായാലും ശരിയായാലും ചിലർ ഏവരുടെയും ഏതൊരു പ്രവർത്തിയേയും നിശിതമായി വിമർശിച്ചുകൊണ്ടേയിരിക്കും നിരന്തരം എങ്കിലും ഭൂരിപക്ഷവും ക്രിയാത്മകവും സത്യസന്തവുമായ വിമർശനങ്ങൾ നടത്തുന്നവർ തന്നെയാണ് താനും . എന്നാൽ , നല്ലൊരു നേതാവ് എല്ലായ്പോഴും വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും , വിമർശകരെ പ്രോത്സാഹിപ്പിക്കുകയും ആ വിമർശനങ്ങളെ തന്റെ മുന്നോട്ടുള്ള യാത്രയിലേക്കുള്ള ഊർജ്ജമാക്കി മാറ്റുകയുമാണ് ചെയ്യുക ....!
.
എന്നാൽ താൻ പോരിമയിൽ നിൽക്കുന്ന ചില നേതാക്കളെങ്കിലും അങ്ങിനെ വിമർശിക്കാൻ ഒരാളില്ലാത്തതിനെ സന്തോഷമായി എടുക്കുകയും മുൻപിൻ നോക്കാതെ തന്റെയോ തന്റെ കൂടെ നിൽക്കുന്നവരുടെയോ മാത്രം താത്പര്യം നോക്കി മുന്നോട്ടു പോകാനുള്ള ഉപായമായി സ്വീകരിക്കുകയും ചെയ്യും . അങ്ങിനെ സംഭവിക്കുമ്പോൾ ആത്യന്തികമായി അത് എത്തിച്ചേരുക ആ നേതാവിന്റെ തന്നെയും ആ നേതാവിന്റെ സംരംഭത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ നാശത്തിലേക്കും ആയിരിക്കുകയും ചെയ്യും ...!.
.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു നേതാവിനെയും അല്ലെങ്കിൽ സംരംഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രതിപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ട് , ശക്തിയുണ്ട് . രാഷ്ട്രീയമായി അല്ലെങ്കിൽ ഭരണപരമായി പറഞ്ഞാൽ ഇത് കുറേക്കൂടി പ്രാധാന്ന്യമുള്ളതുമാകുന്നു എല്ലായ്പോഴും . ചോദ്യം ചെയ്യാൻ ശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ഒരു നേതാവ് അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി എല്ലായ്പോഴും ജനഹിതമായ , രാജ്യ താത്പര്യപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്നതിനേക്കാൾ അവരവരുടെ സ്വാർത്ഥ താത്പര്യം കൂടി നടപ്പിലാക്കാനും ശ്രമിക്കും ....!
.
ഭാരതത്തെ പോലെയുള്ള ശക്തമായ ജനാതിപത്യ രാജ്യത്ത് പ്രത്യേകിച്ചും ഭരണകക്ഷിയെക്കാൾ നിർണ്ണായകം പലപ്പോഴും ശക്തമായ പ്രതിപക്ഷതിനാണ് എന്ന് പറയാതെ വയ്യ . പലപ്പോഴും ജനദ്രോഹപരമായ പല തീരുമാനങ്ങളിൽ നിന്നും ഭരണകർത്താക്കളെ പിന്തിരിപ്പിക്കാരുള്ളത് പ്രതിപക്ഷത്തിന്റെ ശക്തമായ സ്വാധീനം തന്നെയെന്ന് എല്ലായ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതുമാണ് . എപ്പോഴൊക്കെ പ്രതിപക്ഷം നിഷ്ക്രിയമാകുന്നുവോ അപ്പോഴൊക്കെ അഴിമതിയും ദൂർത്തും കെടുകാര്യസ്ഥതയും നടമാടിയിട്ടുമുണ്ട് ഇവിടെ ....!
.
അതുകൊണ്ട് തന്നെ തീർച്ചയായും നമ്മുടെ ഭരണത്തിൽ പ്രതിപക്ഷത്തിന്റെ വിജയം ശക്തവും സുതാര്യവും നീതിപൂർവ്വവും ആയ ഒരു നല്ല ഭരണത്തിന് ഭരണ കർത്താക്കളെ പ്രേരിപ്പിക്കുകയും നിർബന്ധിതരാക്കുകയും ചെയ്യും എന്നത് രാജ്യനന്മയ്ക്കും ജനാധിപത്യത്തിന്റെ വളർച്ചക്കും ശക്തിപ്പെടലിനും കാരണമാവുകയും ചെയ്യുകതന്നെ ചെയ്യും . വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണം പോലെ തന്നെ ശക്തമായ പ്രതിപക്ഷത്തെയും ഉണ്ടാക്കാൻ നാം എല്ലായ്പോഴും ശ്രദ്ധിക്കേണ്ടത് രാജ്യ നന്മയ്ക്ക് തീർച്ചയായും അത്യാവശ്യം തന്നെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 5, 2015

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക്‌ വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക്‌ വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക്‌ വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത്‌ എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക്‌ മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, February 2, 2015

എനിക്കിഷ്ടം ...!!!

എനിക്കിഷ്ടം ...!!!
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, January 29, 2015

എനിക്കായോരിടം ...!!!

എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, January 25, 2015

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക്‌ എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, January 22, 2015

സ്വത്വം തേടുന്നവർ ...!!!

സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട്‌ അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, January 19, 2015

പൂരിപ്പിക്കപ്പെടാൻ ...!!!

പൂരിപ്പിക്കപ്പെടാൻ ...!!!
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത്‌ കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, January 17, 2015

വണ്ടിയും കാത്ത് ....!!!

വണ്ടിയും കാത്ത് ....!!!
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 13, 2015

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത്‌ , ഒരു യാത്രയ്ക്ക് ഇന്നത്‌ , ഒരു പ്രവർത്തിക്ക് ഇന്നത്‌ ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട്‌ കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത്‌ . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...