Monday, March 19, 2018

ഓരോ പെണ്ണും ...!!!

ഓരോ പെണ്ണും ...!!!
.
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് ,
ഇലകളും കൊമ്പുകളും
കൊമ്പുകളിൽ നിറയെ
പൂക്കളും പിന്നെ പഴങ്ങളും നിറച്ച് ,
തനിക്കു കീഴിലെ ഓരോ മൺതരിയെയും
തന്റെ വേരുകളാൽ പരസ്പരം ബന്ധിപ്പിച്ചു നിർത്തി
ശുദ്ധവായുവും ആ വായുനിറയെ സുഗന്ധവും നിറച്ച്
പരിലസിക്കുന്ന മഹാ വൃക്ഷങ്ങൾ ...!!!
.
ഓരോ കൊടുങ്കാറ്റിന് മുന്നിലും
തന്റെ ശിഖരങ്ങൾ വളച്ച് അവർ നമസ്കരിക്കുന്നത്
ഓരോ പേമാരിയിലും തങ്ങളുടെ വേരുകളുയർത്തി
അനുഭാവം പ്രകടിപ്പിക്കുന്നത് ,
തന്റെ കഴിവുകേടോ കീഴടങ്ങലോ അല്ലെന്ന്
ആ ഓരോ മഹാമാരിക്കും കൊടുങ്കാറ്റിനും ശേഷവും
വർധിത വീര്യത്തോടെ തലയുയർത്തി നിന്നുകൊണ്ട്
വിളിച്ചുപറയാൻ കൂടി വേണ്ടിയാണ് .....!
.
ഓരോ പൂക്കളും ഓരോ പഴങ്ങളും
വ്യത്യസ്തമാകുന്നതുപോലെ
ഓരോ മരങ്ങളും വ്യത്യസ്തമാണ് എന്നതിലല്ലാതെ
അവയോരോന്നും അനിവാര്യതകൂടിയാണെന്ന്
ഉറപ്പിച്ചു പറയാൻ കൂടി വേണ്ടി
വീണ്ടും ഓരോ പെണ്ണും
ഓരോ വന്മരങ്ങൾ തന്നെയുമാകുന്നു ....!
.
തന്നെത്തന്നെ ചേർത്തുനിർത്തി
തനിക്കു ചുറ്റും കൂട്ട് കൂട്ടി
തന്നെയും തനിക്കു ചുറ്റിനെയും
ചേർത്ത് സംരക്ഷിച്ചുനിർത്തി
ഒറ്റയിൽനിന്നും ഇരട്ടയിൽനിന്നും
ജീവനത്തിന്റെ , അതിജീവനത്തിന്റെ
ഒരു മഹാവനം തന്നെ സൃഷ്ടിച്ചെടുക്കുന്ന
അത്ഭുതവും അതുല്യതയുമാകുന്നു ....!
.
ബുദ്ധന് വരെ ബോധോദയം നൽകാൻ മാത്രം
പ്രാപ്തിയുള്ള ബോധി വൃക്ഷങ്ങളായും ,
കൊമ്പുകൾ വിരിച്ച് വേരുകൾ വിടർത്തി,
അനശ്വരതയോടെ, ആത്മാഭിമാനത്തോടെ,
തനിക്കു ശേഷവും തന്റെ തുടർച്ചയായി
താൻ തന്നെയാകുന്ന തൈമരങ്ങളുണ്ടാകാൻ കൂടി വേണ്ടിയും
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

4 comments:

Sivananda said...

ഒരു പുരുഷന്‍ ഇത് പറയുമ്പോള്‍ , ഇത് സമ്മതിയ്ക്കുംപോള്‍ , അവിടെ നമസ്ക്കരിയ്ക്കപ്പെടെണ്ടത്, ബഹുമാനിയ്ക്കപെടെണ്ടത് ആ പുരുഷന്‍ തന്നെയാണ്. സന്തോഷം സുരേഷ്..

Angry Bird said...

നന്ദി ..... ഇത്തരം അംഗീകാരങ്ങള്‍ , മനസില്‍നിന്നും പറയുമ്പോള്‍ , തീര്‍ച്ചയായും നന്ദി അര്‍ഹിക്കുന്നു.ബഹുമാനവും. കാരണം ഞങ്ങള്‍ക്കിതൊക്കെ അപൂര്‍വ്വമായി മാത്രം കിട്ടുന്ന അഭിനന്ദനങ്ങള്‍ ആണ്.

മഹേഷ് മേനോൻ said...

ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്

"ഓരോ പൂക്കളും ഓരോ പഴങ്ങളും
വ്യത്യസ്തമാകുന്നതുപോലെ
ഓരോ മരങ്ങളും വ്യത്യസ്തമാണ് എന്നതിലല്ലാതെ
അവയോരോന്നും അനിവാര്യതകൂടിയാണെന്ന്
ഉറപ്പിച്ചു പറയാൻ കൂടി വേണ്ടി
വീണ്ടും ഓരോ പെണ്ണും
ഓരോ വന്മരങ്ങൾ തന്നെയുമാകുന്നു "

Cv Thankappan said...

ബുദ്ധന് വരെ ബോധോദയം നൽകാൻ മാത്രം
പ്രാപ്തിയുള്ള ബോധി വൃക്ഷങ്ങളായും ,
കൊമ്പുകൾ വിരിച്ച് വേരുകൾ വിടർത്തി,
അനശ്വരതയോടെ, ആത്മാഭിമാനത്തോടെ,
തനിക്കു ശേഷവും തന്റെ തുടർച്ചയായി
താൻ തന്നെയാകുന്ന തൈമരങ്ങളുണ്ടാകാൻ കൂടി വേണ്ടിയും
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാകുന്നു ...!!!
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...